11-Dec-2018 (Tue)
 
 
 
കരിഞ്ചോല ഉരുള്‍പൊട്ടല്‍; വീട്ടുവാടക നല്‍കി തുടങ്ങി
കട്ടിപ്പാറ: കരിഞ്ചോല ഉരുള്‍പൊട്ടലിനിരയായവരെ പുനരധിവസിപ്പിച്ച വീടുകളുടെ വാടക നല്‍കി തുടങ്ങി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കും ഭീതി കാരണം കിടപ്പാടം ഉപേക്ഷിച്ചവര്‍ക്കും ദുരിതാശ്വാസ കമ്മിറ്റി എടുത്തു നല്‍കിയ വീടുകളുടെ മൂന്നുമാസത്തെ വാടകയാണ് വീട്ടുടമകള്‍ക്ക് നല്‍കി തുടങ്ങിയത്. കാരാട്ട് റസാഖ് എം എല്‍ എ ചെയര്‍മാനും തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് കണ്‍വീനറും ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസ്സന്‍ അവേലം ട്രഷററുമായ കമ്മിറ്റിയാണ് വീടുകളുടെ വാടക നല്‍കുന്നത്. വീടുകളുടെ വാടക നല്‍കാന്‍ ജില്ലാ കലക്ടര്‍ മുഖേന സര്‍ക്കാറിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും തീരുമാനം വൈകുന്നതിനെ തുടര്‍ന്നാണ് കമ്മിറ്റി തന്നെ വാടക നല്‍കാന്‍ തീരുമാനിച്ചത്.
 
ബൈക്ക് അപകടത്തില്‍ നവ വരന്‍ മരിച്ചു.
കൊടുവള്ളി: ബൈക്ക് അപകടത്തില്‍ നവ വരന്‍ മരിച്ചു. മാനിപുരം പട്ടിണിക്കര കുണ്ടത്തില്‍ കെ പി അലിയുടെ മകന്‍ റാഷിദ്(23) ആണ് മരിച്ചത്. കൊടുവള്ളി ഒതയോത്ത് ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. റാഷിദ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ബസ്സിലാണ് ഇടിച്ചതെന്നും ഓട്ടോറിക്ഷയിലാണെന്നും സംസാരമുണ്ട്. ഇത് സംബന്ധിച്ച് കൊടുവള്ളി പോലീസ് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ മാസം ഒമ്പതിനാണ് റാഷിദ് വിവാഹിതനായത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
 
വ്യാജ സിദ്ധന്‍ തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ കൊടുവള്ളി പോലീസ് കണ്ടെടുത്തു
കൊടുവള്ളി: വ്യാജ സിദ്ധന്‍ കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ കൊടുവള്ളി പോലീസ് പിടിച്ചെടുത്തു. അത്ഭുത സിദ്ധിയിലൂടെ രോഗം മാറ്റിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വളാഞ്ചേരി മൂര്‍ക്കനാട് വേരിങ്ങല്‍ അബ്ദുല്‍ ഹക്കീം(45) തട്ടിയെടുത്ത 102 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് വളാഞ്ചേരിയിലെ ജ്വല്ലറിയില്‍ നിന്നും കൊടുവള്ളി പോലീസ് കണ്ടെടുത്തത്.
 
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍
മുക്കം: മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. അരീക്കോട് ചാത്തല്ലൂര്‍ സ്വദേശി പച്ച എന്നറിയപ്പെടുന്ന പുത്തന്‍പീടിക നസീറി (36) നെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ്പ്രലോഭിപ്പിച്ച് ബൈക്കില്‍ കയറ്റി കൊണ്ട് പോയി മുക്കം, തിരുവമ്പാടി, കൂടരഞ്ഞി എന്നീ സ്ഥലങ്ങളില്‍ ചുറ്റികറങ്ങുകയും തുടര്‍ന്ന് കൂടരഞ്ഞി വല്ലത്തായ്പാറ റോഡില്‍ വിജനമായ കവളുപാറ റബ്ബര്‍ എസ്‌റ്റേറ്റിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. തുടര്‍ന്ന് യുവതിയെ തോട്ടുമുക്കത്തിനു സമീപം റോഡില്‍ ഇറക്കി വിട്ടു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നതിനിടെ യുവതി നസീറിന്റെ ബൈക്കിന് പുറകില്‍ കയറി പോയതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നസീറിന്റെ നീക്കങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. മലപ്പുറം എടവണ്ണയിലെ വാടക ക്വാര്‍ട്ടേര്‍സില്‍ നിന്നും എടവണ്ണ പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മരക്കച്ചവടക്കാരനായ പ്രതി പാറത്തോട് സ്വദേശിനിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ്. മുക്കം എസ് ഐ കെ പി അഭിലാഷ്, എ എസ് ഐ. ബേബി മാത്യു, താമരശ്ശേരി ഡി വൈ എസ് പിയുടെ െ്രെകം സ്‌ക്വാഡ് അംഗം ഷെഫീക്ക് നീലിയാനിക്കല്‍, മുക്കം സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സലീം മുട്ടത്ത്, സി പി ഒ മാരായ അനൂപ് മണാശ്ശേരി, ഷൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 
മാനിപുരം അങ്ങാടി സി സി ടി വി നിരീക്ഷണത്തില്‍
മാനിപുരം: കൊടുവള്ളി നഗരസഭയിലെ മാനിപുരം അങ്ങാടിയും സമീപത്തെ പുഴയും സി സി ടി വി നിരീക്ഷണത്തില്‍. മാനിപുരം അങ്ങാടിയിലെ ഒഴിഞ്ഞ കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും ഉപയോഗവും പുഴയിലെ മാലിന്യ നിക്ഷേപം തുടങ്ങിയ അസാന്‍മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് അങ്ങാടിയില്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ മാനിപുരം റസിഡന്‍സ് അസ്സോസിയേഷനാണ് സി സി ടി വി സംവിധാനം ഒരുക്കിയത്. അങ്ങാടിയുടെ നാല് ഭാഗത്തേക്കും ഇരുനൂറ് മീറ്ററോളം ദൂരം ക്യാമറയുടെ നിരീക്ഷണത്തിലാണ്. പുഴയിലെ മാലിന്യ നിക്ഷേപകരെ കണ്ടെത്താനായി പാലത്തിനു മുകളില്‍ രണ്ട് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുഴയിലും പരിസരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. സി സി ടി വി യുടെ സ്വിച്ച് ഓണ്‍ കര്‍ണം മക്കാട്ട് മാധവന്‍ നമ്പുതിരി നിവഹിച്ചു. നഗരസഭ കൗണ്‍സിലര്‍ കെ സുബൈദ അധ്യക്ഷത വഹിച്ചു. കെ വി മജീദ് ഹാജി, വിനീത് കുമാര്‍, കെ മജീദ്, ഗുലാന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
 
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ശുചിത്വ പദ്ധതിയായ ക്ലീന്‍ ആന്‍ഡ് ഗ്രീന്‍ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണ ഹരിതവല്‍ക്കരണ പദ്ധതിയുടെ തുമ്പൂര്‍മുഴി കമ്പോസ്റ്റ് യൂണിറ്റ് കൊയിലാണ്ടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ജില്ലാ കലക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ പി സി കവിത മുഖ്യാതിഥിയായി. മണമില്ലാത്ത മാലിന്യസംസ്‌കരണം എന്ന ലക്ഷ്യത്തിലേക്കുള്ള കൊയിലാണ്ടി നഗരസഭയുടെ ചുവടുവെപ്പാണ് ഇതിലൂടെ നഗരസഭ സാധ്യമാക്കുന്നത്്. നഗരത്തിലെ പുതിയ ബസ് സ്റ്റാന്റ് ടൗണ്‍ ഹാള്‍, കംഫര്‍ട്ട് സ്റ്റേഷന്‍ പരിസരം എന്നിവടങ്ങളിലാണ് തുമ്പൂര്‍മുഴി മോഡല്‍ കമ്പോസ്റ്റ് യൂണിറ്റുകള്‍ സ്ഥാപിച്ചത്. പ്ലാസ്റ്റിക്കുകള്‍ എത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കുന്നതിനായി കൊയിലാണ്ടി മാര്‍ക്കറ്റ് കെട്ടിടത്തില്‍ പ്രത്യേക സൗകര്യം തയ്യാറാക്കിയിട്ടുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കുന്നതിനായി പരിശീലനം നേടിയ 15 ഹരിതവളണ്ടിയര്‍മാര്‍ നഗരത്തിലെ വിവിധ കച്ചവടസ്ഥാപനങ്ങളില്‍ നിന്ന് മാലിന്യം ശേഖരിച്ച് ദിവസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കും. 44 വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനായി 100 ഹരിതകര്‍മസേനാംഗങ്ങള്‍ പ്രവര്‍ത്തിക്കും. ഓരോ വാര്‍ഡിലും രണ്ടു വീതം വളണ്ടിയര്‍മാരാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മജീദ് എം പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് തുമ്പൂര്‍മുഴി കൊയിലാണ്ടി മോഡല്‍ രൂപകല്‍പന ചെയത ജയപ്രകാശിന് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ വി കെ പത്മിനി ഉപഹാരം സമര്‍പ്പിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എന്‍ കെ ഭാസ്‌കരന്‍, കെ ഷിജു മാസ്റ്റര്‍, അജിത വി കെ, ദിവ്യ സെല്‍വരാജ്, കൗണ്‍സിലര്‍മാരായ എം സുരേന്ദ്രന്‍, യു രാജീവന്‍ മാസ്റ്റര്‍, വി പി ഇബ്രാഹിം കുട്ടി, സി ഡി എസ് ചെയര്‍പേഴ്സണ്‍മാരായ റീജ യു കെ, ഇന്ദുലേഖ എം പി വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി സുന്ദരന്‍ മാസ്റ്റര്‍ സ്വാഗതവും നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍ നന്ദിയും പറഞ്ഞു.
 
ഫറോക്ക്: ഫറോക്ക് നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭാ ഓഫീസ് പരിസരവും മത്സൃ മാര്‍ക്കറ്റും ശുചീകരിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കമറു ലൈല ചടങ്ങ് ഉദ്ഘാടനവും ഹരിത നിയമാവലിയുടെ പ്രകാശനവും നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി നുസ്രത്ത്, വിദ്യഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യു സുധര്‍മ്മ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സൈതലവി മോനായിക്കോട്, ജൂനിയര്‍ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി സജീഷ്, കണ്‍സിലര്‍മാരായ ഉഷകുമാരി, എം വിജയന്‍, പി ബിജു, ഇ ബാബു ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
 
ഗാന്ധിജയന്തി ദിനാചരണം; പുതുപ്പാടിയില്‍ ശുചിത്വ സന്ദേശ റാലി നടത്തി
പുതുപ്പാടി: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി മാലിന്യമുക്ത പുതുപ്പാടി എന്ന മുദ്രാവാക്യമുയര്‍ത്തി പുതുപ്പാടിയില്‍ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. വെസ്റ്റ് കൈതപ്പൊയിലില്‍ നിന്നാരംഭിച്ച് കൈതപ്പൊയില്‍ ഗവ യു പി സ്‌കൂളില്‍ സമാപിച്ച റാലിയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ, തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, ബഹുജനങ്ങള്‍ തുടങ്ങിയവര്‍ അണിനിരന്നു. റാലി പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, പഞ്ചായത്ത് അംഗങ്ങളായ പി കെ ഷൈജല്‍, കെ സി ഷിഹാബ്, പി വി മുരളീധരന്‍, റീന ബഷീര്‍, ഫാത്തിമബീവി, ബീന തങ്കപ്പന്‍, ഉഷാകുമാരി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍, ക്ലര്‍ക്ക് ലിനീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍, എന്‍ആര്‍ഇജി ഓവര്‍സിയര്‍മാരായ പ്രസീദ, രമ്യ എന്നിവര്‍ സംസാരിച്ചു.
 
താമരശ്ശേരി പോസ്റ്റ് ഓഫീസില്‍ എ ഐ വൈ എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്
താമരശ്ശേരി: ഇന്ധനവില വര്‍ദ്ധനവിലും മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് എ ഐ വൈ എഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്തു. പി ടി സി ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, കെ സദാനന്ദന്‍, സണ്ണി മൈക്കിള്‍, ജാഫര്‍ വെളിമണ്ണ, യു ജി രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. എ എസ് സുബീഷ്, ദിലീപ് കുമാര്‍, വി കെ റിജേഷ്, ഉബൈദ്, സുനില്‍ വടേരി, സുധീഷ് പയോണ, ഗീത, ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
പ്ലാസ്റ്റിക് മുക്ത നാടിനായി സേവ് ദ എര്‍ത്ത് കാമ്പയിനുമായി യുവജന കൂട്ടായ്മ
ഓമശ്ശേരി: നാടിനെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സേവ് ദ എര്‍ത്ത് കാമ്പയിനുമായി യുവജന കൂട്ടായ്മ. ഓമശ്ശേരിയിലെ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്ക് പരിധിയില്‍ നിന്നും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുന്നത്. വ്യാപാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റസിഡന്‍സ് അസ്സോസിയേഷനുകളില്‍ എന്നിവ വഴി പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുകയും ഇവ സംസ്‌കരണ പ്ലാന്റില്‍ എത്തിക്കുകയുമാണ് പദ്ധതി. റോഡിലും മറ്റു പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ഇവര്‍ ശേഖരിക്കും. മാസത്തില്‍ രണ്ട് തവണയാണ് ഇതിന്നായി വളണ്ടിയര്‍മാര്‍ നാടു ചുറ്റി പ്ലാസ്റ്റിക് ശേഖരിക്കുക. പ്ലാസ്റ്റിക് ശേഖരണത്തിനുള്ള വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മാ ജോര്‍ജ് നിര്‍വഹിച്ചു. ജാഫര്‍ പാലായി ആധ്യക്ഷ്യത വഹിച്ചു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി നെല്ലിക്കുന്നേല്‍, വൈസ് പ്രസിഡണ്ട് പി വി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ പി മൂസ മാസ്റ്റര്‍ സ്വാഗതവും ആര്‍ എം അനീസ് നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies