18-Jun-2018 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
കൂടരഞ്ഞി: വാക്കുതര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടയാളെ ലോറി കയറ്റി കൊന്നു. മരഞ്ചാട്ടി കുമരഞ്ചേരി ഹസ്സന്‍(48) ആണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ചതഞ്ഞ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴ്മണിയോടെ മരഞ്ചാട്ടിയിലിയിരുന്നു സംഭവം. ലോറി ജീവനക്കാരും ബൈക്ക് യാത്രക്കാരനും തമ്മിലുണ്ടായ വാക്കു തര്‍ക്കം തടയാനെത്തിയതായിരുന്നു ഹസ്സന്‍. ഇതോടെ ലോറി ജീവനക്കാര്‍ ഹസ്സനുമായി വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ ഹസ്സന്റെ ദേഹത്തുകൂടെ ലോറി മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ലോറിക്കുമുകളില്‍ പിടിച്ചു കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. അല്‍പം മുന്നോട്ട് നീങ്ങിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ട ബൈക്കിലേക്ക് അടുപ്പിച്ച് ഹസ്സനെ നിലത്തു വീഴ്ത്തി. തുടര്‍ന്ന് ഹസ്സന്റെ ദേഹത്തുകൂടെ ലോറി ഓടിച്ച് കയറ്റുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചിരുന്നു. നിര്‍ത്താതെ പോയ ലോറി നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ കൈകാര്യം ചെയ്യുകയും ചെയ്തു. സാരമായി പരുക്കേറ്റ ലോറി ഡ്രൈവര്‍ മലപ്പുറം മേലാറ്റൂര്‍ സ്വദേശി ശഫീഖ്, ക്കകാടംപൊയില്‍ കള്ളിപ്പാടം ഖമറുദ്ദീന്‍ എന്നിവരെ മുക്കം പോലീസ് സ്ഥലത്തെത്തിയാണ് കെ എം സി ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുക്ക് പ്രദേശത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.
 
ഓമശ്ശേരി തെച്യാട് സ്‌കൂട്ടറില്‍ ടിപ്പറിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു.
ഓമശ്ശേരി: സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. തെച്യാട് തറോല്‍ പാറക്കല്‍ ആസിഫിന്റെ മകള്‍ ഫാത്തിഹയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ തെച്യാട് അങ്ങാടിക്ക് സമീപത്തായിരുന്നു അപകടം. ഓമശ്ശേരി പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിഹ ആസിഫിന്റെ പിതാവ് കോയക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെയാണ് ടിപ്പര്‍ ഇടിച്ചു വീഴ്തിയത്. തിരുവമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ എതിര്‍ ദിശയിലൂടെ ബസ്സ് വന്നതിനെ തുടര്‍ന്ന് ടിപ്പര്‍ ഇടത്തോട്ട് വെട്ടിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇരുവരെയും ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫാത്തിഹ മരിച്ചിരുന്നു. പരുക്കേറ്റ കോയ ചികിത്സയിലാണ്. ടിപ്പറുകളുടെ പരക്കം പാച്ചിലിനെതിരെ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
 
പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറക്കിയ അന്യസംസ്ഥാനക്കാരന്‍ ബസ്സിനുമുന്നില്‍ ചാടി മരിച്ചു
താമരശ്ശേരി: പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറക്കിയ അന്യസംസ്ഥാന തൊഴിലാളി കെ എസ് ആര്‍ ടി സി ബസ്സിനുമുന്നില്‍ ചാടി മരിച്ചു. താമരശ്ശേരി പോലീസ് സ്‌റ്റേഷന് മുന്‍വശത്തായിരുന്നു സംഭവം. മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നാണ് ബസ്സിനുമുന്നില്‍ചാടിയത്. ജാര്‍ഗണ്ഡ് സ്വദേശിയാണെന്നാണ് സംശയം. നാട്ടുകാരാണ് ഇയാളെ താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്. തുടര്‍ന്ന് ഭക്ഷണം വാങ്ങി നല്‍കാനായി എസ് ഐ ഇയാളെ ഹോട്ടലിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. റോഡ് മുറിച്ചു കടന്ന ഇയാള്‍ പെട്ടന്ന് റോഡിലേക്ക് തിരിയുകയും പഴയ ബസ്റ്റാന്റില്‍ നിന്നും ഡിപ്പോയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനുമുന്നിലേക്ക് വീഴുകയുമായിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്ന് ബസ്സിനുള്ളില്‍ നിന്നും പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 
സി ഐ ടി യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും സി പി ഐ എം നേതാവുമായ ടി ബാലന്‍ നായര്‍ അന്തരിച്ചു.
താമരശ്ശേരി: സി ഐ ടി യു കോഴിക്കോട് ജില്ലാ സെക്രട്ടറിയും സി പി ഐ എം താമരശ്ശേരി ഏരിയാ കമ്മറ്റി അംഗവുമായ ടി ബാലന്‍ നായര്‍ അന്തരിച്ചു. വ്യാഴാഴ്ച രാവിലെ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 
റോഡിന് കുറുകെ കിടന്ന ടിപ്പറില്‍ സ്‌കൂട്ടറിടിച്ച് യുവാവിന് ഗുരുതര പരുക്ക്; താമരശ്ശേരി വെഴുപ്പൂരില്‍ സംസ്ഥാന പാത ഉപരോധിച്ചു.
താമരശ്ശേരി: കാറുമായി കൂട്ടിയിടിച്ച് റോഡിന് കുറുകെ കിടന്ന ടിപ്പറിലിടിച്ച സ്‌കൂട്ടര്‍യാത്രക്കാരന് ഗുരുതര പരുക്ക്. മണിക്കൂറുകള്‍ റോഡിനു കുറുകെ കിടന്ന ടിപ്പര്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഒരുമണിക്കൂറോളം സംസ്ഥാന പാത ഉപരോധിച്ചു. സംസ്ഥാന പാതയില്‍ വെഴുപ്പൂര്‍ ഭാഗത്തായിരുന്നു സംഭവം. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തില്‍ ഇടത്തോട്ട് തിരിഞ്ഞ് റോഡിന് കുറുകെയായാണ് ടിപ്പര്‍ നിന്നത്. രാത്രി ഒമ്പത് മണിയോടെയാണ് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടര്‍ റോഡിന് കുറുകെ കിടന്ന ടിപ്പറില്‍ ഇടിച്ചത്. സാരമായി പരുക്കേറ്റ മുക്കം കുമരനല്ലൂര്‍ കൂടത്തിങ്കല്‍ ഉവൈസി(22)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിപ്പറില്‍ ഇടിച്ച് തലക്കാണ് സാരമായി പരുക്കേറ്റത്.
 
പൂനൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു.
പൂനൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കട്ടിപ്പാറ കല്ലുള്ളതോട് തുവ്വക്കടവ് സിദ്ധീഖ് ലത്വീഫി(35)യാണ് മരിച്ചത്. പരുക്കേറ്റ അയല്‍വാസി പെരുന്തോടിയില്‍ മുഹമ്മദ് റഫീഇ(18)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചേ മുക്കാലോടെ പൂനൂര്‍ എളേറ്റില്‍ വട്ടോളി റോഡില്‍ കാന്തപുരത്തിനും ചേപ്പാലക്കും ഇടയിലായിരുന്നു അപകടം. മലപ്പുറം മഅ്ദിന്‍ കാമ്പസില്‍നിന്നും കട്ടിപ്പാറയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡരികിലെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും സിദ്ധീഖ് ലത്വീഫി മരിച്ചിരുന്നു. ഖത്തറിലായിരു സിദ്ധീഖ് ലത്വീഫി മൂന്നുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. മയ്യിത്ത് നിസ്‌കാരം വൈകിട്ട് നാലിന് തലയാട് ജുമാ മസ്ജിദില്‍.
 
തിരുവമ്പാടി: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന അമ്മയും മകളും ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി പുന്നക്കല്‍ ഓളിക്കല്‍ ആദിവാസി കോളനിലെ അത്തിപ്പാറ ചെമ്പന്റെ ഭാര്യ മാധവി(57), മകള്‍ മിനി(35) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കോളനിക്ക് സമീപത്തായിരുന്നു അപകടം. സമീപത്തെ പറമ്പില്‍നിന്നും പുല്ലരിഞ്ഞ് വരികയായിരുന്ന ഇവര്‍ ഇലക്ട്രിക് പോസ്റ്റിന് അരികിലെത്തിയപ്പോള്‍ ഷോക്കടിച്ച് തെറിച്ച് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ ലൈനിലൂടെ വൈദ്യുതി പ്രവഹിച്ചതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
 
കൊടുവള്ളിയില്‍ സ്‌കൂട്ടറില്‍നിന്നും തെറിച്ചു വീണ വിദ്യാര്‍ത്ഥി ബസ്സിനുള്ളില്‍ പെട്ട് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്
കൊടുവള്ളി: സ്‌കൂട്ടറില്‍നിന്നും തെറിച്ചു വീണ വിദ്യാര്‍ത്ഥി കെ എസ് ആര്‍ ടി സി ബസ്സിനുള്ളില്‍ പെട്ട് മരിച്ചു. കൊടുവള്ളി ഗവണ്‍മെന്റ് യു പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി പാലക്കുറ്റി മൂക്കുന്നുമ്മല്‍ മമ്മുകുട്ടിയുടെ മകന്‍ റസല്‍ റഹ്മാന്‍(11) ആണ് മരിച്ചത്. അയല്‍വാസി എം കെ മുനീറിന്റെ മകന്‍ ആശിര്‍ സഹലിനെ(12) സാരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ ദേശീയപാതയില്‍ പാലക്കുറ്റി പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. സ്‌കൂളില്‍നിന്നും മടങ്ങവെ അയല്‍വാസിയുടെ സ്‌കൂട്ടറില്‍ കയറിയതായിരുന്നു ഇരുവരും. നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍നിന്നും തെറിച്ചു വീണ ഇരുവരും അടിവാരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ക്കുള്ളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് പ്രാധമിക നിഗമനം. സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്ക് പരുക്കില്ല.
 
തിരുവമ്പാടിയിലെ അടിവാരത്ത് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
പുതുപ്പാടി: തിരുവമ്പാടി നിയോജക മണ്ഡലത്തിലെ അടിവാരത്ത് കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ റസ്റ്റില്‍. ചുരം നാലാം വളവില്‍ കാഞ്ഞിറപറമ്പില്‍ സിദ്ദീക്ക്(29)നെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അടിവാരം എല്‍ പി സ്‌കൂളിലെ ആറാം ബൂത്തിലെ 448 സീരിയല്‍ നമ്പറിലുള്ള കുറുപ്പച്ചന്‍കണ്ടി ഷമീറിന്റെ വോട്ടു രേഖപ്പെടുത്താന്‍ എത്തിയപ്പോള്‍ എല്‍ ഡി എഫ് ബൂത്ത് ഏജന്റുമാര്‍ ഇയാലെ തിരിച്ചറിയുകയായിരുന്നു. ഷമീറിന്റെ സ്ലിപ്പും ചുരം രണ്ടാം വളവില്‍ താമസിക്കുന്ന ചാമുണ്ടിയില്‍ നിയാസിന്റെ തിരിച്ചറിയല്‍ കാര്‍ഡുമാണ് സിദ്ദീക്ക് ഹാജറാക്കിയത്. ഇതോടെ പ്രിസൈഡിംഗ് ഓഫീസര്‍ വിവരം പോലീസില്‍ അറിയിക്കുയായിരുന്നു. അടുത്തിടെ വിദേശത്തുനിന്നും എത്തിയ സിദ്ധീക്കിന്റെ പേര് വോട്ടര്‍ ലിസ്റ്റില്‍ ഇല്ല.
 
പുതുപ്പാടിയില്‍ മാവോയിസ്റ്റ് പോസ്റ്റര്‍; തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം
പുതുപ്പാടി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണമെന്ന ആഹ്വാനവുമായി മാവോയിസ്റ്റ് സംഘടനയായ പോരാട്ടത്തിന്റെ പോസ്റ്റര്‍. ഈങ്ങാപ്പുഴയിലും പഞ്ചായത്ത് ബസാറിലുമാണ് പോരാട്ടത്തിന്റെ പത്തോളം പോസ്റ്ററുകള്‍ പതിച്ചത്. വിനാശ വികസനത്ത്, സാമ്രാജ്യത്വ സേവകര്‍ക്ക്, ജന ശത്രുക്കള്‍ക്ക് നാം എന്തിനു വോട്ട് ചെയ്യണം എന്നാണ് പോരാട്ടത്തിന്റെ ചോദ്യം. കര്‍ഷകരെ, തൊഴിലാളികളെ, ആദിവാസികളെ, ദളിതരെ, മുസ്‌ലിംകളെ സ്ത്രീകളെ, മതന്യൂനപക്ഷങ്ങളെ ദേശീയതകളെ മര്‍ദ്ദിച്ചൊതുക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പല്ല വിമോചനത്തിന്റെ പാത, ജനകീയ പോരട്ടങ്ങളാണ്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, യതാര്‍ത്ഥ ജനാധിപത്യത്തിനായി പോരാടുക, ഇതാണ് പോസ്റ്ററിന്റെ പൂര്‍ണ രൂപം. സംഭവത്തില്‍ യു എ പി എ നിയമപ്രകാരം താമരശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. തൃശൂരും വയനാട്ടിലും പതിച്ച പോസ്റ്റുകള്‍ തന്നെയാണ് പുതിപ്പാടിയിലും പതിച്ചതെന്നാണ് സൂചന.
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
 
 

All rights reserved | Website developed and maintained by Zyonz Technologies