18-Feb-2019 (Mon)
 
 
 
അമ്പായത്തോട് മിച്ചഭൂമിയിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാന്‍ നീക്കം: കെ എസ് കെ ടി യു താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമിയിലെ കുടിയേറ്റക്കാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കെ എസ് കെ ടി യു വിന്റെ ആഭിമുഖ്യത്തില്‍ താമരശ്ശേരി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കുടിയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ നല്‍കിയതാണെന്നും കോടതിയില്‍ വ്യാജ രേഖകള്‍ ഹാജറാക്കിയാണ് ഒഴിപ്പിക്കാനുള്ള ഉത്തരവ് നേടിയതെന്നും അദ്ധേഹം പറഞ്ഞു. കെ കെ അപ്പുക്കുട്ടി അധ്യക്ഷത വഹിച്ചു. ജോര്‍ജ് എം തോമസ് എം എല്‍ എ, കെ എസ് കെ ടി യു ജില്ലാ സെക്രട്ടറി കെ കെ ദിനേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എ പി സജിത്ത് സ്വാഗതവും എ ടി ഹരിദാസന്‍ നന്ദിയും പറഞ്ഞു.
 
മലയോര മഹോത്സവം: കുടുംബശ്രീ മേളക്ക് തുടക്കമായി
തിരുവമ്പാടി: മലയോര മഹോത്സവത്തിന്റെ ഭാഗമായുള്ള കുടുംബശ്രീ മേളക്ക് തുടക്കമായി. മേള മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കലാമേള, കലാമത്സരം, ഫുഡ്‌കോര്‍ട്ട്, വിപണനമേള എന്നിവയാണ് കുടുംബശ്രീ ഒരുക്കുന്നത്. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു.
 
തെങ്ങില്‍നിന്ന് വീണ് കിടപ്പിലായ ഹസ്സനും കുടുംബത്തിനും സ്‌നേഹ ഭവനം
ഓമശ്ശേരി: തെങ്ങില്‍നിന്ന് വീണ് കിടപ്പിലായ ഗൃഹനാഥനും കുടുംബത്തിനും വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഓമശ്ശേരി പൂളപ്പൊയിലില്‍ താമസിക്കുന്ന പുതുപ്പാടി സ്വദേശി വാരിയത്ത് ഹസ്സന് മുസ്ലിംലീഗ് റിലീഫ് കമ്മിറ്റിയും ഗ്രെയ്‌സ് പാലിയേറ്റീവ് കെയറും സംസയുക്തമായാണ് വീട് നിര്‍മിച്ചു നല്‍കിയത്. വീടിന്റെ താക്കോല്‍ദാനം പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
 
കെ എസ് ആര്‍ ടി സി അധികൃതരുടെ അനാസ്ഥ; വിദ്യാര്‍ത്ഥിക്ക് എന്‍ട്രന്‍സ് പരീക്ഷ നഷ്ടമായി
കിഴക്കോത്ത്: കെ എസ് ആര്‍ ടി സി അധികൃതരുടെ അനാസ്ഥ കാരണം വിദ്യാര്‍ത്ഥിക്ക് എന്‍ട്രന്‍സ് പരീക്ഷ നഷ്ടമായി. കൊടുവള്ളി കിഴക്കോത്ത് കച്ചേരിമുക്ക് ഇയ്യാണിക്കോത്ത് അബ്ദുല്‍ റഹീമിന്റെ മകന്‍ സുഹൈലിനാണ് കെ എസ് ആര്‍ ടി സി അധികൃതരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനം കാരണം JEE പരീക്ഷക്ക് എത്താന്‍ കഴിയാതെ വന്നത്. വെള്ളിയാഴ്ച കണ്ണൂര്‍ തളിപ്പറമ്പില്‍ നടക്കുന്ന പരീക്ഷക്ക് പോവാനായി കോഴിക്കോട് കെ എസ് ആര്‍ ടി സി ഡിപ്പോയിലെത്തി സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസ്സിന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് ബസ്സ് എത്തുമെന്നാണ് അറിയിച്ചത്. മൂന്നുരയോടെ ബസ്റ്റാന്റിലെത്തി. ഏറെ നേരം കാത്തിരുന്നെങ്കിലും ബസ്സ് വന്നില്ല. അന്വേഷിക്കുമ്പോഴെല്ലാം ഉടന്‍ വരുമെന്നായിരുന്നു മറുപടി. അഞ്ചുമണിവരെ ബസ്സ് വരാതിരുന്നതിനെ തുടര്‍ന്ന് അന്വേഷണ കൗണ്ടറില്‍ എത്തിയപ്പോള്‍ ഒന്നും അറിയില്ലെന്നും പരഞ്ഞ് ഒരു നമ്പറില്‍ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. ഈ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി ബസ്സ് ഇന്നലെ രാത്രി പത്തുമണിക്ക് കാന്‍സല്‍ ചെയ്തു എന്നായിരുന്നു. അഞ്ചരക്ക് മറ്റൊരു ബസ്സ് വരാനുണ്ടെന്ന് അറിയിച്ചെങ്കിലും അതും എത്തിയില്ല. ബസ്സ് കാന്‍സലായ വിവരം അറിഞ്ഞിരുന്നെങ്കില്‍ സുഹൈലിന് വേറെ ബസ്സിലോ ട്രെയിനിലോ കണ്ണൂരില്‍ എത്താന്‍ കഴിയുമായിരുന്നു. പണം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്തവരെ ബസ്സ് കാന്‍സലാക്കുന്ന വിവരം അറിയിക്കാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും അധികൃതര്‍ ഇതിന് തയ്യാറാവാതിരുന്നതാണ് സുഹൈലിന്റെ എഞ്ചിനീയറിംഗ് സ്വപ്‌നം തകര്‍ത്തത്. പുലര്‍ച്ചെ 4 മണിക്ക് കോഴിക്കോട്ട് എത്തുന്ന ബസ്സ് ക്യാന്‍സലാണെന്ന വിവരം അറിയിച്ചുകൊണ്ട് വൈകിട്ട് മൂന്നുമണിയോടെ അധികൃതര്‍ എസ് എം എസ് അയക്കുകയും ചെയ്തു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുഹൈല്‍ കെ എസ് ആര്‍ ടി സി. എം ഡി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുഹൈല്‍ പരാതി നല്‍കി.
 
കക്കാടംപൊയിലില്‍ ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകം; പ്രതി അറസ്റ്റില്‍
തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലില്‍ ആദിവാസി യുവതി ഷോക്കേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. താഴേകക്കാട് ആദിവാസി കോളനിയിലെ കരിങ്ങാതൊടി രാജന്റെ ഭാര്യ രാധിക(38)യെ ഷോക്കടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പോലീസ് അന്വേഷണമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. രാധികയെ ക്രൂരമായി കൊലപ്പെടുത്തിയ കൂമ്പാറ ബസാര്‍ ചക്കാലപ്പറമ്പില്‍ ശരീഫിന(48) തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു.
 
കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച ചെയ്തത് അന്തര്‍ സംസ്ഥാന മോഷണ സംഘം
നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് മുക്കാല്‍കോടിയുടെ സ്വര്‍ണവും വെള്ളിയും കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തര്‍ സംസ്ഥാന മോഷണ സംഘം. കല്ലാച്ചി മാര്‍ക്കറ്റ് റോഡിലെ റിന്‍സി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച അന്വേഷിച്ച നാദാപുരം ഡി വൈ എസ് പി. ഇ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളായ മൂന്നുപേര്‍ പിടിയിലായത്. ആന്ധ്രപ്രദേശിലെ തിരുവള്ളൂര്‍ പാക്കം ഗ്രാമത്തിലെ അഞ്ചാംപുലി (52), തമിഴ്നാട് വിഴുപ്പുരം ജില്ലയില്‍ കോട്ടമേട്ടിലെ രാജ(32), തമിഴ്നാട് മധുര പുത്തൂറിലേ സൂര്യ(22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബര്‍ നാലിന് പുലര്‍ച്ചെയായിരുന്നു സംഭവം. കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന റിന്‍സി ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ് ഒന്നരക്കിലോ സ്വര്‍ണ്ണവും അഞ്ചുകിലോ വെള്ളിയും മൂന്നര ലക്ഷം രൂപയും അപഹരിച്ചത്. മുഖ്യ പ്രതിയായ അഞ്ചാം പുലി 25 വര്‍ഷത്തിനിടെ നിരവധി കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 2008 ല്‍ തലശ്ശേരി പൊന്ന്യം സര്‍വീസ് സഹകരണ ബേങ്ക് കുത്തിത്തുറന്ന് 24 കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയാണ്. തമിഴ്‌നാട്ടിലെ സെവ്വാപേട്ട, കോരട്ടൂര്‍, പൊന്നിയേറി, പെരിയ പാളയം, കൊണ്ടറത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന മോഷണക്കേസുകളില്‍ ജയിലിലായ ഇയാള്‍ 2013 ലാണ് പുറത്തിറങ്ങിയത്. ലോക്കറുകളും സെയ്ഫും പൊളിക്കുന്നതില്‍ വിദഗ്ധനായ രാജ ചെന്നെയില്‍ ഡ്രൈവറായി ജോലി ചെയ്തു വരുന്നതിനിടെയാണ് അഞ്ചാംപുലിക്കൊപ്പം മോഷണത്തിനിറങ്ങിയത്. കര്‍ണാടകയിലെ മൈസൂര്‍, ഹുന്‍സൂര്‍ ജില്ലകള്‍ നടന്ന മോഷണ കേസുകളിലെ പ്രതിയാണ് സൂര്യ. ഷട്ടര്‍ കുത്തിത്തുറന്ന് മോഷണം നടത്തലാണ് ഇയാളുടെ രീതി. കൊയിലാണ്ടി, കോഴിക്കോട്, തിക്കോടി, നന്തി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തലശ്ശേരിയില്‍ വെച്ച് പിടിക്കപ്പെട്ടെങ്കിലും 18 വയസ്സ് തികയാത്തതിനാല്‍ ശിക്ഷിക്കപ്പെട്ടിരുന്നില്ല. തൃശൂര്‍ ഒല്ലൂരിലെ ആത്മിക, അന്ന ജ്വല്ലറികളില്‍ നിന്ന് കഴിഞ്ഞ നവംബര്‍ 30 ന് ഇവര്‍ അഞ്ചു കിലോ വെള്ളിയും അഞ്ചുലക്ഷത്തി എണ്‍പതിനായിരം രൂപയും അപഹരിച്ചു. മലപ്പുറം പുളിക്കലിലെ എസ് എം ജ്വല്ലറിയില്‍ നിന്ന് നവംബര്‍ ഒന്നിന് 350 ഗ്രാം സ്വര്‍ണ്ണം കവര്‍ന്നതായും ഇവര്‍ പോലീസിന് മൊഴി നല്‍കി. കല്ലാച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് കല്ലാച്ചിയിലെ കവര്‍ച്ചക്ക് സഹായം ചെയ്തതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഉള്‍പ്പെടെ മൂന്നുപേരെ കൂടി പിടികിട്ടാനുണ്ടെന്നും പോലീസ് പറഞ്ഞു.
 
അവേലത്ത് സാദാത്ത് മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും
പൂനൂര്‍: പ്രസിദ്ദമായ അവേലത്ത് സാദാത്ത് മഖാം ഉറൂസിന് ഞായറാഴ്ച സമാപനമാകും. വ്യാഴാഴ്ച ആരംഭിച്ച ഉറൂസ് പരിപാടികള്‍ പേരോട് അബ്ദുറഹിമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ഉറൂസിന്റെ ഭാഗമായി നടന്ന മഹല്ല് വരവ് ശ്രദ്ധേയമായി. താമരശ്ശേരി, ബാലുശ്ശേരി, പൂനൂര്‍ സോണുകളില്‍ ഉള്‍പ്പെട്ട അറുപതോളം മഹല്ലുകളില്‍ നിന്നാണ് വെള്ളിയാഴ്ച ഉറൂസിനുള്ള ഭക്ഷ്യവിഭവങ്ങളുമായി മഹല്ല് ഭാരവാഹികളും പൗരപ്രമുഖരും എത്തിയത്. അരി, പച്ചക്കറി, മാടുകള്‍ ഉള്‍പ്പെടെയുള്ളവയുമായി അലങ്കരിച്ച വാഹനങ്ങള്‍ കൂട്ടത്തോടെ എത്തിയത് കൗതുകക്കാഴ്ചയായി മാറി. വിവിധ മഹല്ലുകളില്‍ നിന്നും എത്തിയവര്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ പരിസരത്ത് സംഗമിച്ചാണ് കാന്തപുരം സാദാത്ത് മഖാമിലേക്ക് നീങ്ങിയത്.
 
ബൈക്ക് വില്‍പ്പനയുടെ പേരില്‍ കബളിപ്പിച്ചതായി പരാതി
താമരശ്ശേരി: മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് വില്‍പ്പന നടത്തി കബളിപ്പിക്കുകയും ലോണിന്റെ പേരില്‍ കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി. താമരശ്ശേരി ചുങ്കത്തെ കെ വി ആര്‍ ബജാജ് എന്ന സ്ഥാപനത്തില്‍നിന്നും ബൈക്ക് വാങ്ങിയ കാന്തപുരം ചോയിമഠം കുഴിമണ്ണിപുറായില്‍ സെയ്ദിന്റെ മകന്‍ മുഹമ്മദ് ആശിഖ് ആണ് കബളിപ്പിക്കപ്പെട്ടത്. 2013 ലാണ് 35000 രൂപ ആദ്യ ഘടുവായി നല്‍കി ആശിഖ് ബൈക്ക് വാങ്ങിയത്. ബാക്കി സംഖ്യക്ക് ബേങ്ക് വായ്പ്പ ശരിയാക്കുകയും ചെയ്തു. മാസങ്ങള്‍ കഴിഞ്ഞും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് രേഖകള്‍ നല്‍കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയത്. ഇത് മറച്ചുവെച്ചാണ് ഇതേ ബൈക്കിന് മുഹമ്മദ് ആശിഖിന്റെ പേരില്‍ ഇന്‍ഡസ് ഇന്ത്യ ബേങ്കില്‍ നിന്നും വായ്പ ശരിയാക്കിയത്. ഇരുപത്തി ആറായിരം രൂപ ബേങ്ക് വഴിയും ആശിഖ് നല്‍കിയിരുന്നു. ബൈക്ക് മാറ്റി നല്‍കാമെന്ന് കെ വി ആര്‍ ബജാജിന്റെ മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് എട്ട് മാസങ്ങള്‍ക്ക് ശേഷം ബൈക്ക് തിരിച്ചേല്‍പിച്ചെങ്കിലും പണമോ ബൈക്കോ നല്‍കിയില്ല. ആശിഖിനും ബേങ്ക് ലോണിന് ഗ്യാരണ്ടറായി പേര് നല്‍കിയ പിതാവ് സെയ്തിനും എതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. കേസ് നടത്തിപ്പിനായി പതിനയ്യായിരം രൂപയോളം ചെലവാക്കിയെങ്കിലും കോടതി സെയ്ദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. വിദേശത്തുള്ള ആശിഖും നിയമ നടപടി നേരിടേണ്ടി വരും. കെ വി ആര്‍ ബജാജിലെ മാനേജറായിരുന്ന സുനില്‍കുമാര്‍ നടത്തിയ ഇടപാടിന് കമ്പനിക്ക് ഉത്തരവാദിത്വമില്ലെന്നാണ് ഇപ്പോള്‍ കമ്പനി അധികൃതരുടെ വാദം. കമ്പനി നിയമിച്ച മാനേജറുടെ ഇടപാടുകള്‍ വ്യക്തിപരമാണെന്ന വാദം അധികൃതര്‍ ഉന്നയിച്ചതോടെ കെ വി ആര്‍ ബജാജിന്റെ ഇടപാടുകാര്‍ ഭീതിയിലാണ്.
 
ജീപ്പിന് പിന്നില്‍ ബുള്ളറ്റ് ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്
താമരശ്ശേരി: ജീപ്പിന് പിന്നില്‍ ബുള്ളറ്റ് ഇടിച്ച് യുവാവിന് ഗുരുതര പരുക്ക്. കൂടത്തായി പൂവോട്ടില്‍ ചീനിക്കല്‍ സൈഫുള്ളയുടെ മകന്‍ ഷഫീറിനാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഷഫീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താഴെ പരപ്പന്‍പൊയിലില്‍ വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഷഫീര്‍ സഞ്ചരിച്ച ബുള്ളറ്റ് കൊടുവള്ളി ഭാഗത്തുനിന്നും അണ്ടോണ റോഡിലേക്ക് പ്രവേശിച്ച ജീപ്പിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അതേ ജീപ്പില്‍ തന്നെ ഷഫീറിനെ കൊടുവള്ളിയിലും തുടര്‍ന്ന് ആമ്പുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
 
സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കാറ് നാട്ടുകാര്‍ അടിച്ച് തകര്‍ത്തു
താമരശ്ശേരി: സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാറ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി അടിച്ച് തകര്‍ത്തു. ദേശീയപാതയില്‍ പരപ്പന്‍പൊയില്‍ അങ്ങാടിയില്‍ വ്യാഴാഴ്ച രാത്രി പത്തര മണിയോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന താമരശ്ശേരി കോരങ്ങാട് പി സി മുക്ക് പി സി ജമാലിന്റെ സ്‌കൂട്ടറിലാണ് കോഴിക്കോട് ഭാഗത്തുനിന്നും എത്തിയ കാറ് ഇടിച്ചത്. കോഴിക്കോട്ട് നടന്ന തബ്‌ലീഗ് ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ മറ്റൊരു കാറില്‍ വരികയായിരുന്ന സുഹൃത്തിനെ എളേറ്റില്‍ വട്ടോളിയില്‍ ഇറക്കാന്‍വേണ്ടി പരപ്പന്‍പൊയിലില്‍വെച്ച് സ്‌കൂട്ടര്‍ തിരിക്കുമ്പോഴായിരുന്നു അപകടം. അമിത വേഗതയില്‍ എത്തിയ കാറ് സ്‌കൂട്ടറില്‍ ഇടിച്ച് ജമാല്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ജമാലിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്കായി പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റുകയും ചെയ്തു. അപകടം വരുത്തിയ ശേഷം നിര്‍ത്താതെ പോയ കെ എല്‍ 11 എ ഡി 5159 നമ്പര്‍ കാറ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി അടിച്ചു തകര്‍ത്തു. താമരശ്ശേരി ഭാഗത്തേക്ക് പോയ കാറ് അര്‍ധരാത്രിയോടെ താഴെ പരപ്പന്‍പൊയില്‍ ചെമ്പ്ര ഭാഗത്തെ വയലിലാണ് മറിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വാടാവ് ഭാഗത്തും ഈ കാറ് ബൈക്കുകളില്‍ ഇടിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കോഴിക്കോട് സ്വദേശിയായ പ്രവീണിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടം വരുത്തിയ കാറ്. കോഴിക്കോട് താലൂക്ക് ഓഫീസിലെ ഡ്രൈവറായ പുതുപ്പാടി സ്വദേശി മുഹമ്മദലിക്ക് വ്യാഴാഴ്ച വൈകിട്ട് കാറ് നല്‍കിയിരുന്നുവെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. കാറോടിച്ചയാളെ കണ്ടെത്താനായിട്ടില്ല.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies