11-Dec-2018 (Tue)
 
 
 
നന്മണ്ട: നന്മണ്ട സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട്, കൊടുവള്ളി, ആര്‍ ടി ഓഫീസുകള്‍ വിഭജിച്ചാണ് പുതിയ സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചേളന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസിനു മുകളിലത്തെ നിലയിലാണ് പുതിയ കെട്ടിടം. ബാലുശ്ശേരി,ഉണ്ണികുളം, അത്തോളി, കാന്തലാട്ട്, ശിവപുരം, കിനാലൂര്‍, നരിക്കുനി, പനങ്ങാട്, ചേളന്നൂര്‍, കുരുവട്ടൂര്‍, നന്മണ്ട, തലക്കുളത്തൂര്‍, കാക്കൂര്‍, കക്കോടി എന്നീ വില്ലേജുകളാണ് കെ എല്‍ 76 പരിധിയില്‍ വരിക. ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
 
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പട്ടയം, നികുതി സ്വീകരിക്കല്‍ തുടങ്ങിയ ഭൂപ്രശ്നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ തീരുമാനിച്ചു. തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍), തഹസില്‍ദാര്‍, അതത് വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തി. മണ്ഡലത്തിലെ പേരാമ്പ്ര, ചെമ്പനോട, ചങ്ങരോത്ത്, നൊച്ചാട്, ചക്കിട്ടപ്പാറ, മേപ്പയ്യൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂസംബന്ധമായ പ്രശ്ങ്ങളാണ് ചര്‍ച്ച ചെയ്തത്. അതാത് വില്ലേജ് ഓഫീസുകളില്‍ തീര്‍ക്കാവുന്ന പ്രശ്നങ്ങള്‍ അവിടെ തന്നെ പരിഹരിച്ചും മറ്റുള്ളവ മുകള്‍തട്ടിലെ ഓഫീസുകളിലേക്ക് കൈമാറിയും ആവശ്യക്കാര്‍ക്ക് ഉടന്‍ തന്നെ പ്രശ്നപരിഹാരം ലഭിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.ജില്ലാ കലക്ടര്‍ യു വി ജോസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സുനില്‍കുമാര്‍, പി കെ റീന, ശൈലജ ചെറുവോട്ട്, എ ഡി എം റോഷ്നി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍), വടകര ആര്‍ഡിഒ അബ്ദുറഹിമാന്‍, വില്ലേജ് ഓഫീസര്‍മാര്‍, ജനപ്രതിനിധികള്‍, ലാന്റ് ട്രിബ്യൂണല്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
 
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി സ്‌കൂളുകള്‍ക്ക് ലെക്ടേണ്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഷിജു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗം പി എം ബിജു, വിവിധ സ്‌കൂളുകളിലെ അധ്യാപികമാരായ എന്‍ കെ സയന, വി വിജി, കെ ശ്രുതി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സി അജിത് കുമാര്‍ വിദ്യാര്‍ഥികള്‍ക്കായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നയിച്ചു.
 
തിരുവമ്പാടിയില്‍ വേട്ടസംഘം പിടിയില്‍
തിരുവമ്പാടി: തിരുവമ്പാടി ആനക്കാംപൊയിലില്‍ വേട്ടക്കെത്തിയ സംഘത്തിലെ മൂന്നുപേരെ തിരുവമ്പാടി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി മാനിപുരം തച്ചോട്ട് കുന്നുമ്മല്‍ മുഹമ്മദ്(45), പുറായില്‍ നൗഷാദ്(40), വേനപ്പാറ പൂവതൊടുകയില്‍ മുസ്തഫ(40) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ പ്രധാനികളും ആനക്കാംപൊയില്‍ സ്വദേശികളുമായ പ്രകാശന്‍, രതീഷ് എന്നിവര്‍ ഓടി രക്ഷപ്പെട്ടു. തിരുവമ്പാടി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സംഘം ശനിയാഴ്ച രാത്രിയില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള ആനക്കാംപൊയില്‍ പ്രദേശത്ത് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
 
വില്ലേജ് ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും
കോഴിക്കോട്: ജില്ലയിലെ തീരദേശമലയോര മേഖലകളിലെ വില്ലേജ് ഓഫീസുകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍, പന്നിയങ്കര, കസബ, കടലുണ്ടി, നഗരം, പുതിയങ്ങാടി, എലത്തൂര്‍, നീലേശ്വരം, കുമാരനെല്ലൂര്‍, കക്കാട്, കൊടിയത്തൂര്‍, താഴെക്കോട് എന്നിവയും വടകര താലൂക്കിലെ വടകര, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, മരുതോങ്കര, തിനൂര്‍, വിലങ്ങാട്, കാവിലുംപാറ എന്നിവയും താമരേശ്ശരി താലൂക്കിലെ കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി, ഈങ്ങാപ്പുഴ, കട്ടിപ്പാറ, പുതുപ്പാടി, കാന്തലാട്, കിനാലൂര്‍, കൂടത്തായി, നെല്ലിപ്പൊയില്‍ എന്നിവയും കൊയിലാണ്ടി താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കും.
 
നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് അയല്‍വാസിയുടെ അപവാദ പ്രചാരണത്തില്‍ മനം നൊന്തെന്ന് ആതമഹത്യാ കുറിപ്പ്
മാനന്തവാടി: വയനാട് തലപ്പുഴയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് അയല്‍വാസിയുടെ അപവാദ പ്രചാരണത്തില്‍ മനം നൊന്ത്. വെണ്‍മണി തിടങ്ങഴിയില്‍ തോപ്പില്‍ വിനോദ്(48), ഭാര്യ മിനി(43), മക്കളായ അനുശ്രീ(17), അഭിനവ്(12) എന്നിവരെയാണ് വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന വിനോദും കുടുംബവും പിലാക്കാവിലെ കുടുംബ വീട്ടിലായിരുന്ന മകള്‍ അനുശ്രീയേയും കൂട്ടി വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പുറപ്പെട്ടിരുന്നു. രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വിനോദിന്റെ ജീപ്പ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെയാണ് നാലുപേരെയും തോട്ടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി ഡി വൈ എസ് പി. കെ എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യാ കുറിപ്പുകള്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം അയല്‍വാസിയുടെ അപവാദ പ്രചാരണമെന്ന് പോലീസിനും സുഹൃത്തിനും നാട്ടുകാര്‍ക്കും അയല്‍ കൂട്ടത്തിനുമായി എഴുതിയ ഏഴ് ആത്മഹത്യാ കുറിപ്പുകളിലും സൂചനയുണ്ട്. അയല്‍വാസായായ നാരായണന്‍ വിനോദിനെകുറിച്ചും മറ്റൊരു സ്ത്രീയെ കുറിച്ചും അപവാദം പ്രചരിപ്പിച്ചുവെന്നും ഇതില്‍ മനം നൊന്താണ് ആതമഹത്യ ചെയ്യുന്നതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. താന്‍ സോദരിയെ പോലെ കരുതുന്ന സ്ത്രീയെ കുറിച്ചാണ് തന്റെ മാതാവിനോടും നാട്ടുകാരോടും അപവാദം പറഞ്ഞതെന്നും ആത്മഹത്യയില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും ആത്മഹത്യാ കുറിപ്പുകളില്‍ പറയുന്നു. തന്റെ ഭര്‍ത്താവിനെ വിശ്വാസമാണെന്നും ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും മിനി എവുതിയ രണ്ട് കുറിപ്പുകളില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാരായണനെതിരെ ആത്മഹത്യാ പ്രേരണക്ക് കേസെടുക്കുമെന്നാണ് സൂചന.
 
ബ്രൂവറി വിവാദം; എക്‌സൈസ് ഓഫീസിലേക്ക് മാര്‍ച്ച്
താമരശ്ശേരി: ബ്രൂവറി വിവാദത്തില്‍ എക്‌സൈസ് വകുപ്പുമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി എക്‌സൈസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. താമരശ്ശേരി കോണ്‍ഗ്രസ് ഭവന് മസീപത്തുനിന്നും ആരംഭിച്ച മാര്‍ച്ച് എക്‌സൈസ് ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ഡി സി സി സെക്രട്ടറി പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മുജീബ് പുറായില്‍ അധ്യക്ഷത അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി വി ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. സിജി കൊട്ടാരത്തില്‍, സി കെ ജലീല്‍, നവാസ് ഈര്‍പ്പോണ, മനോജ് കുമാര്‍, കെ പി രാഹുല്‍, ജാഫര്‍ പാലായി, ഫസല്‍ പാലങ്ങാട്, ഇ ജെ മനു, സി മുഹ്സിന്‍ പ്രസംഗിച്ചു. വി പി ഹംജാദ്, ജംഷിദ്, അനൂപ് കൊല്‍കോത്ത്, ജസീറലി, ഫസല്‍ കാരാട്ട്, വി കെ റഷീദ്, ഷമീര്‍, ഷബീര്‍ പനക്കോട്, അസ്സയിന്‍ പറക്കുന്ന്, അബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
കോഴിക്കോട്: ഫോട്ടോയില്‍ കാണുന്ന ആള്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം രണ്ടിന് മരണപ്പെട്ടതാണ്. ആശുപത്രി രേഖകളില്‍ അബു (60) എന്നാണ് നല്‍കിയിട്ടുളളത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ പറ്റി വല്ല വിവരവും ലഭിക്കുകയാണെങ്കില്‍ വെളളയില്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പടണം. ഫോണ്‍ : 0495 2384799, 9497963592.
 
കട്ടിപ്പാറയില്‍ ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി നിര്‍മിക്കുന്നതിന് സ്‌റ്റേ
കട്ടിപ്പാറ: ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി ആരംഭിക്കാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ അനുമതിക്ക് കോടതിയുടെ സ്റ്റേ. കട്ടിപ്പാറ ഹോളി ഫാമിലി ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് വോള്‍ട്ട് സെമിത്തേരി സ്ഥാപിക്കാന്‍ ജില്ലാ കലക്ടര്‍ നല്‍കിയ ലൈസന്‍സാണ് കോഴിക്കോട് സെഷന്‍സ് കോടതി സ്റ്റേ ചെയ്തത്.
 
മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം; മുസ്ലിംലീഗ് രാപ്പകല്‍ സമരം
താമരശ്ശേരി: മുറിവുണങ്ങാത്ത കരിഞ്ചോലക്കൊപ്പം എന്ന പ്രമേയത്തില്‍ കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താമരശ്ശേരിയില്‍ രാപ്പകല്‍ സമരം. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സമരം ഉദ്ഘാടനം ചെയ്തു. ദുരിതബാധിതരോടുള്ള സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓഖി പോലുള്ള ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് വലിയ തുക നഷ്ടപരിഹാരം നല്‍കിയപ്പോള്‍ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലമലയിലടക്കമുള്ള ദുരിതബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തത് മനുഷ്യത്വ രഹിതവും ക്രൂരതയുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന വിവേചനം പോലെയാണ് സംസ്ഥാന സര്‍ക്കാര്‍ കരിഞ്ചോലയോട് കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies