17-Feb-2019 (Sun)
 
 
 
ജനമഹാ യാത്രക്ക് കോഴിക്കോട്ട് ഉജ്വല വരവേല്‍പ്പ്
കോഴിക്കോട്: കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹാ യാത്രക്ക് കോഴിക്കോട് ജില്ലയില്‍ ഉജ്വല വരവേല്‍പ്പ്. വയനാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി ചുരം ഇറങ്ങിയ യാത്രയെ അടിവാരത്ത് വെച്ച് ഡി സി സി ഭാരവാഹികള്‍ ജില്ലയിലേക്ക് സ്വീകരിച്ചു. അടിവാരത്തുനിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആദ്യ സ്വീകരണ കേന്ദ്രമായ മുക്കത്തേക്ക് ആനയിച്ചത്. രണ്ടാമത്തെ സ്വീകരണം സ്വര്‍ണ നഗരിയായ കൊടുവള്ളിയിലായിരുന്നു. സ്വര്‍ണ നഗരിയിലും ഊഷ്മള സ്വീകരണമാണ് മുല്ലപ്പള്ളിക്ക് ഒരുക്കിയിരുന്നത്.
 
ഒരു കിലോ കഞ്ചാവുമായി വാവാട് സ്വദേശി ബാലുശ്ശേരിയില്‍ പിടിയില്‍
ബാലുശ്ശേരി: ഒരു കിലോ കഞ്ചാവുമായി വാവാട് സ്വദേശി ബാലുശ്ശേരിയില്‍ പിടിയില്‍. കൊടുവള്ളി വാവാട് കുയ്യോടിയില്‍ അനുരാഗ് (അട്ടാരു- 25) ആണ് പോലീസിന്റെ പിടിയിലായത്. റൂറല്‍ എസ് പി. ജി ജയദേവിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി കോക്കല്ലൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ബംഗളൂരു ഭാഗത്ത് നിന്ന് വന്ന ബസ്സില്‍ കോഴിക്കോട് സ്വദേശി രാജേഷ് എന്നയാള്‍ കൊടുത്തയച്ച കഞ്ചാവ് വ്യാഴാഴ്ച രാവിലെ കൊയിലാണ്ടി സ്റ്റാന്റിന് പരിസരത്തു വെച്ച് മറ്റൊരാള്‍ അനുരാഗിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇത് വീട്ടിലെത്തിച്ച് പൊതികളാക്കി വില്‍ക്കുകയാണ് ഇയാളുടെ പതിവ്. രണ്ടു വര്‍ഷമായി കഞ്ചാവ് വില്‍പ്പനയാണ് ഇയാളുടെ ജോലി. താമരശ്ശേരി, കൊടുവള്ളി ഭാഗങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി ഇയാള്‍ക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്. രണ്ടു മാസത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന്റെ നിര്‍ദ്ദേശപ്രകാരം ബാലുശ്ശേരി സി ഐ. കെ സുഷീര്‍, എസ് ഐ. ലളിത, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ. രാജീവ് ബാബു, എസ് സി പി ഒ. ഷിബില്‍ ജോസഫ്, സി പി ഒ. ഷഫീഖ്, ബാലുശ്ശേരി സ്റ്റേഷനിലെ എ എസ് ഐമാരായ പൃഥ്വിരാജ്, അഷ്‌റഫ്, എസ് സി പി ഒ. റനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
 
എട്ട് ലിറ്റര്‍ ചാരായവുമായി മധ്യ വയസ്‌കന്‍ പിടിയില്‍
തലയാട്: എട്ട് ലിറ്റര്‍ ചാരായവുമായി മധ്യ വയസ്‌കന്‍ എക്‌സൈസിന്റെ പിടിയിലായി. തലയാട് മണിച്ചേരി കൊട്ടകൊന്നുമ്മല്‍ ശശി(49) ആണ് എക്‌സൈസിന്റെ പിടിയിലായത്. തലയാട്, മണിച്ചേരി, കാവുംപുറം പ്രദേശങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മണിച്ചേരി കോളനി മുക്കില്‍ നിന്നും ശശി പിടിയിലായത്. ആളൊഴിഞ്ഞ പ്രേദശത്തു നിന്നും വ്യാജ ചാരായം വാറ്റി വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായത്. താമരശ്ശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവെന്റിവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍, സി ഇ ഒ മാരായ മനോജ് കുമാര്‍, ശ്രീരാജ്, മുഹമ്മദ് ഇര്‍ഷാദ്, എന്‍ പി വിവേക് എന്നിവരങ്ങിയ സംഘമാണ് ചാരായം പിടികൂടിയത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 
കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് പിടിയില്‍
താമരശ്ശേരി: കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊടുവള്ളി വാരിക്കുഴിത്താഴം അരികോട്ടും കാവില്‍ മുഹമ്മദ് ഷാഫി (21) ആണ് പിടിയിലായത്. 50 ഗ്രാം കഞ്ചാവും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 57 ഖ്യു 7481 നമ്പര്‍ ആക്ടീവ സ്‌കൂട്ടറും എക്‌സൈസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും നടത്തിയ നീക്കത്തിലാണ് കഞ്ചാവ് പിടികൂടിയത്.
 
നരിക്കുനിയില്‍ വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് വാഹനങ്ങള്‍ കത്തി നശിച്ചു
നരിക്കുനി: വര്‍ക്ക് ഷോപ്പിന് തീ പിടിച്ച് വാഹനങ്ങള്‍ കത്തി നശിച്ചു. നരിക്കുനി പടനിലം റോഡില്‍ നരിക്കുനി സ്വദേശി മിഥുനിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രകല വര്‍ക്ക് ഷോപ്പിലാണ് തീപ്പിടുത്തം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. മിഥുനിന്റെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബോഡി വര്‍ക്ക് ഷോപ്പിലായിരുന്നു തീപ്പിടുത്തം. വര്‍ക്ക് ഷോപ്പില്‍ നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍ പെട്ട സമീപവാസികള്‍ ഉടന്‍തന്നെ നരിക്കുനി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. മിനിറ്റുകള്‍ക്കകം ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചതിനാല്‍ സമീപത്തെ വര്‍ക്ക് ഷോപ്പിലേക്കും വീടുകളിലേക്കും തീ പടരുന്നത് തടയാന്‍ കഴിഞ്ഞു. ഒരു ട്രാവലര്‍ വാന്‍, രണ്ട് ബൈക്കുകള്‍ എന്നിവയും വര്‍ക്ക് ഷോപ്പിലെ ഉപകരണങ്ങളും കത്തി നശിച്ചു. വെല്‍ഡിംഗ് മെഷീന്‍ ഓഫ് ചെയ്യാതെ ജീവനക്കാര്‍ പുറത്ത് പോയതാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
 
മുക്കം ആര്‍ ഇ സിയില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് അധ്യാപകര്‍ മരിച്ചു
മുക്കം: സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് അധ്യാപകര്‍ മരിച്ചു. ചേന്നമംഗലൂര്‍ കെ സി ഫൗണ്ടേഷന്‍ അധ്യാപകരായ മുക്കം ചേന്നമംഗലൂര്‍ മിനി പഞ്ചാബ് കെ വി ഇസ്മായില്‍ (55), പേരാമ്പ്ര സ്വദേശി മുഹമ്മദ് താജുദീന്‍(30) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് എന്‍ ഐ ടിക്ക് സമീപം അപകടമുണ്ടായത്. ചേന്നമംഗലൂരിലേക് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 എഫ് 1472 നമ്പര്‍ സ്‌കൂട്ടറിനെ കോഴിക്കോട് മുക്കം റൂട്ടിലോടുന്ന സൗപര്‍ണ്ണിക ബസ്സ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
 
ചിപ്പിലിത്തോട് തുഷാരഗിരി റോഡ് ഉദ്ഘാടനം വെള്ളിയാഴ്ച
അടിവാരം: വയനാട് ചുരത്തെയും തുഷാരഗിരി വിനോദ സഞ്ചാര കേന്ദ്രത്തെയും ബന്ധിപ്പിക്കുന്ന ചിപ്പിലിത്തോട് തുഷാഗിരി റോഡ് യാഥാര്‍ത്ഥ്യമായി. കാപ്പാട് തുഷാരഗിരി ഹൈവെയുടെ രണ്ടാം റീച്ചായാണ് ചുരം ഒന്നാം വിളവിന് മുകളില്‍ ചിപ്പിലിത്തോട് ജംഗ്ഷനില്‍ നിന്നും തുഷാരഗിരി വരെ 5 കിലോമീറ്റര്‍ ഹൈവെ നിര്‍മിച്ചത്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് ഇതിന്ന് സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയത്.
 
ഉരുളക്കിഴങ്ങ് ചാക്കിനുള്ളില്‍ കുഴല്‍ പണം; പുതുപ്പാടി സ്വദേശികള്‍ പിടിയില്‍
പുതുപ്പാടി: ഉരുളക്കിഴങ്ങിനുള്ളില്‍ കുഴല്‍ പണം ഒളിപ്പിച്ച് കടത്തിയ പുതുപ്പാടി സ്വദേശികളായ രണ്ടുപേര്‍ കാട്ടിക്കുളത്ത് പോലീസിന്റെ പിടിയിലായി. അടിവാരം നൂറാംതോട് കൊച്ചുമാരിയില്‍ റഫീഖ്(40), കൈതപ്പൊയില്‍ തിട്ടുമ്മല്‍ അഷ്റഫ്(39ഃ) എന്നിവരാണ് കുഴല്‍പണവുമായി തിരുനെല്ലി പോലീസിന്റെ പിടിയിലായത്. ഉരുളക്കിഴങ്ങ് കടത്തുകയായിരുന്ന കെ എല്‍ 57 ആര്‍ 1109 നമ്പര്‍ ഗുഡ്‌സ് വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച ഒരു കോടി മുപ്പത് ലക്ഷത്തോളം രൂപ തിരുനെല്ലി എസ് ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു. ഉരുളക്കിഴങ്ങ് ചാക്കുകള്‍ക്കിടയില്‍ മറ്റൊരു ചാക്കില്‍ കെട്ടിയാണ് പണം സൂക്ഷിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും കൊടുവള്ളിയിലേക്കാണ് പണം കടത്തുന്നതെന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്. പോലീസിന്റെ പിടിയിലാവും മുന്നെ അഷ്‌റഫ് ഓടി രക്ഷപ്പെട്ടിരുന്നു. റഫീഖില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് പിന്നീട് കാട്ടിക്കുളത്ത് വെച്ചാണ് അഷ്‌റഫ് പിടിയിലായത്.
 
കെ എസ് ആര്‍ ടി സി ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
കോഴിക്കോട്: കെ എസ് ആര്‍ ടി ബി ബസ്സിടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ്റ്റാന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ബാലുശ്ശേരി പനങ്ങാട് സ്വദേശിയും വിമുക്ത ഭടനുമായ പ്രകാശന്‍(53) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.10 ന് ആയിരുന്നു അപകടം. സര്‍വീസ് കഴിഞ്ഞെത്തിയ ജന്‍ഡ്രം ബസ്സ് ഹാള്‍ട്ടിനായി പിന്നോട്ടെടുത്തപ്പോള്‍ ബസ്സിന് പിന്നിലുണ്ടായിരുന്ന പ്രകാശനെ ഇടിക്കുകയായിരുന്നു. ബസ്സിനടിയിലേക്ക് വീണ പ്രകാശന്റെ ദേഹത്തുകൂടി ചക്രം കയറി ഇറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി
 
റിപ്പബ്ലിക് ദിന റാലിയിലെ താമര: അടച്ചിട്ട അംഗന്‍വാടി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനം
താമരശ്ശേരി: റിപ്പബ്ലിക് ദിന റാലിയില്‍ താമര ചിഹ്നം പ്ലക് കാര്‍ഡ് ആക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം സംഘര്‍ഷത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട താമരശ്ശേരി തേറ്റാമ്പുറം അംഗന്‍വാടി നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. അംഗന്‍വാടി ജീവനക്കാരെ സസ്‌പെന്റ് ചെയ്തതിനാല്‍ തല്‍ക്കാലിക അടിസ്ഥാനത്തില്‍ വര്‍ക്കറെയും ആയയെയും നിയമിക്കാനും തീരുമാനിച്ചു. കഴിഞ്ഞ 28 ന് രാവിലെ സി ഡി പി ഒ തെളിവെടുപ്പിന് എത്തിയപ്പോള്‍ പരാതി പറയാനെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ബി ജെ പി പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. തുടര്‍ന്ന് അംഗന്‍വാടി വര്‍ക്കറെയും ഹെല്‍പ്പറെയും സസ്‌പെന്റ് ചെയ്യുകയും അംഗന്‍വാടി അടച്ചുപൂട്ടുകയുമായിരുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, സി ഡി പി ഒ സുബൈദ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ നിഷ, വി കുഞ്ഞിരാമന്‍, വി പി ഗോപാലന്‍കുട്ടി, ശിവദാസന്‍, കെ എം ബാബു സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies