11-Dec-2018 (Tue)
 
 
 
തഹസില്‍ദാരെ അപായപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ അറസ്റ്റില്‍
കുറ്റിയാടി: ഡപ്യൂട്ടി തഹസില്‍ദാരെയും സംഘത്തെയും ടിപ്പര്‍ ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കൊയിലാണ്ടി ഡപ്യൂട്ടി തഹസില്‍ദാര്‍ പി ശശിധരനെയും സംഘത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ച ടിപ്പര്‍ ഡ്രൈവര്‍ തോടന്നൂര്‍ കന്നിനട ചെറിയവളപ്പില്‍ മുസ്തഫയെ(39)യാണ് കുറ്റിയാടി എസ് ഐ. പി എസ് ഹരീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30നു പുലര്‍ച്ചെ 6 മണിക്ക് വേളം പളളിയത്ത് വച്ചായിരുന്നു സംഭവം. ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പെരിഞ്ചേരി കടവില്‍ നിന്ന് അനധികൃതമായി മണല്‍ കയറ്റി വരികയായിരുന്ന ടിപ്പര്‍ തടയാനുള്ള ശ്രമത്തിനിടെയാണ് തഹസില്‍ദാരെ അപായപ്പെടുത്താനുള്ള നീക്കം നടന്നത്. ടിപ്പര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട പ്രതി വിവിധയിടങ്ങളില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. നാദാപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 
താമരശ്ശേരി ഫെസ്റ്റിന്റെ കാറ് സലോമി ജോസിന്
താമരശ്ശേരി: കേരളവ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ കാറ് മൈക്കാവ് സ്വദേശിനി സലോമി ജോസിന്. കൂപ്പണ്‍ നമ്പര്‍ 154917 നാണ് മെഗാ ബംബര്‍ സമ്മാനമായ ഇയോണ്‍ കാറ് ലഭിച്ചത്. മെഗാ ബംബര്‍ നറുക്കെടുപ്പ് സി മോയിന്‍കുട്ടി നിര്‍വ്വഹിച്ചു. പ്രോത്സാഹന സമ്മാനങ്ങളായ ഫ്രിഡ്ജ്, ടി വി, വാഷിംഗ് മെഷീന്‍, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് യഥാക്രമം ഷിബുകുമാര്‍, സജീന്ദ്രന്‍, റംല, സുഹറ എന്നിവര്‍ അര്‍ഹരായി. ചടങ്ങില്‍ കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡണ്ട് അമീര്‍ മുഹമ്മദ് ഷാജി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജിത, കെ സരസ്വതി, റെജി ജോസഫ്, മസൂദ്, നാസര്‍, മുഹമ്മദലി, ഹാഫിസ് റഹ്മാന്‍, മജീദ്, മോഹനന്‍, മുര്‍ത്താസ്, നൗഷാദ് ചെമ്പ്ര, അബ്ദു എന്നിവര്‍ പ്രസംഗിച്ചു.
 
ശബരിമല: താമരശ്ശേരിയില്‍ ദേശീയ പാത ഉപരോധിച്ചു
താമരശ്ശേരി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ താമരശ്ശേരിയില്‍ ദേശീയ പാത ഉപരോധിച്ചു. ശബരിമല കര്‍മ്മ സമിതി എന്ന പേരിലാണ് പ്രതിഷേധ റാലിയും ഉപരോധവും സംഘടിപ്പിച്ചത്.
 
താമരശ്ശേരി താലൂക് ഓഫീസിലേക്ക് യു ഡി എഫ് മാര്‍ച്ച്
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍ക്ക് റവന്യു- പോലീസ് അധികൃതര്‍ ഒത്താശ ചെയ്യുന്നുവെന്നും കട്ടിപ്പാറ കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 14 പേരുടെ കുടുംബത്തോടും കൃഷിഭൂമികള്‍ നഷ്ടപ്പെട്ട കര്‍ഷകരോടും സര്‍ക്കാരും, പ്രാദേശിക ഭരണകൂടവും അവഗണന കാണിക്കുന്നുവെന്നും ആരോപിച്ച് കട്ടിപ്പാറ പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി താമരശ്ശേരി താലൂക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി മോയിന്‍കുട്ടി ഉത്ഘാടനം ചെയ്തു.
 
പൊതു കുളവും തോടും കയ്യേറി കെട്ടിടം നിര്‍മിച്ചതായി പരാതി
കോടഞ്ചേരി: പൊതു കുളവും തോടും കയ്യേറി സ്വകാര്യ വ്യക്തി കെട്ടിടം നിര്‍മിച്ചതായി പരാതി. കോടഞ്ചേരി പഞ്ചായത്തിലെ ആനിക്കോട് അങ്ങാടിയിലാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള കുളവും തോടും ഉള്‍പ്പെടെ കയ്യേറി ചട്ടങ്ങള്‍ പാലിക്കാതെ ഇരു നില കെട്ടിടം നിര്‍മിച്ചത്. അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രദേശ വാസി സൗജന്യമായി നല്‍കിയ സ്ഥലത്ത് ജനകീയ പങ്കാളിത്തോടെ നിര്‍മിച്ച കുളത്തിനോട് ചേര്‍ പഞ്ചായത്തില്‍ നിന്നും ലഭിച്ച അനുമതി പ്രകാരം ആദ്യം കെട്ടിടം നിര്‍മിക്കുകയും പിന്നീട് പൊതു കുളം ഉള്‍പ്പെടെ കയ്യേറി കെട്ടിടം വിപുലീകരിക്കുകയുമായിരുന്നുവെന്ന് നാട്ടുകാരും വാര്‍ഡ് മെമ്പര്‍മാരും പറയുന്നു.
 
കരിഞ്ചോല ഉരുള്‍പൊട്ടല്‍: ഉപജീവന മാര്‍ഗ്ഗം കണ്ടെത്താന്‍ പ്യൂപ്പിള്‍സ് ഫൗണ്ടേഷന്റെ കൈതാങ്ങ്
കട്ടിപ്പാറ: കട്ടിപ്പാറ കരിഞ്ചോലയിലെ ഉരുള്‍പൊട്ടല്‍ ദുരിത ബാധിത കുടുംബത്തിന് ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നതിന് പ്യൂപ്പിള്‍സ് ഫൗണ്ടേഷന്‍ ഓട്ടോറിക്ഷ വാങ്ങി നല്‍കി. നാസര്‍ കരിഞ്ചോലക്കാണ് ഓട്ടോറിക്ഷ നല്‍കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് താക്കോല്‍ കൈമാറി. ജമാഅത്ത് ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് വി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്യൂപ്പിള്‍സ് ഫൗണ്ടേഷന്‍ കോഓര്‍ഡിനേറ്റര്‍ എ എം അബ്ദുല്‍ മജീദ് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഹിം, വെട്ടിഒഴിഞ്ഞതോട്ടം മഹല്ല് പ്രസിഡന്റ് പി സി സൈതൂട്ടി ഹാജി എന്നിവര്‍ സംസാരിച്ചു. ആര്‍ കെ അബ്ദുല്‍ മജീദ് സ്വാഗതവും കെ ടി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
 
പൊതുവിദ്യാലയങ്ങള്‍ മതസൗഹാര്‍ദങ്ങളുടെ കേന്ദങ്ങളാകണം: മന്ത്രി ഡോ. കെ ടി ജലീല്‍
ചാത്തമംഗലം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട ആര്‍ ഇ സി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും പുതുതായി നിര്‍മ്മിച്ച കെട്ടിട ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വഹിച്ചു. പൊതുവിദ്യാലയങ്ങള്‍ മതസൗഹാര്‍ദങ്ങളുടെ കേന്ദങ്ങളാണെന്നും ഒരു നാടിന്റെ പരിച്ഛേദത്തെ കണ്ടുമുട്ടാനും പരിചയപ്പെടാനും കുട്ടികള്‍ക്ക് അവസരമുണ്ടാക്കുന്ന കേന്ദ്രങ്ങള്‍ എന്ന നിലയിലാണ് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിയപ്പെടേണ്ടതെന്നും മന്ത്രി പറഞ്ഞു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൈറ്റ് നോര്‍ത്ത് സോണ്‍ പ്രൊജക്ട് മാനേജര്‍ കെ എച്ച് ഷാനു മികവിന്റെ കേന്ദ്രം നിര്‍മ്മാണ പ്രവൃത്തികള്‍ വിശദീകരിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി ഗോകുല്‍ദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ബീന, ആര്‍ഇസി ജി വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ ലീന തോമസ്, വി എച്ച് എസ് ഇ പ്രിന്‍സിപ്പാള്‍ പി ആര്‍ വിനേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
 
മിഠായി തെരുവിലെ വാഹനഗതാഗതം: ജനഹിതമറിയാന്‍ അഭിപ്രായ സര്‍വ്വെ നടത്തും
കോഴിക്കോട്: മിഠായി തെരുവില്‍ വാഹനഗതാഗതം അനുവദിക്കുന്നത് സംബന്ധിച്ച് പൊതജനാഭിപ്രായം ആരായാന്‍ ഐ ഐ എമ്മിന്റെ നേതൃത്വത്തില്‍ അഭിപ്രായ സര്‍വ്വെ നടത്തും. കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ മിഠായി തെരുവിലെ വാഹനഗതാഗത പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് വ്യാപാര സംഘടന നേതാക്കളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. സര്‍വ്വെ ഫലം ലഭിച്ചാല്‍ വ്യാപാരി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. നിലവില്‍ വാഹനഗതാഗതം രാത്രി 11 മുതല്‍ രാവിലെ 9 വരെയായി നിജപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം പ്രായോഗികമല്ലെന്ന നിലപാടിലാണ് വ്യാപാരികള്‍. ചെറിയ ഗുഡ്‌സ് വാഹനങ്ങള്‍ക്ക് സാധനം എത്തിക്കുന്നതിന് സര്‍വീസ് നടത്താം. അനുമതി ലഭിച്ച തെരുവു കച്ചവടക്കാര്‍ക്ക് മാത്രമാണ് നിലവില്‍ കച്ചവടത്തിന് അനുമതി നല്‍കുക. ഇവര്‍ക്കായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് മാത്രമാണ് കച്ചവടത്തിന് അനുമതി. എന്നാല്‍ എസ് കെ സ്‌ക്വയറിന് സമീപം കച്ചവടം അനുവദിക്കില്ല. മിഠായി തെരുവില്‍ കലാകാരന്മാര്‍ക്ക് വിലക്കുണ്ടാവില്ലെന്നും യോഗത്തില്‍ മേയര്‍ അറിയിച്ചു. ഗതാഗത തടസവും തിരക്കും ഉണ്ടാവാത്ത തരത്തില്‍ ചെറിയ പരിപാടികള്‍ വാരാന്ത്യങ്ങളില്‍ നടത്താം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 8 മണിവരെയാണ് പരിപാടികള്‍ക്ക് സമയം അനുവദിക്കുക. തെരുവില്‍ വേസ്റ്റ് ബിന്‍ ഉപയോഗം കാര്യക്ഷമമായി നടപ്പാകുന്നില്ലെന്നും വ്യാപാരികള്‍ മുന്‍കയ്യെടുത്ത് ഇക്കാര്യം ശ്രദ്ധിക്കണമെന്നും മേയര്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ യു വി ജോസ്, റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ എ വി അബ്ദുള്‍ മാലിക്, തഹസില്‍ദാര്‍ ഇ അനിതകുമാരി, ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി എന്‍ അനിത കുമാരി, ഡപ്യൂട്ടി കമ്മീഷണര്‍ കെ എം ടോണി, സൗത്ത് എ സി പി അബ്ദുള്‍ റസാഖ്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ജയന്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
ഗുഡ്‌സ് വാഹനം ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു
പരപ്പന്‍പൊയില്‍: താമരശ്ശേരി പരപ്പന്‍പൊയിലില്‍ ഗുഡ്‌സ് വാഹനം ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തെറിപ്പിച്ചു. ദേശീയപാതയോരത്ത് രാരോത്ത് ഗവണ്‍മെന്റ് ഹൈസ്‌കൂൡന് മുന്‍വശത്തെ ഇലക്ട്രിക് പോസ്റ്റാണ് തകര്‍ന്നത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. എറണാകുളത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 07 AZ 9534 നമ്പര്‍ വാഹനമാണ് അപകടത്തില്‍ പെട്ടത്.
 
ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ കോടതി വിധിക്കെതിരെ യു ഡി എഫ് മാര്‍ച്ച്
പുതുപ്പാടി: പുതുപ്പാടി വില്ലേജിലെ ആയിരത്തോളം കുടുംബങ്ങളുടെ ഭൂമിയുടെ ക്രയവിക്രയം തടഞ്ഞ കോടതി വിധിക്കെതിരെ യു ഡി എഫ് പ്രക്ഷോഭത്തിലേക്ക്. പുതുപ്പാടി വില്ലേജിലെ റീസര്‍വെ 100 /1, 156 /1 എന്നിവയില്‍പെട്ട 753 ഏക്കര്‍ ഭൂമിയുടെ ക്രയവിക്രയമാണ് കോടതി സ്‌റ്റേ ചെയ്തത്. ആദ്യകാല ജന്‍മിമാരുടെ കുടുംബം ഭൂമിയുടെ അവകാശ വാദം ഉന്നയിച്ചാണ് കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാധിച്ചത്. വട്ടക്കുണ്ട് കുടുംബത്തിന്റെ ജനമിത്ര കുടുംബക്ഷേമ നീതി വേദിയാണ് ഇതിന്നായി കോടയിതെ സമീപിച്ചത്. എം സി പോത്തന്‍ കമ്പനിക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് പാട്ടത്തിന് നല്‍കിയ ഭൂമി കമ്പനി മറിച്ചു വില്‍പ്പന നടത്തിയെന്നാണ് ഇവരുടെ വാദം. ഇതോടെ പെരുവഴിയിലായത് കണ്ണപ്പന്‍കുണ്ട്, കാക്കവയല്‍, ആച്ചി പ്രദേശങ്ങളിലെ ആയിരത്തോളം കുടുംബങ്ങളാണ്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies