15-Dec-2018 (Sat)
 
 
 
ദേശീയ വിരവിമുക്ത ദിനം; ജില്ലാതല ഉദ്ഘാടനം നടത്തി
കുന്ദമംഗലം: വിരബാധയില്ലാത്ത കുട്ടികള്‍ ആരോഗ്യമുളള കുട്ടികള്‍ എന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കോയ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ ടി കെ സൗദ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി മുഖ്യ പ്രഭാഷണം നടത്തി. ദിനാചരണ സന്ദേശം ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സരളനായര്‍ നല്‍കി. കുന്ദമംഗലം എഇഒ. രമേശ് കെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബൈജു എം വി, വിനോദ് പടനിലം, ഷൗക്കത്തലി, സുനിത, ജില്ലാ ടി ബി ഓഫീസര്‍ ഡോ. പ്രമോദ്കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഒ കല, ഹെഡ്മാസ്റ്റര്‍ വി പ്രേമരാജന്‍, പി ടി എ പ്രസിഡന്റ് റിജുല, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ദിവ്യ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍മാരായ ബേബി നാപ്പളളി, ഹംസ ഇസ്മാലി, ഡോ. സുഗതകുമാരി, ഡോ. പി വി ചിത്ര, ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാരായണന്‍ ചെരാള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ പി കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ മണി എം പി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു സി പി നന്ദിയും പറഞ്ഞു.
 
സ്‌കൂട്ടറില്‍ കറങ്ങി വിദ്യാര്‍ത്ഥിനികളെ കയറിപ്പിടിക്കുന്ന യുവാവ് അറസ്റ്റില്‍
കുന്ദമംഗലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുന്ന യുവാവിനെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി വാവാട് സെന്റര്‍ വരലാട്ട് മുഹമ്മദ് ഡാനിഷ്(23) ആണ് അറസ്റ്റിലായത്. ചാത്തമംഗലം ഭാഗത്ത് നിരവധി പെണ്‍കുട്ടികളെ ഡാനിഷ് പീഡിപ്പിച്ചതായി പരാതിയുണ്ട്. ഒരു മാസം മുമ്പ് വിമുക്ത ഭടന്റെ മകളെ കയറി പിടിച്ചതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസം മറ്റൊരു പെണ്‍കുട്ടിയും കുന്ദമംഗലം പോലീസില്‍ പരാതി നല്‍കി. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ കൊടുവള്ളി പോലീസ് സ്‌റ്റേഷനിലെ ഹോംഗാര്‍ഡാണ് പോലീസിന്റെ സഹായത്തോടെ കൊടുവള്ളിയില്‍ വെച്ച് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് കിന്ദമംഗലം പോലീസിന് കൈമാറിയ പ്രതിക്കെതിരെ മറ്റൊരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഒരു മാസം മുമ്പ് വിമുക്ത ഭടന്റെ മകള്‍ നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെന്നും നിലവിലുള്ള കേസില്‍ ഐ പി സി 354 ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തിയില്ലെന്നും ആക്ഷേപമുണ്ട്. ഉന്നത ഇടപെടലിന്റെ ഭാഗമായി പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭ്യമാക്കാനാണ് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
 
കോഴിക്കോട്: ജില്ലയില്‍ റോഡരികുകളില്‍ അനധികൃതവും അപകടകരവുമായ രീതിയില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന് ജില്ലാഭരണകൂടം നടപടി കര്‍ശനമാക്കും. അനുമതിയില്ലാതെ സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് നോട്ടീസ് നല്‍കിയവരില്‍ നിന്ന് പിഴയും ബോര്‍ഡ് നീക്കം ചെയ്യുന്നതിന് ചെലവായ തുകയും ഈടാക്കാനാണ് തീരുമാനം. പിഴ അടക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാകലക്ടര്‍ യു വി ജോസ് അറിയിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിരുന്നു. ഈ മാസം 16 മുതല്‍ ഒരാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് സ്‌ക്വാഡുകളായി നടത്തിയ പരിശോധനയില്‍ 4845 അനധികൃത പരസ്യ ബോര്‍ഡുകളാണ് മാറ്റിയത്. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് 990 പരസ്യബോര്‍ഡുകള്‍ ഇത്തരത്തില്‍ നീക്കം ചെയ്തു. 31 പേര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ഒക്‌ടോബര്‍ 28 നകം പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് പരസ്യ കമ്പനികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദേശം നല്‍കുന്നതിനായി ഒക്‌ടോബര്‍ 27 ന് ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും പരസ്യ കമ്പനി ഏജന്‍സികളുടെയും യോഗം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റ് ചേമ്പറില്‍ വിളിച്ചു ചേര്‍ക്കും. അനധികൃതമായി സ്ഥാപിക്കപ്പെട്ട പരസ്യ ബോര്‍ഡുകള്‍ ഗതാഗത തടസത്തിനും അപകടത്തിനും ഉള്‍പ്പെടെ ഇടയാക്കുന്നതായുള്ള കോടതി ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാര്‍ ബോര്‍ഡുകളും ബാനറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ചട്ടപ്രകാരം അനുമതി വാങ്ങിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാന്‍ സെക്രട്ടറിമാരെ ചുമതലപെടുത്തിയിട്ടുണ്ട്. മത വികാരം വ്രണപ്പെടുത്തുന്നതും കൊലപാതക ദൃശ്യങ്ങള്‍ പോലുള്ളവ ചിത്രീകരിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. യോഗത്തില്‍ എ ഡി എം റോഷ്‌നി നാരായണന്‍, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടര്‍ എന്‍ റംല, പോലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
 
കോഴിക്കോട്: തൊഴിലിടങ്ങളില്‍ ഇരിപ്പിടം ഇനി തൊഴിലാളികളുടെ നിയമപരമായ അവകാശമാണെന്ന് തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കടകളിലും വാണിജ്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ അടക്കമുളള ലക്ഷകണക്കിന് തൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന സുപ്രധാന നിയമഭേദഗതി തൊഴിലാളി ക്ഷേമ നടപടികളുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മന്ത്രി പറഞ്ഞു. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ സൃഷ്ടിക്കുമെന്നും ലിംഗ സമത്വം നടപ്പാക്കുമെന്നും സര്‍ക്കാറിന്റെ തൊഴില്‍ നയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സ്വഭാവമനുസരിച്ച് സ്ത്രീ തൊഴിലാളികള്‍ക്ക് മതിയായ യാത്രാ സൗകര്യം ഒരുക്കുമെന്നും ആഴ്ച അവധി, വിശ്രമ ഇടവേള സൗകര്യം നിര്‍ബന്ധമാക്കുമെന്നുമുള്ള തൊഴില്‍ നയത്തിലെ പ്രഖ്യാപനങ്ങളാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്. ഓര്‍ഡിനന്‍സ് നിലവില്‍ വന്ന സാഹചര്യത്തില്‍ ഇത് നടപ്പിലാക്കിയെന്ന് ഉറപ്പു വരുത്താന്‍ എല്ലാവരുടേയും ഇടപെടല്‍ ഉണ്ടാകണം. തൊഴിലുടമകള്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായി സഹകരിക്കണം. കര്‍ശനമായി നിയമം നടപ്പിലാക്കാന്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈകീട്ട് ഏഴു മുതല്‍ രാവിലെ ആറുവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലുളള വ്യവസ്ഥ ഭേദഗതി ചെയ്തിട്ടുണ്ട്. വൈകീട്ട് ഒന്‍പത് മണി വരെ സ്ത്രീ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പത് മണി മുതല്‍ പുലര്‍ച്ചെ ആറു വരെ സ്ത്രീകളുടെ അനുവാദത്തോടെ രണ്ട് സ്ത്രീകള്‍ അടക്കം അഞ്ചു പേര്‍ വീതമുളള ഗ്രൂപ്പിനെ നിയോഗിക്കാം. അത്തരം ഘട്ടങ്ങളില്‍ സ്ത്രീ തൊഴിലാളികളുടെ സുരക്ഷയും താമസ സ്ഥലത്തേക്കുളള യാത്ര സൗകര്യവും തൊഴിലുടമ ഉറപ്പാക്കിയിരിക്കണം. ആഴ്ചയില്‍ ഒരു ദിവസം കടകള്‍ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കുകയും ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളികള്‍ക്ക് അവധി നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു. അപ്രന്റീസുമാരും താത്കാലിക സെക്യൂരീറ്റി ജീവനക്കാരും ഉള്‍പ്പെടെ ഏത് സ്ഥാപനത്തിലേയും എല്ലാ വിഭാഗം തൊഴിലാളികളേയും കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. കോഴിക്കോട് കല്ലായ് റോഡിലെ സ്‌നേഹാഞ്ജലി കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് അധ്യക്ഷത വഹിച്ചു. ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. കെ അനന്തഗോപന്‍ ട്രേഡ് യൂനിയന്‍ നേതാക്കളായ പി കെ മുരുകന്‍ അഡ്വ. എം രാജന്‍, കെ ജി പങ്കജാക്ഷന്‍, യു പോക്കര്‍, ഒ കെ ധര്‍മരാജന്‍, ബിജു ആന്റണി, മുഹമ്മദ് സൂഹൈല്‍ ടി വി, ബോര്‍ഡ് ഡയറക്ടര്‍മാരായ ടി കെ ലോഹിതാക്ഷന്‍, പി സുബ്രഹ്മണ്യം ജി വസന്തകുമാര്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബീനാപോള്‍ വര്‍ഗീസ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി ലത തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ജില്ലകളിലെ ക്ഷേമനിധി അംഗങ്ങളുടെ എസ് എസ് എല്‍ സി മുതലുളള അംഗീകൃത കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ 130 വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡും മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
 
കൊടുവള്ളിയിലെ ആശുപത്രിയില്‍ നിന്നും ആഭരണം കവര്‍ന്നയാള്‍ സി സി ടി വി യില്‍ കുടുങ്ങി
കൊടുവള്ളി: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിന്റെ സ്വര്‍ണാഭരണം കവര്‍ന്നയാള്‍ സി സി ടി വി യില്‍. കൊടുവള്ളി പാലക്കുറ്റി ചോലയില്‍ മുഹമ്മദിന്റെ പത്ത് മാസം പ്രായമായ കുഞ്ഞിന്റെ കഴുത്തില്‍ നിന്നും ഒരു പവന്‍ തൂക്കം വരുന്ന മാല കവര്‍ന്നയാളാണ് സി സി ടി വി ക്യാമറയില്‍ കുടുങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ 1.16 ന് ആണ് മോഷ്ടാട് ആശുപത്രിയില്‍ എത്തിയത്. മുക്കാല്‍ മണിക്കൂറോളം ആശുപത്രി വരാന്തയിലെ ബെഞ്ചില്‍ കിടന്ന ഇയാള്‍ 2.01 ന് ആശുപത്രിയിലെ ജനറല്‍ വാര്‍ഡിലേക്ക് പ്രവേശിക്കുന്നത് സി സി ടി വി യില്‍ കാണാം. നാല് മിനിറ്റിന് ശേഷം തിരിച്ചിറങ്ങി പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളിലുണ്ട്. സംശയിക്കപ്പെടാതിരിക്കാന്‍ തലയില്‍ വെള്ള തൊപ്പി ധരിച്ചാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കയ്യില്‍ കെട്ടിയ ചരടുകള്‍ അഴിച്ചിരുന്നില്ല. ജനറല്‍ വാര്‍ഡില്‍ തനിച്ചായിരുന്ന ഇവര്‍ ബുധനാഴ്ച രാവിലെയാണ് ആഭരണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സഹിതം മുഹമ്മദ് കൊടുവള്ളി പോലീസില്‍ പരാതി നല്‍കി.
 
ദേശീയ വിരവിമുക്ത ദിനാചരണം
പുതുപ്പാടി: ദേശീയ വിരവിമുക്ത ദിനാചരണം പുതുപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം മലപ്പുറം ഗവ. എല്‍ പി സ്‌കൂളില്‍ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ ജലീല്‍ കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ വേണുഗോപാല്‍ വിര വിമുക്ത ദിനത്തെ കുറിച്ച് ക്ലാസ്സെടുക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. എല്‍എച്ച്‌ഐ. കെ ജെ ജസ് മോള്‍, ഹെഡ്മിസ്ട്രസ് വസന്തകുമാരി, എന്നിവര്‍ സംസാരിച്ചു. ജെഎച്ച്‌ഐ. എം സി ബഷീര്‍, ജെ പി എച്ച് എന്‍മാരായ ജയശ്രീ എന്‍ ആര്‍, റഫീദ പി യു, പദ്മാവതി എന്നിവര്‍ നേതൃത്വം നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി ഒരു വയസ്സു മുതല്‍ പത്തൊന്‍പത് വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരു ഡോസ് ആല്‍ബന്‍ഡ സോള്‍ ഗുളിക നല്‍കി.
 
റോഡില്‍ ഏറ്റുമുട്ടിയ വിദ്യാര്‍ത്ഥികളുടെ അന്‍പതോളം വാഹനങ്ങള്‍ കസ്റ്റഡിയില്‍
മുക്കം: കളന്‍തോട് എം ഇ എസ് കോളേജിലേയും മണാശ്ശേരി എം എ എം ഒ കോളേജിലേയും വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ഭാഗമായി അന്‍പതോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എം എ എം ഒ കോളേജിന്റെ കവാടത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ ഇരു കോളേജിലേയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും കല്ലേറില്‍ രണ്ട് കാറുകളുടെ ചില്ല് തകരുകയും ചെയ്തിരുന്നു.
 
താമരശേരി ചുരം റോഡിലെ സംരക്ഷണഭിത്തി നിര്‍മ്മാണം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാകും
താമരശേരി: ചുരം റോഡിലെ ഇടിഞ്ഞ ഭാഗത്തെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മ്മാണം ഒരാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാകും. ഇടിഞ്ഞ ഭാഗത്തും സംരക്ഷണ ഭിത്തിക്കുമിടയില്‍ ക്വാറി മിശ്രിതവും മണ്ണും ഇട്ട് നികത്തുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാലുടന്‍ സംരക്ഷണ ഭിത്തിയുടെ ഇരു ഭാഗവും നിലവിലുള്ള ഭിത്തിയിലേക്ക് യോജിപ്പിക്കുന്ന കരിങ്കല്‍ കെട്ടിന്റെ പ്രവൃത്തിയും ആരംഭിക്കും. ഡിസംബര്‍ അവസാനത്തോടെ ടാറിങ് അടക്കമുള്ള മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ കെ വിനയരാജ് പറഞ്ഞു. 1.86 കോടി ചെലവഴിച്ചാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി നടത്തുന്നത്.
 
കോഴിക്കോട്: നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ഹിയറിംഗ് ആശയവിനിമയം കുഞ്ഞുങ്ങളിലെ അപസ്മാരം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ ഈ മാസം 27 ന് രാവിലെ 10.30 മുതല്‍ 12.55 വരെ കോഴിക്കോട് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസില്‍ നടത്തും. തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. ഡി കല്‍പ്പന സെമിനാറില്‍ സംസാരിക്കും. അപസ്മാര സംബന്ധമായ രോഗങ്ങള്‍ അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് മാത്രമാണ് സെമിനാര്‍. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയ നിവാരണത്തിനുളള അവസരവും ലഭിക്കും. ഫോണ്‍: 04952378920.
 
ഭൂസേവനങ്ങള്‍ ഇനി വിരല്‍തുമ്പില്‍
കോഴിക്കോട്: ഭൂമി സംബന്ധമായ സേവനങ്ങള്‍ റവന്യു ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വഴി ഓണ്‍ ലൈന്‍ ആക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം വേങ്ങേരി വില്ലേജ് ഓഫീസില്‍ ജില്ലാകലക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ലളിതമായി ജനങ്ങളിലെത്തിക്കുന്നതിനായി തയ്യാറാക്കിയ ലഘുലേഖയും ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. സ്മാര്‍ട്ട്ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉണ്ടെങ്കില്‍ വില്ലേജ് ഓഫീസില്‍ പോകാതെ തന്നെ ഇനി ഭൂനികുതി ഓണ്‍ലൈന്‍ ആയി അടക്കാം. ഭൂമി സംബന്ധമായ രേഖകള്‍, മുന്‍ വര്‍ഷം ഭൂനികുതി അടച്ചതിന്റെ വിശദാംശം, ഭൂവുടമയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (ആധാര്‍ കാര്‍ഡ് നമ്പര്‍), ഭൂവുടമയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ മേല്‍വിലാസം എന്നിവ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിലേക്ക് വില്ലേജ് ഓഫീസര്‍ അപ് ലോഡ് ചെയ്ത് കഴിഞ്ഞാല്‍ തണ്ടപ്പേര്‍, ബ്ലോക്ക് നമ്പര്‍, സര്‍വേ നമ്പര്‍, സബ് ഡിവിഷന്‍ നമ്പര്‍ എന്നിവ ഭൂവുടമയ്ക്ക് നല്‍കും. ഈ വിവരങ്ങള്‍ ഉപയോഗപ്പെടുത്തി www.revenue.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ഭൂനികുതി അടയ്ക്കാവുന്നതാണ്. ഒരു തവണ വില്ലേജ് ഓഫീസര്‍ അംഗീകാരം നല്‍കിയാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലും യൂസര്‍ ഐഡി, പാസ്വേര്‍ഡ് എന്നിവ ഉപയോഗിച്ച് നികുതി അടക്കാം. താലൂക്ക് ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബീനാ രാജു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ സി ബിജു, തഹസില്‍ദാര്‍ കെ ടി സുബ്രഹ്മണ്യന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ യു രജനി എന്നിവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies