17-Feb-2019 (Sun)
 
 
 
പൊതു പണിമുടക്കിന്റെ മറവില്‍ വിദേശ മദ്യം ശേഖരിച്ച രണ്ടുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: പൊതു പണിമുടക്കിന്റെ മറവില്‍ കരിഞ്ചന്തയില്‍ വില്‍ക്കാനായി വിദേശ മദ്യം ശേഖരിച്ച രണ്ടുപേരെ താമരശ്ശേരി എക്‌സൈസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കല്ലടിക്കുന്നുമ്മല്‍ ദാസന്‍(57) കട്ടിപ്പാറ നെടുംപാലി വീട്ടില്‍ ബാലന്‍(70) എന്നിവരാണ് അറസ്റ്റിലായത്. പൊതുപണിമുടക്ക് മുന്നില്‍ കണ്ട് വന്‍ തോതില്‍ മദ്യം ശേഖരിക്കുന്നതായ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. പുതുപ്പാടി ഈങ്ങാപ്പുഴയില്‍ വെച്ചാണ് ദാസനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഒമ്പത് ലിറ്റര്‍ വിദേശമദ്യം ഇയാളില്‍ നിന്നും പിടിച്ചെടുത്തു. കട്ടിപ്പാറ ത്രിവേണിയില്‍ വെച്ച് ഏഴ് ലിറ്റര്‍ വിദേശ മദ്യവുമായാണ് ബാലന്‍ പിടിയിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ജി സുരേഷ് ബാബു, എന്‍ പി വിവേക്, വി എസ് സുമേഷ്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജറാക്കി.
 
മുക്കത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
മുക്കം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കറുത്തപറമ്പ് കരിമ്പനകണ്ടി മോഹന്‍ദാസിന്റെ മകന്‍ ജിജിത്ത് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കായിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ കറുത്തപറമ്പ് ഇറക്കത്തിലായിരുന്നു അപകടം. ഓട്ടോക്ക് കുറുകെ തെരുവ് നായ ഓടിയതിനെ തുടര്‍ന്ന് പെട്ടന്ന് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മാതാവ്: പ്രേമ. സഹോദരങ്ങള്‍: രഞ്ജിത്ത്, രജിത്ത്.
 
അവേലത്ത് സാദാത്ത് മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകും
പൂനൂര്‍: കാന്തപുരം അവേലത്ത് സാദാത്ത് മഖാം ഉറൂസിന് വ്യാഴാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഉറൂസിന്റ മുന്നോടിയായി കാരക്കാട് മഖാമില്‍ നിന്നുള്ള പതാക നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സാദാത്ത് മഖാമിലെത്തിച്ചു. സയ്യിദ് അബൂബക്കര്‍ കോയ തങ്ങള്‍, കാരക്കാട്ടില്‍ മുത്തുകോയ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ തങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പതാക ജാഥ നടന്നത്. അവേലത്ത് പൂക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.
 
കുന്ദമംഗലം മണ്ഡലത്തില്‍ കിന്‍ഫ്ര പാര്‍ക്കും ഇന്‍ഡോഷാര്‍ജ കള്‍ചറല്‍ സെന്ററും സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു
കുന്ദമംഗലം: കിന്‍ഫ്ര ഇന്റസ്ട്രിയല്‍ ഡവലപ്‌മെന്റ് സോണ്‍ ആരംഭിക്കുന്നതിന് മാവൂര്‍ വില്ലേജില്‍ മലപ്രം ദേശത്ത് 114 ഏക്കര്‍ സ്ഥലവും ഇന്‍ഡോഷാര്‍ജ കള്‍ച്ചറല്‍ സെന്ററിനു വേണ്ടി ഒളവണ്ണ വില്ലേജില്‍ 26 ഏക്കര്‍ 32 സെന്റ് സ്ഥലവും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരുന്നതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു. കിന്‍ഫ്ര പാര്‍ക്കിനു വേണ്ടിയുള്ള സ്ഥലമേറ്റെടുക്കുന്നതിന് കൊയിലാണ്ടി എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറെയാണ് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചിട്ടുള്ളത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പൊതുമരാമത്ത് റോഡ് സാമീപ്യമുള്ള തോട്ട ഭൂമി, റോഡ് സൗകര്യമില്ലാത്ത തോട്ട ഭൂമി, ചെങ്കല്‍ പാറകള്‍ നിറഞ്ഞ ഉയര്‍ന്ന പ്രദേശം എന്നിവ ഉള്‍പ്പെട്ടതിനാല്‍ ഓരോ ഭൂമിക്കും വ്യത്യസ്ഥമായ അടിസ്ഥാന വിലയാണ് നിര്‍ണയിച്ചിട്ടുള്ളത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ വിസ്തീര്‍ണം നിശ്ചിത പരിധിയില്‍ കൂടുതലായതിനാല്‍ സാമൂഹ്യ ആഘാത പഠനം നടത്തുന്നതിനുള്ള ഏജന്‍സിയെ നിയോഗിക്കുന്നതിന് സര്‍ക്കാരിലേക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരിക്കുകയാണ്. ഇന്‍ഡോഷാര്‍ജ കള്‍ച്ചറല്‍ സെന്റര്‍, സാംസ്‌കാരിക സമുച്ചയം, അന്താരാഷ്ട്ര നിലവാരമുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍, എക്‌സിബിഷന്‍ കേന്ദ്രം എന്നിവയാണ് ഒളവണ്ണയില്‍ സ്ഥാപിക്കുന്നത്. ഇതിനായി ഒളവണ്ണ അംശം ദേശത്തെ 26 ഏക്കര്‍ 32 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസറായി കോഴിക്കോട് എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാറെയാണ് നിയമിച്ചിട്ടുള്ളത്. കോഴിക്കോട് ഭൂരേഖ തഹസില്‍ദാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഭൂമിയുടെ അടിസ്ഥാന വില നിശ്ചയിക്കുകയും ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി യോഗം ചേരുകയും ചെയ്തിരുന്നു. പ്രോജക്ടിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് ഭൂ ഉടമകളുമായി ചര്‍ച്ച നടത്തി പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റെടുക്കേണ്ട ഭൂമിയില്‍ പുനരധിവാസം ആവശ്യമുള്ള കെട്ടിടങ്ങളൊന്നുമില്ലാത്തതിനാല്‍ ഭൂമി ഏറ്റെടുക്കലിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ കേസില്‍ സാമൂഹ്യ ആഘാത പഠനം ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിനായി ജില്ലാ കലക്ടര്‍ റവന്യൂ വകുപ്പിന് കത്ത് നല്‍കി. എല്ലാവിധ ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് സോണും അന്താരാഷ്ട്ര സംവിധാനങ്ങളോടെ സ്ഥാപിക്കപ്പെടുന്ന ഇന്‍ഡോഷാര്‍ജ കള്‍ച്ചറല്‍ സെന്ററും കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ വികസന രംഗത്ത് പുതിയൊരു നാഴികക്കല്ലായി മാറുമെന്നാണ് പ്രതീക്ഷ.
 
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
താമരശ്ശേരി: ബൈക്ക് നിയന്ത്രണംവിട്ട് നടപ്പാതയുടെ കമ്പിയില്‍ ഇടിച്ച് യുവാവ് മരിച്ചു. വാവാട് ഇരുമോത്ത് പരേതനായ ഒറുവാന്‍കുണ്ടുങ്ങല്‍ ഹരിദാസന്റെ മകന്‍ അഭിലാഷ്(30) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ താമരശ്ശേരി മേരിമാതാ കതീഡ്രലിന് മുന്‍വശത്തായിരുന്നു അപകടം. ബജാജ് ഫിനാന്‍സിന്റെ താമരശ്ശേരി ബ്രാഞ്ചിലെ ജീവനക്കാരനായ അഭിലാഷും സുഹൃത്തുക്കളും രാത്രി ഭക്ഷണം കഴിക്കാനായി നാലു ബൈക്കുകളിലായി ചുങ്കം ഭാഗത്തേക്ക് പോവുന്നതിനിടെ സുഹൃത്തിന്റെ ബൈക്കിനെ മറികടക്കുമ്പോള്‍ നിയന്ത്രണംവിട്ട് റോഡിന്റെ എതിര്‍ഭാഗത്തുള്ള നടപ്പാതയുടെ കമ്പിയില്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയടിച്ച് വീണ അഭിലാഷിനെ താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പോലീസ് വാഹനത്തില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ന്ന് ആമ്പുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മാതാവ്: ലീല. സഹോദരങ്ങള്‍: ലസ്‌ന, സീന.
 
ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്
അടിവാരം: താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു. അടിവാരം കളക്കുന്ന് കൈതക്കാടന്‍ ബീരാന്റെ മകന്‍ അബ്ദുറഹിമാന്‍(44) ആണ് മരിച്ചത്. കൈതപ്പൊയില്‍ പുളിക്കല്‍ അബൂബക്കര്‍(48), ഭാര്യ ശംസാദ(44), ബന്ധുവായ അജ്മല്‍(13) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു കുട്ടി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചുരം ഒന്‍പതാം വളവിനു സമീപം ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
 
നൂറോളം മോഷണ കേസുകളില്‍ പ്രതിയായ ആസിഡ് ബിജു അറസ്റ്റില്‍
കൊടുവള്ളി: നൂറോളം മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കോതമംഗലം നെല്ലിമറ്റം മണ്‍കുഴി കുന്നേല്‍ ബിജു വര്‍ഗ്ഗീസ് എന്ന ആസിഡ് ബിജു(44) ആണ് അറസ്റ്റിലായത്. അമ്പലക്കണ്ടി നെച്ചോളി മുഹമ്മദ് ഹാജിയുടെ വീട്ടില്‍ നിന്നും ആറര പവനോളം വരുന്ന സ്വര്‍ണമാലകള്‍ അപഹരിച്ച സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയിലായത്.
 
കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്തരെ വീണ്ടും തടഞ്ഞ് അമ്പായത്തോട് മിച്ചഭൂമി കോളനിക്കാര്‍
താമരശ്ശേരി: അമ്പായത്തോട് മിച്ചഭൂമി കോളനിയില്‍ ഹൈകോടതി ഉത്തരവുമായി കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ത സംഘത്തെ നാട്ടുകാര്‍ വീണ്ടും തടഞ്ഞ് തിരിച്ചയച്ചു. താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ സംഘത്തെയും പോലീസിനെയുമാണ് സി പി ഐ എം താമരശ്ശേരി ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌കരന്റെ നേതൃത്വത്തില്‍ തടഞ്ഞത്. പ്രദേശത്തെ ജന്‍മിയായിരുന്ന ജോളി തോമസിന്റെ ഉടമസ്ഥതയില്‍ അമ്പായത്തോട്ടിലുണ്ടായിരുന്ന 116 ഏക്കര്‍ ഭൂമിയില്‍ വര്‍ഷങ്ങളോളം നീണ്ട സമരത്തിനൊടുവിലാണ് ഭൂമി സര്‍ക്കാര്‍ പിടിച്ചെടുത്ത് കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കിയത്. 1995 ലാണ് ഇവിടെ കുടിയേറ്റം ആരംഭിച്ചത്. 2004 ല്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായെങ്കിലും അന്നത്തെ വി എസ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും 2010 ല്‍ ഓഫര്‍ രേഖകള്‍ അനുവദിക്കുകയും ചെയ്തു. ഇവിടെ താമസമാക്കിയ 510 കുടുംബങ്ങളില്‍ 394 പേര്‍ക്കാണ് താല്‍ക്കാലിക പട്ടയം അനുവദിച്ചത്. ബാക്കിയുള്ള 116 കുടുംബങ്ങള്‍ക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ക്കിടെയാണ് ജോളി തോമസിന്റെ മക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. കുടിയേറി പാര്‍ത്തവരെ ഒഴിപ്പിക്കാനുള്ള ഉത്തരവുമായി രണ്ട് തവണ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും കോളനിയിലേക്കുള്ള റോഡില്‍ തന്നെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശനിയാഴ്ച രാവിലെ തഹസില്‍ദാറും സംഘവും പോലീസ് സന്നാഹത്തോടെ നോട്ടീസ് പതിക്കാനെത്തിയത്. എന്നാല്‍ കോളനിയിലേക്ക് പ്രവേശിക്കാന്‍ പോലും നാട്ടുകാര്‍ ഇവരെ അനുവദിച്ചില്ല. ഹേക്കോടതി വിധി നടപ്പിലാക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ നീക്കവും നാട്ടുകാരുടെ പ്രതിരോധവും അമ്പായത്തോട് മിച്ചഭൂമിയെ വീണ്ടും സമരക്കളമാക്കിമാറ്റുകയാണ്.
 
തെച്യാട് അല്‍ ഇര്‍ഷാദ് വിമന്‍സ് കോളേജില്‍ റേഡിയോ ടോക് ഷോ സംഘടിപ്പിച്ചു
താമരശ്ശേരി: തെച്യാട് അല്‍ ഇര്‍ഷാദ് വിമന്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി റേഡിയോ ടോക് ഷോ സംഘടിപ്പിച്ചു. ക്യാമ്പസ് സ്റ്റുഡന്റ്‌സ് റേഡിയോ ജാക്ക് ഫ്രൂട്ട് ക്ലബിന്റെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ റേഡിയോ ടോക്ക് ഷോ ഒരുക്കിയത്. അല്‍ ഇര്‍ഷാദ് സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ മുര്‍ഷിദ, ദില്‍ഫ എന്നിവരാണ് ടോക് ഷോ അവതരിപ്പിച്ചത്. റേഡിയോയിലൂടെ പ്രഭാത ചിന്തകള്‍, മിഡ് ഡേ മസാല സെമിനാര്‍, ചര്‍ച്ചകള്‍, ഇന്‍ര്‍വ്യൂ, സംവാദം എന്നിവ നടത്തുന്നതും ഇവരാണ്. ടോക് ഷോ ട്രെയിനര്‍ അബ്ദുല്‍ മാജിദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി സലീന അധ്യക്ഷത വഹിച്ചു. സി ടി ജോര്‍ജ്, ഡോ. മാത്യു ജോസഫ്, ലിജോ ജോസഫ്, ആയിഷ ഹിബ, ആയിഷ ഫര്‍ഹാന എന്നിവര്‍ നേതൃത്വം നല്‍കി.
 
താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി
താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ചികിത്സ തേടിയെത്തിയ ആളുകള്‍ ഡോക്ടര്‍ വൈകി എന്നാരോപിച്ച് ഡോക്ടറെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ നേഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ക്കും മര്‍ദ്ദനമേറ്റു. ഇതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ആശുപത്രിയില്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രി ജീവനക്കാരുടെ ആവശ്യം.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies