17-Feb-2019 (Sun)
 
 
 
താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് കര്‍ഷകരുടെ മാര്‍ച്ച്
താമരശ്ശേരി: ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വര്‍ഷങ്ങളായി കൈവശം വെച്ചു പോരുന്ന ഭൂമി വനഭൂമിയാക്കിമാറ്റാന്‍ കൃഷി ഭൂമിയില്‍ ജണ്ട കെട്ടുന്നുവെന്നാരോപിച്ചായിരുന്നു മാര്‍ച്ച്. വനം വകുപ്പ് നേരത്തെ സ്ഥാപിച്ച ജണ്ടകള്‍ പൊളിച്ചുമാറ്റി കൃഷിഭൂമയില്‍ പുതിയ ജണ്ടകള്‍ സ്ഥാപിക്കുന്നതില്‍ വലിയ അഴിമതി നടക്കുന്നതായും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
 
നോട്ട് നിരോധനം കേരളത്തിലെ വാണിജ്യ വ്യവസായ മേഖലകളെ നിശ്ചലമാക്കി: മന്ത്രി ഇ പി ജയരാന്‍
താമരശ്ശേരി: നോട്ട് നിരോധനം കേരളത്തിലെ വാണിജ്യ വ്യവസായ മേഖലകളെ നിശ്ചലമാക്കിയിരിക്കുകയാണെന്നും ഇതേ തുടര്‍ന്നുള്ള പ്രതിസന്ധി നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണെന്നും വ്യവസായ-കായിക വകുപ്പു മന്ത്രി ഇ പി ജയരാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് സംഘടിപ്പിച്ച താമരശ്ശേരി ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമ്മാനദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കള്ളപ്പണം പിടികൂടാനെന്ന പേരില്‍ നോട്ട് പിന്‍വലിച്ചെങ്കിലും പോയിന്റ് 7 ശതമാനം മാത്രാണ് തിരിച്ചെത്താതിരുന്നത്. ഇതില്‍ നഷ്ടപ്പെട്ടതും കേടായതും ഉണ്ടാവാം. ഇത് പതിനായിരം കോടിരൂപ മാത്രമാണ്. എന്നാല്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ഇരുപത്തി ഒന്നായിരം കോടിയാണ് ചെലവായത്. കള്ളപ്പണത്തിന് നികുതി അടക്കുന്നില്ലെന്നതല്ലാതെ വ്യാജ നോട്ട് അല്ലെന്ന തിരിച്ചറിവുപോലും ഇല്ലാതെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്.
 
കുടിവെള്ള പദ്ധതികള്‍ വ്യാപകമാക്കാന്‍ ജലസുരക്ഷ ഉറപ്പാക്കണം: മന്ത്രി മാത്യു ടി തോമസ്
കൊയിലാണ്ടി: കിഫ്ബിയിലൂടെ 4500 കോടി രൂപയുടെ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്. കേരളസര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊയിലാണ്ടി നഗരസഭയിലേക്കും സമീപ പഞ്ചായത്തുകളിലേക്കുമായി നടപ്പിലാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജല വിതരണ മേഖലയില്‍ കേരള ജല അതോറിറ്റി മറ്റ് സ്രോതസ്സുകളുമായി കൂടി ചേര്‍ന്ന് 9000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. നിലവില്‍ പല പദ്ധതികളും കാലതാമസം നേരിടുന്നതിന്റെ പ്രധാന കാരണം ആവശ്യമായ ഭൂമി യഥാസമയം ലഭ്യമാകാതെ പോകുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭാവിയില്‍ കുടിവെള്ള പദ്ധതികള്‍ വ്യാപകമായി നടപ്പാക്കണമെങ്കില്‍ ജലസുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്നും ജലവിതരണത്തിലെ നിലവാരമില്ലാത്ത പൈപ്പുകള്‍ മാറ്റി സ്ഥാപിച്ച് അതോടൊപ്പം തന്നെ നിലവിലുള്ള വിതരണ ശൃംഖല കൂടുതല്‍ വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭയിലും സമീപ പഞ്ചായത്തുകളായ കോട്ടൂര്‍, നടുവണ്ണൂര്‍, തുറയൂര്‍ പഞ്ചായത്തുകള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ വേണ്ടി 171 കോടി അടങ്കല്‍ തുക വകയിരുത്തി നടത്തുന്ന പദ്ധതിയില്‍ ആദ്യ ഘട്ടത്തില്‍ 85 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ 86 കോടിയുമാണ് ചെലവ്. പെരുവണ്ണാമുഴി ഡാം റിസര്‍വോയറില്‍ ജിക്ക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച കിണറും 174 ദശലക്ഷം ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള വാട്ടര്‍ ട്രീറ്റ്‌മെമെന്റ് പ്ലാന്റുമാണ് മുഖ്യ ജല ശ്രോതസ്സ്. കായണ്ണയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ച് ജലമെത്തിക്കാനാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാമത്തെ പാക്കേജില്‍ കായണ്ണ മുതല്‍ കോട്ടൂര്‍ വരെ 5530 മീറ്റര്‍ നീളത്തിലും, കോട്ടൂര്‍ മുതല്‍ സ്‌റ്റേറ്റ് ഹൈവേ വരെ 2545 മീറ്റര്‍ നീളത്തിലും തുടര്‍ന്ന് ഊരള്ളൂര്‍ വരെ 6840 മീറ്റര്‍ നീളത്തിലും പൈപ്പ് സ്ഥാപിക്കും. രണ്ടാം ഘട്ടത്തില്‍ 7385 മീറ്റര്‍ പൈപ്പും 17 ലക്ഷം ലിറ്റര്‍ കപ്പാസിറ്റി ഉള്ള ഭൂതല സംഭരണിയും വലിയമലയില്‍ സ്ഥാപിച്ചായിരിക്കും ജലമെത്തിക്കുക. കൊയിലാണ്ടി ടൗണില്‍ ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് 23 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയില്‍ ടാങ്ക് സ്ഥാപിച്ച് വലിയമല ബൂസ്റ്റര്‍ ശേഷനുമായി ബന്ധിപ്പിക്കും. മൂന്നാമത്തെ പാക്കേജ് തുറയൂര്‍ പഞ്ചായത്തിലേക്കാണ്. 92 05 മീറ്റര്‍ നീളത്തില്‍ പൈപ്പ് സ്ഥാപിച്ച് 7.5 ലക്ഷം ലിറ്റര്‍ സംഭരണശേഷിയില്‍ കടുവഞ്ചേരി കുന്നില്‍ ഉപരിതല ടാങ്ക് നിര്‍മ്മിക്കുന്നതിനാണ്. അവസാനത്തെ പാക്കേജ് നടുവണ്ണുര്‍ കോട്ടൂര്‍ പഞ്ചായത്തുകളില്‍ വെള്ളമെത്തിക്കാനാണ്. കോട്ടൂര്‍ പഞ്ചായത്തിലെ നിലവിലുള്ള ടാങ്കില്‍ ജലമെത്തിക്കുന്നതിനും രണ്ടാമത്തെ പാക്കേജില്‍ നഗരസഭയില്‍ ഉള്‍പ്പെടെ വലിയമല ടാങ്ക്, കോട്ടക്കുന്ന്, ടാങ്ക് നിര്‍മ്മാണ പ്രവര്‍ത്തിക്ക് ടെണ്ടര്‍ നടപടി പൂര്‍ത്തിയായി പ്രവര്‍ത്തിയുടെ പ്രാരംഭഘട്ടം ആരംഭിച്ചു. 2020 മാര്‍ച്ചോടെ പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാന്‍ സാധിക്കും. എം എല്‍ എമാരായ കെ ദാസന്‍, പുരുഷന്‍ കടലുണ്ടി, നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ജല അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ടി വി ബാലന്‍, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ശോഭ, തുറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷരീഫ മണലും പുറത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ പത്മിനി, സ്ഥിരം സമിതി അംഗം എന്‍.കെ ഭാസ്‌കരന്‍, കൗണ്‍സിലര്‍ എം സുരേന്ദ്രന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരള ജല അതോറിറ്റി മെമ്പര്‍ ടി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. കേരള ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ ബാബു തോമസ് പദ്ധതി വിശദീകരണം നടത്തി.
 
കഞ്ചാവ് വില്‍പ്പനക്കാരന്‍ പിടിയില്‍
താമരശ്ശേരി: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍. കൊടുവള്ളി ആറങ്ങോട് പടിപ്പുരക്കല്‍ ലക്ഷം വീട് കോളനിയിലെ സുബൈറിനെ(31) യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും അറസ്റ്റ് ചെയ്തത്. താമരശ്ശേരി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു വെച്ച് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെയാണ് എക്‌സൈസിന്റെ പിടിയിലായത്. 150 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, അശ്വന്ത് വിശ്വന്‍, ജിനീഷ്, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
 
ചുരത്തില്‍ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേര്‍ക്ക് നിസ്സാര പരുക്ക്
അടിവാരം: ചുരത്തില്‍ ആമ്പുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്. ചുരം ആറാം വളവില്‍ ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. വയനാട് പുല്‍പ്പള്ളിയില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് മൃതദേഹം എടുക്കാന്‍ പോവുകയായിരുന്ന ആമ്പുലന്‍സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ആമ്പുലന്‍സ് റോഡരികിലെ മതിലില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ആറ് പേരാണ് ആമ്പുലന്‍സില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ക്ക് നിസ്സാര പരുക്കേറ്റു. ഇവര്‍ക്ക് ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാധമിക ചികിത്സ നല്‍കി.
 
എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം: മന്ത്രി ഇ പി ജയരാജന്‍
കൊടുവള്ളി: അടുത്ത അധ്യായന വര്‍ഷം സംസ്ഥാനത്തെ എട്ടാം ക്ലാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കൈത്തറി യൂണിഫോം വിതരണം ചെയ്യുമെന്ന് വ്യവസായ-കായിക വകുപ്പു മന്ത്രി ഇ പി ജയരാജന്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊടുവള്ളി കരുവന്‍പൊയില്‍ ഗവണ്‍മെന്റ് യു പി സ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിന്റെയും കാരാട്ട് റസാഖ് എം എല്‍ എ അനുവദിച്ച മൂന്ന് ക്ലാസ് മുറികളുടെയും എസ് എസ് എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന രണ്ട് ക്ലാസ് മുറികളുടെയും തറക്കല്ലിടലും മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്ററുടെ ആസ്ഥി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. പഴയ കാലത്തെ അപേക്ഷിച്ച് വിദ്യാര്‍ത്ഥികള്‍ ബുദ്ധിമാന്‍മാരാണെന്നും ഇതിന്നനുസരിച്ചുള്ള സൗകര്യങ്ങളാണ് വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഏഷ്യന്‍ പാരാലമ്പിക്‌സ് ഒളിമ്പിക്‌സില്‍ വെള്ളിമെഡില്‍ നേടിയ മുഹമ്മദ് സ്വാലിഹ്, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പോള്‍ മാസ്റ്റര്‍, മികച്ച അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് നേടിയ ഷൈലജ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം എം എല്‍ എ. അഡ്വ. പി ടി എ റഹീം മുഖ്യാതിഥിയായിരുന്നു. മുന്‍ എം എല്‍ എ. വി എം ഉമ്മര്‍ മാസ്റ്റര്‍, നഗരസഭ ചെയര്‍ പേഴ്‌സണ്‍ ശരീഫ കണ്ണാടിപ്പൊയില്‍, വൈസ് ചെയര്‍മാന്‍ എ പി മജീദ്, കൗണ്‍സിലര്‍ വായോളി മുഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
കരിഞ്ചോലക്കൊരു കൈത്താങ്ങ്: എന്‍ എസ് എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ രണ്ട് വീടുകള്‍
കട്ടിപ്പാറ: ഉരുള്‍പൊട്ടലില്‍ 14 ജിവനുകള്‍ പൊലിയുകയും മുപ്പതോളം വീടുകള്‍ തകരുകയും ചെയ്ത കരിഞ്ചോലയുടെ പുനരധിവാസ പദ്ധതിക്ക് വിദ്യാര്‍ത്ഥികളുടെ സഹായ ഹസ്തം. കോഴിക്കോട് ജില്ലാ എന്‍ എസ് എസ് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ട് വീടുകളാണ് കരിഞ്ചോല ദുരിത ബാധിതര്‍ക്കായി നിര്‍മിച്ചു നല്‍കുന്നത്. കരിഞ്ചോലക്കൊരു കൈത്താങ്ങ് എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ 133 എന്‍ എസ് എസ് യൂണിറ്റുകള്‍ കൈ കോര്‍ത്തപ്പോള്‍ 14 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. കാരാട്ട് റസാറ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ലഭ്യമാക്കിയ സ്ഥലത്താണ് രണ്ട് വീടുകള്‍ നിര്‍മിക്കുന്നത്. വീടുകളുടെ തറക്കല്ലിടലും വെട്ടി ഒഴിഞ്ഞതോട്ടം ഗവ. എല്‍ പി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. നവകേരള നിര്‍മാണത്തിന് കേരളം കൈ കോര്‍ക്കുമ്പോള്‍ എന്‍ എസ് എസ് നടത്തുന്ന പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
 
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കായി കട്ടിപ്പാറയില്‍ കൈത്തിരി പദ്ധതിക്ക് തുടക്കം
കട്ടിപ്പാറ: ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൗമാരക്കാര്‍ക്കുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കൈത്തിരി പദ്ധതിക്ക് തുടക്കമായി. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരുടെ ആരോഗ്യ വിദ്യാഭ്യാസ സംരക്ഷണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കട്ടിപ്പാറ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നത്. ഭാരതീയി ചികിത്സാ വകുപ്പിന്റെയും ദേശീയ ആയുഷ് മിഷന്റെയും സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്കായി മാസത്തില്‍ രണ്ട് തവണ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും നടത്തും. കൂടാതെ ഇവര്‍ക്കും രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗും മറ്റു സഹായങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. സമീപത്തെ പഞ്ചായത്തിലുള്ളവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. പദ്ധതിയുടെ ഉദ്ഘാടനം വ്യവസായ-കായികവകുപ്പ് മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു.
 
കൊടുവള്ളി നഗരസഭ അധികൃതര്‍ സ്വകാര്യ ഭൂമി കയ്യേറിയതായി പരാതി
കൊടുവള്ളി: കൊടുവള്ളി നഗരസഭ അധികൃതര്‍ സ്വകാര്യ ഭൂമി കയ്യേറി റോഡ് നിര്‍മിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ സുലൈമാന്റെ ഉടമസ്ഥതയിലുള്ള കാരാടന്‍ ലാന്റ്‌സ് കമ്പനിക്ക് വാവാട് ഇരുമോത്ത് സ്‌കൂളിന് സമീപത്തുള്ള ഭൂമിയാണ് കൊടുവള്ളി നഗരസഭ അധികൃതര്‍ കയ്യേറിയത്. കുന്നിന്‍ പ്രദേശത്ത് നഗരസഭയുടെ അധീനതയിലുള്ള ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാനായി ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഭൂമി കയ്യേറിയെന്നാണ് പരാതി.
 
കൈത്തറി പ്രചരണം: ജില്ലാതല ചിത്രരചനാ മത്സരം നടത്തി
കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കൈത്തറിയുടെ പ്രചരണാര്‍ത്ഥം ജില്ലാതല ചിത്രരചനാ മത്സരം നടത്തി. മത്സരത്തില്‍ 700 ഓളം കുട്ടികള്‍ പങ്കെടുത്തു. നടക്കാവ് ഗവണ്‍മന്റ് വി എച്ച് എസ് എസില്‍ സംഘടിപ്പിച്ച പരിപാടി എ പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രാജീവ് കെ സ്വാഗതം പറഞ്ഞു. ജനറല്‍ മാനേജര്‍ ടി വി ഷുഹൈബ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി രജിസ്ട്രാര്‍ എം കെ ബാലരാജന്‍ കൈത്തറി പദ്ധതികള്‍ വിശദീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി കിഷന്‍ചന്ദ്, കൈത്തറി അസോസിയേഷന്‍ സെക്രട്ടറി എ വി ബാബു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. മത്സര വിജയികള്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തില്‍- എല്‍ പി വിഭാഗം: വേദിക ജെ എസ് (ജി എല്‍ പി എസ്, പനായി), ഇമ അനൂപ് (സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ്, പാറോപ്പടി) നിവേദ് പി പി (അപ്പെക്സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂള്‍, ഒളവണ്ണ). യു പി വിഭാഗം: നദ്‌വ ഹാശിം (ഇലാഹിയ എച്ച് എസ് എസ്, കാപ്പാട്), രേവതി രാജീവ് മക്രേരി (ഇന്ത്യന്‍ പബ്ളിക്ക് സ്‌ക്കൂള്‍, കൊയിലാണ്ടി), അവന്തിക എസ് (വേദവ്യാസ വിദ്യാലയം, മലാപ്പറമ്പ). ഹൈസ്‌ക്കൂള്‍ വിഭാഗം: അപര്‍ണ അനില്‍ (അമൃത വിദ്യാലയം, പെരുവട്ടൂര്‍), അഞ്ജിമ എസ് എം (ഇലാഹിയ എച്ച് എസ് എസ്, കാപ്പാട്), അനന്തുലാല്‍ ടി പി (സില്‍വര്‍ ഹില്‍സ് എച്ച് എസ് എസ്, പാറോപ്പടി).
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies