26-Feb-2020 (Wed)
 
 
 
കുന്ദമംഗലം- കുറ്റിക്കാട്ടൂര്‍ റോഡ് ഉദ്ഘാടനം ചെയ്തു
കുറ്റിക്കാട്ടൂര്‍: 7.15 കോടി രൂപ ചെലവില്‍ പരിഷ്‌കരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച കുന്ദമംഗലം പെരിങ്ങളം കുറ്റിക്കാട്ടൂര്‍ റോഡിന്റെ ഉദ്ഘാടനം പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ജംഗ്ഷനില്‍ നിന്ന് ചെത്തുകടവിലേക്കും അതുവഴി മലയോര മേഖലകളിലേക്കും പോവുന്നതിന് ഏറെ സഹായകരമായ റോഡിന്റെ പ്രവൃത്തി മൂന്ന് ഘട്ടങ്ങളായാണ് പൂര്‍ത്തീകരിച്ചത്. ആധുനിക രീതിയിലുള്ള സബ് ബേസ്സോടു കൂടിയ ബി എം ബി സി പ്രതലം, ഡ്രൈനേജ് നിര്‍മാണം, സൈഡ് പ്രൊട്ടക്ഷന്‍ എന്നീ പ്രവൃത്തികളോടു കൂടിയാണ് റോഡ് പൂത്തീകരിച്ചത്.
 
പരിയങ്ങാട്- കൊണാറമ്പ- പെരുവയല്‍- പള്ളിത്താഴം റോഡ് പരിഷ്‌കരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
പെരുവയല്‍: പരിയങ്ങാട്- കൊണാറമ്പ- പെരുവയല്‍- പള്ളിത്താഴം റോഡ് പരിഷ്‌കരണ പ്രവൃത്തി പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു. മാങ്കാവ് കണ്ണിപറമ്പ് റോഡ്, പെരിങ്ങളം ചെത്തുകടവ് റോഡ്, ചെട്ടികടവ് ആര്‍ ഇ സി റോഡ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് ഇതു വഴി പൂര്‍ത്തീകരിക്കുന്നത്. ഇതോടെ വികസന കാര്യത്തില്‍ പിന്നോക്കം നിന്നിരുന്ന പ്രദേശങ്ങളിലെ യാത്രാ ദുരിതം പഴങ്കഥയാവുകയാണ്. കുന്ദമംഗലം മണ്ഡലത്തിലെ വികസന മുന്നേറ്റത്തിന് ഒപ്പമെത്തുന്ന ഈ റോഡ് ആധുനിക രീതിയില്‍ ബി എം ബി സി ചെയ്ത് 3.5 കോടി രൂപ ചെലവിലാണ് പരിഷ്‌കരിക്കുന്നത്. പരിയങ്ങാട് മുതല്‍ പള്ളിത്താഴം വരെയുള്ള ഭാഗങ്ങളാണ് നിലവില്‍ നവീകരിക്കുന്നത്. 2700 മീറ്റര്‍ ദൂരം ആധുനിക രീതിയിലുള്ള സബ് ബേസ് നല്‍കി ബി എം ബി സി പ്രതലവും 1060 മീറ്റര്‍ നീളത്തില്‍ ഡ്രൈനേജും ആവശ്യമായ റോഡ് സുരക്ഷാ ക്രമീകരണങ്ങളും നല്‍കുവാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.
 
പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പുല്‍പറമ്പ് പാഴൂര്‍ കൂളിമാട് റോഡിന്റെ 4 കോടി രൂപ ചെലവില്‍ നടത്തുന്ന പരിഷ്‌കരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. 25 കോടി രൂപ ചെലവില്‍ പ്രവൃത്തി പുരോഗമിക്കുന്ന കൂളിമാട് പാലവുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് മണാശ്ശേരി, മുക്കം ഉള്‍പ്പെടെയുള്ള മലയോര ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മലപ്പുറം ജില്ലയിലേക്കും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്കും എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് സഹായകമാവും. പാഴൂരില്‍ നടന്ന ചടങ്ങില്‍ അഡ്വ. പി ടി എ റഹീം എം എല്‍ എ അധ്യക്ഷത വഹിച്ചു.
 
കൊടുവള്ളിയില്‍ നാഷണല്‍ യൂത്ത് ലീഗ് സായാഹ്ന ധര്‍ണ്ണ നടത്തി
കൊടുവള്ളി: ഗവണ്മെന്റ് ഐ ടി ഐ ക്ക് സഥലം ഏറ്റെടുത്തു നല്‍കാത്ത കൊടുവള്ളി നഗരസഭയുടെ അനാസ്ഥക്കെതിരെ നാഷണല്‍ യൂത്ത് ലീഗ് മുന്‍സിപ്പല്‍ കമ്മറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു നഗരസഭ സ്ഥലം ഏറ്റെടുത്തു നല്‍കുകയില്ലായെങ്കില്‍ മറ്റു പഞ്ചായത്തിലേക്ക് മാറ്റുന്ന കാര്യം ആലോചിക്കുമെന്ന് എം എല്‍ എ പറഞ്ഞു. ഫൈസീര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിമാരായ നാസര്‍കോയ തങ്ങള്‍, ഒ പി ഐ കോയ, കെ ബാബു, ഒ പി റഷീദ്, എന്‍ വൈ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് പുതുമ, ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ വാവാട്, സംസ്ഥാന കമ്മറ്റി അംഗം ശരീഫ് വാവാട്, മണ്ഡലം ഭാരവാഹികളയ റിയാസ്, സിദ്ധീഖ് കാരാട്ട് പോയില്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുജീബ് പട്ടിണിക്കര സ്വാഗതവും ട്രഷറര്‍ ഇബ്‌നു തങ്ങള്‍ നന്ദിയും പറഞ്ഞു.
 
ആവിലോറ എം എം എ യു പി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി
താമരശ്ശേരി: നാളത്തെ പൗരന്മാരായ വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ആവിലോറ എം എം എ യു പി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തി. സ്‌കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, സാഹിത്യ സമാജം സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ്് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം, വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍, നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കല്‍, സൂക്ഷ്മ പരിശോധന, ചിഹ്നം അനുവദിക്കല്‍, പ്രചരണം, വോട്ടെടുപ്പ്, വോട്ടെണ്ണല്‍, സത്യ പ്രതിജ്ഞ തുടങ്ങിയ നടപടി ക്രമങ്ങളെല്ലാം പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. സ്‌കൂളിലെ ജെ ആര്‍ സി അംഗങ്ങളാണ് പോളിംഗ് ഓഫീസര്‍മാരുടെയും മറ്റും ചുമതലകള്‍ നിര്‍വഹിച്ചത്. സ്‌കൂള്‍ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍, സ്‌പോര്‍ട്‌സ് ക്യാപ്റ്റന്‍, സാഹിത്യ സമാജം സെക്രട്ടറി സ്ഥാനങ്ങളിലേക്ക് യഥാക്രമം സല്‍വാ ഫാത്തിമ, ഷിഫ ഷെറിന്‍, ശിബാനി, ദിയ ഫാത്തിമ എന്നിവര്‍ തെരഞ്ഞടുക്കപ്പെട്ടു. അധ്യാപകരായ കെ എം ആഷിഖ് റഹ്മാന്‍, യു പി റമീസ്, എ ജാബിര്‍, കെ എം ബിനീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 
കോരങ്ങാട് ജി എല്‍ പി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യവേദി ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: കോരങ്ങാട് ജി എല്‍ പി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യവേദി ബി ആര്‍ സി ട്രെയിനര്‍ ഷൈജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എബ്രഹാം മാസ്റ്റര്‍ മുഖ്യാതിഥിയായി. പ്രധാനാധ്യാപകന്‍ അബൂബക്കര്‍ സിദ്ദീഖ് സ്വാഗതം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ നാടന്‍ പാട്ട് സദസ്സിന് ആവേശമായി.
 
കൂടരഞ്ഞി സ്‌കൂള്‍ കേന്ദ്രമായി സ്‌പോര്‍ട്‌സ് അക്കാദമിക്ക് തുടക്കം
കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമായി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌പോര്‍ട്‌സ് അക്കാദമിക്ക് തുടക്കമായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. ജനകീയ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന അക്കാദമി രൂപീകരണ സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. റോയി തേക്കുംകാട്ടില്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ ഇടമുളയില്‍, പ്രിന്‍സിപ്പാള്‍ ലീന വര്‍ഗീസ്, ഹെഡ്മാസ്റ്റര്‍മാരായ സജി ജോണ്‍, എം ടി തോമസ്, പി ടി എ പ്രസിഡണ്ട് ഷിബു ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ട് ജോസ് മടപ്പള്ളി, എം പി ടി എ പ്രസിഡണ്ട് സിമിലി ബോബി, വി എ ജോസ് നോബിള്‍ കുര്യാക്കോസ്, ജോളി ജോസഫ്, ആദര്‍ശ്, വിനോദ് ജോസ്, ജെയിംസ് കെ കെ, മുരളി, ജോയ്‌സ് ജോര്‍ജ്, സജി മാത്യു, ചിന്തു രാജ്, ടീന റോയി, മേരി വര്‍ഗീസ്, റോയ് അഗസ്റ്റിന്‍ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
ഹോമിയോ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും
തിരുവമ്പാടി: തിരുവമ്പാടി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തില്‍ ഇലഞ്ഞിക്കല്‍ സൗപര്‍ണ്ണിക പബ്ലിക് ലൈബ്രറി ആര്‍ട്സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് ഹോമിയോ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തി. വാര്‍ഡ് മെമ്പര്‍ ഗീത പ്രശാന്തന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സി സി ആന്‍ഡ്രൂസ് മുഖ്യ പ്രഭാഷണം നടത്തി. നരേന്ദ്രന്‍ ഇ കെ ആധ്യക്ഷത വഹിച്ചു. ഡോ. അനുപമ ബോധവത്കരണ ക്ലാസ്സെടുത്തു. സെക്രട്ടറി സാലസ് മാത്യു സ്വാഗതവും മാത്യു കെ സി നന്ദിയും പറഞ്ഞു. ഡോ. സുകുമാരന്‍, ഡോ. അനുപമ, ഹോമിയോ ആശുപത്രി സ്റ്റാഫ് സ്റ്റീനി എന്നിവര്‍ രോഗികളെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്തു.
 
പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണം; കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍
കൊയിലാണ്ടി: പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തണമെന്നും ക്ഷേമനിധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണമെന്നും കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കൊയിലാണ്ടി, വടകര താലൂക്ക് സംയുക്ത കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൊയിലാണ്ടി പ്രസ് ക്ലബ് ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ അസ്സോസിയേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള തിരിച്ചറിയില്‍ കാര്‍ഡ് വിതരണവും നടന്നു. ജില്ലാ പ്രസിഡന്റ് ബിജു കക്കയം അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് സി കെ ബാലകൃഷ്ണന്‍, വടകര താലൂക്ക് സെക്രട്ടറി കെ ഹാഷിം വടകര, രഘുനാഥ് കുറ്റ്യാടി തുടങ്ങിയരവര്‍ സംസാരിച്ചു. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി ശരീഫ് കിനാലൂര്‍ സ്വാഗതവും കെ പി രഞ്ജിത്ത് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
 
താമരശ്ശേരി കണ്ണിയേരുപ്പില്‍ കുളം ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ജലസംരക്ഷണത്തിന്റെ ഭാഗമായി താമരശ്ശേരി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കണ്ണിയേരുപ്പില്‍ കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ചിത കുറ്റിയാക്കില്‍, വാര്‍ഡ് മെമ്പര്‍മാരായ കെ സരസ്വതി, റസിന സിയാലി, ഒ കെ അഞ്ചു, സെക്രട്ടറി അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ലക്ഷം രൂപ വകയിരുത്തി മൂന്ന് ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള കുളമാണ് നിര്‍മ്മിച്ചത്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies