18-Feb-2019 (Mon)
 
 
 
കുറ്റിയാടി, പേരാമ്പ്ര മേഖലകളിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് അറുതിയായില്ല
കുറ്റിയാടി: സി പി ഐ എം ജില്ലാ സെക്രട്ടറിയുടെ മകനും ഭാര്യയും അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കുറ്റിയാടി, പേരാമ്പ്ര മേഖലകളില്‍ ഉടലെടുത്ത രാഷ്ട്രീയ സംഘര്‍ഷത്തിന് അറുതിയായില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകന്‍ ജൂലിയസ് നികിതാസ്, ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടറും ജൂലിയസ് നികിതാസിന്റെ ഭാര്യയുമായ സാനിയോ മനോമി എന്നിവര്‍ക്കു നേരെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ അക്രമമുണ്ടായത്. ചൊവ്വാഴ്ച അര്‍ധ രാത്രിക്ക് ശേഷം സി പി എം വിലങ്ങാട് ബ്രാഞ്ച് സെക്രട്ടറി കാഞ്ഞിരപ്പാറ ഗിരീഷിന്റെ വീടിനുനേരെ ബോംബേറുണ്ടായി. വീടിന്റെ മുന്‍ഭാഗത്തെ ചുമരിനും ജനലുകള്‍ക്കും കേടുപാടികള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. കല്ലോട് ഡി വൈ എഫ് ഐ പ്രവര്‍ത്തകനായ സിദ്ദാര്‍ത്ഥിനുനേരെയും അക്രമമുണ്ടായി. വളയം ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമിക്കുകയും സി പി എം പ്രവര്‍ത്തകനായ കണാരന്റെ വീടിനു മുകളില്‍ ആര്‍ എസ് എസ് എന്ന് എഴുതി വെക്കുകയും ചെയ്തു. ജൂലിയസ് നികിതാസിനെയും ഭാര്യയെയും അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അമ്പലക്കുളങ്ങര നിട്ടൂര്‍ ഏരത്ത് സുധീഷിന്റെ വീടുനു നേരെയും കഴിഞ്ഞ ദിവസം ബോംബേറുണ്ടായിരുന്നു. അക്രമങ്ങള്‍ വ്യാപിക്കാതിരിക്കാന്‍ പോലീസ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
 
എം ഐ ഷാനവാസ് എം പി അന്തരിച്ചു; മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളത്ത്
മുക്കം: കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റും വയനാട് എം പി യുമായ എം ഐ ഷാനവാസ് (67) അന്തരിച്ചു. ചെന്നൈ ക്രോംപേട്ടിലെ ഡോ.റേല മെഡിക്കല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 31 നാണ് എം ഐ ഷാനവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നവമ്പര്‍ 2 ന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയെങ്കിലും അണുബാധയെത്തുടര്‍ന്ന് ആരോഗ്യനില വഷളാവുകയായിരുന്നു. മൃതദേഹം വിമാന മാര്‍ഗ്ഗം നെടുമ്പാശ്ശേരിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് എറണാകുളത്ത് നടക്കും തിരുവല്ല നീരേറ്റുപുറം മുക്കാട്ടുപറമ്പില്‍ അഡ്വ. എം വി ഇബ്രാഹിം കുട്ടിയുടേയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റമ്പര്‍ 22-ന് കോട്ടയത്താണ് ഷാനവാസ് ജനിച്ചത്. കെ എസ് യു വി ലൂടെ രാഷ്ട്രീയത്തിലെത്തി. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം എ യും എറണാകുളം ലോ കോളജില്‍ നിന്ന് എല്‍ എല്‍ ബി യും നേടി. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 2014-ല്‍ വീണ്ടും വയനാടിന്റെ എം പി യായി. അടുത്തിടെയാണ് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഭാര്യ: ബൈരിയത്ത് ബീഗം. മക്കള്‍: അമിന, ഹബീബ്
 
മലയോര മഹോത്സവം: സംഘാടകസമിതി രൂപവത്കരിച്ചു
തിരുവമ്പാടി: പ്രളയത്തില്‍ തകര്‍ന്ന മലയോര മേഖലയുടെ വീണ്ടെടുപ്പിനായി നടത്തുന്ന മലയോര മഹോത്സവത്തിന്റെ സംഘാടകസമിതി രൂപവത്കരിച്ചു. അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി തൊണ്ടിമ്മല്‍ ജില്ലാപഞ്ചായത്ത് സ്റ്റേഡിയത്തിലാണ് ജനുവരി 11 മുതല്‍ 27 വരെ മഹോത്സവം നടക്കുക. കര്‍ഷകരുടെയും ചെറുകിട വ്യവസായികളുടെയും ഉത്പന്നങ്ങളുടെ വിപണനമാണ് മേളയുടെ പ്രധാനലക്ഷ്യം. കാര്‍ഷിക വിപണന മേളയോടൊപ്പം സാംസ്‌കാരിക പരിപാടികള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, ഫോട്ടോഗ്രാഫി എക്സിബിഷന്‍, ഫ്ളവര്‍ ഷോ, പെറ്റ് ഷോ, സയന്‍സ് ആന്‍ഡ് ടെക്നോളജി എക്സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ കലാമേള, ടൂര്‍ പാക്കേജുകള്‍ എന്നിവയും ഉണ്ടാകും. ജില്ലാ പഞ്ചായത്തും കൊടുവള്ളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും 17 പഞ്ചായത്തുകളും മുക്കം, കൊടുവള്ളി നഗരസഭകളും മഹോത്സവവുമായി സഹകരിക്കും. സംഘാടകസമിതി രൂപീകരണ യോഗം കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി അധ്യക്ഷത നഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ പി ടി അഗസ്റ്റിന്‍, കെ എസ് ഡീന, സോളി ജോസഫ്, ഗ്രേസി നെല്ലിക്കുന്നേല്‍, പി വി പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, സൂപ്പര്‍ അഹമ്മദുകുട്ടി ഹാജി, ഗീതാ വിനോദ്, ഏലിയാമ്മ ജോര്‍ജ്, വി എ നസീര്‍, പ്രശോഭ് പെരുമ്പടപ്പില്‍, മുക്കം വിജയന്‍, ഡോ. പി എം മത്തായി, ഫിലിപ്പ് പാമ്പാറ, ഗണേഷ് ബാബു, കെ മോഹനന്‍, ബോസ് ജേക്കബ്ബ്, ജോയി മ്ലാക്കുഴി, എ അബൂബക്കര്‍ മൗലവി, പി പ്രകാശ്, ഗീതാ വിനോദ് എന്നിവര്‍ സംസാരിച്ചു.
 
വനപാലകരെ കബളിപ്പിച്ച് രക്ഷപ്പെട്ട രണ്ടു പേര്‍ കീഴടങ്ങി
താമരശ്ശേരി: വനത്തില്‍ വേട്ടയാടാനുള്ള ശ്രമത്തിനിടെ വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ടു പേര്‍ വനപാലകര്‍ക്കു മുന്നില്‍ കീഴടങ്ങി. ഉണ്ണികുളം എം എം പറമ്പ് കോട്ടക്കുന്നുമ്മല്‍ ഹാരിസ്(32), എകരൂല്‍ ചിറക്കല്‍ മുസ്ഥഫ(36) എന്നിവരാണ് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 9 നായിരുന്നു സംഭവം. മൂന്നംഗ സംഘം പുതുപ്പാടി കൊളമല നിക്ഷിപ്ത വനഭൂമിയില്‍ പ്രവേശിച്ച് വേട്ടക്ക് തയ്യാറെടുക്കുന്നതിനിടെയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ പരിശോധനക്കെത്തിയത്. ഇതോടെ രണ്ടു പേര്‍ തോക്കുമായി ഓടി രക്ഷപ്പെടുകയായിരുന്നു. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ജംഷാദ് മുഹമ്മദിനെ അന്ന് വനാലകര്‍ പിടികൂടുകയും കോടതി റിമാണ്ട് ചെയ്യുകയും ചെയ്തിരുന്നു. ഒളിവില്‍ പോയ രണ്ടുപേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും വനപാലകര്‍ക്ക് മുന്നില്‍ ഹാജറാവാനായിരുന്നു കോടതി നിര്‍ദ്ധേശം നല്‍കിയത്. തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തി കീഴടങ്ങിയ ഇരുവരെയും താമരശ്ശേരി കോടതിയില്‍ ഹാജറാക്കി.
 
പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിന് പിന്നാലെ താമരശ്ശേരിയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ എറിഞ്ഞു തകര്‍ത്തു
താമരശ്ശേരി: താമരശ്ശേരിയില്‍ രണ്ട് കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കു നേരെ കല്ലേറ്. അക്രമത്തില്‍ ബസ്സുകളുടെ ചില്ല് തകരുകയും ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ താമരശ്ശേരി ചുങ്കം ഭാഗത്തായിരുന്നു സംഭവം. പുലര്‍ച്ചെ മൂന്നരയോടെ ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചിരുന്നു. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയവരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. നാമ ജപത്തോടൊപ്പം മുഖ്യമന്ത്രിക്കുനേരെ അസഭ്യ വര്‍ഷവുമായായിരുന്നു പ്രതിഷേധം. സമരം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പരിഞ്ഞതിന് പിന്നാലെയാണ് ബസ്സുകള്‍ക്കുനേരെ കല്ലേറ് നടന്നത്.
 
ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുറ്റിയാടി: ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ആര്‍ എസ് എസ്, വി എച്ച് പി പ്രവര്‍ത്തകരായ അമ്പലക്കുളങ്ങര നിട്ടൂര്‍ ഏരത്ത് സുധീഷ്(39), അമ്പലക്കുളങ്ങര പൊയ്കയില്‍ മീത്തലെ കരിമ്പാച്ചേരി ശ്രീജു(33), അമ്പലക്കുളങ്ങര കല്ലുള്ള പറമ്പത്ത് അശ്വിന്‍(22) എന്നിവരെയാണ് കുറ്റിയാടി സി ഐ. എന്‍ സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഏഷ്യാനെറ്റ് കോഴിക്കോട് ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ സാനിയോ മനോമി, സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററുടെ മകനും സാനിയോയുടെ ഭര്‍ത്താവുമായ ജൂലിയസ് നികിതാസ് എന്നിവരെയാണ് കഴിഞ്ഞ ദിവസം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. കക്കട്ട് അമ്പലക്കുളങ്ങരയില്‍ വെച്ചായിരുന്നു സംഭവം. പാലേരിയിലെ സാനിയോയുടെ വീട്ടില്‍ നിന്നും നികിതാസിന്റെ വീട്ടിലേക്ക് പോവുന്നതിനിടെ അമ്പലക്കുളങ്ങരയിലെത്തിയപ്പോള്‍ പത്തോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കാറ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. കല്ലാച്ചി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആക്രമിസംഘത്തിലുള്ള മറ്റ് അംഗങ്ങളെ തിരിച്ചറിഞ്ഞുവെന്നും വൈകാതെ അറസ്റ്റു ചെയ്യുമെന്നും പോലീസ് അറിയിച്ചു.
 
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറ് അജ്ഞാതര്‍ അഗ്നിക്കിരയാക്കി
മുക്കം: മുക്കം കരിയകുളങ്ങരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറ് അജ്ഞാതര്‍ അഗ്നിക്കിരയാക്കി. കളന്‍തോട് തത്തമ്മപ്പറമ്പ് സ്വദേശി മുഷ്താഖിന്റെ ഉടമസ്ഥതയിലുള്ള പുതിയ സ്വിഫ്റ്റ് കാറാണ് ഞായറാഴ്ച പുലര്‍ച്ചെ കത്തി നശിച്ചത്. മുഷ്താഖിന്റെ സുഹൃത്തായ കരിയകുളങ്ങര സ്വദേശി ശിഹാബ് കോയയുടെ വീട്ടുമുറ്റത്താണ് കാറ് നിര്‍ത്തിയിട്ടിരുന്നത്.
 
ഒന്നാം തരം ഒന്നാന്തരമാക്കി ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണ പരിപാടിയായ ഉര്‍വ്വരത്തിന്റ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ ഏഴ് ഗവണ്‍മെന്റ് എല്‍ പി സ് കൂളുകളിലെ ഒന്നാം ക്ലാസുകള്‍ ഹൈ ടെക്കാക്കി മാറ്റി. ഒന്നാം ക്ലാസ് ഒന്നാംതരം എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ ക്ലാസുകള്‍ ടൈല്‍ പതിച്ച് ചുമരുകളില്‍ വര്‍ണ്ണചിത്രങ്ങള്‍, ശിശു സൗഹൃദമായ ഫര്‍ണിച്ചറുകള്‍, വൈറ്റ് ബോര്‍ഡ്, സ്മാര്‍ട്ട് ടി വി, അലമാരകള്‍ എന്നിങ്ങനെ ശിശു സൗഹൃദപൂര്‍ണ്ണവും ഹൈടെക്കുമായി. ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം മുണ്ടോത്ത് ഗവ: എല്‍ പി സ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി കെ രാമന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കെ മായന്‍ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്റ് ചന്ദ്രിക പൂമഠത്തില്‍, വികസന ചെയര്‍മാന്‍ ഷാജി പാറയ്ക്കല്‍, മെമ്പര്‍മാരായ ബിന്ദു കോറോത്ത്, സുനിത അടുമാണ്ടി, സി ഡി എസ് ചെയര്‍പേഴ്‌സണല്‍ എ ദേവി, പ്രധാന അധ്യാപിക വി കെ രാധ, എം കെ പ്രദീപന്‍, പി ടി എ പ്രസിഡന്റ് ഇ എം ബഷീര്‍, ഗണേശന്‍ കക്കഞ്ചേരി, കെ വി ബ്രജേഷ് കുമാര്‍, എം പി ടി എ ചെയര്‍പേഴ്‌സണ്‍ കെ ബബിത, സ്‌കൂള്‍ ലീഡര്‍ അഭയ് കൃഷ്ണ പി ആര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ വസന്ത നാറാത്തിടത്തില്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി സി റീന ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
 
കെ സുരേന്ദ്രന്റെ അറസ്റ്റ് ; ബി ജെ പി ദേശീയ പാത ഉപരോധിച്ചു
കോഴിക്കോട്: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി ജെ പി വ്യാപകമായി ദേശീയപാത ഉപരോധിച്ചു. കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലത്ത് നടന്ന ഉപരോധം ജില്ലാവൈസ് പ്രസിഡണ്ട് പി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ടി പി സുരേഷ്, ജില്ലാ ട്രഷറര്‍ ടി വി ഉണ്ണികൃഷ്ണന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം സുരേഷ് എന്നിവര്‍ സംസാരിച്ചു.
 
ദേശീയ പാത ഉപരോധത്തിനിടെ സ്‌കൂട്ടര്‍ യാത്രക്കാരന് ക്രൂര മര്‍ദ്ദനം.
താമരശ്ശേരി: ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ നടത്തിയ ദേശീയ പാത ഉപരോധത്തിനിടെ സ്‌കൂട്ടര്‍ യാത്രക്കാരന് ക്രൂര മര്‍ദ്ദനം. താമരശ്ശേരി റസ്റ്റ് ഹൗസിന് മുന്‍വശത്തായിരുന്നു സംഭവം.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies