17-Feb-2019 (Sun)
 
 
 
പത്ത് വയസുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
മുക്കം: പത്ത് വയസുകാരനെ പീഡിപ്പിച്ചയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ സ്വദേശി അബ്ദുള്‍ സത്താര്‍(55) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതിയായ അബ്ദുള്‍ സത്താറിന്റെ സുഹൃത്ത് കൊടിയത്തൂര്‍ സ്വദേശി സലാം ഒളിവിലാണ്. അടുത്തിടെ മറ്റൊരു പോക്‌സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ആളാണ് സലാമെന്ന് പോലീസ് പറഞ്ഞു. കുട്ടിക്ക് പണം നല്‍കി വശത്താക്കിയാണ് ഇരുവരും പീഡിപ്പിച്ചത്. ഇരുവരും ചേര്‍ന്ന് കുട്ടിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചിരുന്നതായി മുക്കം പോലീസ് പറഞ്ഞു. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ സത്താറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 
സി അബ്ദറഹിമാന്‍ മുസ്ലിയാര്‍ അനുസ്മരണ സമ്മേളനം സമാപിച്ചു
പന്നൂര്‍: സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന നെടിയനാട് സി അബ്ദറഹിമാന്‍ മുസ്ലിയാരുടെ പതിനേഴാം അനുസ്മരണ സമ്മേളനം സമാപിച്ചു. അസര്‍ നിസ്‌കാരാനന്തരം നടന്ന മഖാം സിയാറത്തിന് സയ്യിദന്‍മാരും പണ്ഡിതന്‍മാരും നേതൃത്വം നല്‍കി. തുടര്‍ന്ന് ശറഫിയ്യ അങ്കണത്തില്‍ നടന്ന അനുസ്മരണ സമ്മേളനം കെ കെ അഹമ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. ടി കെ അബ്ദുറഹിമാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, സി എം യൂസുഫ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു.
 
പ്രായ പൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പെണ്‍വാണിഭം, മൂന്നുപേര്‍ അറസ്റ്റില്‍
തിരുവമ്പാടി: കക്കാടംപൊയിലിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുല്‍പ്പറ്റ പാലത്തിങ്കല്‍ മന്‍സൂര്‍, ചീക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍, കൊണ്ടോട്ടി സ്വദേശി വാവക്കാ എന്ന നിസാര്‍ എന്നിവരാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത ഇതര സംസ്ഥാന പെണ്‍കുട്ടിയെ കേരളത്തിലെത്തിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റിസോര്‍ട്ട് വളഞ്ഞ് ഇവരെ പിടികൂടുകയായിരുന്നു. മറ്റൊരു യുവതി മുഖേനെയാണ് കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടി കേരളത്തിലെത്തിയത്. ഒരുമാസത്തോളമായി വയനാട്ടിലായിരുന്ന പെണ്‍കുട്ടിയെ ഈ മാസം 12 ന് അടിവാരത്ത് എത്തിക്കുകയും അവിടെ നിന്നും പിടിയിലായ മന്‍സൂര്‍ കക്കാടംപൊയിലില്‍ എത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ബഷീറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. സംഘത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജറാക്കിയ പെണ്‍കുട്ടിയെ ഹോം സ്‌റ്റേയിലേക്ക് മാറ്റി. പ്രതികളെ വെള്ളിയാഴ്ച വൈകിട്ട് താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.
 
പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് രാജി വെച്ചു
പുതുപ്പാടി: ഉപ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് രാജി വെച്ചു. ജന ഹിതം മാനിക്കുന്നുവെന്നും ജനങ്ങള്‍ ഉദ്ധേശിക്കുന്നത് മറ്റൊരു ഭരണമാണെന്ന് ബോധ്യപ്പെട്ടതായും അംബിക മംഗലത്ത് പറഞ്ഞു. എസ് സി അംഗം ഇല്ലാത്തതിനാല്‍ എല്‍ ഡി എഫിന് നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാന്‍ എല്‍ ഡി എഫ് അംഗം രാജിവെച്ചാണ് ഉപ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിലെ പി ആര്‍ രാകേഷ് 187 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
 
താമരശ്ശേരിയില്‍ യു ഡി എഫിനും പുതുപ്പാടിയില്‍ എല്‍ ഡി എഫിനും മിന്നും വിജയം
താമരശ്ശേരി: താമരശ്ശേരി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫിലെ (മുസ്ലീം ലീഗ്) എന്‍ പി മുഹമ്മദലി മാസ്റ്റ്ര്‍ 369 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പി സി ജുനൈസ് (ഐ എന്‍ എല്‍), സുധാര്‍ ബാബു (ബി ജെ പി), പി പി നവാസു (എസ് ഡി പി ഐ) എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍. കെ സി മാമുമാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് താമരശ്ശേരി പഞ്ചായത്ത് പതിനെട്ടാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പാടിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ആര്‍ രാകേഷ് 187 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പ്രസിഡന്റ് സ്ഥാനം എസ് സി സംവരണമായ പുതുപ്പാടിയില്‍ എല്‍ ഡി എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും എസ് സി അംഗം വിജയിക്കാത്തതിനാല്‍ നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിക്കാനായി ഒമ്പാംവാര്‍ഡായ വെസ്റ്റ് കൈതപ്പൊയിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്‍ ഡി എഫ് അംഗം കെ പി ഷൈജല്‍ രാജിവെച്ചാണ് ഉപ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. സി പി ഐ എം വെസ്റ്റ് കൈതപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയും പട്ടികജാതി ക്ഷേമസമിതി പുതുപ്പാടി മേഖല സെക്രട്ടറിയുമായ പി ആര്‍ രാകേഷിനെതിരെ മഹിളാ കോണ്‍ഗ്രസ് നേതാവും ഡി സി സി സെക്രട്ടറിയുമായ അഡ്വ. ആയിഷക്കുട്ടി സുല്‍ത്താനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.
 
താമരശ്ശേരിയിലും പുതുപ്പാടിയിലും കനത്ത പോളിംഗ്; വോട്ടെണ്ണല്‍ രാവിലെ 10 ന്
താമരശ്ശേരി: താമരശ്ശേരിയിലും പുതുപ്പാടിയിലും ഉപ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. താമരശ്ശേരിയില്‍ 80.25 ശതമാനവും പുതുപ്പാടിയില്‍ 85 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. താമരശ്ശേരി പതിനെട്ടാം വാര്‍ഡായി പള്ളിപ്പുറത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട കെ സി മാമുമാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യു ഡി എഫിന് 252 വോട്ടിന്റെ ഭൂരിപക്ഷമുള്ള ഇവിടെ മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡന്റ് എന്‍ പി മുഹമ്മദലി മാസ്റ്ററും ഐ എന്‍ എല്‍ നേതാവ് പി സി ജുനെസും തമ്മിലായിരുന്നു പ്രധാന മത്സരം. ബി ജെ പി സ്ഥാനാര്‍ത്ഥിയായി സുധാര്‍ ബാബുവും എസ് ഡി പി ഐ സ്ഥാനാര്‍ത്ഥിയായി പി പി നവാസും രംഗത്തുണ്ട്. പള്ളിപ്പുറം ജി എം യു പി സ്‌കൂൡ നടന്ന തിരഞ്ഞെടുപ്പില്‍ ആകെയുള്ള 1352 വോട്ടര്‍മാരില്‍ 1085 പേര്‍ വോട്ടവകാശം വിനിയോഗിച്ചു.
 
തിരുവമ്പാടിയില്‍ സംഘര്‍ഷം തടയാനെത്തിയ പോലീസിനു നേരെ ആക്രമണം; എസ് ഐ ക്കും ഡ്രൈവര്‍ക്കും പരുക്ക്
തിരുവമ്പാടി: സംഘര്‍ഷം തടയാനെത്തിയ പോലീസിനുനേരെ അക്രമം. തിരുവമ്പാടി ഗവ. ഐ ടി ഐ ക്ക് സമീപം സംഘര്‍ഷം നടക്കുന്നതായ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ തിരുവമ്പാടി എസ് ഐ സനല്‍രാജ്, ഡ്രൈവര്‍ ബോബി എന്നിവര്‍ക്കാണ് മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ മര്‍ദ്ധനമേറ്റത്. കഴിഞ്ഞ ദിവസം ഐ ടി ഐ വിദ്യാര്‍ത്ഥികളും ലഹരിമാഫിയാ സംഘവും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മാരകായുധങ്ങളുമായി സംഘടിച്ചെത്തിയവര്‍ വിദ്യാര്‍ത്ഥികളെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാന്‍ എത്തിയപ്പോഴാണ് പോലീസിനെ മര്‍ദ്ദിച്ചത്. പരുക്കേറ്റ എസ് ഐ സനല്‍രാജ്, സി പി ഒ ബോബി എന്നിവര്‍ മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. അക്രമി സംഘത്തിലെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
 
ടിപ്പറും കാറും കൂട്ടിയിടിച്ച് പുതുപ്പാടി സ്വദേശിനി മരിച്ചു
കോഴിക്കോട്: ടിപ്പറും കാറും കൂട്ടിയിടിച്ച് സ്ത്രീ മരിച്ചു. പുതുപ്പാടി ഈങ്ങാപ്പുഴ പൂലോട് താമസിക്കുന്ന കളത്തിങ്ങല്‍ ഉമ്മറിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ(63) ആണ് മരിച്ചത്. കാറോടിച്ചിരുന്ന മകന്‍ അബ്ദുല്‍ ജലീല്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് റൂറല്‍ പോലീസ് ടെലികമ്യൂണിക്കേഷനിലെ സബ് ഇന്‌സ്‌പെക്ടറായ അബ്ദുല്‍ ജലീല്‍ ഓടിച്ച കാറില്‍ മുണ്ടിക്കല്‍ താഴം ബൈപ്പാസില്‍ വെച്ച് ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിപ്പാത്തുമ്മയെ രക്ഷിക്കാനായില്ല. മറ്റു മക്കള്‍: അബ്ദുല്‍ മജീദ്, അബ്ദുല്‍ ബഷീര്‍, സലീന, സക്കീന. കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം വൈകിട്ടോടെ വീട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം രാത്രി 9 മണിക്ക് പൂലോട് ജുമുഅ മസ്ജിദില്‍.
 
സി അബ്ദറഹിമാന്‍ മുസ്ലിയാര്‍ പതിനേഴാം അനുസ്മരണ സമ്മേളനത്തിന് ഇന്ന് തുടക്കം
പന്നൂര്‍: സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന നെടിയനാട് സി അബ്ദറഹിമാന്‍ മുസ്ലിയാരുടെ പതിനേഴാം അനുസ്മരണ സമ്മേളനം വ്യാഴം, വെള്ളി ദിവസങ്ങളിലായി പന്നൂരില്‍ നടക്കും. വ്യാഴാഴ്ച വൈകിട്ട് 6.30 ന് നടക്കുന്ന ആദര്‍ശ സമ്മേളനം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് സഖാഫി അരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. എസ് വൈ എസ് പൂനൂര്‍ സോണ്‍ പ്രസിഡന്റ് അബ്ദുസ്സലാം ബുസ്താനി, ജനറല്‍ സെക്രട്ടറി സ്വാദിഖ് സഖാഫി മഠത്തുംപൊയില്‍, എസ് എസ് എഫ് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി സി പി ഉബൈദുള്ള സഖാഫി, ഡിവിഷന്‍ പ്രസിഡന്റ് റാശിദ് മുസ്ലിയാര്‍ തുസംബന്ധിക്കും. വെള്ളിയാഴ്ച അസര്‍ നിസ്‌കാരാനന്തരം നടക്കുന്ന മഖാം സിയാറത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തളീക്കര, സയ്യിദ് ഇല്‍യാസ് തങ്ങള്‍ എരുമാട്, സയ്യിദ് പി ജി എ തങ്ങള്‍ മദനി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സയ്യിദ് മുത്തന്നൂര്‍ അഹ്ദല്‍ തങ്ങള്‍, ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം, കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി, വള്ളിയാട് മുഹമ്മദലി സഖാഫി, ടി കെ അബ്ദുറഹിമാന്‍ ബാഖവി, ടി എ മുഹമ്മദ് അഹ്‌സനി തുടങ്ങിയവര്‍ സംബന്ധിക്കും.
 
പുതുപ്പാടിയിലെ ഉപ തിരഞ്ഞെടുപ്പില്‍ തീ പാറും പോരാട്ടം
പുതുപ്പാടി: പുതുപ്പാടിയിലെ ഉപ തിരഞ്ഞെടുപ്പില്‍ തീ പാറും പോരാട്ടം. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ആര്‍ക്കെന്ന് വിധിയെഴുതുന്ന തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ഇരുമുന്നണികളും പോര്‍ക്കളത്തില്‍ അവസാന ആയുധവും പ്രയോഗിച്ചാണ് മുന്നേറുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ചായത്ത് ഭരണ സമിതിയിലെ 21 ല്‍ 12 സീറ്റും എല്‍ ഡി എഫിന് ലഭിച്ചെങ്കിലും എസ് സി അംഗം ഇല്ലാത്തതിനാല്‍ പ്രസിഡന്റ് സ്ഥാനം എല്‍ ഡി എഫിന് നഷ്ടമാവുകയായിരുന്നു. യു ഡി എഫ് പ്രസിഡന്റിനെയുമായുള്ള ഭരണം മുന്നോട്ട് പോവാത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് സ്ഥാനം തിരിച്ച് പിടിക്കാന്‍ ഒമ്പതാം വാര്‍ഡിലെ എല്‍ ഡി എഫ് അംഗം രാജിവെച്ച് ഉപ തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ഡി വൈ എഫ് ഐ നേതാവായിരുന്ന പി കെ ഷൈജല്‍ 183 വോട്ടിന് വിജയിച്ച വാര്‍ഡില്‍ സി പി ഐ എം വെസ്റ്റ് കൈതപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറിയും പട്ടികജാതി ക്ഷേമസമിതി പുതുപ്പാടി മേഖല സെക്രട്ടറിയുമായ പി ആര്‍ രാകേഷിനെയാണ് എല്‍ ഡി എഫ് രംഗത്തിറക്കിയത്. ഡി സി സി സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ആയിഷക്കുട്ടി സുല്‍ത്താനാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി. എല്‍ ഡി എഫിന്റെ വിജയം ആവര്‍ത്തിച്ചാല്‍ പ്രസിഡന്റ് സ്ഥാനം യു ഡി എഫിന് നഷ്ടമാവുമെന്നതിനാല്‍ വാര്‍ഡ് പിടിച്ചെടുക്കാന്‍ ജില്ലാ നേതാവിനെ രംഗത്തിറക്കുകയായിരുന്നു. എന്നാല്‍ മുന്‍ പഞ്ചായത്ത് അംഗത്തിന്റെയും എല്‍ ഡി എഫ് സര്‍ക്കാറിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാവുമെന്നാണ് എല്‍ ഡി എഫ് പ്രതീക്ഷിക്കുന്നത്. പുതുതായി ചേര്‍ത്ത 325 വോട്ടില്‍ ഇരുനൂറില്‍ പരം വോട്ടുകള്‍ എല്‍ ഡി എഫിന് അനുകൂലമാവുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. 1871 വോട്ടര്‍മാരാണ് നിലവില്‍ പട്ടികയിലുള്ളത്. ഇതില്‍ മരിച്ചവരും വിദേശത്തുള്ളവരും ഒഴികെ 1698 പേരാണ് വോട്ടവകാശം വിനിയോഗിക്കുന്നത്. നാളെ മണല്‍വയല്‍ സ്‌കൂൡ നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച നടക്കും. പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച വൈകിട്ട് വെസ്റ്റ് കൈതപ്പൊയില്‍ അങ്ങാടിയില്‍ നടന്ന കൊട്ടിക്കലാശം ഇരു മുന്നണികളുടെയും ആവേശം വിളിച്ചോതുന്നതായിരുന്നു. സംഘര്‍ഷം ഒഴിവാക്കാന്‍ താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies