18-Feb-2019 (Mon)
 
 
 
താമരശ്ശേരി ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു
അടിവാരം: താമരശ്ശേരി ചുരത്തില്‍ ടോറസ് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ചുരം എട്ടാം വളവില്‍ പുലര്‍ച്ചെ ആയിരുന്നു അപകടം. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും സിമന്റ് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. െ്രെഡവര്‍ കൊല്ലം സ്വദേശി റിയാസ് അമീര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബ്രൈക് നഷ്ട്ടപ്പെട്ട ലോറി എട്ടാം വളവില്‍ സംരക്ഷണ ഭിത്തി തകര്‍ത്തു കൊക്കയിലേക്ക് പതിക്കുകയായിരുന്നു. താഴ്ചയിലേക്ക് വീഴാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
 
മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖഛായ മാറുന്നു; നവീകരണ പ്രവൃത്തിക്ക് തുടക്കമായി
കോഴിക്കോട്: നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാനാഞ്ചിറ സ്‌ക്വയറിന്റെ മുഖഛായ മാറുന്നു. മൂന്ന് കോടി ചെലവഴിച്ചാണ് നവീകരണ പ്രവൃത്തി നടത്തുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് 1.70 കോടിയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷവും ബാക്കി തുക കോഴിക്കോട് കോര്‍പറേഷനുമാണ് ചെലവഴിക്കുന്നത്. മാനാഞ്ചിറ വര്‍ഷങ്ങളായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ ജീര്‍ണാവസ്ഥയിലായിരുന്നു. ഈ ഘട്ടത്തിലാണ് വിനോദ സഞ്ചാര വകുപ്പും കോര്‍പറേഷനും നവീകരണത്തിന് മുന്‍കൈയെടുത്തത്. കലക്ടര്‍ യു വി ജോസിന്റെ പരിശ്രമവും മാനാഞ്ചിറയുടെ നവീകരണത്തിന് മുതല്‍ കൂട്ടായി. മിഠായിതെരുവിന്റെ നവീകരണത്തോടൊപ്പം മാനാഞ്ചിറ സ്‌ക്വയറും നവീകരിക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയതെങ്കിലും സാങ്കേതിക കാരണങ്ങളില്‍പ്പെട്ടാണ് പദ്ധതിക്ക് കാലതാമസം നേരിട്ടത്. ഓപ്പണ്‍ എയര്‍ സ്റ്റേജ്, നടപ്പാത മോടിയാക്കല്‍, മഴ ഷെല്‍ട്ടര്‍, പുതിയ വൈദ്യുത വിളക്കുകള്‍, നിലവില്‍ പൊളിഞ്ഞ മതില്‍ഭാഗങ്ങളുടെ പുനര്‍നിര്‍മ്മാണം, ടോയ്‌ലറ്റ് നിര്‍മ്മാണം, പ്രവേശന കവാടത്തിന്റെ സൗന്ദര്യവല്‍ക്കരണം, പുല്‍ത്തകിടിയുടെ മോടികൂട്ടല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. മാനാഞ്ചിറയുടെ നിലവിലെ കാഴ്ചയില്‍ നിന്നും തികച്ചും വ്യത്യസ്തമായ പുതുകാഴ്ചയാണ് പദ്ധതി നടപ്പാക്കുന്നതിലൂടെ മാനാഞ്ചിറ സ്‌ക്വയര്‍ കൈവരിക്കുകയെന്ന് ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നവീകരണ പ്രവൃത്തി ഏറ്റെടുത്തത്. നാല് മാസം കൊണ്ട് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. ഡോ. എം കെ മുനീര്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ യു വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി, ആര്‍ക്കിടെക്ട് ആര്‍ കെ രമേശ് എന്നിവര്‍ പങ്കെടുത്തു.
 
പ്രളയ ബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹായ ഹസ്തം
കട്ടിപ്പാറ: ജമാഅത്തെ ഇസ്ലാമിയുടെ പീപ്പിള്‍സ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പ്രളയ ബാധിതര്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുന്നു. കോഴിക്കോട് ജില്ലയില്‍ പ്രളയം ദുരിതം വിതച്ച കട്ടിപ്പാറയില്‍ ഉള്‍പ്പെടെ 22 വീടുകളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്നത്. കൂടാതെ ഭവനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നിര്‍വഹിക്കാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം കട്ടിപ്പാറയില്‍ നടന്ന ചടങ്ങില്‍ കേരള ജമാഅത്തെ ഇസ്ലാമി അമീര്‍ എം ഐ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
 
അവേലത്ത് സാദാത്ത് മഖാം ഉറൂസ് 2019 ജനുവരി 10 മുതല്‍ 13 വരെ
താമരശ്ശേരി: പ്രസിദ്ധമായ അവേലത്ത് സാദാത്ത് മഖാം ഉറൂസ് 2019 ജനുവരി 10 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ കാന്തപുരം സാദാത്ത് മഖാമില്‍ നടക്കും. പരിപാടികളുടെ നടത്തിപ്പിനായി സയ്യിദ് അലി ബാഫഖി തങ്ങള്‍ ചെയര്‍മാനും സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലം വര്‍ക്കിംഗ് ചെയര്‍മാനും ഡോ. എ പി അബ്ദുല്‍ ഹഖീം അസ്ഹരി ജനറല്‍ കണ്‍വീനറും പി കെ അബ്ദുന്നാസര്‍ സഖാഫി വര്‍ക്കിംഗ് കണ്‍വീനറും സയ്യിദ് അലവി അശ്ഹൂര്‍ ആറ്റതങ്ങള്‍ ട്രഷററുമായി സ്വാഗത സംഘം രൂപീകരിച്ചു. ഉറൂസിന്റെ പ്രഖ്യാപനം താമരശ്ശേരി ചുങ്കം വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച മദ്രസ അധ്യാപക ബോര്‍ഡ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സൂര്യ അബ്ദുല്‍ ഗഫൂറിന് ചടങ്ങില്‍ സ്വീകരണം നല്‍കി. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അധ്യക്ഷത വഹിച്ചു. അന്‍സാര്‍ അഹ്ദല്‍, സ്വാദിഖലി സഫാഖി, മുഹമ്മദലി കിനാലൂര്‍, അബ്ദു മുസ്ലിയാര്‍ ബുസ്താനബാദ്, അലി ബഖവി, പി കെ അബ്ദുന്നാസര്‍ സഖാഫി, മുനീര്‍ സഅദി പൂലോട്, സാബിത് അബ്ദുള്ള സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
മുക്കം സര്‍വീസ് സഹകരണ ബേങ്ക് യു ഡി എഫ് നിലനിര്‍ത്തി
മുക്കം: മുക്കം സര്‍വീസ് സഹകരണ ബേങ്ക് യു ഡി എഫ് നിലനിര്‍ത്തി. ഏറെ വിവാദങ്ങള്‍ ഉയര്‍ന്ന ബേങ്ക് തിരഞ്ഞെടുപ്പ് സംഘര്‍ഷത്തില്‍ കലാശിച്ചുവെങ്കിലും തിരഞ്ഞെടുപ്പിന് തടസ്സം നേരിട്ടിരുന്നില്ല. ആകെയുള്ള 13 സീറ്റും യു ഡി എഫ് നേടിയാണ് ബേങ്ക് ഭരണം നില നിര്‍ത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണ സമയം മുതലുള്ള തിരഞ്ഞെടുപ്പു നടപടി ക്രമങ്ങള്‍ വിവാദത്തിലായതിനെ തുടര്‍ന്ന് വന്‍ പോലീസ് സുരക്ഷയിലാണ് നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ടെടുപ്പ് നടന്നത്. 78 പേരില്‍ 59 പേരുടെയും പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളിയിരുന്നു. നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ യു ഡി എഫ് അംഗങ്ങളുടേതായിരുന്നു തള്ളിയവയില്‍ ഏറെയും. പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ 16 പേര്‍ മാത്രമായിരുന്നു രംഗത്തുണ്ടായിരുന്നത്. യു ഡി എഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിങ്കിള്‍ ബെഞ്ച് ഹര്‍ജി തള്ളി. പിന്നീട് ഡിവിഷന്‍ ബെഞ്ച് 19 പേര്‍ക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
 
നവോത്ഥാന നായകന്‍മാരുടെ സംഭാവനകള്‍ വിസ്മരിക്കരുത്: യു വി ജോസ്
കോഴിക്കോട്: ഇന്നത്തെ കേരളത്തിനായി പ്രയത്‌നിച്ച നവോത്ഥാന നായകന്‍മാരുടെ ത്യാഗപൂര്‍ണമായ സ്മരണകള്‍ പുതുതലമുറ എന്നുമോര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ്. ടൗണ്‍ ഹാളില്‍ ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയ ഡോക്യുമെന്ററി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ്‌ദ്ദേഹം. ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരമൊരു ആഘോഷം സംഘടിപ്പിക്കുന്നത് പ്രശംസനീയമാണ്. തൊട്ടുകൂടായ്മ, അയിത്തം, തീണ്ടല്‍ തുടങ്ങിയ വാക്കുകള്‍ പോലും ഇന്നത്തെ തലമുറയ്ക്ക് പരിചിതമല്ല. പ്രദര്‍ശനത്തിലുളള പുരാരേഖകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഒരു കാലത്ത് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്ന സാമൂഹ്യ അനാചരങ്ങള്‍ എന്താണെന്നത് മനസിലാക്കാനാകും. വിവര പൊതുജന സമ്പര്‍ക്ക വകുപ്പും പുരാരേഖാ വകുപ്പും സംയുക്തമായാണ് ഡോക്യുമെന്ററി പ്രദര്‍ശനം ഒരുക്കിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതം പറഞ്ഞു.
 
മതം, വിശ്വാസം എന്നിവ തെരുവിലിട്ട് അലക്കാനുള്ളതല്ല; ഡോ. അനില്‍ ചേലേമ്പ്ര
കോഴിക്കോട്: മതം, വിശ്വാസം എന്നിവ തെരുവിലിട്ട് അലക്കാനുള്ളതല്ലെന്നും തെരുവില്‍ നാമം ജപിക്കുന്നതല്ല യഥാര്‍ഥ വിശ്വാസമെന്നും മലയാളം സര്‍വകലാശാല എഴുത്തച്ഛന്‍ പഠന ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. അനില്‍ ചേലേമ്പ്ര പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നവോത്ഥാനം ദേശീയത ജനാധിപത്യം എന്ന വിഷയത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്തിക്കാനുള്ള കഴിവിലൂടെ നാം നേടിയെടുക്കുന്ന സംസ്‌കാരമാണ് ഏറ്റവും വലുത്. ഏത് തരത്തിലുള്ള ആശയവും ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഇന്നത്തെ കേരളത്തിന്റെ പൊതുസമൂഹം സംവാദാത്മകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഭൂതകാല മുദ്രകള്‍ അതിജീവനത്തിനുള്ള മാര്‍ഗമാണ്. ആപത്കാലത്ത് തിരിച്ചു പിടിക്കേണ്ടതാണ് ചരിത്രം. അതീശത്വം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മഹത്തായ ഭരണഘടന നിലനില്‍ക്കുന്നത് കൊണ്ടാണ് നാമിന്ന് സ്വസ്ഥമായി ജീവിക്കുന്നത്. ഭരണഘടന മൂല്യമുയര്‍ത്തിപ്പിടിക്കാന്‍ നമുക്ക് കഴിയണം. നവോത്ഥാനം എന്നത് ചിന്തിക്കാനുളള ധീരതയാണ്. നവോത്ഥാനത്തിന്റെ വേര് ബുദ്ധന്റെ കാലം മുതല്‍ തുടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് മോക്ഷം ലഭിക്കണമെങ്കില്‍ നിങ്ങള്‍ തന്നെ ശ്രമിക്കണം. യഥാര്‍ഥത്തില്‍ ബ്രാഹ്മണര്‍ക്ക് ബ്രാഹ്മണ്യം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ല. ചിന്തിക്കുന്നവരുടെ മതം എപ്പോഴും മാറികൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരാണ് മനുഷ്യന്റെ വിധി നിര്‍ണയിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിനാണ് ഇന്ത്യന്‍ ഭരണഘടന പ്രാധാന്യം നല്‍കുന്നത്. ആചാരത്തെ സംരക്ഷിക്കാന്‍ കോടതിക്കാവില്ല. വിദ്യാഭ്യാസമാണ് ചിന്തിക്കാനുള്ള ധീരത നല്‍കുന്നത്. വിദ്യാഭ്യാസം സമൂഹത്തെ മാറ്റുന്ന ഒരു പ്രധാന ഘടകമാണ്. ആത്മബോധത്തിലേക്ക് വളര്‍ന്ന ഒരു ജനതക്ക് നിലനില്‍ക്കുന്ന അനാചാരങ്ങളെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുണ്ടായിരിക്കും. വിദ്യഭ്യാസം കൊണ്ടു മാത്രമേ തന്റെ ജനതക്ക് മുന്നേറാന്‍ കഴിയൂവെന്ന് തിരിച്ചറിഞ്ഞ സാമൂഹ്യപരിഷ്‌കര്‍ത്താവായിരുന്നു അയ്യങ്കാളിയെന്നും അനില്‍ ചേലേമ്പ്ര പറഞ്ഞു. നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ സ്വാഗതം പറഞ്ഞു.
 
പുതുപ്പാടി ഒടുങ്ങാക്കാടിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരുക്ക്
പുതുപ്പാടി: ഒടുങ്ങാക്കാടിന് സമീപം കാറുകള്‍ കൂട്ടിയിടിച്ച് യുവതിക്ക് പരുക്ക്. താമരശ്ശേരി ഭാഗത്തുനിന്നും അടിവാരം ഭാഗത്തേക്ക് പോവുകയായിരുന്ന വള്ളിയാട് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ വയനാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാറ് ഇടിക്കുകയായിരുന്നു.
 
മുക്കം സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനിടെ കല്ലേറും ലാത്തിചാര്‍ജും; പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
മുക്കം: ഏറെ വിവാദമായ മുക്കം സര്‍വീസ് സഹകരണ ബേങ്ക് തിരഞ്ഞെടുപ്പിനിടെ കല്ലേറും ലാത്തിചാര്‍ജും. നീലേശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ തിരഞ്ഞെടുപ്പ് ആരംഭിച്ച സമയം മുതല്‍ ഇരുവിഭാഗവും സംഘടിച്ചിരുന്നു. രാവിലെ 10 മണിയോടെ എല്‍ ഡി എഫ്-യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലും കല്ലേറിലും കലാശിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.
 
മന്ത്രിയുടെ കാറും നടപ്പാതയിലെ സ്ലാബില്‍ കുടുങ്ങി
താമരശ്ശേരി: താമരശ്ശേരി ടൗണിലെ നടപ്പാതയില്‍ അപകടകരമായ രീതിയില്‍ സ്ഥാപിച്ച സ്ലാബില്‍ ഒടുവില്‍ മന്ത്രിയുടെ കാറും ഇടിച്ചു. താമരശ്ശേരി റസ്റ്റ് ഹൗസിന് സമീപം ദേശീയ പാതയോരത്തെ നടപ്പാതയില്‍ സ്ഥാപിച്ച സ്ലാബുകളിലാണ് മന്ത്രി ഇ പി ജയരാജന്റെ കാറും പൈലറ്റ് വാഹനവും ഇടിച്ചത്. താമരശ്ശേരി കാരാടി മുതല്‍ ആശുപത്രി പരിസരം വരെയും പോസ്റ്റ് ഓഫീസ് മുതല്‍ ചുങ്കം വരെയും നടപ്പാത നവീകരിച്ച് ടൈല്‍സ് പാകിയെങ്കിലും ടൗണിന്റെ ഹൃദയ ഭാഗത്തെ സ്ലാബുകളെല്ലാം തകര്‍ന്ന നിലയിലാണ്. തുടര്‍ന്ന് അധികൃതര്‍ തകര്‍ന്ന സ്ലാബുകള്‍ക്ക് മുകളില്‍ വേറെ സ്ലാബുകള്‍ നിരത്തി. ഇതോടെ അപകടത്തില്‍ പെടുന്നവരുടെ എണ്ണം കൂടി. തുടര്‍ന്ന് ഏതാനും പഴയ സ്ലാബുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചെങ്കിലും റസ്റ്റ് ഹൗസിന് സമീപം വ്യാപാര ഭവന്‍ റോഡിനോട് ചേര്‍ന്ന് സ്ഥാപിച്ച സ്ലാബുകള്‍ നീക്കം ചെയ്തില്ല.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies