17-Nov-2019 (Sun)
 
 
 
 
‍എച്ച്1 എന്‍1 : മുന്‍കരുതല്‍ സ്വീകരിക്കണം
   
vps
02-Oct-2018
 

കോഴിക്കോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും എച്ച്1 എന്‍1 പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇന്‍ഫ്ളുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് എച്ച്1 എന്‍1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന ഒരു സാംക്രമിക രോഗമാണിത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും 80% വരെ രോഗം പകരാനുളള സാധ്യതയുണ്ട്. രോഗം വന്നയുടന്‍ രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധശേഷി കറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍ രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്.ഐ.വി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ചശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും. അസുഖമുളള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നത് രോഗം പകരാന്‍ കാരണമാകും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും. വൈറസിനെ നശിപ്പിക്കുന്ന ഒസാള്‍ട്ടമിവിര്‍ മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗലക്ഷണങ്ങള്‍:- പനി, ചുമ, ശ്വാസം മുട്ടല്‍, ശരീര വേദന, തൊണ്ടവേദന, ജലദോഷം വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധ്യതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം. മുന്‍കരുതലുകള്‍:- * കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. * സോപ്പും, വെളളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, * യാത്രക്ക് ശേഷം ഉടന്‍ കുളിക്കുക. * രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക. * രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക. * കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുകയും യാത്ര ഒഴിവാക്കുകയും ചെയ്യുക. * തുമ്മുമ്പോഴും, ചുമക്കുമ്പോഴും, മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക, ഉടന്‍ തന്നെ കൈ നന്നായി കഴുകുക. * വിദ്യാര്‍ത്ഥികളില്‍ രോഗലക്ഷണം കണ്ടാല്‍ സ്‌കൂളില്‍ വിടാതിരിക്കുക. സ്‌കൂളുകളില്‍ കൂടുതലായി രോഗം റിപ്പോര്‍ട്ടു ചെയ്യുകയാണെങ്കില്‍ രോഗവ്യാപനം തടയാന്‍ സ്‌കൂള്‍ അസംബ്ലി അത്യാവശ്യഘട്ടത്തില്‍ മാത്രം ചേരുക. * ധാരാളം വെളളം കുടിക്കുക/ നന്നായി ഉറങ്ങുക. * പോഷകാഹാരം കഴിക്കുക. * ഇളം ചൂടുളള പാനീയങ്ങള്‍ ഇടക്കിടെ കുടിക്കുക. * എത്രത്തോളം വിശ്രമം എടുക്കുന്നുവോ രോഗം ഭേദമാകുവാനുളള സാധ്യത അത്രയും വര്‍ദ്ധിക്കും. ജില്ലയില്‍ സെപ്തംബര്‍ മാസത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി 32 കേസുകളും, 3 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1056 ലോ, 0471-2552056 എന്ന നമ്പറിലോ ജില്ലാ ഐ ഡി എസ് പി സെല്ലിലെ 0495 2376063 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
 
 
Share
SocialTwist Tell-a-Friend

 
 
 

All rights reserved | Website developed and maintained by Zyonz Technologies