18-Feb-2019 (Mon)
 
 
 
പന്നൂര്‍ മറിവീട്ടില്‍ താഴത്ത് സ്റ്റേഷനറി കട കത്തി നശിച്ചു
പന്നൂര്‍: പന്നൂര്‍ മറിവീട്ടില്‍ താഴത്ത് സ്റ്റേഷനറി കട കത്തി നശിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം എ പി മോഹനന്റെ ഉടമസ്ഥതയിലുള്ള സഹായി സ്റ്റോര്‍ ആണ് പൂര്‍ണമായും കത്തി നശിച്ചത്. രാവിലെ എട്ടുമണിയോടെ കടക്കുള്ളില്‍ നിന്നും വന്‍ ശബ്ദം കേട്ട നാട്ടുകാര്‍ കട ഉടമയെ വിളിച്ചു വരുത്തി ഷട്ടര്‍ തുറന്നപ്പോള്‍ കടക്കുള്ളില്‍ തീയും പുകയും നിറഞ്ഞിരുന്നു.
 
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് യാഥാര്‍ത്ഥ്യമായി
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ലിഫ്റ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. ആയുര്‍വേദ ആശുപത്രിയിലെത്തുന്ന രോഗികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലിഫ്റ്റ് പൂര്‍ത്തിയാക്കിയത്. മുട്ടുവേദനയും നടുവേദനയുമടക്കം നിരവധി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന രോഗികളാണ് ദിവസേന ഈ ആശുപത്രിയിലെത്തുന്നത്. കിടപ്പുരോഗികളടക്കം നിരവധി പേര്‍ക്ക് ലിഫ്റ്റ് ഉപകാരപ്പെടും. ജില്ലാ പഞ്ചായത്തും ഐ എസ് എം വകുപ്പും 5,50000 രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചിരിക്കുന്നത്. പരിപാടിയില്‍ പ്രസൂതി തന്ത്ര പ്രൊജക്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടങ്ങോട്ടും വര്‍ണ്ണ്യം പദ്ധതി ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ ആശാ ശശാങ്കനും ധാരപാത്തി കൈമാറല്‍ ആയുര്‍വേദ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ സനല്‍കുമാറും നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അധ്യക്ഷനായി കെ ഇ എല്‍ പ്രൊജക്ട് മാനേജര്‍ ടി കെ മുരളീധരന്‍ പദ്ധതി അവതരണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ ശ്രീകുമാര്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി പി എം സുഗേഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഐ എസ് എം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ എം മന്‍സൂര്‍ സ്വാഗതവും ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് പി സി ജെസ്സി നന്ദിയും പറഞ്ഞു.
 
മാമ്പുഴയെ വീണ്ടെടുക്കാന്‍ കര്‍മപദ്ധതികളുമായി ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: മാലിന്യം നിറഞ്ഞ് ഒഴുക്ക് നഷ്ട്ടപ്പെട്ട മാമ്പുഴ ഒന്നേമുക്കാല്‍ കോടി രൂപ വിനിയോഗിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നവീകരിക്കുന്നു. പ്ലാസ്റ്റിക്കും അറവുമാലിന്യവും നിറഞ്ഞ മാമ്പുഴയ്ക്ക് പുനര്‍ജന്മം നല്‍കുന്നതിനുള്ള രണ്ടാം ഘട്ട പദ്ധതിയാണിപ്പോള്‍ പുരോഗമിക്കുന്നത്. കോഴിക്കോട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളുടെയും പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം മുഖേന യു എല്‍ സി സിയാണ് പ്രവൃത്തി നടത്തി വരുന്നത്. നാല് ഘട്ടങ്ങളിലായാണ് പണി പൂര്‍ത്തീകരിക്കുക. പുഴയുടെ വീതി കുറഞ്ഞ ഭാഗങ്ങളിലും കള്‍വള്‍ട്ടുകളിലും അടിഞ്ഞു കൂടിയ മാലിന്യം ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി നീക്കം ചെയ്തു കഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ കൂടുതലുള്ള ചെളി നീക്കം ചെയ്ത് പുഴയുടെ ആഴം കൂട്ടി ഒഴുക്ക് വര്‍ധിപ്പിക്കാനാണ് ലക്ഷ്യം. ഇത് പൂര്‍ത്തീകരിച്ച ശേഷം ജൈവഭൂവസ്ത്രം വിരിച്ച് പുഴഭിത്തി സംരക്ഷിക്കും. മൂന്ന് ഗ്രാമപഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ചെയര്‍മാനായും ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍ ചെയര്‍മാനായുമുള്ള പുഴസംരക്ഷണ സമിതിയാണ് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ മേല്‍നോട്ടം നടത്തുന്നത്. മാലിന്യം അകറ്റി മാമ്പുഴയെ വന്‍ ജലസ്രോതസ്സായി മാറ്റുകയാണ് ഹരിതകേരള മിഷന്റെ പദ്ധതി.
 
കൊടുവള്ളിയില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം
കൊടുവള്ളി: കൊടുവള്ളിയില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. പട്ടിണിക്കര പ്രദേശത്തെ വീടുകളിലെത്തിയ മോഷ്ടാവ് ഒരു വീട്ടില്‍നിന്നും ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണാഭരണം കവര്‍ന്നു. കൈവേലിക്കല്‍ ബഷീറിന്റെ വീട്ടില്‍ നിന്നാണ് ഒന്നര പവന്റെ സ്വര്‍ണാഭരണം കവര്‍ന്നത്. കിടപ്പുമുറിയുടെ ജനലിന്റെ മുകള്‍ ഭാഗം തുറന്നിട്ടതാണ് മോഷ്ടാവിന് അനുഗ്രഹമായത്. താഴ് ഭാഗത്തെ കൊളുത്ത് തുറന്ന് കിടന്നുറങ്ങുകയായിരുന്ന ബഷീറിന്റെ ഭാര്യ റംലയുടെ കയ്യിലുണ്ടായിരുന്ന ബ്രേസ് ലെറ്റ് മോഷ്ടാവ് അപഹരിച്ചു. ഭാര്യയുടെ കരച്ചില്‍ കേട്ട് ബഷീര്‍ എഴുനേറ്റ് ലൈറ്റിട്ടപ്പോള്‍ മോഷ്ടാവ് ഓടി മറഞ്ഞു. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലും അടുത്തിടെ മോഷ്ടാവ് എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ ഭാഗത്തും കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്ക് ഭാഗത്തും അടുത്തിടെ നിരവധി വീടുകളില്‍ മോഷ്ടാക്കള്‍ എത്തിയിരുന്നു. മോഷണം നിത്യ സംഭവമായി മാറിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്.
 
ആനുകൂല്യം വര്‍ദ്ധിപ്പിക്കണമെന്ന് മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ്
കോഴിക്കോട്: കോഴിക്കോട്, വയനാട് ജില്ലകളിലെ വിവിധ മതനേതാക്കളുടെയും, മദ്രസാ മാനേജ്‌മെന്റ് കമ്മറ്റികളുടെയും മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെയും സംഗമം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ക്ഷേമനിധി അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും ആനുകൂല്യങ്ങള്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാവുന്ന രീതിയില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനുമാണ് യോഗം ചേര്‍ന്നതെന്ന് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എം വി അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ബോര്‍ഡിലെ മദ്രസാധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65ല്‍ നിന്നും 60 ആക്കി കുറയ്ക്കുമെന്നും പെന്‍ഷന്‍ തുക 1500 നും 7500 നും ഇടയിലാക്കി നിജപ്പെടുത്തുമെന്നും അംഗങ്ങള്‍ക്ക് മരണാനന്തര സഹായം, ആശ്രിതര്‍ക്ക് കുടുംബപെന്‍ഷന്‍ എന്നിവ നല്‍കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും ഉറപ്പു നല്‍കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍ഡില്‍ നിലവിലെ വിവിധ ധനസഹായ തുകകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇതിനോടകം സര്‍ക്കാരിലേക്ക് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ രണ്ട് ലക്ഷത്തോളം വരുന്ന മദ്രസാധ്യാപകരുടെ ക്ഷേമത്തിനായി വിവിധ പദ്ധതികളാണ് ബോര്‍ഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുഴുവന്‍ അധ്യാപകരെയും ക്ഷേമനിധിയില്‍ അംഗങ്ങളാക്കുകയാണ് ആദ്യഘട്ടം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവരിലേക്കും വിവാഹ ധനസഹായം, വിദ്യാഭ്യാസ ആനുകൂല്യം, പെന്‍ഷന്‍, ഭവനനിര്‍മ്മാണ സഹായം തുടങ്ങിയ ആനുകൂല്യങ്ങള്‍ എത്തിക്കും. 75 ലക്ഷം രൂപ വിവാഹധന സഹായമായി ഇതിനോടകം വിതരണം ചെയ്തു. യോഗത്തില്‍ ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാരായ ഒ പി ഐ കോയ, പി കെ മുഹമ്മദ്, പി എം ഹമീദ്, സഫിയ ടീച്ചര്‍ പാലത്ത്, അബ്ദുള്‍ മൗലവി, വിവിധ മദ്രസാധ്യാപക സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
കര്‍മ്മസേനകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ കാര്‍ഷിക കര്‍മ്മസേനകള്‍ക്ക് കൃഷിയന്ത്രങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കാര്‍ഷിക യന്ത്രവല്‍കരണ പരിപാടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാര്‍ഷിക കര്‍മ്മസേനകള്‍ക്ക് കൃഷി യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രവല്‍കൃത തൊഴില്‍ സേനയായ കാര്‍ഷിക കര്‍മ്മസേനകളില്‍ ചാത്തമംഗലം, മൂടാടി, കക്കോടി പഞ്ചായത്തുകളിലെ കാര്‍ഷിക കര്‍മ്മസേനകള്‍ക്കാണ് 30 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സജ്ജീകരണങ്ങളോടെയുള്ള ട്രാക്ടറുകളും റോട്ടവേറ്റര്‍, കുഴിയെടുക്കുന്ന യന്ത്രം, റിഡ്ജര്‍, കള്‍ട്ടിവേറ്റര്‍ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളും നല്‍കിയത്. മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളതും ശരാശരി പത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളതുമായ കര്‍മ്മസേനകളെയാണ് പദ്ധതിയുടെ ഗുണഭോക്താക്കളായി പരിഗണിച്ചത്. കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ കൃഷി യന്ത്രങ്ങളും സേവനങ്ങളും ലഭ്യമാക്കും. കര്‍മ്മസേനകളില്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ പരിശീലനം ലഭിച്ച തൊഴിലാളികളാണുണ്ട്. ഓരോ കര്‍മ്മസേനക്കും പത്ത് ലക്ഷം രൂപയോളം വിലവരുന്ന യന്ത്രങ്ങളാണ് വിതരണം ചെയ്തത്. ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് അധ്യക്ഷത വഹിച്ചു. കൃഷി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി അഹമ്മദ് കബീര്‍ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ പി ജി ജോര്‍ജ്ജ് മാസ്റ്റര്‍, മുക്കം മുഹമ്മദ്, സജിത പി കെ, സുജാത മനയ്ക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം എ ഗഫൂര്‍ മാസ്റ്റര്‍, രാജന്‍ മാസ്റ്റര്‍, അജിത എം പി, താഴത്തെയില്‍ ജുമൈലത്ത്, അന്നമ്മ ടീച്ചര്‍, ഷൈലജ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി ഫിലിപ്പ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ ലേഖ കാര്‍ത്തി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബിന്ദു ആര്‍, ബി കെ ജയശ്രീ, ചാത്തമംഗലം കര്‍മ്മസേന പ്രസിഡന്റ് രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
 
അഞ്ചു വയസ്സുവരെയുളള എല്ലാ കുട്ടികള്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ്
കോഴിക്കോട്: ജില്ലയില്‍ അഞ്ചു വയസ്സുവരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും രോഗ പ്രതിരോധ കുത്തിവെയ്പ് ലഭിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുവാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം നല്‍കി. ഇതിനുവേണ്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശക്തമാക്കണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ നടപ്പിലാക്കി വരുന്ന വിവിധ ദേശീയ ആരോഗ്യ പരിപാടികളുടേയും സംസ്ഥാന തലത്തില്‍ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പദ്ധതികളുടേയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. പകര്‍ച്ച വ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ ജാഗ്രത, കുഷ്ഠരോഗ നിയന്ത്രണ പരിപാടിയായ അശ്വമേധം, ജീവിതശൈലി രോഗ നിയന്ത്രണ പരിപാടി, മാതൃശിശു സംരക്ഷണ പരിപാടി, ഇഹെല്‍ത്ത് പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. രാജേന്ദ്രന്‍ വി ആര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. എസ് എന്‍ രവികുമാര്‍, ഡോ. ആശാദേവി, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. ആര്‍ സരളാനായര്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ വിവിധ പരിപാടികള്‍ വിശദീകരിച്ചു. ജില്ലയില്‍ പ്രതിരോധ കുത്തിവെയ്പ്പ് 90 ശതമാനം കുട്ടികള്‍ക്ക് മാത്രമേ ലഭിച്ചിട്ടുളളൂ എന്ന് യോഗം വിലയിരുത്തി. കുന്നുമ്മല്‍, കാവിലുംപാറ, കായക്കൊടി, പുറമേരി, വേളം, മരുതോങ്കര, നരിപ്പറ്റ, കുറ്റിയാടി, നാദാപുരം, തൂണേരി, വളയം, ചെക്യാട്, എടച്ചേരി, വാണിമേല്‍, തിരുവളളൂര്‍, ആയഞ്ചേരി, കൊടുവളളി തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ 80 ശതമാനത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ പ്രതിരോധ കുത്തിവെയ്പുകള്‍ ലഭിച്ചിട്ടുളളൂ.
 
മലയോര മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം; അഞ്ച് ദിവസം നിയമസഭാ മ്യൂസിയവും പ്രദര്‍ശിപ്പിക്കും
മുക്കം: അതിജീവനത്തിനൊരു കൈത്താങ്ങ് എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന മലയോര മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാവും. ജില്ലാ പഞ്ചായത്തിന്റെയും തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കുന്നമംഗലം, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുകള്‍, മുക്കം, കൊടുവള്ളി നഗരസഭകള്‍, 11 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് തിരവമ്പാടി പഞ്ചായത്തില്‍ഉള്‍പ്പെട്ട അഗസ്ത്യന്‍മുഴിയിലെ ജില്ലാ പഞ്ചായത്ത് ഗ്രൗണ്ടില്‍ മലയോര മഹോത്സവം സംഘടിപ്പിക്കുന്നത്.
 
ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് ഒ എല്‍ എക്‌സില്‍ പരസ്യം ചെയ്ത് തട്ടിപ്പ്
താമരശ്ശേരി: ഐ ഫോണ്‍ വില്‍ക്കാനുണ്ടെന്ന് സോഷ്യല്‍ മീഡിയിയില്‍ പരസ്യം ചെയ്ത് തട്ടിപ്പ്. താമരശ്ശേരി പരപ്പന്‍പൊയിലില്‍ താമസിക്കുന്ന ആസ്സാം സ്വദേശി അയിജുല്‍ ഖാന് ആണ് പണം നഷ്ടപ്പെട്ടത്. ഉപയോഗിച്ച വസ്തുക്കളുടെ വിപണനത്തിനായുള്ള സോഷ്യല്‍ ആപ്ലിക്കേഷനായ ഒ എല്‍ എക്‌സില്‍ 4500 രൂപക്ക് ഐ ഫോണ്‍ 5 വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ടാണ് ഇന്റീരിയല്‍ ഡെക്കറേഷന്‍ ജോലിക്കാരനായ അയിജുല്‍ ഖാന്‍ പ്രതികരിച്ചത്.
 
ഓട്ടോറിക്ഷയും ബൈക്കും ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍
താമരശ്ശേരി: ഓട്ടോറിക്ഷയും ബൈക്കും ദുരൂഹ സാഹചര്യത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. മലപ്പുറം രജിസ്‌ട്രേഷനിലുള്ള ഓട്ടോറിക്ഷയും കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള ബൈക്കുമാണ് ദിവസങ്ങളായി താമരശ്ശേരി ടൗണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്‌റ്റേഷന് സമീപത്തെ പാര്‍ക്കിംഗ് പ്രദേശത്താണ് കെ എല്‍ 10 എ ബി 4166 നമ്പര്‍ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മാസത്തോളമായി ഓട്ടോറിക്ഷ ഇവിടെയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്ത ഓട്ടോറിക്ഷ പിന്നീട് ബഷീര്‍ എന്നയാളുടെ പേരില്‍ കൊയിലാണ്ടിയിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയതായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ പറയുന്നു. 2015 ജനുവരിക്ക് ശേഷം ടാക്‌സ് അടച്ചിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. പോലീസ് സ്‌റ്റേഷന് എതിര്‍വശത്ത് സ്വകാര്യ ലോഡ്ജിനു മുന്നില്‍ നടപ്പാതയില്‍ നിര്‍ത്തിയിട്ട കെ എല്‍ 11 ക്യു 1595 നമ്പര്‍ ബൈക്ക് സുനില്‍കുമാറിന്റെ പേരില്‍ കൊടുവള്ളി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് രജിസ്റ്റര്‍ ചെയ്തത്. 2017 മാര്‍ച്ചിന് ശേഷം ഇതിന്റെയും ടാക്‌സ് അടച്ചിട്ടില്ല. ശനിയാഴ്ച രാവിലെ മുതല്‍ ബൈക്ക് നടപ്പാതയില്‍ കാണുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. മോഷ്ടിച്ച് കടത്തുന്നതിനിടെ ഉപേക്ഷിച്ചതാവാമെന്നാണ് സംശയം.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies