18-Feb-2019 (Mon)
 
 
 
താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് കൈവരിയില്‍ ഇടിച്ച് യുവതി മരിച്ചു
അടിവാരം: താമരശ്ശേരി ചുരം ഒന്‍പതാം വളവില്‍ വ്യൂ പോയിന്റിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കൈവരിയില്‍ ഇടിച്ച് യുവതി മരിച്ചു. വയനാട് പടിഞ്ഞാറത്തറ മാഞ്ഞാര്‍ സ്വദേശിനി ഹസീന(35) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ 6 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ചുരം ഇറങ്ങുകയായിരുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്.
 
കാര്‍ഷിക മേഖലക്ക് ഉണര്‍വേകാന്‍ പുനര്‍ജനി പദ്ധതിയുമായി കൃഷി വകുപ്പ് ജീവനക്കാര്‍
തിരുവമ്പാടി: പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയെ പുനര്‍ ജനിപ്പിക്കാനുള്ള പദ്ധതിയുമായി കോഴിക്കോട് ജില്ലയിലെ കൃഷി വകുപ്പ് ജീവനക്കാര്‍ പാടത്തിറങ്ങി. കാര്‍ഷിക മേഖലക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുന്നതോടൊപ്പം കര്‍ഷക സമുഹത്തിന് കരുത്തും ആത്മ വിശ്വാസവും പകര്‍ന്ന് നല്‍കുന്നതിന്നായാണ് ജില്ലയിലെ കൃഷിവകുപ്പ് ജീവനക്കാര്‍ പുനര്‍ജ്ജനി എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചത്. തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍പെട്ട കറുകമണ്ണിലെ ഒരേക്കര്‍ സ്ഥലത്താണ് ഉദ്യോഗസ്ഥര്‍ കൃഷി ചെയ്യുന്നത്. ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കുപകരം കൈക്കോട്ടുമായി പാടത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ ഭൂമി കൃഷിയോഗ്യമാക്കുകയും ഇവിടെ വാഴ കൃഷി ചെയ്യുകയും ചെയ്തു. .
 
ഓട്ടോ കാറും കെ എസ് ആര്‍ ടി സി ബസ്സും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
താമരശ്ശേരി: കെ എസ് ആര്‍ ടി സി ബസ്സും ഓട്ടോ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മലപ്പുറം പുളിക്കല്‍ പുളിയങ്ങാട്ട് പരേതനായ ബഷീറിന്റെ മകന്‍ റഫാഹ്(26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രാമനാട്ടുകര പരിഹാരപുറം ക്ഷേത്രത്തിന് സമീപത്തെ സൂര്യകിരണില്‍ കലേഷനെ(48) സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയില്‍ പുല്ലാഞ്ഞിമേട് കെ ആര്‍ എസ്‌റ്റേറ്റിന് സമീപം വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം.
 
താമരശ്ശേരി: റബ്ബര്‍ കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് അനുവദിച്ച സഹായം ലഭിക്കുന്നതിന് ബില്ല് സമര്‍പ്പിച്ചിട്ട് മാസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയില്‍ മാറ്റമുണ്ടാവണമെന്ന് വലിയപറമ്പ-എളേറ്റില്‍ റബ്ബര്‍ ഉത്പാദക സംഘം ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നിലവില്‍ ലാറ്റക്സ് വില്പന നടത്തുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക പൂര്‍ണമായും ലഭിക്കുന്നില്ല. അപാകതകള്‍ പരിഹരിച്ച് റബ്ബറിന് 250 രൂപയെങ്കിലും തറവില പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രം റബര്‍ ഇറക്കുമതി തുടരുന്നപക്ഷം സംസ്ഥാനത് കര്‍ഷക ആത്മഹത്യ വര്‍ധിക്കുമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. കെ മുഹമ്മദ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. എന്‍ ജെ ജോര്‍ജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. റബ്ബര്‍ ഡവലപ്മെന്റ് ഓഫിസര്‍ നോബിള്‍ കുര്യന്‍, ഫീല്‍ഡ്ഓഫിസര്‍ പ്രഭാവതി, കുഞ്ഞിമരക്കാര്‍ എ കെ, എം എ അപ്പുകുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
സാധ്യം പഠനം ലളിതം; പരിഹാരബോധന സെമിനാര്‍ 22ന് താമരശ്ശേരിയില്‍
താമരശ്ശേരി: വിദ്യാര്‍ത്ഥികളിലെ പഠന പിന്നോക്കാവസ്ഥ മുഖ്യപ്രമേയമാക്കി മാനിപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍ സംഘടിപ്പിക്കുന്ന സാധ്യം: പഠനം ലളിതം ഏകദിന വിദ്യാഭ്യാസ സെമിനാര്‍ ഈ മാസം 22 ശനിയാഴ്ച താമരശ്ശേരി വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികളിലെ പഠന പിന്നോക്കാവസ്ഥ, ശ്രദ്ധക്കുറവ്, മറവി, അനുസരണക്കേട്, പഠനത്തിലെ താല്‍പര്യക്കുറവ്, അലസത തുടങ്ങിയവ ചര്‍ച്ച ചെയ്യുകയും അവയുടെ കാരണങ്ങള്‍ ശാസ്ത്രീയമായി കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍ നല്‍കി അധ്യാപകരെയും രക്ഷിതാക്കളെയും ശാക്തീകരിക്കുയും പഠന പ്രയാസമുള്ള കുട്ടികളെ എളുപ്പത്തില്‍ കുറഞ്ഞ ദിവസം കൊണ്ട് മുന്‍പന്തിയില്‍ എത്തിക്കാനുള്ള പരിഹാര ബോധന പ്രവര്‍ത്തനങ്ങള്‍ ലളിതമായി പരിചയപ്പെടുത്തുകയുമാണ് സെമിനാറിന്റെ ലക്ഷ്യം. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4.30 വരെയുള്ള ക്യാമ്പില്‍ പ്രമുഖ പരിശീലകരും മനശാസ്ത്ര വിദഗ്ദരും ക്ലാസെടുക്കും. കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ അബ്ദു മാനിപുരം അധ്യക്ഷത വഹിക്കും. കോഴിക്കോട് ഇംഹാന്‍സ് ഡയരക്ടര്‍ ഡോ. പി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ഡോ. പി കെ നൗഷാദ്, സി ഇഹ്ജാസ് നജീബ്, ഇ കെ അബ്ദുല്‍ ഖാദര്‍ സഖാഫി, അബ്ദുല്‍ ഹമീദ് സഖാഫി മങ്ങാട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
 
താമരശ്ശേരി: സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയത്തിന്റെ ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ ഉടനടി കര്‍ഷകര്‍ക്ക് ലഭ്യമാക്കണമെന്ന് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ആവശ്യപ്പെട്ടു. വന്യമൃഗ ശല്യവും കാലവര്‍ഷകെടുതിയും മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. ക്ഷേമ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാസാമാസം മുടങ്ങാതെ നല്‍കണമെന്നും ഫാര്‍മേഴ്‌സ് റിലീഫ് ഫോറം ആവശ്യപ്പെട്ടു. കര്‍ഷക ദേശീയപ്രസ്ഥാനമായ രാഷ്ട്രീയ കിസ്സാന്‍ മഹാസംഘുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സംഘടന തീരുമാനിച്ചു. സംസ്ഥാന ചെയര്‍മാന്‍ ബേബി സക്കറിയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ തോമസ്, കണ്‍വീനര്‍ എന്‍ ജെ ചാക്കോ, ജില്ലാ ചെയര്‍മാന്‍ ജോസ് തടത്തില്‍, ട്രഷറര്‍ ടി ഇബ്രാഹിം, എ സി തോമസ്, എ എന്‍ മുരുകന്‍, ബാലന്‍ വൈദ്യര്‍, ഗോവിന്ദസ്വാമി, ജോര്‍ജ്ജ് കുളക്കാട്, അലക്‌സാണ്ടര്‍ പ്ലാംപറമ്പില്‍, ജെയിംസ് എടച്ചേരി, മോളി ജോര്‍ജ്ജ്, രക്ഷാധികാരി സി എ തോമസ് എന്നിവര്‍ സംസാരിച്ചു.
 
ഡോള്‍ബി ശബ്ദ വിസ്മയവുമായി മുക്കം അഭിലാഷ്-റോസ്
മുക്കം: എസ് എല്‍ എസ് സിനിമ സീരീസ് സ്പീക്കര്‍ സിസ്റ്റവും ഡോള്‍ബി മള്‍ട്ടി ചാനല്‍ ആംപ്ലിഫയറുമുള്ള ഡോള്‍ബി അറ്റ്‌മോസ് സിനിമ സ്‌ക്രീനില്‍ മുക്കത്ത് സിനിമാ പ്രദര്‍ശനം തുടങ്ങി. അഭിലാഷ്-റോസ് തിയേറ്ററിലാണ് മലബാറില്‍ ആദ്യമായി ഡോള്‍ബി സൗണ്ട് സിസ്റ്റം സ്ഥാപിച്ച് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. മലയോര മേഖലകളില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മുക്കത്ത് തിയേറ്ററുകളുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. സാങ്കേതിക വിദ്യകളെ നെഞ്ചേറ്റുന്ന മുക്കത്തുകാരുടെ അഭിലാഷ് കുഞ്ഞേട്ടന്‍ എന്ന ജോസഫ് പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചുകൊണ്ടാണ് ഡോള്‍ബി സൗണ്ട് സിസ്റ്റം പ്രാവര്‍ത്തികമാക്കിയത്.
 
സ്‌കൂട്ടറില്‍ കറങ്ങി വിദേശ മദ്യ വില്‍പ്പന; 19 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍
താമരശ്ശേരി: സ്‌കൂട്ടറില്‍ കറങ്ങി വിദേശ മദ്യ വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഉണ്ണികുളം എം എം പറമ്പ് ചെറുതൊടി അഷ്‌റഫ്(37) ആണ് പിടിയിലായത്. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള പരിശോധനയിലാണ് വിദേശ മദ്യ വില്‍പ്പനക്കിടെ അഷ്‌റഫ് പിടിയിലായത്. ഉണ്ണികുളം പഞ്ചായത്തിലെ എസ്റ്റേറ്റമുക്ക്, എം എം പറമ്പ്, തലയാട് മേഖലകളില്‍ വിദേശ മദ്യവില്‍പ്പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് എക്‌സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. കെ എല്‍ 76-58 നമ്പര്‍ സ്‌കൂട്ടറും 19 കുപ്പി വിദേശ മദ്യവും എക്‌സൈസ് പിടിച്ചെടുത്തു. ഫോണില്‍ ആവശ്യപ്പെടുന്നവര്‍ക്ക് വിദേശ മദ്യം എത്തിച്ചുകൊടുക്കുകയാണ് ഇയാളുടെ രീതിയെന്ന് താമരശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ പി പി വേണു പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി ജി സുരേഷ് ബാബു, എ സി മുഹമ്മദ് ഇര്‍ഷാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ എസ് ലതാമോള്‍, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് വിദേശമദ്യം പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
ഓമശ്ശേരി അമ്പലക്കണ്ടി പ്രദേശം തസ്‌കര ഭീതിയില്‍
ഓമശ്ശേരി: ഓമശ്ശേരി അമ്പലക്കണ്ടി പ്രദേശം തസ്‌കര ഭീതിയില്‍. ഒരു ദിവസം ഏഴോളം വീടുകളില്‍ എത്തിയ മോഷ്ടാവ് ഒരു വീട്ടില്‍ നിന്നും ആറേകാല്‍ പവനോളം വരുന്ന സ്വര്‍ണാഭരണം അപഹരിച്ചു. അങ്ങാടിയോട് ചേര്‍ന്നുള്ള നെച്ചോളി മുഹമ്മദ് ഹാജിയുടെ വീട്ടിനുള്ളില്‍ കടന്ന മോഷ്ടാവ് മുഹമ്മദ് ഹാജിയുടെ മകള്‍ ഹാജറയുടെ കഴുത്തിലുണ്ടായിരുന്ന രണ്ട് സ്വര്‍ണമാലകള്‍ പൊട്ടിച്ചെടുത്തു. രാത്രി പതിനൊന്നരയോടെ സമീപത്തെ വീട്ടുമുറ്റത്ത് ആരോ പ്രവേശിച്ചിരുന്നു. നാട്ടുകാര്‍ തിരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരു വീട്ടിലും മോഷ്ടാവ് എത്തി. ഇതോടെ കൂടുതല്‍ പേര്‍ തിരച്ചിലിന് രംഗത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. നാട്ടുകാര്‍ തിരിച്ചില്‍ നടത്തുന്നതിനിടെയാണ് മുഹമ്മദ് ഹാജിയുടെ വീട്ടിനുള്ളിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന മകുളുടെ കഴുത്തില്‍ നിന്നും ആഭരണം കവര്‍ന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. കൊടുവള്ളി പോലീസും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. നാടിനെ ഞെട്ടിച്ച മോഷ്ടാവിനെ പിടികൂടാന്‍ ദിവസങ്ങളായി നാട്ടുകാര്‍ ഉറക്കൊഴിച്ച് കാവലിരിക്കുകയാണ്. പോലീസ് പെട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
 
പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയബാധിതര്‍ക്ക് വീടൊരുക്കുന്നു
പുതുപ്പാടി: പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രളയ ബാധിതര്‍ക്കായി നടപ്പാക്കുന്ന ഭവനനിര്‍മ്മാണപദ്ധതിയുടെ മേഖലാതല ഉദ്ഘാടനം പുതുപ്പാടി കണ്ണപ്പന്‍കുണ്ടില്‍ നടന്നു. ശിലാസ്ഥാപനകര്‍മ്മം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് നിര്‍വഹിച്ചു. ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് വി പി ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷ്റഫ് ഒതയോത്ത്, ശോഭി ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ, ബീനാ തങ്കച്ചന്‍, അസ്‌ലം ചെറുവാടി, ഗിരീഷ് ജോണ്‍, വി കെ ഹുസൈന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡണ്ട് ആര്‍ കെ അബ്ദുല്‍ മജീദ് സ്വാഗതവും നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ പി കെ ഇബ്രാഹിം നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies