പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാടിസ്ഥാനത്തില്‍ ഇ ടെണ്ടര്‍ ക്ഷണിച്ചു. ഈ മാസം 17 ന് ടെണ്ടര്‍ വെബ്സൈറ്റില്‍ ലഭ്യമാകും. അവസാന തീയ്യതി 24. വിശദ വിവരങ്ങള്‍ക്ക് etenderskerala gov.in സന്ദര്‍ശിക്കുക.
കോഴിക്കോട്: സിറ്റി ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസില്‍ 45 സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മാതാക്കളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഈ മാസം 18 നകം ജില്ലാ പോലീസ് മേധാവിയുടെ വിലാസത്തില്‍ ലഭിക്കണം. 8,000 രൂപ വരെ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണുകളാണ് ആവശ്യം. ഫോണ്‍ 0495 2722673.
കോഴിക്കോട്: 2004 ജനുവരി മുതല്‍ 2017 ഡിസംബര്‍ വരെ എംപ്ലോയ്മെന്റ് മുഖേന താല്‍ക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ അടിയന്തിര യോഗം 16-09-2018 ന് രാവിലെ 10 മണിക്ക് ഗവ ഗേള്‍സ് ഹൈസ്കൂളില്‍ വെച്ച് നടത്തുന്നതാണ്. എല്ലാ ഭിന്നശേഷിക്കാരായ താല്‍ക്കാലിക ജീവനക്കാരും പങ്കെടുക്കണമെന്ന് കേരള വികലാംഗ സഹായ സമിതി സംസ്ഥാന കമ്മിറ്റി അറിയിച്ചു.
ഗവ സ്ഥാപനങ്ങളിലേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും ജലനിധി പദ്ധതികളിലേയും കേടുവന്ന പമ്പുസെറ്റുകളും പൈപ്പുകളും കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് (കെയ്കോ) കുറഞ്ഞ നിരക്കില്‍ നന്നാക്കി ഉപയോഗ യോഗ്യമാക്കുമെന്ന് കെയ്കോ ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണത്തിന് ഗണ്യമായ സംഭാവന നല്കിയിട്ടുളള പൊതുമേഖലാ സ്ഥാപനമാണ് കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന്. കോഴിക്കോട്, വയനാട് ജില്ലകളില്‍ പദ്ധതി നടപ്പിലാക്കും. ഫോണ്‍ - 0495 2370676, 7558880459.
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള ക്ഷേമനിധി വിഹിതം അടയ്ക്കുന്നതിന് മുടക്കം വരുത്തിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക വിഹിതം ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ അടവാക്കുന്നതിന് ഡിസംബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. തൊഴിലാളികള്‍ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉള്‍പ്പെടെ എല്ലാവിധ അപേക്ഷകളും ബുധനാഴ്ചകളില്‍ മാത്രമേ സ്വീകരിക്കൂവെന്ന് താലൂക്ക് സ്പ്ലൈ ഓഫീസര്‍ അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമേ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാക്കേണ്ടതുള്ളൂ. മറ്റ് അപേക്ഷകള്‍ ഓഫീസില്‍ നേരിട്ട് ഹാജരാക്കേണ്ടതില്ല. അപേക്ഷകളിന്മേലുള്ള നടപടികള്‍ ഓഫീസില്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അപേക്ഷകന് ഫോണ്‍ സന്ദേശം ലഭിക്കും. സന്ദേശം ലഭിച്ച ശേഷമുള്ള ശനിയാഴ്ചകളില്‍ മാത്രം പുതിയ റേഷന്‍ കാര്‍ഡ്/സര്‍ട്ടിഫിക്കറ്റുകള്‍ ഓഫീസില്‍ റേഷന്‍ കാര്‍ഡ് സഹിതം ഹാജരായി കൈപ്പറ്റണം. പഞ്ചായത്തടിസ്ഥാനത്തില്‍ ക്യാമ്പുകളില്‍ സ്വീകരിച്ച അപേക്ഷകളിന്മേല് പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം നടത്തുന്ന തീയ്യതികള്‍ പിന്നീട് അറിയിക്കും.
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടക്കാം. 2017 ഒക്ടോബര്‍ 26 വരെയുള്ള കുടിശ്ശികകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ചെയ്യും. ഒറ്റ ലൈസന്‍സി മാത്രമുള്ളതും ആള് മരണപ്പെട്ടതുമായ കുടിശ്ശിക കേസുകളില്‍ പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10 ശതമാനം അടച്ച് കുടിശ്ശിക തീര്‍ക്കാനുമാണ് വ്യവസ്ഥ. പദ്ധതിക്ക് സര്‍ക്കാര്‍ ഉത്തരവ് തിയ്യതിയായ 2018 ആഗസ്റ്റ് 23 മുതല്‍ ആറ് മാസ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലിലുളള ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശിക അടക്കാം. ഫോണ്‍ : 04952384355.
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യുനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിനായി ആംഭിക്കുന്ന വിവാഹപൂര്‍വ സൗജന്യ കൗണ്‍സലിംഗ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 22 ന് നടക്കും. രാവിലെ 10 മണിക്ക് ജെ.ഡി.റ്റി ഇസ്ലാം കോമ്പൗണ്ടില്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
വൈവാഹികജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹത്തിന്റെയും കുടുംബത്തിന്റെയും കെട്ടുറപ്പാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുസ്ലിം, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാര്‍സി, സിഖ് എന്നീ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സേവനം ഉപയോഗപ്പെടുത്താം. കാലിക്കറ്റ് യൂണിവേഴ്സിറ്റി സോഷ്യോളജി വിഭാഗവും തിരുവനന്തപുരം ലയോള കോളേജ് സൈക്കോളജി വിഭാഗവും ചേര്‍ന്നാണ് സില്ലബസ് തയ്യാറാക്കിയത്. ദാമ്പത്യജീവിതത്തിലെ മുന്നൊരുക്കങ്ങള്‍, സന്തുഷ്ടകുടുംബജീവിതം, വിവാഹത്തിലെ നിയമ സദാചാര വശങ്ങള്, വിവാഹശേഷമുള്ള പഠനവും തൊഴിലും ദമ്പതികളുടെ മനസ്സും ശരീരവും എന്നിവ ഉള്‍പ്പെട്ടതാണ് സിലബസ്. സംസ്ഥാനത്താകെ 64 കേന്ദ്രങ്ങളിലായി കൗണ്‍സിലിങ് നടത്തും.
ജില്ലാ ആസൂത്രണ സമിതി യോഗം ഈ മാസം 17 ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വന്യജീവി സങ്കേതങ്ങളിലും ദേശീയോദ്യാനങ്ങളിലും അടുത്ത വര്‍ഷം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രകൃതിപഠന ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിന് സര്‍ക്കാരിതര സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് മൂന്ന് വര്‍ഷം സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്ന സാമൂഹിക, സാംസ്കാരിക, സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് നിശ്ചിത മാതൃകയില്‍ ഒക്ടോബര്‍ 10 നകം അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്സൈറ്റായ www.forest.kerala.gv.in സന്ദര്‍ശിക്കുക.