15-Dec-2018 (Sat)
 
 
 
പെരുവണ്ണാമൂഴി: ജിക്ക ജല ശുദ്ധീകരണ ശാലയില്‍ സീറോ വെലോസിറ്റി വാല്‍വ് സ്ഥാപിക്കുന്ന പ്രവര്‍ത്തിയും മറ്റ് അനുബന്ധ അറ്റകുറ്റ പ്രവൃത്തികളും നടക്കുന്നതിനാല്‍ ഈ മാസം 23, 24, 25 തിയ്യതികളില്‍ ഇവിടെ നിന്നുള്ള ജലവിതരണം ഉണ്ടായിരിക്കിലല്ലെന്ന് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കടലുണ്ടി, ബേപ്പൂര്‍, ചെറുവണ്ണൂര്‍, ഈസ്റ്റ്ഹില്‍, മലാപ്പറമ്പ്, ബാലമന്ദിരം, ബാലുശ്ശേരി, നന്മണ്ട, കുരുവട്ടൂര്‍, കുന്ദമംഗലം, കക്കോടി എന്നീ ജലസംഭരണികളില്‍ നിന്നുള്ള ജലവിതരണം ഈ തിയ്യതികളില്‍ ഉണ്ടാവില്ല. കോവൂര്‍, പൊറ്റമ്മല്‍ ജലസംഭരണികളുടെ പരിസരങ്ങളില്‍ ഭാഗികമായി ജലവിതരണം ഉണ്ടായിരിക്കും.
 
മര്‍ക്കസ് യൂത്ത് സമ്മിറ്റില്‍ താരമായി പഞ്ചാബ് മന്ത്രിയും ക്രിക്കറ്റ് താമരവുമായി നവജോദ് സിംഗ് സിദ്ദു
പുതുപ്പാടി: മര്‍ക്കസ് യൂത്ത് സമ്മിറ്റില്‍ താരമായി പഞ്ചാബ് സാംസ്‌കാരിക വകുപ്പു മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താമരവുമായി നവജോദ് സിംഗ് സിദ്ദു. ഐക്യരാഷ്ട്രസഭയുടെ സംരഭങ്ങളും നയതന്ത്ര രീതികളും യുവാക്കള്‍ക്ക് പകര്‍ന്നു നല്‍കി അന്താരാഷ്ട്ര തലത്തിലുള്ള നേതൃത്വങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് യൂത്ത് സര്‍ക്യൂട്ടും മര്‍കസും സംയുക്തമായി സംഘടിപ്പിച്ച മര്‍കസ് യുണൈറ്റഡ് യൂത്ത് സമ്മിറ്റിലാണ് നവ്‌ജോദ് സിംഗ് ലിദ്ദു സദസ്സിനെ കയ്യിലെടുത്തത്.
 
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ തിളക്കത്തോടെ വെള്ളിമെഡല്‍ നേടിയ മുഹമ്മദ് സ്വാലിഹിന് വരവേല്‍പ്പ്
പുതുപ്പാടി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന പാരാലിമ്പിക്‌സ് ഏഷ്യന്‍ ഗെയിംസില്‍ കാഴ്ചയില്ലാത്തവരുടെ ചെസ് മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി വെള്ളി മെഡല്‍ നേടിയ പുതുപ്പാടി സ്വദേശി മുഹമ്മദ് സ്വാലിഹിന് ജന്‍മനാട്ടില്‍ ഉജ്വല സ്വീകരണം. പുതുപ്പാടി കാവുംപുറം പരേതനായ പി കെ അബ്ദുസ്സലാം മുസ്ലിയാരുടെ മകനായ മുഹമ്മദ് സ്വാലിഹ് ആണ് സ്വര്‍ണ തിളക്കത്തോടെ വെള്ളിമെഡല്‍ കരസ്ഥമാക്കിയത്. ഹരിയാനയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് മുഹമ്മദ് സ്വാലിഹ് ഏഷ്യന്‍ ഗെയിംസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
 
നാട്ടുകാരുടെ ഉറക്കം കെടുത്തിയ വിദേശ മദ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍
താമരശ്ശേരി: നാട്ടുകാരുടെ ഉറക്കം കെടുത്തിയ വിദേശ മദ്യ വില്‍പ്പനക്കാരന്‍ അറസ്റ്റില്‍. പുതുപ്പാടി കാക്കവയല്‍ ചോലപ്പറമ്പില്‍ മനോജിനെ(35)യാണ് താമരശ്ശേരി റെയ്ഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. എക്‌സൈസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് സ്‌കൂട്ടറില്‍ കറങ്ങി വിദേശ മദ്യ വില്‍പ്പന നടത്തുന്ന മനോജിനെ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കാക്കവയല്‍ അമ്പലമുക്ക് ഭാഗത്ത് സ്‌കൂട്ടറില്‍ എത്തി വിദേശ മദ്യം കൈമാറുന്നതിനിടെയാണ് എക്‌സൈസിന്റെ പിടിയിലായത്.
 
കമ്പ്യുട്ടറില്‍ ഹരിശ്രീ കുറിച്ച് കുട്ടികള്‍
താമരശ്ശേരി: മാറുന്ന കാലത്തില്‍ കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമൊരുക്കി താമരശ്ശേരി കോട്ടയില്‍ ഭഗവതി ക്ഷേത്രകമ്മറ്റിയും ജി ടെക് കമ്പ്യുട്ടര്‍ എഡ്യുക്കേഷന്‍ താമരശ്ശേരി സെന്ററും. ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങിനു ശേഷം കമ്പ്യുട്ടറിലും കുട്ടികള്‍ വിദ്യാരംഭം കുറിച്ചു. ക്ഷേത്ര പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലായിരുന്നു പരിപാടി. സാങ്കേതിക വിദ്യ കുതിച്ചു മുന്നേറുന്ന ഈ കാലഘട്ടത്തില്‍ ഈ ആശയം ജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. എഴുത്തിനിരുത്തിയ എല്ലാ കുരുന്നുകളും കമ്പ്യുട്ടറിലും അക്ഷരം കുറിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രാമനുണ്ണി നായര്‍, ജി ടെക് മാനേജര്‍ വിനീഷ് കെ ബി, ജി ടെക് അധ്യാപകരായ ജിഷ്ണു പി ആര്‍, അരുണ്‍ലാല്‍ ടി ഒ, ഷില്‍ജ ആര്‍, പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
വനം പരിശോധനക്കിടയില്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറും സംഘവും മാവോയിസ്റ്റുകളുടെ മുന്നില്‍ അകപ്പെട്ടു
താമരശ്ശേരി: വനത്തില്‍ പരിശോധനക്കുപോയ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള സംഘം മാവോയിസ്റ്റുകളുടെ മുന്നില്‍ അകപ്പെട്ടു. ഉള്‍ വനങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ധേശത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വയനാട് ചുരത്തിനോട് ചേര്‍ന്നുള്ള വനപ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് മാവോയിസ്റ്റുകളെ നേരില്‍ കണ്ടത്.
 
വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍; ബി ജെ പി പിന്തുണ
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവധിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍. ഹിന്തു പരിശത്ത്, ശബരിമല സംരക്ഷണ സമിതി എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുന്നുവെന്നും അയ്യപ്പ ഭക്തരെ പോലീസ് മര്‍ദ്ധിച്ചുവെന്നും ആരോപിച്ചാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ബി ജെ പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
 
പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ റിമാണ്ടില്‍
തൊട്ടില്‍പാലം: പോലീസിനെ വെട്ടിച്ച് കടന്ന പീഡന കേസ് പ്രതി അറസ്റ്റില്‍. തൊട്ടില്‍പാലം മരുതോങ്കല്‍ പയ്യന്റവിടെ താഴെകുനി ശ്രീഷ്(20) ആണ് കണ്ണൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതനിടെ കക്കട്ടില്‍ വെച്ച് പോലീസിന്റെ പിടിയിലായത്. പതിനാറുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസില്‍ ഒക്ടോബര്‍ 8 ന് അറസ്റ്റിലായ ശ്രീഷിനെ പിറ്റേ ദിവസം കോടതി റിമാണ്ട് ചെയ്തിരുന്നു. തെളിവെടുപ്പിനായി 15 ന് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘം മരുതോങ്കരയിലെ ശ്രീഷിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതി വീടിനുള്ളില്‍ കയറിയ ഉടനെ വാതില്‍ അടക്കുകയും പിന്നീട് പോലീസിനെ അക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു. ശ്രീഷിനെ രക്ഷപ്പെടാന്‍ സഹായിച്ച അച്ചന്‍ ശ്രീണിവാസന്‍, അമ്മ നിഷിധ, സുഹൃത്തുക്കളായ ചെമ്പനോട കളത്തേരില്‍ അഖില്‍സ സഹോദരന്‍ അമല്‍ ബിജു, പൂഴിത്തോട് കപ്പിലാമൂട്ടില്‍ ജോമറ്റ് എന്നിവരെ തൊട്ടില്‍പാലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാണ്ടിലാണ്. കണ്ണൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വൈകിട്ട് നാലരയോടെ കക്കട്ടില്‍ വെച്ചാണ് പ്രതി പോലീസിന്റെ വലയിലായത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.
 
കോഴിക്കോട്: തെറ്റായ സത്യവാങ്മൂലം നല്‍കി മുന്‍ഗണനാ/എ എ വൈ വിഭാഗത്തില്‍ റേഷന്‍ കാര്‍ഡുകള്‍ ലഭിച്ച അനര്‍ഹരായ കാര്‍ഡുടമകള്‍ ഈ മാസം 25 നകം കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അല്ലാത്ത പക്ഷം പിഴയും കൈപ്പറ്റിയ ഭക്ഷ്യധാന്യങ്ങളുടെ പൊതുവിപണിയിലെ വിലയും ഈടാക്കുന്നതും കാര്‍ഡുകള്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍/ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, ആദായനികുതി ഒടുക്കുന്നവര്‍, പ്രതിമാസ വരുമാനം 25000/ രൂപക്ക് മുകളിലുള്ള വിദേശത്തു ജോലി ചെയ്യുന്നവര്‍, സ്വന്തമായി ഒരേക്കറിനു മുകളില്‍ ഭൂമിയുള്ളവര്‍ (പട്ടിക വര്‍ഗ്ഗക്കാര്‍ ഒഴികെ), സ്വന്തമായി ആയിരം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടോ/ ഫഌറ്റോ ഉള്ളവര്‍, നാല് ചക്രവാഹനം സ്വന്തമായി ഉളളവര്‍ (ഉപജീവനമാര്‍ഗ്ഗമായ ടാക്‌സി ഒഴികെ), കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രതിമാസം 25000/ രൂപയില്‍ അധികം വരുമാനം ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ/ എ എ വൈ കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 
കോഴിക്കോട്: കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മത്സ്യതൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പട്ടികകള്‍ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന്റെ ഭാഗമായി 19 മുതല്‍ 27 വരെ മത്സ്യഗ്രാമങ്ങളില്‍ വിവരശേഖരണ ക്യാമ്പ് സംഘടിപ്പിക്കും. 2018 ല്‍ വാര്‍ഷിക വിഹിതമടച്ചവര്‍ക്ക് കുടുംബാംഗങ്ങള്‍ മുഖേനയോ, മറ്റോ വിവരശേഖരണ ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്. വാര്‍ഷിക വിഹിതമടക്കാത്തവര്‍ക്ക് ക്യാമ്പില്‍ നേരില്‍ ഹാജരായി വിഹിതമടക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ബയോമെട്രിക് കാര്‍ഡ് തുടങ്ങിയവയുടെ അസ്സലും ഫോണ്‍ നമ്പറുമായി ക്യാമ്പില്‍ ഹാജരാകണം. രേഖകളുടെ പകര്‍പ്പ് ആവശ്യമില്ല. മത്സ്യഗ്രാമം, തീയതി, സമയം, സ്ഥലം എന്നീ ക്രമത്തില്‍: തെക്കെകടപ്പുറം ഈ മാസം 19 ന് ഉച്ചയ്ക്ക് 2 മുതല്‍ 5 വരെ കോതി പാലത്തിന് വടക്കുവശം, പുതിയാപ്പ വടക്ക് 21, 22 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ അരയസമാജം, പുതിയങ്ങാടി 23 ന് അത്താണിക്കല്‍ ബീച്ചിലും 26 ന് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ എം കെ ടി പി സാംസ്‌കാരികനിലയം കോയ റോഡ് ബീച്ച്, ചാലിയം 22, 23,26 രാവിലെ 9 മുതല്‍ വൈകീട്ട് 5വരെ കൈതവളപ്പ് സഹകരണ സംഘം ഹാള്‍, മാറാട് 25ന് രാവിലെ 9 മുതല്‍ വൈകീട്ട് 5വരെ വായനശാല 27 ന് ഫിഷറീസ് എല്‍ പി സ്‌കൂള്‍.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies