11-Dec-2018 (Tue)
 
 
 
താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ മൂന്നാം തവണയും കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിന് കിരീടം
താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ മൂന്നാം തവണയും ആതിധേയരായ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിന് കിരീടം. സബ് ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, ഗേള്‍സ്, ഹൈസ്‌കൂള്‍, ഓവറോള്‍ എന്നിവയിലെല്ലാം ഒന്നാമതെത്തിയാണ് 230 പോയിന്റുമായി ഹോളി ഫാമിലി ഹാട്രിക് വിജയം നേടിയത്. 73 പോയിന്റ് നേടിയ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടഞ്ചേരിയാണ് രണ്ടാം സ്ഥാനത്ത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബേബി ബാബു, മദാരി ജുബൈരിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസ്, പ്രിന്‍സിപ്പാള്‍ ഷിവിച്ചന്‍ മാത്യൂ, പ്രധാനാധ്യാപകന്‍ എം എ അബ്രാഹം, സ്‌കൂള്‍ മാനേജര്‍ ജോസഫ് കൂനാനിക്കല്‍, ഹെഡ് മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, പി ടി എ പ്രസിഡന്റ് ബാബു, വൈസ് പ്രസിഡന്റ് ശ്രീജു വര്‍ഗീസ്, സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ കെ എം ജോസഫ്, വി ടി മിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
 
കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കായിക മേളയില്‍ പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കിരീടം നിലനിര്‍ത്തി
കൊടുവള്ളി: കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഇത്തവണയും പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കിരീടം നേടി. 399 പോയിന്റ് നേടിയാണ് വര്‍ഷങ്ങളായി കായിക മേളകളില്‍ ഒന്നാമതെത്തുന്ന പന്നൂര്‍ ഹയര്‍ സെക്കന്ററി കിരീടം നില നിര്‍ത്തിയത്. 237 പോയിന്റ് നേടി കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി രണ്ടാം സ്ഥാനവും 182.5 പോയിന്റ് നേടി എളേറ്റില്‍ എം ജെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി മുരളീ കൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഇടപ്പാടിയില്‍, പ്രിന്‍സിപ്പാള്‍ ഫാ. സിബി പൊന്‍പാറ, പി ടി എ പ്രസി കെ പി സദാശിവന്‍, പ്രധാനാധ്യാപിക ഇ ഡി ഷൈലജ, ഷാജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
 
പുതുപ്പാടിയില്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
പുതുപ്പാടി: കഞ്ചാവ് കേസിലെ പ്രതി കാല്‍ കിലോ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി. പുതുപ്പാടി ചിപ്പിലിത്തോട് തെക്കേക്കര വീട്ടില്‍ വര്‍ഗീസിനെ ( 50) യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കൈതപ്പൊയിലില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് വര്‍ഗ്ഗീസ് കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 ബി ബി 4943 നമ്പര്‍ സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു.
 
കെ വി മോയിന്‍കുട്ടിഹാജി അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും
കൊടുവള്ളി: കരുവന്‍പൊയില്‍ പൗരാവലിയും കെ വി മോയിന്‍കുട്ടിഹാജി മെമ്മോറിയല്‍ ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കെ വി മോയിന്‍കുട്ടിഹാജി അനുസ്മരണ സമ്മേളനവും പുരസ്‌കാര സമര്‍പ്പണവും 14ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കരുവന്‍പൊയിലില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ കൊടുവള്ളിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊടുവള്ളിയിലെയും പരിസരപ്രദേശങ്ങളിലെയും മതസാമൂഹികസാംസ്‌കാരികവിദ്യാഭ്യാസകാര്‍ഷിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വമായിരുന്നു കെ വി ഹാജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന കെ വി മോയിന്‍കുട്ടിഹാജി.
 
ഷോക്കടിച്ച് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍
താമരശ്ശേരി: ഷോക്കടിച്ച് ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തിരുവണ്ണാമല സ്വദേശി മേല്‍ മുരുക മണ്ഡൈ ആണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. 8 കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളും പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് കീഴിലെ എടത്തറ കണിയാട് ഭാഗത്തെ സ്വകാര്യ ഭൂമിയിലാണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. വന്യ ജീവികൡ നിന്നും കൃഷി സംരക്ഷിക്കാന്‍ സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍ നിന്നും ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് സംശയം. രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ആനയുടെ ജഢാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഭൂ ഉടമ കൊടുവള്ളി കളരാന്തിരി സ്വദേശി ഹുസ്സൈന്‍കുട്ടിയെ വനപാലകര്‍ അറസ്റ്റ് ചെയ്തിരുന്നു.
 
കുന്ദമംഗലത്ത് 6 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
കുന്ദമംഗലം: കുന്ദമംഗലത്ത് 6 കിലോയിലധികം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. നരിക്കുനി എരവന്നൂര്‍ തുവ്വാട്ടു വീട്ടില്‍ മുഹമ്മദ് റബി (21) നരിക്കുനി പുന്നശ്ശേരി കായലാട്ടുമ്മല്‍ മുഹമ്മദ് ആഷിക് (20) എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍ക്കാനായി കൊണ്ടുവന്ന കഞ്ചാവുമായി കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്‌റ്റോപ്പിന് സമീപത്തു വെച്ച് പിടിയിലായത്. കുന്ദമംഗലം പോലീസ് സബ് ഇന്‍സ്‌പെകടര്‍ എസ് ബി കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ നരിക്കുനി, പാറന്നൂര്‍, ചേളന്നൂര്‍, കാരക്കുന്നത്ത്, തടമ്പാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായവര്‍. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തുകയാണ് ഇവരുടെ രീതി. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെക്ക് റിമാന്റ് ചെയ്തു.
 
കോഴിക്കോട്: നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക് തല കായിക മേള ഈ മാസം 27 ന് തുടങ്ങും. ഫുട്‌ബോള്‍, വോളീബോള്‍ ഷട്ടില്‍ എന്നീ ഇനങ്ങളിലാണ് ബ്ലോക്ക് തല മത്സരം. അത്‌ലറ്റിക് മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രം. ടീം അംഗങ്ങള്‍ 15-29 പ്രായ പരിധിയിലുളളവരും, ക്ലബ് അംഗങ്ങളുമായിരിക്കണം. ക്ലബുകള്‍ 20 നകം നെഹ്‌റു യുവ കേന്ദ്ര ഓഫീസില്‍ നേരിട്ടോ dyc.kozhikode@gmail.com എന്ന ഇമെയിലോ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04952371891.
 
കോഴിക്കോട്: അമ്പതിനു മുകളില്‍ പ്രായമുള്ള അഗതികളായ വിധവകളെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിക്ക് വനിത ശിശു വികസന വകുപ്പ് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഈ മാസം 20 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് തൊട്ടടുത്തുള്ള ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 0495 2375760.
 
ക്യാമ്പസസ് ഓഫ് കോഴിക്കോട് മികച്ച കലാലയങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബന്ധതയും സേവന മനോഭാവവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാഭരണ കൂടം ആരംഭിച്ച ക്യാമ്പസസ് ഓഫ് കോഴിക്കോട് വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തിയാക്കി. ഒരു വര്‍ഷത്തിനിടെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ മികച്ച കലാലയത്തിനുള്ള അവാര്‍ഡ് ലിസ്സ കോളേജിന് ലഭിച്ചു. ഫറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. കെ എം സി ടി കോളേജ്, ലിസ്സ കോളേജ്, പ്രൊവിഡന്‍സ് കോളേജ്, ഗോകുലം കോളേജ്, ഫാറൂഖ് കോളേജ്, സെന്റ് സേവ്യേഴ്‌സ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റേകി. പ്രളയത്തിന് മുന്‍പും പ്രളയവും പ്രളയനാന്തരവും കേരളം എന്ന ആശയത്തില്‍ 5 മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രതീകാത്മക നൃത്താവിഷ്‌ക്കാരവും വിദ്യാര്‍ത്ഥികളുടെ സംഗീത പരിപാടികളും ചടങ്ങില്‍ നടന്നു. 15 അവാര്‍ഡുകള്‍ ആണ് ചടങ്ങില്‍ വിതരണം ചെയ്തത്.
 
ലോക മാനസികാരോഗ്യ ദിനം: ഫ്ളാഷ് മോബ് നടത്തി
കോഴിക്കോട്: ലോക മാനസികാരോഗ്യദിനത്തില്‍ യുവാക്കളിലെ മാനസീകാരോഗ്യം എന്ന പ്രമേയത്തെ ആസ്പദമാക്കി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോഴിക്കോട് കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ എന്‍ എസ് എസ് ജില്ലാ ഘടകവും വിപി എസ് ഹയര്‍സെക്കന്റെറി സ്‌കൂളിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. കുതിരവട്ടം മാനസീകാരോഗ്യ കേന്ദ്രത്തില്‍ നടന്ന ഫ്ളാഷ്മോബിന്റെ ഉദ്ഘാടനം ജില്ലാകലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. 22 വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് പരിപാടി അവതരിപ്പിച്ചത്. മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലും പരിപാടി നടത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജിഷിത നതൃത്വം നല്‍കി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies