11-Dec-2018 (Tue)
 
 
 
55 ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃത രക്ഷാകര്‍ത്താവിനെ നിയോഗിച്ചു
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് നാഷണല്‍ ട്രസ്റ്റ് ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ഹിയറിംഗില്‍ 55 പേര്‍ക്ക് നിയമാനുസൃത രക്ഷാകര്‍ത്താവിനെ നിയമിച്ച് ജില്ലാ കലക്ടര്‍ യു വി ജോസ് ഉത്തരവായി. ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി എന്നിവ ബാധിച്ചവരുടെ അപേക്ഷയിലാണ് ഹിയറിംഗ് നടത്തിയത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിംഗില്‍ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി കണ്‍വീനര്‍ സിക്കന്തര്‍, കമ്മിറ്റി അംഗം ഡോ. പി ഡി ബെന്നി, ജില്ലാ രജിസ്ട്രാര്‍ പി വിലാസിനി, ഡോ ലതിക വി ആര്‍ തുടങ്ങിയവര്‍ അപേക്ഷകള്‍ പരിഗണിച്ചു.
 
കോഴിക്കോട്: മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈന്‍മെന്റ് മന്ത്രിസഭായോഗം അംഗീകരിച്ചു. പുതുക്കിയ അലൈന്‍മെന്റ്: പാലുവായ് (ജില്ലാ അതിര്‍ത്തി) - വിലങ്ങാട് - കുന്നുകുളം - കായക്കൊടി - തൊട്ടില്‍പ്പാലം - മുള്ളന്‍കുന്നി - ചെമ്പനോട - പെരുവണ്ണാമൂഴി - ചക്കിട്ടപാറ - ചെംമ്പ്ര - കൂരാച്ചുണ്ട് - കല്ലാനോട് - തലയാട് - മലപ്പുറം - തൈയ്യംപാറ - തേവര്‍മല - കോഴഞ്ചേരി - മീന്‍മുട്ടി - നെല്ലിപ്പൊയില്‍ - പുല്ലൂരാംപാറ - പുന്നക്കല്‍ - കൂടരഞ്ഞി - കൂമ്പാറ - ആനക്കല്ലുംപാറ - താഴേ കക്കാട് - കക്കാടംപൊയില്‍ (ജില്ലാ അതിര്‍ത്തി).
 
കോഴിക്കോട്: ജില്ലയിലെ ചേമഞ്ചേരി മുതല്‍ ഇരിങ്ങല്‍ വരെയുള്ള തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് ഒക്ടോബര്‍ 12 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം കെ ദാസന്‍ എം എല്‍ എ നിര്‍വഹിക്കും. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി എടക്കുളം മാടാക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ രാവിലെ 8 മുതല്‍ 2 മണി വരെ നടക്കുന്ന ക്യാമ്പില്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ഇ എന്‍ ടി, ഹൃദ്രോഗം, നേത്രരോഗം, കുട്ടികളുടെരോഗം, എല്ലുരോഗം, ചര്‍മ്മരോഗം തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെയും കൂടാതെ ആയുര്‍വേദ ഡോക്ടര്‍മാരുടെയും സേവനം ലഭിക്കും. ഇ സി ജി, പ്രഷര്‍, ഷുഗര്‍ ടെസ്റ്റുകളും സൗജന്യമായി നല്‍കും.
 
താമരശ്ശേരി മിനി ബൈപ്പാസ് റോഡില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കി വിട്ടു
താമരശ്ശേരി: താമരശ്ശേരി ടൗണിനോട് ചേര്‍ന്ന ജനവാസ കേന്ദ്രത്തില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കി വിട്ടു. മിനി ബൈപ്പാസ് റോഡിലെ ഓവുചാലിലാണ് ഇരുട്ടിന്റെ മറവില്‍ സെപ്റ്റിക് മാലിന്യം ഒഴുക്കി വിട്ടത്. ഇന്നലെ പുലര്‍ച്ചെ പ്രദേശത്തുനിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കിവിട്ടതായി കണ്ടെത്തിയത്. ഓവുചാലിലും സമീപത്തെ തോട്ടിലും മാലിന്യം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ബ്ലീച്ചിംഗ് പൗഡര്‍ വിതറിയെങ്കിലും തോട്ടിലേക്ക് ഒഴുകിയതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. ചൊവ്വാഴ്ച പകല്‍ സംശയാസ്പത സാഹചര്യത്തില്‍ ടാങ്കര്‍ ലോറി രണ്ടുതവണ ഇതു വഴി വന്നിരുന്നതായി തൊഴിലുറപ്പ് തൊഴിലാളികള്‍ പറയുന്നു. സീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്താനാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. താമരശ്ശേരി വെഴുപ്പൂര്‍ ഭാഗത്ത് പതിവായി സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതിനെ തുടര്‍ന്ന് ജനകീയ പെട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മാലിന്യം ഒഴുക്കാന്‍ ആളൊഴിഞ്ഞ മറ്റു പ്രദേശങ്ങള്‍ കണ്ടെത്തിയത്.
 
പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡനില്‍ പോ ആര്‍ട്ടറി എക്‌സിബിഷന് തുടക്കം
പൂനൂര്‍: പൂനൂര്‍ മര്‍ക്കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാപരിപാടിയുടെ ഭാഗമായി ബി പൊളിറ്റിക്കല്‍ ബി പോയറ്റിക്കല്‍ എന്ന വിഷയത്തില്‍ അവതരിപ്പിക്കുന്ന പോ ആര്‍ട്ടറി എക്‌സിബിഷന്‍ യുവ കവി ജിത്തു തമ്പുരാന്‍ ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ അതിജീവനത്തിന് വേണ്ടി പോരാടിയ മാല്‍കം എക്‌സിന്റെ സ്മരണയില്‍ 40 മീറ്റര്‍ വരുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വാളിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സിബിഷന്‍ വാളില്‍ കവിത എഴുതിയാണ് ജിത്തു തമ്പുരാന്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. താന്‍ എഴുതിയ കവിതാ സമാഹരണങ്ങളുടെ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു. മുന്നൂറോളം സ്ലൈഡുകളിലായി കവിത, കഥ, ആര്‍ട്ട്, കാലിഗ്രഫി എന്നിവയുടെ പ്രാദര്‍ശനമാണ് എക്‌സിബിഷനില്‍ ഒരുക്കിയിരിക്കുന്നത്. വരയും വാക്കും ചിന്തകളും അതിര്‍വരമ്പുകളെ കൊണ്ട് ചങ്ങലയിടപ്പെടുന്ന നവ സാഹചര്യത്തില്‍ അനീതിക്കും അക്രമണങ്ങള്‍ക്കുമെതിരെയുള്ള സര്‍ഗ്ഗ യുവത്വത്തിന്റെ നിശബ്ദ പ്രതിക്ഷേധത്തിന്റെ പ്രതിരൂപമാണ് എക്‌സിബിഷന്‍.
 
കോഴിക്കോട്: തിക്കോടി ചിങ്ങപുരം വന്‍മുകം എളമ്പിലാട് എംഎല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലോകതപാല്‍ ദിനത്തില്‍ കലക്ടറേറ്റിലെത്തി ജില്ലാകലക്ടര്‍ യു വി ജോസിന് അഭിനന്ദന കത്തു കൈമാറി. കേരളത്തെ പ്രളയം വിഴുങ്ങിയപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും പ്രളയാനന്തരഘട്ടങ്ങളിലും ശ്രദ്ധേയ ഇടപെടലുകള്‍ നടത്തി കോഴിക്കോടിന്റെ പേരും പെരുമയും വാനോളം ഉയര്‍ത്തിയ ജില്ലാകലക്ടര്‍ക്ക് അഭിനന്ദനങ്ങളറിയിച്ചു കത്തു തയാറാക്കിയാണ് നാലാംക്ലാസുകാരായ പതിനാലു വിദ്യാര്‍ഥികള്‍ സ്‌കൂള്‍ലീഡര്‍ ഹൈഫ ഖദീജയുടെ നേതൃത്വത്തില്‍ കലക്ടറുടെ ചേംബറിലെത്തിയത്. ഒത്തിരി ദൂരം സഞ്ചരിച്ചു തന്നെ കാണാനെത്തിയ കൊച്ചുകൂട്ടുകാരെ അഭിനന്ദിച്ച കലക്ടര്‍ അവരോടൊപ്പം അരമണിക്കൂറോളം സംവദിക്കുകയും അവരൊരുമിച്ച്് പാടിയ പ്രാര്‍ഥനാ ഗീതം ആസ്വദിക്കുകയും ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളും ടിവി റിപ്പോര്‍ട്ടുകളും കുട്ടികളെ കാണിക്കാറുണ്ടായിരുന്നുവെന്നും ഒരു ടിവി റിപ്പോര്‍ട്ടില്‍ കോഴിക്കോട്ടുകാരുടെ സ്‌നേഹത്തെക്കുറിച്ചു പറയുന്നതിനിടെ കലക്ടറുടെ കണ്ണു നിറഞ്ഞത് അവരില്‍ അദ്ദേഹത്തോടുള്ള മതിപ്പ് ഇരട്ടിയാക്കിയെന്നും അധ്യാപകന്‍ പി കെ അബ്ദുറഹ്മാന്‍ പറഞ്ഞു. കത്തുകളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയായാണ് ഇതിനായി ലോകതപാല്‍ദിനം തന്നെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. വി ടി ഐശ്വര്യ, പി നൂറുല്‍ ഫിദ, നിഹാല്‍ അഫ്‌സല്‍, ആയിശ മെഹ്ന എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെത്തിയത്.
 
കോഴിക്കോട്: ലോകപഞ്ചഗുസ്തി മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് തുര്‍ക്കിയിലേക്കു പോവാന്‍ നാട്ടുകാരും ബന്ധുക്കളും സമാഹരിച്ചു നല്‍കിയ തുകയില്‍ നിന്നു 25,000 രൂപ ദുരിതാശ്വാസനിധിയിലേക്കു നല്‍കി തന്റെ സ്വര്‍ണത്തിളക്കത്തിനു മാറ്റുകൂട്ടിയിരിക്കയാണ് എം കെ ശ്രേയ എന്ന താരം. നടക്കാവ് എച്ച്എസ്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രേയ കലക്ടര്‍ യു വി ജോസിനു ചെക്ക് കൈമാറി. ശ്രേയയുടെ വലിയ മനസ്സിനെ അഭിനന്ദിച്ച കലക്ടര്‍ ശ്രേയ എല്ലാ വിദ്യാര്‍ഥികള്‍ക്കും മാതൃകയാവട്ടെയെന്നും ആശംസിച്ചു. താരത്തിന് വിജയാശംസകള്‍ നേരാനും അദ്ദേഹം മറന്നില്ല. ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നടന്ന നാഷണല്‍ ലെവല്‍ പഞ്ചഗുസ്തിമത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടിയാണ് ഈ താരം തുര്‍ക്കിയില്‍ ഈ മാസം 13 മുതല്‍ 22 വരെ നടക്കുന്ന ലോകപഞ്ചഗുസ്തി മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. തുര്‍ക്കിയിലേക്കു പോവുന്ന 32 അംഗ ടീമില്‍ ശ്രേയ ഉള്‍പ്പെടെ മൂന്നുമലയാളികളാണ് ഉള്ളത്. കക്കോടി വുമന്‍സ് കോളജിലെ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പമെത്തിയാണ് തുക കൈമാറിയത്. കക്കോടി മൂക്കാടത്തി കണ്ടി സന്ദീപ് സത്യന്റെയും അധ്യാപിക കെ പി ജിജിനി യുടെയും മകളാണ് ശ്രേയ.
 
ബ്ലൂ ഫ്‌ലാഗ്; കാപ്പാട് ബീച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
കോഴിക്കോട്: കോഴിക്കോട് കാപ്പാട് ബീച്ചിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ് ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ അറിയപ്പെടുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കറ്റിലൂടെ ലഭ്യമാകുക. കാപ്പാട് ബീച്ച് ബ്ലൂ ഫ്‌ലാഗ് സര്‍ട്ടിഫിക്കേഷനു വേണ്ടി പരിഗണിക്കുന്ന കേരളത്തിലെ ആദ്യ ബീച്ചാണ്. ഇന്ത്യയില്‍ നിന്നും ആകെ പതിനാല് ബീച്ചുകളാണ് ബ്ലൂ ഫ്‌ലാഗിനു വേണ്ടി പരിഗണിച്ചിട്ടുള്ളത്. സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാകുന്നതോടെ കാപ്പാട് ലോക ടൂറിസം ഭൂപടത്തിലിടം പിടിക്കുമെന്നും ബീച്ചിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം പതിന്‍മടങ്ങാകുമെന്നും കലക്ടര്‍ പറഞ്ഞു. ബീച്ച് ടൂറിസത്തില്‍ വെള്ളത്തിന്റെ ഗുണനിലവാരം വളരെ പ്രധാനമാണ്. ബീച്ച് നല്ല രീതിയില്‍ പരിപാലിക്കുന്നതില്‍ തദ്ദേശ വാസികളുടെ പങ്ക് വളരെ വലുതാണ്. ധൈര്യമായി വെള്ളത്തിലിറങ്ങി കുളിക്കാന്‍ കഴിയുന്ന തരത്തില്‍ സംരക്ഷിക്കപ്പെടണം. കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ കീഴില്‍ പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനവുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. എട്ട് കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത് നാല് കോടി പദ്ധതിക്കും നാല് കോടി പരിപാലനത്തിനുമാണെന്നും കലക്ടര്‍ പറഞ്ഞു. അന്താരാഷ്ടനിലവാരത്തിലേക്ക് കാപ്പാട് ബീച്ചിനെ കൊണ്ടുവരുന്നതിനും കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിനും ബീച്ച് എണ്‍വയേണ്‍മെന്റ് ആന്റ് മാനേജ്‌മെന്റ് സര്‍വീസസ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയായിരിക്കും ബീച്ചിന്റെ നിലവാരമുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കേന്ദ്ര പരിസ്ഥിതി വകുപ്പിലെ സഞ്ജയ് ജാല വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ വാസികള്‍ക്കും ബോധവല്‍ക്കരണ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് അശോകന്‍ കോട്ട്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിത കുമാരി, ഡിടിപിസി എക്‌സിക്യുട്ടീവ് മെമ്പര്‍ കെ ടി രാധാകൃഷ്ണന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് എക്‌സി. എഞ്ചിനീയര്‍ മുഹമ്മദ് അന്‍സാരി, കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സത്യനാഥന്‍, വാര്‍ഡ് മെമ്പര്‍മാരായ അഫ്‌സ, മനാഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
കോഴിക്കോട്: ന്യായ വില പുനര്‍നിര്‍ണ്ണയ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാതല കമ്മിറ്റിയുടെ പ്രഥമ യോഗം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സബ്കലക്ടര്‍ വി വിഘ്‌നേശ്വരി എ ഡി എം. രോഷ്‌നി നാരായണന്‍ ഡെപ്യൂട്ടി കലക്ടര്‍മാരായ സി ബിജു, എന്‍ റംല, സജീവ് ദാമോദര്‍, ഷാമില്‍ സെബാസ്റ്റ്യന്‍, വടകര റവന്യു ഡിവിഷന്‍ ഓഫീസര്‍ വി പി അബ്ദു റഹ്മാന്‍, തഹസില്‍ദാര്‍മാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
എം എന്‍ പാലൂരിന് അന്ത്യാഞ്ജലി
കോഴിക്കോട്: അന്തരിച്ച മലയാളത്തിലെ മുതിര്‍ന്ന കവിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എം എന്‍ പാലൂരിന് സാംസ്‌കാരിക കേരളം വിട നല്‍കി. കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയില്‍ പെട്ട നിരവധിയാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ജില്ലാ കലക്ടര്‍ യു വി ജോസും ജില്ലാ ഭരണകൂടത്തിനു വേണ്ടി എ ഡി എം. രോഷ്‌നി നാരായണനും മൃതദേഹത്തില്‍ പുഷ്പ ചക്രമര്‍പ്പിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies