26-Feb-2020 (Wed)
 
 
 
ഉപജില്ലാ ശാസ്‌ത്രോത്സവം: താമരശ്ശേരി ഗവ. യു പി സ്‌കൂളിന് ഓവറോള്‍ കിരീടം
താമരശ്ശേരി: ഒക്ടോബര്‍ 15ന് വേളങ്കോട് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന താമരശ്ശേരി ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ യു പി, എല്‍ പി വിഭാഗം ഗണിതശാസ്ത്രമേളയിലും യു പി വിഭാഗം സയന്‍സ് മേളയിലും താമരശ്ശേരി ഗവണ്‍മെന്റ് യു പി സ്‌കൂള്‍ ഓവറോള്‍ കിരീടം നേടി. സാമൂഹ്യ ശാസ്ത്രമേളയില്‍ രണ്ടാംസ്ഥാനവും, പ്രവൃത്തിപരിചയമേളയിലെ ഏതാനും ഇനങ്ങളില്‍ എ ഗ്രേഡും നേടി. സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ കെ വേണു വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. ബെന്നി മാസ്റ്റര്‍, പി ജെ ദേവസ്യ, ദീപ ജോസ്, സജി സ്‌കറിയ, ഷൈനി തുടങ്ങിയവര്‍ സംസാരിച്ചു.
 
നാടന്‍ വിഭവങ്ങളുമായി കാരുണ്യതീരത്തില്‍ ഭക്ഷ്യമേള
പൂനൂര്‍: ലോക ഭക്ഷ്യദിനത്തില്‍ നാടന്‍ വിഭവങ്ങള്‍ അണിനിരത്തി സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഭക്ഷ്യമേള ശ്രദ്ദേയമായി. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനു കീഴില്‍ കോളിക്കലില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് നാടന്‍ ഭക്ഷണങ്ങളുമായി സ്‌കൂളില്‍ ഭക്ഷ്യമേള നടത്തിയത്. ഉണ്ണിയപ്പവും കലത്തവും കുക്കറപ്പവും തുടങ്ങി അപ്പങ്ങളുടെ നീണ്ടനിര തന്നെ മേളയിലുണ്ടായിരുന്നു. കൂടാതെ കപ്പ, ചേമ്പ്, പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങിയവയോടൊപ്പം പ്രാതലിനുള്ള വിവിധതരം രുചിക്കൂട്ടുകള്‍. ഹല്‍വ, പഴം നിറച്ചത്, നെയ്പത്തിരി, കൊഴുക്കട്ട, അടകള്‍ തുടങ്ങി നിരവധി പലഹാരങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. കാരുണ്യതീരം ചെയര്‍മാന്‍ ബാബു കുടുക്കില്‍ മേള ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി കെ ലുംതാസ് അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ജനല്‍ സെക്രട്ടറി സി കെ എ ഷമീര്‍ ബാവ സ്വാഗതം പറഞ്ഞു. അധ്യാപകരായ മുഹമ്മദ് ഫാസില്‍ പി, ജസീന കെ, ഭവ്യ സി പി, വിപിന സി, ജിഷ്ണു എസ്, മുഹമ്മദ് അജ്‌വദ് കെ, അന്‍ഷിദ കെ, ഫിദ റഹ്മാന്‍, നിസാബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
ലോക ഭക്ഷ്യ ദിനത്തില്‍ വേറിട്ട പരിപാടികളുമായി കൈതപ്പൊയില്‍ എം ഇ എസ് സ്‌കൂള്‍
കൈതപ്പൊയില്‍: കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ഭക്ഷണം ഔഷധമാണ് അത് പാഴാക്കി കളയരുത് എന്ന സന്ദേശം ഉയര്‍ത്തി പിടിച്ച് കൈതപ്പൊയില്‍ അങ്ങാടിയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഗ്രീറ്റിംഗ് കാര്‍ഡ് ഓട്ടോറിക്ഷാ ജീവനക്കാര്‍ക്ക് നല്‍കി നാദിയ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
 
കാരുണ്യതീരത്തില്‍ കുട്ടികളുടെ സമ്പൂര്‍ണ്ണ അസ്സസ്‌മെന്റ് ക്യാമ്പിന് തുടക്കമായി
കട്ടിപ്പാറ: കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ്ണ അസ്സസ്‌മെന്റ് ക്യാമ്പിന് തുടക്കമായി. ഒരുദിനം പൂര്‍ണ്ണമായും നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ കാമ്പസില്‍ താമസിപ്പിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന പ്രവര്‍ത്തനമാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് പ്രയാസമുള്ള കാര്യങ്ങള്‍ കണ്ടെത്തുകയും അതിന് പരിഹാരം നിര്‍ദേശിക്കുകയും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പതിനൊന്ന് വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാമ്പിലൂടെ അസ്സസ്‌മെന്റ് പൂര്‍ത്തിയാക്കിയത്. സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയവരാണ് വിദ്യാര്‍ത്ഥികളെ ഒരു സമ്പൂര്‍ണ്ണ ദിനം നിരീക്ഷിച്ച് കാര്യങ്ങള്‍ വിലയിരുത്തിയത്. കൂടാതെ പ്രകൃതിയെ കൂടുതല്‍ അടുത്തറിയുന്നതിനായി ഫീല്‍ഡ് വിസിറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഇത്തരം അസ്സസ്‌മെന്റ് നടത്തി ഉടന്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. കാരുണ്യതീരം സ്‌പെഷ്യല്‍ സ്‌കൂള്‍ ടീം പ്രസ്തുത റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും പുറമെ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ കൂടി മേല്‍നോട്ടത്തില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ സി കെ ലുംതാസ് പറഞ്ഞു.
 
തെച്യാട് അല്‍ ഇര്‍ഷാദ് വിമന്‍സ് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്തു
ഓമശ്ശേരി: തെച്യാട് അല്‍ ഇര്‍ഷാദ് ആര്‍ട്‌സ് ആന്റ് സയന്‍സ് വിമന്‍സ് കോളേജ് മാഗസിന്‍ കവിയും സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി പി ശ്രീധരനുണ്ണി അല്‍ ഇര്‍ഷാദ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഹുസൈന്‍ നീബാരിക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി സെലീന അധ്യക്ഷത വഹിച്ചു. അല്‍ ഇര്‍ഷാദ് ഇന്റ്‌റിറ്റിയൂഷന്‍ ജനറല്‍ സെക്രട്ടറി ഹുസൈന്‍ മേപ്പള്ളി, ഡോ. പ്രിയദര്‍ശന്‍ ലാല്‍, ഒ എം ബശീര്‍ സഖാഫി, റഫീഖ് സഖാഫി, ജോര്‍ജ് സി ടി, ലിജോ ജോസഫ്, ഷെഹര്‍ബാനു യു എന്നിവര്‍ പ്രസംഗിച്ചു.
 
റവന്യൂ ജില്ലാ ഗെയിംസ്; ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കോഴിക്കോട് റവന്യൂ ജില്ലാ ഗെയിംസിന്റെ ഭാഗമായി താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ് മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍ എ പി മുസ്തഫ, പി ടി എ വൈസ് പ്രസിഡന്റ് പി എം അബ്ദുല്‍ മജീദ്, പ്രധാനാധ്യാപകന്‍ പി ടി മുഹമ്മദ് ബഷീര്‍, ഷാജി ജോണ്‍, ഫിനോസ് എന്‍ എസ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ആര്‍ കെ ഷാഫി സ്വാഗതവും റവന്യൂ സ്‌പോര്‍ട്‌സ് സെക്രട്ടറി കെ എം ജോസഫ് നന്ദിയും പറഞ്ഞു.
 
വിഷന്‍ 2020: താമരശ്ശേരി പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി
താമരശ്ശേരി: വിഷന്‍ 2020യുടെ ഭാഗമായി കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യം വെച്ചു കൊണ്ടുള്ള താമരശ്ശേരി പഞ്ചായത്തില്‍ പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ കൂടത്തായി പുഴയോരത്ത് 5 ഏക്കറോളം സ്ഥലത്താണ് താമരശ്ശേരി റോട്ടറി ക്ലബ്ബിന്റ സഹകരണത്തോടെ പദ്ധതി ആരംഭിച്ചത്. തേക്ക്, വീട്ടി, ചന്ദനം, ആര്യവേപ്പ്, റംബുട്ടാന്‍, പുളി, ചാമ്പ, അത്തി, നീര്‍മാതളം, ആല്‍, താന്നി, പേര, പൂവരശ്, പ്ലാവ്, മാവ് തുടങ്ങിയ മുപ്പതോളം ഇനങ്ങളിലായി 400 ഓളം ചെടികളാണ് നട്ടത്. ആയിരത്തോളം തൈകളാണ് പ്രൊജക്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പള്ളിക്കമ്മറ്റികള്‍, ക്ഷേത്ര കമ്മിറ്റികള്‍, പരിസ്തിതി പ്രവര്‍ത്തകര്‍, സ്‌കൂള്‍ പി ടി എ, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ ഒരു ലക്ഷം തൈകള്‍ വെച്ച് പിടിപ്പിച്ച് പരിപാലിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
 
കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂള്‍ ആദ്യ ബാച്ച് വിദ്യാര്‍ത്ഥി അധ്യാപക സംഗമം വേറിട്ട അനുഭവമായി
കട്ടിപ്പാറ: കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളിലെ ആദ്യ ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച അധ്യാപക പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വേറിട്ട അനുഭവമായി. 1982ല്‍ സ്ഥാപിതമായ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങി വിദേശത്തും സ്വദേശത്തുമായി ജോലി ചെയ്തുവരുന്ന സുഹൃത്തുക്കള്‍ 35 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പഠിപ്പിച്ച അധ്യാപകരോടൊപ്പം ഒത്ത് ചേര്‍ന്നു. അധ്യാപകരെയും അതിഥികളെയും ഘോഷയാത്രയായാണ് സ്‌കുളിലൊരുക്കിയ സംഗമവേദിയിലേയ്ക്ക് ആനയിച്ചത്. സ്‌കൂള്‍ മനാനേജര്‍ ഫാ. റോയ് വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ലീഡറായിരുന്ന മജീദ് കുറുപ്പച്ചന്‍കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സ്ഥാപക മാനേജരായിരുന്ന ഫാ. മാത്യു ജെ കൊട്ടുകാപ്പള്ളിയുടെ ഫോട്ടോ അനാച്ഛാദനവും അനുസ്മരണ പ്രഭാഷണവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. ബിനോയ് പുരയിടത്തില്‍ നിര്‍വ്വഹിച്ചു. നാടിന്റെ വികസനത്തില്‍ മുഖ്യ പങ്കുവഹിച്ച മുന്‍ മന്ത്രി പി സിറിയക് ജോണിനെയും അധ്യാപകരെയും ആദരിച്ചു. പൂര്‍വ്വ അധ്യാപകരായ വി ഇ ജോയ്, ജോണ്‍ കുന്നത്തേട്ട്, ടി ജോസഫ്, വി എ മൂസ്സ, ജോസ് മണിക്കുഴിയില്‍, അബ്ദുറഹിമാന്‍ വള്ളിയോത്ത്, വി എം ജോസഫ്, മേഴ്സി ജോണ്‍, അമ്മിണി, മേഴ്സി കൊച്ചുപരുയ്ക്കല്‍, പെണ്ണമ്മ ജോസഫ്, ഗ്രേസി വേഴമ്പുതോട്ടത്തില്‍, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ സിബിച്ചന്‍ മാത്യു, നസ്റത്ത് യു പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോസ് തോട്ടപ്പള്ളില്‍, എല്‍ പി സ്‌കൂള്‍ പ്രാധാനാധ്യാപിക പ്രസന്ന അരഞ്ഞാണോലിക്കല്‍, പ്രോഗ്രാം കോഡിനേറ്റര്‍ രാജു ജോണ്‍, വി എ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
 
കൗമാര വിദ്യാര്‍ഥികള്‍ക്ക് രക്തപരിശോധന ക്യാമ്പ് നടത്തി
കൊടുവള്ളി: ദേശീയ ആരോഗ്യ ദൗത്യം അനീമിയ മുക്ത ഭാരതിന്റെ ഭാഗമായി കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൈക്കൊ സോഷ്യല്‍ കൗണ്‍സിലിങിന്റെ നേതൃത്വത്തില്‍ കൗമാര വിദ്യാര്‍ഥികള്‍ക്ക് ദ്വിദിന രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ എ പി അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് മുഹമ്മദ് കുണ്ടുങ്ങര അധ്യക്ഷത വഹിച്ചു. എ എച്ച് ഐ. അബ്ദുല്‍ അസീസ്, ഡെപ്യൂട്ടി എച്ച് എം. എന്‍ പി ഹനീഫ, ഡോ. സതീഷ്‌കുമാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍ ദിവ്യ, സ്‌കൂള്‍ ലീഡര്‍ സാബിത് ബിന്‍ കബീര്‍ എന്നിവര്‍ സംസാരിച്ചു.
 
കായിക രംഗത്ത് യോഗ്യത തെളിയിച്ചവര്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു
കട്ടിപ്പാറ: കട്ടിപ്പാറയില്‍ കായിക രംഗത്ത് യോഗ്യത തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു. പഞ്ചായത്ത്, സ്‌കൂള്‍ തല ചാമ്പ്യന്‍ഷിപ്പില്‍ തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ജഴ്‌സിയും മറ്റ് കായിക ഉപകരണങ്ങളും പഞ്ചായത്തിലെ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങളും നല്‍കി. പഞ്ചായത്ത് കായിക പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന 125 കുട്ടികള്‍ക്കും ക്ലബ്ബുകള്‍ക്കുമാണ് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തത്. ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആശാ ലത, കായിക രംഗത്ത് സമഗ്ര സംഭാവനകള്‍ ചെയ്ത സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പറായ ടി എം അബ്ദുള്‍ റഹിമാന്‍, കെ എം ജോസഫ്, വി ടി മിനീഷ്, മുഹമ്മദ് പൂവില്‍ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ പി സി തോമസ്, മദാരി ജുബൈരിയ, പഞ്ചായത്ത് അംഗങ്ങളായ ഇന്ദിരാ ശ്രീധരന്‍, ടി പി മുഹമ്മദ് ഷാഹിം, കെ വി അബ്ദുല്‍ അസ്സീസ്, വത്സല കനകദാസ്, ഹോളി ഫാമിലി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ എം എ എബ്രഹാം, ടി സി വാസു, എന്‍ രവി, കരീം പുതുപ്പാടി, എ ടി ഹാരിസ്, യൂത്ത് കോര്‍ഡിനേറ്റര്‍ സിറാജുദ്ധീന്‍, മനോജ് പ്രംസിഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുളളതോട് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയമാന്‍ ബേബി ബാബു നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies