18-Feb-2020 (Tue)
 
 
 
സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി നന്മ യു എസ് എയും ഹെല്‍പ്പിങ് ഹാന്‍ഡ്‌സ് വെള്ളിപറമ്പയും
അടിവാരം: പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ നന്മ നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്ലിം അസോസിയേഷനും ഹെല്‍പിങ് ഹാന്‍ഡ്‌സ് വെള്ളിപറമ്പയും സംയുക്തമായി സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ചു. അടിവാരം മരുതിലാവ് ഭാഗത്തെ അര്‍ഹരായവര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് രൂപത്തില്‍ തികച്ചും സൗജന്യമായി സാധനങ്ങള്‍ വിതരണം ചെയ്തത്. പുതുപ്പാടി പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ മുത്തു അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. അര്‍ഹതയുള്ളവരിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതായി മുത്തു അബ്ദുസ്സലാം പറഞ്ഞു. കഴിഞ്ഞ മാസം കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ ഏര്‍പ്പെടുത്തിയ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് വളരെയേറെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് താമരശ്ശേരി ചുരത്തിനു സമീപം മരുതിലാവ് ഭാഗത്ത് സഹായം എത്തിക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
 
ഹരിത ബോധവല്‍കരണം: സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഏകദിന പരിശിലന ക്ലാസ് നടത്തി
മടവൂര്‍: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് താമരശ്ശേരി ജില്ലയും ഹരിത കേരള മിഷന്‍, കില എന്നിവയും സംയുക്തമായി മടവൂര്‍ ചക്കാലക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹരിത നിയമങ്ങള്‍ ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. കൊടുവള്ളി എം എല്‍ എ. കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് ജില്ലാ കമ്മീഷണര്‍ വി ഡി സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. എ കെ ഹരീഷ് ക്ലാസിന് നേതൃത്വം നല്‍കി. സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എം കെ രാജി, പ്രധാന അധ്യാപകന്‍ പ്രകാശന്‍, ബീന, ഹരിത കേരളം ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പ്രകാശ്, രാജന്‍ മാസ്റ്റര്‍, ജില്ലാ ട്രൈനിങ്ങ് കമ്മീഷണര്‍ ഉണ്ണികൃഷ്ണന്‍, ത്രേസ്യമ്മ, ഷംസുദ്ധീന്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ് സ്വാഗതവും ജ്യോതി ലക്ഷ്മി നന്ദിയും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൗട്ട് ജില്ലാ കമ്മറ്റി ശേഖരിച്ച ഫണ്ട് ചടങ്ങില്‍ വെച്ച് കാരാട്ട് റസാഖ് എം എല്‍ എ ഏറ്റുവാങ്ങി.
 
ചെറുകിട റബ്ബര്‍ കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
താമരശ്ശേരി: കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനക്കുറവും റബ്ബര്‍ ഇറക്കുമതി മൂലം വിലത്തകര്‍ച്ചയും നേരിടുന്ന റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വലിയ പറമ്പ് എളേറ്റില്‍ റബ്ബര്‍ ഉല്‍പ്പാദക ക്ഷേമ സമിതി താമരശ്ശേരി കമ്മറ്റിയോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചെറുകിട റബ്ബര്‍ തോട്ടങ്ങളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, റബ്ബറിന് 250 രൂപ താങ്ങ് വില പ്രഖ്യാപിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ പ്രയോജനം മുഴുവന്‍ കര്‍ഷകര്‍ക്കും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. യോഗത്തില്‍ ജോര്‍ജ്ജ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. റബ്ബര്‍ബോര്‍ഡ് ഡവലപ്മെന്റ് അസിസ്റ്റന്റ് ഓഫീസര്‍ നോബ്ള്‍ കുര്യന്‍ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാര്‍ എ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എം കെ അപ്പുക്കുട്ടന്‍ സ്വാഗതവും സി എ ഖമറുദ്ദീന്‍ നന്ദിയും പറഞ്ഞു.
 
താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ് എസ് വാരാഘോഷം
താമരശ്ശേരി: നാഷണല്‍ സര്‍വ്വീസ് സ്‌കീം സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി താമരശ്ശേരി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാരാഘോഷം സംഘടിപ്പിക്കുന്നു. ദുരന്ത നിവാരണ പരിശീലനം, ഗാന്ധി സ്മൃതി, ട്രോമാ കെയര്‍, അംഗന്‍വാടി നവീകരണം, തുറ വായനശാല, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയത്. ജീവിതം സേവനമാക്കി മാറ്റിയ ഡയാന ലിസി വാരാഘോഷം ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരെ സ്‌കൂള്‍ എന്‍ എസ് എസ് യൂണിറ്റ് നിര്‍മ്മിക്കുന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രൊമോ ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ ആര്‍ കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എം ടി അബ്ദുള്‍ അസീസ്, ശശീന്ദ്രന്‍, അഭിനന്ദ് എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസര്‍ കെ മധുസൂദനന്‍ സ്വാഗതവും ലീഡര്‍ ഉദയ് രമേശന്‍ നന്ദിയും പറഞ്ഞു.
 
കര്‍ഷക സംഗമം സംഘടിപ്പിച്ചു
എളേറ്റില്‍: അടുക്കളത്തോട്ടവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എസ് വൈ എസ് കിഴക്കോത്ത്, ആവിലോറ സര്‍ക്കിള്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ കര്‍ഷക സംഗമം സംഘടിപ്പിച്ചു. എളേറ്റില്‍ മര്‍കസ് വാലിയില്‍ നടന്ന പരിപാടി സോണ്‍ എസ് വൈ എസ് സാമൂഹ്യം സെക്രട്ടറി കെ സി ഹുസൈന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സോണ്‍ പ്രസിഡണ്ട് അബ്ദുസ്സലാം മാസ്റ്റര്‍ ബുസ്താനി ഉദ്ഘാടനം നിര്‍വഹിച്ചു. കിഴക്കോത്ത് പഞ്ചായത്ത് കൃഷി ഓഫീസര്‍ ടി കെ നസീര്‍ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വിവിധ കാര്‍ഷിക രീതികളെപ്പറ്റിയും ക്ലാസെടുത്തു. മുഹമ്മദ് റാസി സഖാഫി സ്വാഗതവും കെ സി അബ്ദുസ്സലാം പാറമ്മല്‍ നന്ദിയും പറഞ്ഞു. പ്രദേശത്തെ നിരവധി കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു.
 
പൂവ്വമ്പായി എ എം എച്ച് എസ് എസിന് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ വാട്ടര്‍ കൂളര്‍
ബാലുശ്ശേരി: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂവ്വമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 97- 98 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ സ്‌കൂളിന് സമര്‍പ്പിച്ച വാട്ടര്‍ കൂളറിന്റെ ഉദ്ഘാടനം പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കമലാക്ഷി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം കെ ദേവേശന്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശരീഫ് കിനാലൂര്‍ പദ്ധതി വിശദീകരിച്ചു. ഏഴാം വാര്‍ഡ് മെമ്പര്‍ പി കെ നാസര്‍, പി ടി എ പ്രസിഡന്റ് കബീര്‍ കുന്നോത്ത്, ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് മുരളിലാല്‍, ഇ കെ ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ആറാം വാര്‍ഡ് അംഗം സി കെ ഷൈനി, പി അബ്ദുല്‍ സലാം, എന്‍ പി രാമദാസ്, കെ എം ജലീല്‍, ജാബിര്‍ കപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ ശരീഫ ടീച്ചര്‍ സ്വാഗതവും കണ്‍വീനര്‍ പി പി ഷിനോജ് നന്ദിയും പറഞ്ഞു.
 
വൈക്കം മുഹമ്മദ് ബഷീര്‍ സര്‍ഗാത്മകതയുടെ നീല വെളിച്ചം; പുസ്തകം പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. പി കെ പോക്കര്‍ രചിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സര്‍ഗാത്മകതയുടെ നീല വെളിച്ചം എന്ന പുസ്തകം പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജന്‍ കഥാകൃത്ത് പി കെ പാറക്കടവിന് നല്‍കി പ്രകാശനം ചെയ്തു. ഡോ. ഷം സാദ് ഹുസൈന്‍ പുസ്തകം പരിചയപ്പെടുത്തി. ഡോ. അശോകന്‍ മുണ്ടോന്‍, ഡോ. എന്‍ എം സണ്ണി, യു ഹേമന്ത് കുമാര്‍, പൂനൂര്‍ കെ കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്ളക്കോയ കണ്ണന്‍ കടവ് സ്വാഗതവും സിദ്ദീഖ് കുറ്റിക്കാട്ടുര്‍ നന്ദിയും പറഞ്ഞു. വചനം ബുക്‌സാണ് പുസ്തക പ്രസാധകര്‍. ശേഷം നടന്ന സൂഫി സംവാദത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. വി പി ഷാനവാസ്, ഇ എം ഹാഷിം, അബ്ദുല്‍ റഹൂഫ് ഒറ്റത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
 
താമരശ്ശേരിയില്‍ കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്ത ആരംഭിച്ചു
താമരശ്ശേരി: താമരശ്ശേരി പുതിയ ബസ്റ്റാന്റില്‍ കൃഷി വകുപ്പിന്റെ ഓണം പച്ചക്കറി ചന്ത ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ ആദ്യ വില്‍പന നടത്തി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍മാരായ ശ്രീമതി മഞ്ജിത, ജസ്സി ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍മാരായ വി പി ആണ്ടി, വസന്ത ചന്ദ്രന്‍, ഷിജോ, ഗിരീഷ് തേവള്ളി, വിജയന്‍, ജാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
കട്ടിപ്പാറയില്‍ കെപ്കോ ആശ്രയ പദ്ധതിക്ക് തുടക്കം
കട്ടിപ്പാറ: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കെപ്കോ ആശ്രയ പദ്ധതിയുടെ കട്ടിപ്പാറ പഞ്ചായത്ത്തല ഉദ്ഘാടനം സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. പൗള്‍ട്രി വികസന കോര്‍പറേഷന്‍ സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടെ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കെപ്കോ ആശ്രയ. ജില്ലയില്‍ ആദ്യമായി കട്ടിപ്പാറയില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തെരഞ്ഞെടുത്ത അശരണരായ വിധവകള്‍ക്ക് സൗജന്യമായി 10 കോഴിയും 10 കിലോ കോഴിത്തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. 1027 ഗുണഭോക്താക്കള്‍ക്കായി 10,270 കോഴികളെയാണ് നല്‍കിയത്. ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മദാരി ജുബൈരിയ, പി സി തോമസ്, ബേബി ബാബു, ബീന ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റംല ഒ കെ എം കുഞ്ഞി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദിര ശ്രീധരന്‍, കെ വി അബ്ദുല്‍അസീസ്, പി ടി മുഹമ്മദ് ഷാഹിം, വത്സല കനകദാസ്, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ കെ ആര്‍ രാജന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ കെ പി ഷൈനി, വെറ്റിനററി സര്‍ജന്‍ ഡോ. സി കെ ഷാജിബ്, കെ കെ അപ്പുക്കുട്ടി, കെ വി സെബാസ്റ്റ്യന്‍, കെ സി ബേബി, കരീം പുതുപ്പാടി, സലിം പുല്ലടി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ്പ്രസിഡന്റ് നിധിഷ് കല്ലുള്ളതോട് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ് നന്ദിയും പറഞ്ഞു.
 
താമരശ്ശേരിയില്‍ കുടുംബശ്രീ, സി ഡി എസ് ഓണം വിപണനമേള ആരംഭിച്ചു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ, സി ഡി എസ് ഓണം വിപണനമേള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ചിത കുറ്റിയാക്കില്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്സി ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ സരസ്വതി, വി പി ആണ്ടി, വസന്ത ചന്ദ്രന്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സഫിയ കാരാട്ട്, സക്കീന തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമീണ ഉല്‍പ്പന്നങ്ങളും, ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത ഉല്‍പ്പന്നങ്ങളും മേളക്ക് കൊഴുപ്പേകി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies