18-Feb-2019 (Mon)
 
 
 
ബാറിനു സമീപം യുവാവ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍
താമരശ്ശേരി: ബാറിനു സമീപം യുവാവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ ചമല്‍ പൂവന്മലയില്‍ വിജയന്റെ മകന്‍ റിബാഷ്(40) ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിന്റെ സമീപത്താണ് രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ റിബാഷിനെ കണ്ടെത്തിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് താമരശ്ശേരി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ബാറിനു മുന്നില്‍വെച്ച് റിബാഷും മറ്റൊരാളും തമ്മില്‍ വാക്കേറ്റമുണ്ടായതായും ഇതിനിടെ ബാറിലെ സെക്യൂരിറ്റി ജീവനക്കാര്‍ റിബാഷിനെ പിടിച്ച് തള്ളിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തലയടിച്ച് വീണതിനെ തുടര്‍ന്നുള്ള പരിക്കാണ് മരണകാരണമെന്നാണ് സൂചന. ബാറിലെ ഏതാനും സെക്യൂരിറ്റി ജീവനക്കാരെ ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 
പതിനഞ്ചുകാരിയെയുമായി ഒളിച്ചോടിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍
താമരശ്ശേരി: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെയുമായി ഒളിച്ചോടിയ കാമുകനും സുഹൃത്തുക്കളും അറസ്റ്റില്‍. കോഴിക്കോട് നല്ലളം സ്വദേശിയും വിദ്യാര്‍ത്ഥിനിയുടെ കാമുകനുമായ തച്ചമ്പലം വയല്‍ ഹാമിദ്(21), സുഹൃത്തുക്കളും നല്ലളം സ്വദേശികളുമായ കോയാസ് ബസാര്‍ കൈതവളപ്പ് സല്‍മാനുല്‍ ഫാരിസ്(21), അരീക്കാട് ഒതയമംഗലം വിഷ്ണു(22), പള്ളിപ്പറമ്പില്‍ അഫ്താബ് റഹ്മാന്‍(20), ആപ്പാട് അബ്ദുല്‍ ഹഫീഫ്(20) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒന്നാം തിയ്യതിയാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ തൊടുപുഴയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഹാമിദിനൊപ്പമാണ് വിദ്യാര്‍ത്ഥിനി ഒളിച്ചോടിയത്. ബൈക്കില്‍ വിവധ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം സുഹൃത്തുക്കളുമായി ഇടുക്കി, പത്തനംതിട്ട, എറണാകുളം, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെത്തി. പോലീസ് പിന്തുടരുന്ന വിവരം അറിഞ്ഞ് പരിഭ്രാന്തരായ ഇവര്‍ തൊടുപുഴയിലെത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടയിലാണ് പോലീസ് പിടികൂടിയത്. 17 വയസ്സ് കഴിഞ്ഞെന്നും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്നും പെണ്‍കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് നാടുവിട്ടതെന്നാണ് ഹാമിദ് പോലീസിന് മൊഴി നല്‍കിയത്. വിവരം സുഹൃത്തുക്കളെ അറിയിച്ചപ്പോള്‍ അവര്‍ സഹായത്തിന് ഒപ്പം ചേരുകയായിരുന്നുവെന്നും ഹാമിദ് മൊഴി നല്‍കി. ലൈംഗിക അതിക്രമത്തിന് പോക്‌സോ നിയമ പ്രകാരവും തട്ടിക്കൊണ്ടു പോകലിനുമാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
 
താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ശനിയാഴ്ച നാടിന് സമര്‍പ്പിക്കും
താമരശ്ശേരി: താമരശ്ശേരി താലൂക്കിലേക്ക് പുതുതായി അനുവദിച്ച സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസ് ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. എം എല്‍ എ മാരായ ജോര്‍ജ് എം തോമസ്, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. താമരശ്ശേരി ആസ്ഥാനമായി താലൂക്ക് രൂപീകരിച്ചതിന്റെ ഭാഗമായാണ് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്. ഒക്ടോബര്‍ ഒന്നിന് ഓഫീസ് നിലവില്‍ വന്നെങ്കിലും കെട്ടിട സൗകര്യം ഇല്ലാത്തതിനാല്‍ കോഴിക്കോട് ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചിരുന്നത്. താമരശ്ശേരി പുതിയ ബസ്റ്റാന്റിനോട് ചേര്‍ന്ന് മാനിപുരം റോഡിലെ സ്വകാര്യ കെട്ടിടത്തിലാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന് സൗകര്യം ഒരുക്കിയത്. അസിസ്റ്റന്റ് രജിസ്ട്രാര്‍, ഓഫീസ് ഇന്‍സ്‌പെക്ടര്‍, എ ആന്റ് ഇ, ഓഫീസ് അസിസ്റ്റന്റ്, പാര്‍ട് ടൈം സ്വീപര്‍ എന്നിവരുടെ ഓരോ തസ്തികകളാണ് പുതുതായി സൃഷ്ടിച്ചത്. കൂടാതെ കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളില്‍ നിന്നായി ആറ് ഇന്‍സ്‌പെക്ടര്‍മാരെ പുനക്രമീകരണത്തിലൂടെയും നിയമിച്ചിട്ടുണ്ട്. താമരശ്ശേരി താലൂക്കിലെ കൊടുവള്ളി നഗരസഭയിലെയും താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ, കിഴക്കോത്ത്, നരിക്കുനി, തിരുവമ്പാടി, കൂടരഞ്ഞി, പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലെയും നൂറ്റിപത്തോളം സഹകരണ സംഘങ്ങളാണ് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന് കീഴിലുള്ളത്. താമരശ്ശേരി, തിരുവമ്പാടി എന്നിങ്ങനെ രണ്ട് യൂണിറ്റുകളായാണ് പ്രവര്‍ത്തനം.
 
കാരാടി കുടുക്കിലുമ്മാരം റോഡ് നവീകരണം ആരംഭിച്ചു
താമരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയേയും താമരശ്ശേരി ടൗണിനെയും ബന്ധിപ്പിക്കുന്ന കാരാടി കുടുക്കിലുമ്മാരം റോഡിന് ശാപ മോക്ഷമാവുന്നു. പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുശ്കരമായ റോഡ് ആധുനിക രീതിയില്‍ നവീകരിക്കാന്‍ സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചതാണ് ആശ്വാസമാവുന്നത്. സംസ്ഥാന പാതയിലെ കുടുക്കിലുമ്മാരത്തുനിന്നും ദേശീയ പാതയിലെ താമരശ്ശേരി കാരാടിയിലെത്തുന്ന റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള കാരാട്ട് റസാഖ് എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്നാണ് പണം അനുവദിച്ചത്.
 
പരപ്പന്‍പൊയിലില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി
താമരശ്ശേരി: പരപ്പന്‍പൊയിലില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയെ കണ്ടെത്തി. താഴെ പരപ്പന്‍പൊയില്‍ മോഹന്‍ദാസിന്റെ മകള്‍ സാന്ദ്രയെയാണ് തൊടുപുഴയില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഈ മാസം ഒന്നിന് രാവിലെയാണ് സാന്ദ്രയെ കാണാതായത്. താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍, എസ് ഐ സായൂജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് തൊടുപുഴയില്‍ ഉളളതായ വിവരം ലഭിച്ചത്. വ്യാഴാഴ്ച രാവിലെയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാന്ദ്രയെ പോലീസ് കണ്ടെത്തിയത്. എസ് ഐ സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിദ്യാര്‍ത്ഥിനിയെയുമായി നാട്ടിലേക്ക് പുറപ്പെട്ടു.
 
നവാസ് ഈര്‍പ്പോണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ നവാസ് ഈര്‍പ്പോണയെ തിരഞ്ഞെടുത്തു. യു ഡി എഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ കെ വി മുഹമ്മദ് രാജിവെച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ നവാസ് ഈര്‍പ്പോണയെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഭരണ സമിതി യോഗത്തില്‍ മുസ്ലിംലീഗിലെ പി എസ് മുഹമ്മദലിയാണ് നവാസ് ഈര്‍പ്പോണയുടെ പേര് നിര്‍ദ്ധേശിച്ചത്. എല്‍ ഡി എഫിലെ പി എം ജയേഷ് മുസ്ലിംലീഗിലെ സൈനുല്‍ ആബിദീന്‍ തങ്ങളുടെ പേര് നിര്‍ദ്ധേശിച്ചെങ്കിലും സൈനുല്‍ ആബിദീന്‍ തങ്ങള്‍ താന്‍ മത്സരത്തിനില്ലെന്ന് തിരിച്ചടിച്ചു. തുടര്‍ന്ന് എല്‍ ഡി എഫിലെ രത്‌നവല്ലി പി എം ജയേഷിന്റെ പേര് നിര്‍ദ്ധേശിച്ചു.
 
കരിഞ്ചോലക്ക് അല്‍ ഇഹ്‌സാന്റെ സാന്ത്വന ഭവനം
കട്ടിപ്പാറ: കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് അല്‍ ഇഹ്‌സാന്റെ സാന്ത്വന ഭവനം. കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായാണ് ഒരു കുടുംബത്തിന് വീട് നിര്‍മിച്ച് നല്‍കുന്നത്. കേരള മുസ്ലിം ജമാഅത്ത് പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലെ ഒരു വീടാണ് അല്‍ ഇഹ്‌സാന്‍ ഏറ്റെടുത്തത്. വീടിന്റെ കുറ്റി അടിക്കല്‍ കര്‍മ്മം സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹമ്മദ്കൂട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. എ കെ കട്ടിപ്പാറ ദുബൈ, സി പി മൂസ്സ മുസ്ലിയാര്‍, അന്‍വര്‍ സഖാഫി വി ഒ ടി, ശംസുദീന്‍ സഅദി കൂരാച്ചുണ്ട്, പി പി സലീം, പി കെ അശ്‌റഫ് സംബന്ധിച്ചു.
 
അന്‍പത് ഗ്രാം കഞ്ചാവുമായി വിദ്യാര്‍ത്ഥി പിടിയില്‍
താമരശ്ശേരി: അന്‍പത് ഗ്രാം കഞ്ചാവുമായി വിദ്യാര്‍ത്ഥി താമരശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. ഉണ്ണികുളം എകരൂല്‍ വള്ളിയോത്ത് പന്നിവെട്ടും ചാലില്‍ ഇജിലാല്‍ മുഹമ്മദ്(18) ആണ് താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്‍വശത്തുനിന്ന് എക്‌സൈസിന്റെ പിടിയിലായത്. താമരശ്ശേരി റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണു, അസി. ഇന്‍സ്‌പെക്ടര്‍ കെ സദാനന്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മനോജ് കുമാര്‍, ടി നൗഫല്‍, ജിനീഷ്, വിവേക് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
 
നടക്കാവ്: സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ പൊതുവിദ്യാലയങ്ങളിലെ എല്ലാ കുട്ടികളുടെയും അക്കാദമിക നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ടാലന്റ് ലാബ്, വിദ്യാലയവും പരിസരവും ഒരു പാഠപുസ്തകം എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ജൈവ വൈവിധ്യ ഉദ്യാനവും ക്ലാസ് റൂം സാധ്യതകളും എന്നീ കൈപുസ്തകങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം ഈസ്റ്റ് നടക്കാവ് ജി യു പി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ടി കെ അരവിന്ദാക്ഷന്‍ പുസ്തകം ഏറ്റുവാങ്ങി. സമഗ്ര ശിക്ഷ കോഴിക്കോട് പ്രോജക്ട് ഓഫീസര്‍ എം കെ മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ ഡയറ്റ് ലക്ചറര്‍ കെ എസ് വാസുദേവന്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എ കെ അബ്ദുള്‍ ഹക്കീം, ഷാജി പി ടി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വസീഫ് വി, യു ആര്‍ സി നടക്കാവ് ബി പി ഒ ഹരീഷ് എന്നിവര്‍ സംസാരിച്ചു.
 
വയോ മൊബൈല്‍ ലാബ്, ദുരന്തനിവാരണ ടീം തുടങ്ങിയ നൂതന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്
കോഴിക്കോട്: വയോ മൊബൈല്‍ ലാബ്, പ്രാദേശിക ദുരന്തനിവാരണ ടീം തുടങ്ങിയ നൂതന പദ്ധതികള്‍ ഉള്‍പ്പെടുത്തി പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി മൂന്നാം വര്‍ഷ പദ്ധതികള്‍ രൂപം നല്‍കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വികസന സെമിനാര്‍ നടത്തി. ഡിപിസി ഹാളില്‍ നടന്ന സെമിനാര്‍ പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതികള്‍ സംസ്ഥാനത്ത് മികച്ച ഉണര്‍വുണ്ടാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പോസിറ്റീവായാണ് സംസ്ഥാനം വാര്‍ഷിക പദ്ധതികളെ സ്വീകരിച്ചത്. ജനകീയ ഇടപെടലുകളാണ് കേരളത്തിലെ സുപ്രധാന നേട്ടങ്ങള്‍ക്കാധാരമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ക്കായി എല്ലാ പഞ്ചായത്തിലും വയോ-മൊബൈല്‍ ലാബ് ആരംഭിക്കും. ഇതിലൂടെ 70 പഞ്ചായത്തുകളിലായി 70 ലാബ് ടെക്നീഷ്യന്‍മാരെ നിയമിക്കാന്‍ സാധിക്കും. ഇവര്‍ക്ക് ആവശ്യമായ വാഹനസൗകര്യം ഉള്‍പ്പെടെ അനുവദിക്കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 100 പേരുടെ സേന ആരംഭിക്കും. സേനയിലെ അംഗങ്ങള്‍ക്ക് ആവശ്യമായ പരിശീലനവും സജ്ജീകരണങ്ങളും തയ്യാറാക്കി നല്‍കും. എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് കൂടി എഡ്യുമിയ മൊബൈല്‍ ആപ് വ്യാപിപ്പിക്കും. വയോജനങ്ങള്‍, വികലാംഗര്‍, വിധവകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് 120 കോടി രൂപയുടെ കരട് രേഖയാണ് ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത്. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ജി ജോര്‍ജ്ജ് മാസ്റ്റര്‍ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, സജിത പി കെ, സുജാത മനക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ കെ ബാലന്‍, അഹമ്മദ് പുന്നക്കല്‍, വി ഡി ജോസഫ്, ടി കെ രാജന്‍ മാസ്റ്റര്‍, എ ടി ശ്രീധരന്‍, സെക്രട്ടറി പി ഡി ഫിലിപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies