12-Nov-2019 (Tue)
 
 
 
ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു
പൂനൂര്‍: പൂനൂര്‍ ഗാഥ കോളേജിലെ ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായ സമര്‍പ്പണവും നടത്തി. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ അവേലത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഗാഥ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റോഷന്‍ എന്‍ ജി മുഖ്യാതിഥിയായിരുന്നു. മാനേജര്‍ യു കെ ബാവ മാസ്റ്റര്‍ റോഷനെ ഉപഹാരം നല്‍കി ആദരിച്ചു.
 
സനാതനസാരഥി താമരശ്ശേരിയില്‍ യോഗ ദിനാചരണം നടത്തി
താമരശ്ശേരി: സനാതനസാരഥിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ യോഗ ദിനാചരണം നടത്തി. പത്മശ്രീ ജേതാവും പുരാവസ്തു ഗവേഷകനുമായ ഡോ. കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ ഇരു കൈകളും നീട്ടി യോഗയെ സ്വീകരിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത്ഭാ രതീയമായ പൈതൃകവും ചിന്താധാരകളുമാണെന്ന് ഡോ. കെ കെ മുഹമ്മദ് പറഞ്ഞു. ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ച് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ ശക്തി പകരുന്ന യോഗ ലോകത്തിന് ഭാരതം നല്‍കിയ മഹത്തായ സംഭാവനകളിലൊന്നാണ്. യോഗയുടെ ഗുണവശങ്ങള്‍ സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞ് സ്വായത്തമാക്കുന്നത് സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. ചടങ്ങില്‍ സനാതനസാരഥി പ്രസിഡണ്ട് എം കെ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദിനെ സനാതന എം കെ.അപ്പുക്കുട്ടന്‍ പൊന്നാട അണിയിച്ചു. ഗിരീഷ് തേവള്ളി ഉപഹാരം നല്‍കി. വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ കെ കെ മുഹമ്മദിനെ ഹാരമണിയിച്ചു. ബാബു നമ്പൂതിരി, ഗിരീഷ് തേവള്ളി, ടി എന്‍ രാമനുണ്ണി നായര്‍, ടി ഭാസ്‌ക്കരന്‍, നീലഞ്ചേരി ബാലകൃഷ്ണന്‍ നായര്‍, വി പി രാജീവന്‍, പി വി ദേവരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാധാകൃഷ്ണന്‍ ഉണ്ണികുളം സ്വാഗതവും എ കെ ബബീഷ് നന്ദിയും പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്വസ്തി യോഗ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍സ്ട്ട്രക്റ്റര്‍ യോഗാചാര്യന്‍ ശിവാനന്ദന്‍ വിശ്വകര്‍മ്മയുടെ നേതൃത്വത്തില്‍ സൗജന്യ യോഗക്ലാസ്സും പരിശീലനവും നടന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗപരിപാടിയില്‍ പൊതുജനങ്ങള്‍ പങ്കെടുത്തു. ശിവാനന്ദനെ എം കെ അപ്പുക്കുട്ടന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
 
മുഴുവന്‍ സ്ത്രീകളെയും യോഗ പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
കട്ടിപ്പാറ: മുഴുവന്‍ സ്ത്രീകളെയും യോഗ പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്. ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ് കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ട പരിശീലനത്തിന് തുടക്കമായി. കഴിഞ്ഞ വര്‍ഷമാണ് കട്ടിപ്പാറയില്‍ സ്ത്രീകള്‍ക്കുള്ള യോഗ പരിശീലനം ആരംഭിച്ചത്. ആറ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് 20 അംഗങ്ങളുള്ള ബാച്ചുകളായാണ് ആദ്യ ഘട്ടിത്തില്‍ യോഗ പരിശീലിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ മടിച്ചു നിന്നെങ്കിലും പിന്നീട് അവസരം ചോദിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. യോഗ പരിശീലിച്ചതോടെ ജീവിത ശൈലീ രോഗങ്ങളില്‍ വലിയ മാറ്റമുണ്ടായതായി പരിശീലനത്തിന് നേതൃത്വം നല്‍കുന്ന ഡോ. കെ പ്രവീണും സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും യോഗ പരിശീലിപ്പിക്കാനുള്ള പദ്ധതിയാണ് ഈ വര്‍ഷം ഗ്രാമപഞ്ചായത്ത് ആവിശ്കരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും യോഗ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശീലനത്തിന് സൗകര്യം ഒരുക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പരിശീലനം ആരംഭിക്കാനും പദ്ധതിയുണ്ട്. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ഡോ. കെ പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ എം തോമസ്, ബേബി ബാബു, മെമ്പര്‍മാരായ മുഹമ്മദ് ശാഹിം, എ ടി ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
മഴക്കെടുതി: പുല്ലാളൂരില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു
പുല്ലാളൂര്‍: കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. പുല്ലാളൂര്‍ കൂടത്തൂര്‍ മുബഷിറിന്റെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. മതിലിനോട് ചേര്‍ന്ന കിണറും അപകടാവസ്ഥയില്‍ ആയതോടെ ഭീതിയോടെയാണ് കുടുംബം കഴിയുന്നത്. അഞ്ച് ലക്ഷം രൂപയോളമാണ് നഷ്ടം കണക്കാക്കുന്നത്.
 
സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ജന്തുശാസ്ത്രവിഭാഗം സുവര്‍ണ ജൂബിലി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളോടെ ആഘോഷിക്കും. കോളേജില്‍ ചേര്‍ന്ന ആഘോഷ കമ്മിറ്റി രൂപീകരണ യോഗത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി ബാലു പൂക്കാട് രൂപകല്‍പ്പന ചെയ്ത ലോഗോ പ്രകാശനം ചെയ്തു. സെമിനാര്‍, എക്‌സിബിഷന്‍, പരിസ്ഥിതി ക്യാമ്പ്, ഹൈസ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം കെ രാഘവന്‍ എം പി, എം എല്‍ എമാരായ ഡോ. എം കെ മുനീര്‍, വി കെ സി മമ്മദ് കോയ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഷമീല്‍, നജ്മ, നമ്പിടി നാരായണന്‍ എന്നിവര്‍ രക്ഷാധികാരികളായും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ് ജയശ്രീ ചെയര്‍പേഴ്‌സണായും വകുപ്പ് മേധാവി ഡോ. യു കെ എ സലീം ജനറല്‍ കണ്‍വീനറായും സുവര്‍ണ ജൂബിലി ആഘോഷ കമ്മറ്റി രൂപീകരിച്ചു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഡോ. ഷീന പി, അബ്ദുള്‍ റിയാസ് എന്നിവര്‍ സംസാരിച്ചു.
 
ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
പുതുപ്പാടി: പഞ്ചായത്ത് ബസ്സാര്‍ യുവ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ രാകേഷ് ഉല്‍ഘാടനം ചെയ്തു. അമ്പുഡു ഗഫൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ആര്‍ എം റസാക്ക്, ഷംനാദ് പുതുപ്പാടി, ബാലന്‍ വള്ളിക്കെട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചാബില്‍ വെച്ച് നടന്ന നാഷണല്‍ സ്റ്റുഡന്റ് ഓളിംമ്പിക്‌സില്‍ ചാമ്പ്യന്മാരായ കേരള ഫുട്‌ബോള്‍ ടീമിന് വേണ്ടി ബൂട്ട് ആണിഞ്ഞ കളിക്കാരെയും രക്തദാനത്തിലൂടെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കുകയും സമൂഹത്തെ സേവിക്കുകയും ചെയ്യുന്ന ശ്രീജിത്ത് പുതുപ്പാടിയെയും പരിപാടിയില്‍ ആദരിച്ചു.
 
കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോളിക്കല്‍: കാളിക്കല്‍ ഈന്തോലങ്കണ്ടിയില്‍ സ്‌നേഹസന്ദേശം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് സ്പര്‍ശം ചാരിറ്റബിള്‍ സൊസൈറ്റി പൂനൂരിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. സ്‌നേഹസന്ദേശം ചാരിറ്റബിള്‍ ട്രസ്റ്റ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് മഞ്ചേരി, സലാം കല്പകഞ്ചേരി, അഫ്‌സല്‍ കോട്ടക്കല്‍, മുഹമ്മദ് ഏപ്പിക്ക, മുഹമ്മദ് ഷാജി പട്ടാമ്പി പങ്കെടുത്തു. മുഹമ്മദ് മോയത്ത്, മുഹമ്മദ് ഹസ്സന്‍ ദാരിമി, മുനീര്‍ നഹീമി, ഷമീര്‍ മോയത്ത്, നാസര്‍ കിഴമണ്ണില്‍, അഷ്റഫ് കെ പി, മുസ്തഫ പീറ്റയില്‍, മുജീബ് വേണാടി, കാദര്‍, മുഹമ്മദ് ഇ കെ, അബ്ദുറഹ്മാന്‍ ഹാജി, ഹസൈനാര്‍ ടി സി തുടങ്ങിയവര്‍ സംബന്ധിച്ചു.
 
2301 കിലോ ഇ വേസ്റ്റ് പുന:ചംക്രമണത്തിനായി അയച്ചു
കോഴിക്കോട്: ജില്ലാഭരണകൂടവും ഹരിതകേരളം മിഷനും ക്ലീന്‍ കേരള കാമ്പനിയുമായി ചേര്‍ന്ന് നടത്തി വരുന്ന ഇ വേസ്റ്റ് നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി സിവില്‍ സ്‌റ്റേഷനില്‍ നിന്നും ശേഖരിച്ച 2301 കിലോ ഇ വേസ്റ്റ് പുന:ചംക്രമണത്തിനായി കയറ്റി അയച്ചു. സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇ പി മേഴ്‌സി ഫ്‌ളാഗ് ഓഫ് ചെയ്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകേരളം മിഷന്‍ ആര്‍ പി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ മുഴുവന്‍ ഓഫീസുകളിലേയും ഇ വേസ്റ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം ആസൂത്രണം ചെയത് നടത്തിവരികയാണെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ് അറിയിച്ചു. സിവില്‍ സ്‌റ്റേഷനിലെ മറ്റ് ഓഫീസുകളില്‍ നിന്നുള്ള ഇ വേസ്റ്റ് അടുത്ത ആഴ്ച ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് ശേഖരണം നടത്തുന്നതാണ്.
 
താമരശ്ശേരിയില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ഓണത്തിന് ഒരു മുറം പച്ചക്കറി താമരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഹാജറ കൊല്ലരു കണ്ടി നിര്‍വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി മഞ്ജിത, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി സരസ്വതി, മുഹമ്മദലി, വസന്ത ചന്ദ്രന്‍, കൃഷി അസിസ്റ്റന്റുമാരായ ഹസീന ടി, ജാരിസ് പി കെ, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പച്ചക്കറിതൈകള്‍ സൗജന്യമായി കൃഷി ഭവനില്‍ നിന്നും വിതരണം ചെയ്യുന്നതാണ്.
 
കൊടുവള്ളിയില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി കൃഷി ഭവന്‍ കൊടുവള്ളിയുടെ ആഭിമുഖ്യത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ കൊടുവള്ളി നഗര സഭാതല ഉദ്ഘാടനം പറമ്പത്ത്കാവ് എ എം എല്‍ പി സ്‌കൂളില്‍ കൊടുവള്ളി കൃഷിഭവന്‍ കൃഷി ഓഫീസര്‍ എന്‍ എസ് അപര്‍ണ പച്ചക്കറി തൈകളും വിത്തുകളും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് സി കെ സുലൈഖയുടെ അധ്യക്ഷത വഹിച്ചു. പി ടി എ വൈസ് പ്രസിഡണ്ടുമാരായ സി കെ ജലീല്‍, പി കെ സുബൈര്‍, സൗഹൃദം ഗ്രൂപ്പ് ചെയര്‍മാന്‍ കെ പി അബ്ദുസ്സമദ്, കൃഷി അസി. ഓഫീസര്‍മാരായ എം കെ ഷാജു കുമാര്‍, കെ പി അനൂപ്, പി സി ഖാദര്‍ മാസ്റ്റര്‍, ടി ഷബീന ബീവി, ഹാഫിസ് പാലങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി പി എം മുഹമ്മദ് മാസ്റ്റര്‍ സ്വാഗതവും ഫസല്‍ ആവിലോറ നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies