22-Apr-2018 (Sun)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
അടിവാരം: ചുരത്തിലെ വനഭൂമിയില്‍ തീ പടര്‍ന്നത് പരിഭ്രാന്തി പരത്തി. ചുരം വ്യൂ പോയിന്റിന് താഴെ ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് സംഭവം. വേനല്‍ കനക്കുന്നതോടെ വനപ്രദേശത്തേക്ക് തീ പടരാതിരിക്കാനായി റോഡരികിലെ അടിക്കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. കല്‍പ്പറ്റയില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചതിനാല്‍ കൂടുതല്‍ പ്രദേശളിലേക്ക് വ്യാപിച്ചില്ല.
 
താമരശ്ശേരി: പട്ടാപകല്‍ താമരശ്ശേരി ടൗണില്‍നിന്നും അരലക്ഷത്തോളം രൂപ പിടിച്ചുപറിച്ച സംഭവത്തില്‍ മൂന്നുപേര്‍കൂടി അറസ്റ്റില്‍. പുതുപ്പാടി സ്വദേശികളായ കാക്കവയല്‍ പെരുമ്പൊയില്‍ നാസര്‍ (51), കൈതപ്പൊയില്‍ തേക്കിന്‍തോട്ടത്തില്‍ ഷരീഫ് (43), കൈതപ്പൊയില്‍ വെങ്ങളത്ത് സാജിര്‍ (31) എന്നിവരെയാണ് താമരശ്ശേരി എസ് ഐ. പി ശശിധരന്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ താമരശ്ശേരി താലൂക്കാശുപത്രിക്ക് സമീപത്തുനിന്നും പുതുപ്പാടി സ്വദേശി മുഹമ്മദി സഈദിന്റെ കയ്യില്‍നിന്നാണ് 49500 രൂപ പിടിച്ചു പറിച്ചത്. പണം പിടിച്ചുപറിച്ചോടിയ കൊടുവള്ളി ഉണ്ണികോരന്‍കുഴിയില്‍ ജാഫര്‍ (34) റിമാണ്ടിലാണ്. പ്രതി രക്ഷപ്പെട്ട ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജറാക്കിയിരുന്നു. ജാഫറിനെ ചോദ്യം ചെയ്തതില്‍നിന്നാണ് കൂട്ടു പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പുതുപ്പാടി സ്വദേശിയായ മുഹമ്മദ് സഈദ് മൊബൈഫോണ്‍ അക്‌സസറീസ് വാങ്ങാനായി പണവുമായ തിരൂരിലേക്ക് പുറപ്പെട്ട വിവരം ജാഫറിനെ അറിയിക്കുകയും പിന്തുടര്‍ന്ന് പിടിച്ചുപറിക്ക് സഹായിക്കുകയുമായിരുന്നുവെന്ന് പോലീ പറഞ്ഞു. പിടിച്ചുപറിച്ച 35000 രൂപ പോലീസ് കണ്ടെടുത്തു. മൂന്നുപേരും പണത്തിന്റെ വിഹിതം പറ്റിയതായും പോലീസില്‍ സമ്മതിച്ചു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
സി പി എം നിരാഹാര സമരം തുടുന്നു; ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
താമരശ്ശേരി: പാചക വാതകം ഉള്‍പ്പെടെയുള്ളവയുടെ വിലവര്‍ധനവിനെതിരെ സി പി എം നടത്തുന്ന നിരാഹാര സമരം തുടരുന്നു. താമരശ്ശേരിയില്‍ ഏരിയ സെക്രട്ടറി ആര്‍ പി ഭാസ്‌കര കുറുപ്പാണ് നിരാഹാരമിരിക്കുന്നത്. ഈങ്ങാപ്പുഴയില്‍ കെ സി വേലായുധനും വെസ്റ്റ് കൈതപ്പൊയിലില്‍ ഗിരീഷ് ജോണും കൊടുവള്ളിയില്‍ കെ ബാബുവും ഓമശ്ശേരിയില്‍ ടി ടി മനോജും നടത്തുന്ന നിരാഹാരം നാലാം ദിവസത്തേക്ക് പ്രവേശിക്കുകയാണ്.
 
കാട്ടുപന്നികള്‍ കപ്പ തോട്ടത്തില്‍ ചത്ത നിലയില്‍; തോട്ടം ഉടമ അറസ്റ്റില്‍
ഈങ്ങാപ്പുഴ: കൃഷിയിടത്തില്‍ കാട്ടുപന്നികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ പഞ്ചായത്തിലെ പൂലോട് പള്ളിക്ക് സമീപം അബ്ദുറഹിമാന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള കപ്പ തോട്ടത്തിലാണ് ഒരു പെണ്‍ പന്നിയും അഞ്ച് കുട്ടികളും ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ തോട്ടം ഉടമ അറസ്റ്റില്‍ പൂലോട് പി കെ ഇബ്രാഹീമിനെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും പന്നികളെ നീക്കം ചെയ്യാന്‍ കൃഷി ഉടമ അനുവധിച്ചിരുന്നില്ല. കാട്ടുപന്നികളുടെ ശല്യം കാരണം രണ്ടു ലക്ഷത്തോളം നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇത് വനം വകുപ്പ് നല്‍കണമെന്നുമായിരുന്നു ആവശ്യം. വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനിടെ സ്ഥലത്തെത്തിയ ഇബ്രാഹീം ഇവരെ തടഞ്ഞു. തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വനം വകുപ്പിന് കൈമാറിയ ഇബ്രാഹീമിനെ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജറാക്കി റിമാണ്ട് ചെയ്തു. ഈങ്ങാപ്പുഴ വെറ്റനറി സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കാട്ടുപന്നികളെ കൃഷിഭൂമിയില്‍തന്നെ സംസ്‌കരിച്ചു.
 
താമരശ്ശേരി താലൂക്ക് ഉദ്ഘാടന ചടങ്ങുകള്‍ക്കിടെ പണം പിടിച്ചുപറിച്ചോടിയ സംഭവത്തില്‍ പ്രതി പിടിയില്‍
താമരശ്ശേരി: താലൂക്ക് ഉദ്ഘാടന ചടങ്ങുകള്‍ക്കിടെ അരലക്ഷത്തോളം രൂപ പിടിച്ചുപറിച്ചോടിയ പ്രതി പോലീസ് പിടിയില്‍. കൊടുവള്ളി ഉണ്ണികോരന്‍കുഴിയില്‍ ജാഫര്‍ (34) നെയാണ് താമരശ്ശേരി എസ് ഐ. പി ശശിധരന്‍ അറസ്റ്റ് ചെയ്തത്. താലൂക്ക് ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര നടക്കുന്നതിനിടെ താലൂക്കാശുപത്രിക്കു സമീപം ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. മൊബൈല്‍ഫോണ്‍ അക്‌സസറീസ് വാങ്ങാനായി അരലക്ഷം രൂപയുമായി തിരൂരിലേക്ക് പോവുകയായിരുന്ന പുതുപ്പാടി സ്വദേശി മുഹമ്മദ് സഈദ്, സുഹൃത്ത് ശാഫിക്ക് 500 രൂപ നല്‍കി ബാക്കി പോക്കറ്റിലേക്കിടുന്നതിനിടെയാണ് പിന്നിലൂടെ എത്തി പണം പിടിച്ചുപറിച്ചത്. ഓടി രക്ഷപ്പെട്ട മോഷ്ടാവ് ഓട്ടോറിക്ഷയുമായി കാരാടി ഭാഗത്തേക്ക് രക്ഷപ്പെട്ടു. ബൈക്കില്‍ പിന്തുടര്‍ന്നെങ്കിലും ഗതാഗതക്കുരുക്കില്‍ അകപ്പെട്ടെന്നും ഓട്ടോയുമായി മോഷ്ടാവ് രക്ഷപ്പെട്ടുവെന്നും സഈദ് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് സഈദ് നല്‍കിയ ഓട്ടോ നമ്പര്‍ പ്രകാരം ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ഓട്ടോ നിര്‍ത്തിയിട്ട് താന്‍ കിടന്നുറങ്ങുകയായിരുന്നുവെന്നും ജാഫറാണ് ഓട്ടോ ഓടിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ പോലീസില്‍ മൊഴി നല്‍കി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്താനിരിക്കെ താരമശ്ശേരി ടൗണില്‍ പോലീസ് സാന്നിധ്യം ശക്തമായിരുന്ന സമയത്തുണ്ടായ പിടിച്ചുപറി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് താമരശ്ശേരി സി ഐ പി ബിജുരാജ് പറഞ്ഞു.
 
താമരശ്ശേരി ഇനി താലൂക്ക്; മുഖ്യമന്ത്രിയുടെ താലൂക്ക് പ്രഖ്യാപന പ്രസംഗം പ്രദര്‍ശിപ്പിച്ചു.
താമരശ്ശേരി: കാത്തിരിപ്പിന് വിരാമമിട്ട് താമരശ്ശേരി താലൂക്ക് നാടിന് സമര്‍പ്പിച്ചു. താലൂക്ക് ഉദ്ഘാടനത്തിനെത്തേണ്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചികിത്സയിലായതിനാല്‍ താലൂക്ക് പ്രഖ്യാപന പ്രഭാഷണം സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍നിന്നാണ് ഈ പ്രസംഗം നടത്തുന്നതെന്നും താമരശ്ശേരിയില്‍ എത്താന്‍ കഴിയാത്തതില്‍ പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി പരിഗണിക്കപ്പെടാതിരുന്ന താലൂക്ക് വിഭജനം യു ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയപ്പോള്‍ താമരശ്ശേരിയുടെ അര്‍ഹത മനസ്സിലാക്കിയാണ് താലൂക്ക് അനുവധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ഡോ. എം കെ മുനീര്‍ മുഖ്യമന്ത്രിക്കുവേണ്ടി ഫലകം അനാഛാദനം ചെയ്തു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
 
 

All rights reserved | Website developed and maintained by Zyonz Technologies