18-Feb-2019 (Mon)
 
 
 
വനിതാമതില്‍ ബാനര്‍ പ്രചരണം നടത്തി
കോഴിക്കോട്: കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യവുമായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ അണിനിരക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഡ്യവുമായി കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ ബാനര്‍ പ്രചരണം നടത്തി. കലക്‌ട്രേറ്റിന് മുന്‍വശത്ത് സിവില്‍ സ്‌റ്റേഷനിലെ വനിതാ ജീവനക്കാര്‍ ബാനറില്‍ ചിത്രം വരച്ചും ഒപ്പ് ചാര്‍ത്തിയും വനിതാ മതിലിനുള്ള ഐക്യദാര്‍ഡ്യം അറിയിച്ചു. ജനുവരി ഒന്നിന് ഞാനും വനിതാമതിലില്‍ പങ്കുചേരുമെന്ന് എഴുതിയാണ് വനിതകള്‍ ഒപ്പുവച്ചത്.
 
കോഴിക്കോട്: ഏലിയമറമലയിലെ ചെങ്കല്‍ ഖനനം തടയുമെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. തലക്കുളത്തൂര്‍ ഏലിയമറമലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ചെങ്കല്‍ ഖനനം തടയുന്നതിനുള്ള പ്രമേയം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് അവതരിപ്പിച്ചു. കോഴിക്കോട്, കുറ്റിയാടി, മാനന്തവാടി, മൈസൂര്‍ റോഡ് ദേശീയപാതയാക്കി അംഗീകരിച്ച് പുനര്‍നിര്‍മ്മിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മെമ്പര്‍ അഹമ്മദ് പുന്നക്കല്‍ പ്രമേയം അവതരിപ്പിച്ചു. യോഗത്തില്‍ രണ്ട് പ്രമേയങ്ങളും പാസാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, സെക്രട്ടറി പി ഡി ഫിലിപ്പ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ് മാസ്റ്റര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി കെ സജിത, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സജിതാ മഠത്തില്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
കോഴിക്കോട്: യുവജനങ്ങള്‍ സാമൂഹ്യ അവബോധമുള്ളവരായാലെ രാജ്യത്തിന് മുന്നോട്ടുള്ള വളര്‍ച്ച ഉണ്ടാവൂ എന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നെഹ്‌റു യുവ കേന്ദ്ര യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ത്രിദിന യുവജന നേതൃത്വ പരിശീലന സാമൂഹ്യ വികസന പരിപാടിയില്‍ പങ്കെടുത്ത യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം അനില്‍ കുമാര്‍ ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍, എം മോഹനദാസന്‍, പി ജയപ്രകാശ്, സഹീല്‍ പാവണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു. 3 ദിവസത്തെ ക്യാമ്പില്‍ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകളില്‍ നിന്നായി 50 യുവതീ യുവാക്കള്‍ പങ്കെടുത്തു. വ്യക്തിത്വ വികസനം, നേതൃത്വ ഗുണം, ആശയവിനിമയം, പ്രസംഗപരിശീലനം, തൊഴില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം, ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ലിറ്ററസി, യോഗ, സോഷ്യല്‍ മീഡിയയും യുവാക്കളും, മയക്കുമരുന്ന് ദുരുപയോഗം എന്നീ വിഷയങ്ങളില്‍ ജാഫര്‍ ചീക്കിലോട്, കെ പ്രവീണ്‍ കുമാര്‍, റൂഷിദ, രാജന്‍ മലയില്‍, പി ഹേമപാലന്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
 
റേഷന്‍ കാര്‍ഡ് വിതരണം സമയബന്ധിതമാക്കും: മന്ത്രി പി തിലോത്തമന്‍
കോഴിക്കോട്: റേഷന്‍ കടകളില്‍ വിതരണത്തിനായി ധാന്യങ്ങള്‍ എല്ലാമാസവും 15ാം തീയ്യതിക്കകം എത്തിക്കണമെന്നും ആദിവാസി മേഖലകളില്‍ ഭക്ഷ്യധാന്യവിതരണം കാര്യക്ഷമമാക്കുന്നതിന് വനം, െ്രെടബല്‍ വകുപ്പുകളുടെ വാഹനം ഉപയോഗിക്കുന്നതിന് പ്രൊപ്പോസല്‍ തയ്യാറാക്കണമെന്നും ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ്മന്ത്രി പി തിലോത്തമന്‍ നിര്‍ദേശിച്ചു. കോഴിക്കോട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എഫ് സി ഐ ഗോഡൗണുകളില്‍ നിന്ന് അരി വിതരണത്തിനായി എടുക്കുമ്പോള്‍ ആക്ഷേപത്തിന് ഇടയാക്കാതെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് ശ്രദ്ധിക്കണമെന്നും റേഷന്‍കടകളുടെ നവീകരണം ജനുവരി 31 നകം പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകളെ കണ്ടെത്തി പരിശോധിച്ച് അനര്‍ഹര്‍ ആണെങ്കില്‍ ഒഴിവാക്കണം. റേഷന്‍ കാര്‍ഡ് അപേക്ഷകളിന്മേലുള്ള ഡാറ്റാ എന്‍ട്രി ഉടന്‍ പൂര്‍ത്തിയാക്കുന്നതിനും മന്ത്രി യോഗത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ സി എ ലത, കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് പി മീന, ഡപ്യൂട്ടി കണ്‍ട്രോളര്‍ ദാക്ഷായണികുട്ടി, അസി. സെക്രട്ടറി വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
 
ലീഗല്‍ മെട്രോളജി-ഉപഭോക്തൃ വകുപ്പുകളുടെ സേവനങ്ങള്‍ ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നില്ല: മന്ത്രി പി തിലോത്തമന്‍
താമരശ്ശേരി: ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമായ കാലത്ത് നിലവിലുള്ള ഉപഭോക്തൃ നിയമം മാറേണ്ടത് അനിവാര്യമാണെന്നും എന്നാല്‍ നിയമം നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്കുള്ള പങ്ക് കേന്ദ്രം കവര്‍ന്നെടുക്കുന്ന രീതിയിലാണ് പുതിയ നിയമം അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. താമരശ്ശേരി താലൂക്കിന് അനുവദിച്ച ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളുടെയും ദാതാക്കളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ലീഗല്‍ മെട്രോളജി വകുപ്പിന്റെയും ഉപഭോക്തൃ വകുപ്പിന്റെയും സേവനങ്ങള്‍ ഉപഭോക്താക്കള്‍ വേണ്ടത്ര പ്രയോജനപ്പെടുത്തുന്നില്ല.
 
താമരശ്ശേരി ചുരത്തെ മാലിന്യ മുക്തമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ ശുചീകരണം
അടിവാരം: സഞ്ചാരികള്‍ മാലിന്യ കേന്ദ്രമാക്കിയ താമരശ്ശേരി ചുരത്തെ മാലിന്യ മുക്തമാക്കാന്‍ വിദ്യാര്‍ത്ഥികളുടെ ശുചീകരണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരാണ് ചുരത്തിലെ 14 കിലോമീറ്ററോളം ദൂരത്ത് പരന്ന് കിടന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്തത്. ചുരത്തിലെ വന മേഖലയില്‍ ഉള്‍പ്പെടെ മാലിന്യ കൂമ്പാരങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ശുചീകരണം നടത്താന്‍ വനം വകുപ്പ് ആലോചിച്ചത്. ഇതിന്ന് എന്‍ എസ് എസ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. അവധിക്കാല ക്യാമ്പിന്റെ ഭാഗമായി നരിക്കുനി ബൈത്തുല്‍ ഇസ്സ കോളേജ്, ബാലുശ്ശേരി ഗവ. കോളേജ്, താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ് ചുരത്തില്‍ ശുചീകരണത്തിനെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ചുരം സംരക്ഷണ സമിതിയും ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. മാലിന്യങ്ങള്‍ വേര്‍തിരിച്ച് പ്രത്യേകം ചാക്കുകളില്‍ ശേഖരിച്ചു. ഇവ വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കും. ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി ഉദ്ഘാടനം ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്ത്, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ കുമാരി, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
വ്യാജ വൈദ്യം: സുപ്രീംകോടതി വിധി നടപ്പിലാക്കണം
കോഴിക്കോട്: വ്യാജ വൈദ്യം പരിപൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭാരതീയ ചികിത്സാ വകുപ്പ് കോഴിക്കോട് ഡി എം ഒ. ഡോ. കെ എം മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ഡോ. പി കെ അഭിജിത് അധ്യക്ഷത വഹിച്ചു. ഡോ. രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. പ്രമുഖ മര്‍മ്മ ചികിത്സകനായ ഡോ. മാത്യൂസ് വെമ്പിള്ളി ക്ലാസെടുത്തു. എ എം എ ഐ രാംദാസ് വൈദ്യര്‍ മെമ്മോറിയല്‍ അവാര്‍ഡ് പുറക്കാട്ടേരി കുട്ടികളുടെയും കൗമാരക്കാരുടെയും ആശുപത്രിയിലെ സ്പന്ദനം പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്ററും മുന്‍ ഡി എം ഒ യും ആയ ഡോ. ശ്രീകുമാര്‍ നമ്പൂതിരിക്കും, എ എം എ ഐ യങ്ങ് എന്റര്‍പ്രണര്‍ അവാര്‍ഡ് ഗ്രീന് ആയുര്‍വേദയിലെ ഡോ. സി പി അസ്ഗറിനും അവാര്‍ഡ് ഓഫ് എക്‌സലന്‍സ് കട്ടിപ്പാറ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണിനും സമ്മാനിച്ചു. ഡോ. മനോജ് കാളൂര്‍, ഡോ. എം എം സനല്‍കുമാര്‍, ഡോ. വത്സലാദേവി, ഡോ. കെ.എം ജോസ്, ഡോ. പുഷ്പവല്ലി, ഡോ. ഷാഹിദ മന്‍സൂര്‍, ഡോ. കെ വിപിന്‍ ദാസ്, ഡോ. കെ വി ബിജു, ഡോ. ബി ജി അഭിലാഷ്, ഡോ. അഫ്‌നിദ ഷംസുദ്ദീന്‍, ഡോ. രാജേഷ് വാഴോത്ത്, ഡോ. പി സി മനോജ് കുമാര്‍, ഡോ. വി പി അനൂപ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഡോ. സി ജെ നവീന്‍(പ്രസിഡന്റ്), ഡോ. കെ പ്രവീണ്‍(സെക്രട്ടറി), ഡോ. ആര്‍ രാഹുല്‍(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
ആദിവാസി കോളനിയില്‍ ക്രിസ്തുമസ് ആഘോഷമൊരുക്കി ഡോക്ടര്‍മാര്‍
കട്ടിപ്പാറ: ആദിവാസി കോളനിയില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം ഒരുക്കി. കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലാണ് കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ കെ പ്രവീണിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് ആഘോഷം ഒരുക്കിയത്. ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് കോളനിയില്‍ നടക്കുന്ന പതിവ് മെഡിക്കല്‍ ക്യാമ്പിനെത്തിയ ഡോക്ടര്‍മാരുടെ സംഘം കൃസ്മസ് കേക്കും മധുര പലഹാരങ്ങളും കരുതിയിരുന്നു. കോളനിയിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് കേക്ക് മുറിക്കുകയും കോളനിക്കാര്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഡോ. ശ്രീജൈ മുഖ്യാതിഥിയായിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാരായ അനീന ബാബു, ആതിര, പ്രണവ്, ഹസീം, ഫാര്‍മസി അസിസ്റ്റന്റ് സബിത, ട്രൈബല്‍ പ്രൊമോട്ടര്‍ ജിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
ചുരത്തില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്; രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി
അടിവാരം: വയനാട് ചുരത്തില്‍ ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരുക്ക്. പയിമ്പ്ര സ്വദേശി മഹേഷിനാണ് പരുക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുരം ഒന്നാം വളവിന് മുകളില്‍ വൈകിട്ട് അഞ്ചരയോടയായിരുന്നു അപകടം.
 
കട്ടിപ്പാറ അല്‍-ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലിക്ക് ഉജ്ജ്വല സമാപനം
കട്ടിപ്പാറ: കട്ടിപ്പാറയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിച്ച് അല്‍-ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലിക്ക് ഉജ്ജ്വല സമാപനം. അഞ്ച് ദിവസങ്ങളായി നീണ്ടു നിന്ന സില്‍വര്‍ ജൂബിലി സമാപന സമ്മേളനം സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈന്‍മാന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും അല്‍-ഇഹ്‌സാന്‍ പ്രസിഡന്റ് കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ സന്ദേശ പ്രഭാഷണവും നടത്തി. കര്‍മ്മ ഭൂമിയില്‍ 25 വര്‍ഷം പൂര്‍ത്തീകരിച്ച കട്ടിപ്പാറ ഉസ്താദിനെ സദാത്തുക്കളും പണ്ഡിതന്‍മാരും ചേര്‍ന്ന് ആദരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies