11-Dec-2018 (Tue)
 
 
 
കരിഞ്ചോല ദുരന്തം: യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു; എല്‍ ഡി എഫ് വിശദീകരണ യോഗം സംഘടിപ്പിച്ചു
കട്ടിപ്പാറ: കരിഞ്ചോല ദുരന്തത്തിന് മലമുകളിലെ അനധികൃത നിര്‍മ്മാണമാണെന്നാരോപിച്ച് യു ഡി എഫ് കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. നിര്‍മാണത്തിന് അനുമതി നല്‍കിയ പഞ്ചായത്ത് ഭരണ സമിതി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസര്‍ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ഒ കെ എം കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ കെ ഹംസ ഹാജി, മുഹമ്മദ് മോയത്ത്, പ്രേംജി ജയിംസ്, ഹാരിസ് അമ്പായത്തോട്, അഡ്വ. ബിജു കണ്ണന്തറ, സലീം പുല്ലടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അനില്‍ ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ആറ് പേര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.
 
ശബരിമല ഹര്‍ത്താല്‍; നാല് പേര്‍ അറസ്റ്റില്‍
താമരശ്ശേരി: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ കെ എസ് ആര്‍ ടി സി ബസ്സ് എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ നാല് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താമരശ്ശേരി ചാലുമ്പാട്ടില്‍ ശ്രീഹരി(32), പൊല്‍പാടത്തില്‍ സുനില്‍കുമാര്‍ എന്ന ഉണ്ണി(42), പരപ്പന്‍പൊയില്‍ കായക്കല്‍ അര്‍ജുന്‍(25), കണ്ടമ്പാറക്കല്‍ കെ പി വിനീഷ്(28) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന് അമ്പായത്തോടിന് സമീപത്തുവെച്ച് കല്ലെറിയുകയും ചില്ല് തകര്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പൊതു മുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് താമരശ്ശേരി പോലീസ് കേസെടുത്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികള്‍ക്ക് നഷ്ടപരിഹാര തുക കെട്ടി വെച്ചതിനെ തുടര്‍ന്ന് ജാമ്യം അനുവദിച്ചു.
 
നവജാത ശിശുവിനെയുമെടുത്ത് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു
കൂടരഞ്ഞി: നവജാത ശിശുവിനെയുമെടുത്ത് കിണറ്റില്‍ ചാടിയ അമ്മ മരിച്ചു. കൂടരഞ്ഞി പനക്കച്ചാലിലെ പെണ്ണുട്ടിയുടെ മകളും നിലമ്പൂര്‍ കാരക്കോട് അമ്പാടന്‍ അജേഷിന്റെ ഭാര്യയുമായ അബിന(20) ആണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഗര്‍ഭാവസ്ഥയില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന അബിന പ്രസവശേഷം രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ഒന്‍പത് ദിവസം പ്രായമായ കുട്ടിയെയുമെടുത്ത് കിണറ്റില്‍ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മകളെയും പേരക്കുട്ടിയെയും കാണാതായതിനെ തുടര്‍ന്ന് മാതാവ് നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അയല്‍വാസികള്‍ കിണറ്റില്‍ ഇറങ്ങി ഇരുവരെയും കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രക്കിടെ അബിന മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 
ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം; സര്‍ക്കാറിന്റെ നേട്ടമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍
പേരാമ്പ്ര: പേരാമ്പ്ര കല്‍പത്തൂരിലെ രാമല്ലൂര്‍ ജിഎല്‍പി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി നാലേകാല്‍ കോടി രൂപ ചെലവുവരുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പേരാമ്പ്ര മണ്ഡലം വികസന മിഷനില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കെട്ടിടത്തിന്റെ നിര്‍മാണച്ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുന്നതിന്റെ ഭാഗമായി സ്‌കൂളില്‍ കിഫ്ബി സഹായത്തോടെയാണ് പുതിയ കെട്ടിടം പണിയുന്നത്. നിര്‍മാണം നവംബറില്‍ തന്നെ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാത്രം ഇരുപതിനായിരത്തിലധികം കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമായെത്തിയത്. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന് ഗ്രാമങ്ങളിലെ കുട്ടികള്‍ക്കും അവസരം ലഭിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സ്മാര്‍ട് ക്ലാസ്‌റൂമുകള്‍ നിലവില്‍ വരികയാണ്. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ ബഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി എന്‍ ശാരദ, വികസനമിഷന്‍ ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞമ്മദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനയ്ക്കല്‍, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു പേര്‍ പിടിയില്‍
താമരശ്ശേരി: സ്‌കൂട്ടറില്‍ കഞ്ചാവ് കടത്തുന്നതിനിടെ വടക്കാഞ്ചേരി സ്വദേശികളായ രണ്ടുപേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി കാഞ്ഞിരക്കോട് പാറക്കല്‍ സുജീഷ്(22), കുമരനല്ലൂര്‍ കുന്നത്തുപീടികയില്‍ ഫാരിസ്(27) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു. വയനാട് ഭാഗത്തുനിന്നും വരികയായിരുന്ന ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് ചുരത്തില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
 
താമരശ്ശേരിയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ സ്വര്‍ണാഭരണം കവര്‍ന്നു
താമരശ്ശേരി: വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടികളുടെ സ്വര്‍ണാഭരണം കവര്‍ന്നു. തച്ചംപൊയില്‍ വാടിക്കല്‍ ഹസ്സന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയില്‍ വിരുന്നെത്തിയ ഹസ്സന്റെ മകളുടെ രണ്ട് പെണ്‍കുട്ടികളുടെ ദേഹത്തുണ്ടായിരുന്ന മൂന്ന് പവനോളം വരുന്ന ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. ഇവര്‍ കിടന്നുറങ്ങിയ ഓഫീസ് മുറിയുടെ ജനലിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഓഫീസ് മുറിയുടെ ജനലിന്റെ മുകള്‍ ഭാഗത്തെ വിടവിലൂടെ കയ്യിട്ട് ജനലിന്റെ കൊളുത്ത് അഴിച്ചെടുത്ത മോഷ്ടാവ് ജനലിന്റെ അഴി ഇല്ലാത്ത ഭാഗത്തുകൂടെ അകത്ത് കടക്കുകയുമായിരുന്നു. മരത്തിന്റെ അഴികള്‍ ഇളകിപോയതാണ് മോഷ്ടാവിന്റെ ജോലി എളുപ്പമാക്കിയത്. പുലര്‍ച്ചെ മൂന്നുമണിയോടെ എഴുനേറ്റ ഹസ്സന്‍ മുന്‍വനാതില്‍ തുറന്നിട്ടത് കണ്ട് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഏഴ് വയസ്സുകാരിയുടെ പാദസരം, കഴുത്തിലെയും അരയിലെയും ചെയിന്‍ എന്നിവയും 11 വയസ്സുകാരിയുടെ ബ്രേസ്‌ലെറ്റ്, ചെയിന്‍ എന്നിവയും മോഷ്ടാവ് കൈക്കലാക്കി.
 
ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉംറ; 33 അംഗ സംഘം യാത്ര തിരിച്ചു
കളന്‍തോട്: പള്ളി ദര്‍സിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂട്ടത്തോടെ ഉംറ നിര്‍വഹിക്കാനായി മക്കത്തേക്ക് പുറപ്പെട്ടു. കളന്‍തോട് അല്‍ഹുദ മസ്ദില്‍ താമസിച്ച് പഠിക്കുന്ന 30 വിദ്യാര്‍ത്ഥികളും 3 അധ്യാപകരുമാണ് ഉദാരമതികളുടെ സഹായത്തോടെ പുണ്യഭൂമിയിലേക്ക് യാത്ര തിരിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ വരെ പഠിക്കുന്ന ദര്‍സിലെ പ്രധാന അധ്യാപകന്‍ ആറ് വിഷയങ്ങളില്‍ പി ജി നേടിയ എ സി എസ് ശാഫി നിസാമിയാണ്.
 
മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ചു
കോഴിക്കോട്: മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ചെയര്‍മാനായി എം പി അബ്ദുള്‍ ഗഫൂറിനെ തെരഞ്ഞെടുത്തു. അഡ്വ. എ കെ ഇസ്മായില്‍ വഫ, ഹാജി പി കെ മുഹമ്മദ്, അഹമ്മദ് ദേവര്‍ കോവില്‍, ഒ പി ഐ കോയ, പി സി സഫിയ, എ ഖമറുദ്ദീന്‍ മൗലവി, അബൂബക്കര്‍ സിദ്ധിഖ് കെ, ഒ ഒ ഷംസു എന്നിവരാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. അഞ്ച് വര്‍ഷമാണ് ബോര്‍ഡിന്റെ കാലാവധി.
 
കോഴിക്കോട്: ഉത്സവസീസണ് മുന്നാടിയായി നാട്ടാന പരിപാലനം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്നു. നാല്‍പതിനു മുകളില്‍ പ്രായമുള്ള നാട്ടാനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കണമെങ്കില്‍ അവയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാരും വകുപ്പ് ഉദ്യോഗസ്ഥരും റിപ്പോര്‍ട് തയാറാക്കി നല്‍കണമെന്ന് കലക്ടര്‍ അറിയിച്ചു. റിപ്പോര്‍ടിനു മേല്‍ കലക്ടറുടെ അനുമതി ലഭിച്ചാല്‍ മാത്രമേ ഇവയെ ഉത്സവങ്ങളില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 11 നാട്ടാനകളും നാല്‍പതിനു മുകളില്‍ പ്രായമുള്ളവയാണെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി സന്തോഷ് കുമാര്‍ യോഗത്തില്‍ അറിയിച്ചു. ഇവയുടെ രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ വടകര റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി നവീന്‍ സുന്ദര്‍, ജില്ലാ ക്രൈംബ്രാഞ്ച് എസ്‌ഐ. കെ കെ സുരേഷ് എന്നിവരും പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ആന ഉടമസ്ഥരും സംബന്ധിച്ചു.
 
വയനാട്ടിലെ വൃക്ക രോഗികള്‍ക്ക് കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പര്‍ശം കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ പ്രളയദുരിതം നേരിടുന്ന കിഡ്‌നി രോഗികള്‍ക്ക് ഡയാലിസിസിനായി ഡയലൈസര്‍ അടക്കം പത്തിനം മരുന്നുകളുള്ള 200 കിറ്റുകള്‍ നല്‍കി. പത്തു ലക്ഷം രൂപയുടെ മരുന്നുകള്‍ വൈത്തിരി ഹെല്‍ത്ത് സെന്ററില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി സി കെ ശശീന്ദ്രന്‍ എം എല്‍ എയ്ക്ക് കൈമാറി. കല്‍പറ്റ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷ തമ്പി അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം സെയ്തു, സ്‌നേഹസ്പര്‍ശം പ്രോഗ്രാം കണ്‍വീനര്‍ സനാത്, വൈത്തിരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ചിത്ര കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies