18-Nov-2018 (Sun)
 
 
 
1 2 3 4 5 6
 
പുതുപ്പാടി ബഡ്‌സ് സ്‌കൂള്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം നവംബര്‍ അഞ്ചിന്
പുതുപ്പാടി: ഭിന്നശേഷിക്കാരുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തി പുതുപ്പാടിയില്‍ ബഡ്‌സ് സ്‌കൂള്‍ ഉദ്ഘാടനത്തിനൊരുങ്ങി. രക്ഷിതാക്കള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പുതുപ്പാടി ഗ്രാമപഞ്ചായത്ത് കൈതപ്പൊയില്‍ വള്ള്യാട് നിര്‍മ്മിച്ച ബഡ്‌സ് സ്‌കൂള്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായത്.നവംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജോര്‍ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാവും. 30 ലക്ഷം രൂപ പുതുപ്പാടി പഞ്ചായത്തും 25 ലക്ഷം രൂപ കുടുംബശ്രീ മിഷനും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. മൂന്ന് ക്ലാസ് മുറികള്‍, ഓഫീസ്, മികച്ച സൗകര്യങ്ങളോടു കൂടിയ അടുക്കള, ഫിസിയോ തെറാപ്പി യൂണിറ്റ്, രണ്ട് ടോയ്‌ലറ്റുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളോടു കൂടിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഐസിഡിഎസ് കണക്കെടുപ്പ് പ്രകാരം ഭിന്നശേഷിയുള്ള 163 കുട്ടികളാണ് പുതുപ്പാടി ഗ്രാമപഞ്ചായത്തിലുള്ളത്. ഇതില്‍ 36 പേര്‍ സ്ഥാപനത്തില്‍ പ്രവേശനം നേടിക്കഴിഞ്ഞു. രാവിലെ 10 മുതല്‍ പകല്‍ 3 വരെയാണ് സെന്ററിന്റെ പ്രവര്‍ത്തന സമയം. ടീച്ചര്‍, ആയ, പാചകക്കാരി, ഡ്രൈവര്‍ എന്നിങ്ങനെ നാല് ജീവനക്കാരാണ് സെന്ററിലുള്ളത്. ആയയുടെ നേതൃത്വത്തില്‍ വാഹനത്തില്‍ വീടുകളില്‍ ചെന്ന് വിദ്യാര്‍ഥികളെ സ്ഥാപനത്തിലേക്ക് കൊണ്ടുവരികയും തിരികെ കൊണ്ടാക്കുകയും ചെയ്യും. വൊക്കേഷണല്‍ ട്രെയിനിങിന്റെ ഭാഗമായി തയ്യല്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയില്‍ പരിശീലനം നല്‍കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ഫീസും വാഹനവാടകയും കൊടുത്ത് കുട്ടികളെ അയക്കാന്‍ കഴിയാത്ത രക്ഷിതാക്കള്‍ക്ക് വലിയ ആശ്വാസമാണ് പുതുപ്പാടി പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും ഈ സംരംഭം.
 
താമരശ്ശേരി: വിധവയായ ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയനാട് സ്വദേശിക്കെതിരെ താമരശ്ശേരി പോലീസ് കേസെടുത്തു. പുല്‍പ്പള്ളി സ്വദേശി കുഞ്ഞുമോനെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് മക്കളുടെ മാതാവായ യുവതി ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. 9 മാസം ഗര്‍ഭിണിയായ ഇവര്‍ അവശ നിലയില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തത്. പുതുപ്പാടി അടിവാരം ഭാഗത്ത് കൈത തോട്ടത്തില്‍ ജോലിക്കെത്തിയിരുന്ന യുവതിയെ ഇതേ തോട്ടത്തിലെ മാനേജറായ കുഞ്ഞുമോന്‍ രണ്ട് വര്‍ഷത്തോളമായി പീഡിപ്പിച്ചിരുന്നുവെന്നാണ് യുവതി മൊഴി നല്‍കിയത്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
 
സ്‌നേഹിത കോളിംഗ്‌ബെല്‍ ഗുണഭോക്താക്കളുടെ സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ സ്‌നേഹിത കോളിംഗ്‌ബെല്‍ ഗുണഭോക്താക്കളുടെ സംഗമവും മെഡിക്കല്‍ ക്യാമ്പും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന 222 പേരെ കണ്ടെത്തിയതിന്റെ ഭാഗമായി അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കുന്ന പദ്ധതിയാണ് സ്‌നേഹിത കോളിംഗ്‌ബെല്‍. അയല്‍ക്കൂട്ടങ്ങളിലെ ആരോഗ്യവളണ്ടിയര്‍മാര്‍ക്കാണ് ഇവരുടെ ചുമതല.
 
ഗണിത ശാസ്ത്രമേള ശ്രദ്ധേയമായി
താമരശ്ശേരി: വെടിഞ്ഞ് തോട്ടം എസ് എസ് എം യു പി സ്‌കൂളില്‍ ഗണിതസാമൂഹ്യശാസ്ത്ര ഭാഷാ ക്ലബ്ബുകളുടെ കീഴില്‍ ഒരുക്കിയ ശാസ്ത്ര പ്രദര്‍ശനം ഏറെ കൗതുകകരമായി. കുട്ടികള്‍ സ്വയം തയ്യാറാക്കിയ ശാസ്ത്ര പരീക്ഷണങ്ങള്‍, ഗണിത ലാബ,് ഭാഷ ഉര്‍ദു സംസ്‌കൃതം, അറബി, ഹിന്ദി വിഷയങ്ങളിലുള്ള വിവിധ പ്രദര്‍ശനങ്ങള്‍, പൈതൃക വസ്തുക്കളുടെ പ്രദര്‍ശനം എന്നിവ ഉണ്ടായിരുന്നു. മേള കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുളളതോട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മദാരി ജുബൈരിയ അധ്യക്ഷത വഹിച്ചു. ഹെഡ്മിസിസ് പി ശ്യാമള, പിടിഎ പ്രസിഡന്റ് ടി എം ഇസ്മായില്‍, മുഹമ്മദ് ബഷീര്‍, ഷിഹാബുദ്ദീന്‍, സുബൈര്‍ സി കെ, മുജീബ് കരിഞ്ചോല, വിജയന്‍ പോറേരി, സിപി നസീഫ് എന്നിവര്‍ സംസാരിച്ചു.
 
കട്ടിപ്പാറ: പ്രളയവും മണ്ണിടിച്ചിലും വ്യാപകനാശം വിതച്ച കട്ടിപ്പാറ, കൂടരഞ്ഞി പഞ്ചായത്തുകളെ പുനര്‍ജനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവിടങ്ങളില്‍ കാര്‍ഷകസെമിനാറുകളും കാര്‍ഷികവിദഗ്ധരും കര്‍ഷകരും തമ്മിലുള്ള സമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കാന്‍ ആത്മ ഗവേണിങ് ബോര്‍ഡ് യോഗം ചെയര്‍മാന്‍ കലക്ടര്‍ യു വി ജോസ് നിര്‍ദേശം നല്‍കി. കൂടുതല്‍ കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്ന രീതിയില്‍ ആത്മയ്ക്കു വേണ്ടത്ര പ്രചാരണം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ പ്രയാസം നേരിടുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നടത്തി വേങ്ങേരി മാര്‍ക്കറ്റില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പരസ്യലേലം വഴി സാധനങ്ങള്‍ വില്‍പ്പന ചെയ്യാവുന്നതാണെന്നും യോഗത്തില്‍ തീരുമാനമെടുത്തു. നൂതനശാസ്ത്രസാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അറിവുകള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നതിനായുള്ള കൃഷിവകുപ്പിന്റെ പ്രോഗ്രാമാണ് ആത്മ. വിജ്ഞാനവ്യാപനത്തിനു പുറമെ മണ്ണുപരിശോധനയുടെ അടിസ്ഥാനത്തില്‍ സോയില്‍ ഹെല്‍ത് കാര്‍ഡുകളുടെ വിതരണവും കാര്‍ഷികയന്ത്രവത്ക്കരണവും ആത്മയുടെ പ്രവര്‍ത്തനങ്ങളാണ്. യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫിസര്‍ പി എന്‍ ജയശ്രി, ആത്മ പ്രൊജക്ട് ഡയറക്ടര്‍ ലേഖ കാര്‍തി, കൃഷിവകുപ്പ് ഡപ്യൂട്ടി ഡയറകടര്‍ എസ് ഷീല, ലീഡ് ബാങ്ക് മാനേജര്‍ കെ എം ശിവദാസന്‍, കൃഷിവിജ്ഞാന്‍ കേന്ദ്ര ശാസ്ത്രജ്ഞന്‍ പി രാധാകൃഷ്ണന്‍, ജില്ലാ കര്‍ഷക ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
പ്രളയബാധിതരുടെ പുനരധിവാസം; കുടുംബശ്രീ അംഗങ്ങള്‍ക്ക് സി ഡി എസ് വായ്പാ പദ്ധതി
പുതുപ്പാടി: പ്രളയബാധിതരുടെ പുനരധിവാസം ഉറപ്പാക്കുന്നതിന് കുടുംബശ്രീ അംഗങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസര്‍ജന്റ് കേരള ലോണ്‍ സ്‌കീമില്‍ പങ്കാളികളായി പുതുപ്പാടി പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍. പ്രളയക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായമായ 10000 രൂപ ലഭിച്ച കുടുംബശ്രീ അംഗങ്ങള്‍ക്കായി തിരിച്ചടവ് ഉറപ്പാക്കികൊണ്ട് നടപ്പിലാക്കുന്ന വായ്പ പദ്ധതിയാണ് പുതുപ്പാടിയിലെ അയല്‍ക്കൂട്ടങ്ങളില്‍ നടപ്പാക്കുന്നത്. പ്രളയത്തില്‍ നഷ്ടപ്പെട്ട ഗൃഹോപകരണങ്ങള്‍, വീടിന്റെ ചെറിയ അറ്റകുറ്റപ്പണികള്‍ക്കുള്ള വസ്തുക്കള്‍ എന്നിവ വാങ്ങുന്നതിനോ നഷ്ടമായ ഉപജീവനോപാധികള്‍ നേടുന്നതിനൊ വായ്പാ തുക ഉപയോഗിക്കാം. പരമാവധി ഒരു ലക്ഷം രൂപയാണ് ഒരു അംഗത്തിന് അനുവദിക്കുന്നത്. 4 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ട വായ്പക്ക് 9 ശതമാനമാണ് പലിശ. വീഴ്ച കൂടാതെ വായ്പ തിരിച്ചടക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പലിശ സബ്സിഡിയായിഅനുവദിക്കും. വായ്പ തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തുന്നവരെ പ്രത്യേക പട്ടികയില്‍ പെടുത്തുകയും തുടര്‍ന്നുള്ള സര്‍ക്കാരിന്റെ എല്ലാ പദ്ധതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. നിലവില്‍ കുടുംബശ്രീ അംഗം അല്ലാത്തവര്‍ക്ക് കുടുംബശ്രീയില്‍ അംഗത്വം എടുത്ത് പദ്ധതിയുടെ ഭാഗമാകാവുന്നതാണ്. പുതുപ്പാടി സി ഡി എസിന് കീഴിലെ 9 അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 17 പേര്‍ വായ്പക്ക് അപേക്ഷ നല്‍കി. അപേക്ഷ സി ഡി എസ് പരിശോധിച്ചാണ് ബേങ്കില്‍ സമര്‍പ്പിക്കുന്നത്. കനറാ ബേങ്കിന്റെ അടിവാരം ബ്രാഞ്ചില്‍ നിന്നും നാലുപേര്‍ക്കായി നാല് ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. അടിവാരം മുപ്പതേക്ര വാര്‍ഡിലെ അനാമിക അയല്‍ക്കൂട്ടത്തിലെ പി സി തങ്കത്തിനും, സതീദേവിക്കും ചെക്ക് നല്‍കി അടിവാരം കനറബാങ്ക് മാനേജര്‍ എ എം ബാലന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, അയല്‍ക്കൂട്ട ഭാരവാഹികളായ സുശീല അജയഘോഷ്, സുഹറാബി സംബന്ധിച്ചു.
 
തെരുവുനായയുടെ ആക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്
കാരശ്ശേരി: തെരുവുനായയുടെ ആക്രമത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കാരശ്ശേരി ആനയാംക്കുന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗസലിനെയാണ് തെരുവ് നായ ആക്രമിച്ചത്. സ്‌കുളിലേക്കുള്ള യാത്രക്കിടെയായണ് തെരുവ് നായ ഗസലിന്റെ മേല്‍ ചാടി വീണത്. കൈക്കും കാലിനും ഉള്‍പ്പെടെ സാരമായി കടിയേറ്റ വിദ്യാര്‍ത്ഥിയെ മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാധമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. മുക്കം പന്നിക്കോട് സ്‌കൂളില്‍ കഴിഞ്ഞ ദിവസം പരാക്രമം നടത്തിയ തെരുവ് നായയെ മണിക്കൂറുകള്‍ക്ക് ശേഷം മുക്കം ഫയര്‍ഫോഴ്‌സ് എത്തിയാണ് പിടികൂടിയത്.
 
കക്കാടംപൊയിലില്‍ എല്ലാ വീട്ടിലും അടുക്കളത്തോട്ടം മൂന്നാംഘട്ടത്തിന് തുടക്കം
കക്കാടംപൊയില്‍: ഹരിത കേരളം പദ്ധതിയുമായി സഹകരിച്ച് ഗ്രാമപ്പഞ്ചായത്ത് കക്കാടംപൊയില്‍ വാര്‍ഡില്‍ നടപ്പാക്കുന്ന എല്ലാ വീട്ടിലും അടുക്കളത്തോട്ടം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കമായി. എല്ലാ വീടുകളിലേക്കുമുള്ള പച്ചക്കറിവിത്തുകളുടെയും തൈകളുടെയും സൗജന്യ വിതരണത്തിന് വാര്‍ഡ് വികസന സമിതി നേതൃത്വം നല്‍കും. വാര്‍ഡംഗം കെ എസ് അരുണ്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസി. കൃഷി ഓഫീസര്‍ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ശ്രീനിവാസന്‍ വട്ടക്കാവില്‍, ബേബി പാവക്കല്‍, അജയന്‍ വല്യാറ്റുകണ്ടം, അബ്ദുള്‍കരീം, സൂസമ്മ മാത്യു, ജിമ്മി മത്തില്‍ക്കണ്ടം, ടിന്റു സുനീഷ്, ഷിന്റ ശ്രീനിവാസന്‍, സണ്ണി ചെമ്പാട്ട് എന്നിവര്‍ സംസാരിച്ചു.
 
കരനെല്‍ കൃഷി വിളവെടുപ്പ്
താമരശ്ശേരി: കിഴക്കോത്ത് കൃഷിഭവന്റെ സഹകരണത്തോടെ മാട്ടിലായിമ്മല്‍ രാധാകൃഷ്ണന്‍ കൃഷിചെയ്ത കരനെല്ലിന്റെ വിളവെടുപ്പ് കൃഷിഓഫീസര്‍ ടി കെ നസീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എം എസ് മുഹമ്മദ്, റിട്ടേര്‍ഡ് കൃഷി ഓഫീസര്‍ അതൃമാന്‍ കുട്ടി, പൂക്കാട് മുഹമ്മദ്, കരുഞ്ഞിയില്‍ ശ്രീധരന്‍, മാട്ടിലായിമ്മല്‍ ഗോപാലന്‍, കനകലത, യശോദ, ഭവാനി, അഗ്രി. അസി. ഫാസില എന്നിവരും പരിപാടിയില്‍ സംബന്ധിച്ചു.
 
പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനം കൗതുക കാഴ്ചയായി
കോടഞ്ചേരി: പോലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ട് മനസ്സിലാക്കുവാനും നിയമ നിര്‍വഹണത്തിനായി പോലീസ് നടപ്പിലാക്കുന്ന വിവിധ രീതികള്‍ പഠിയ്ക്കുവാനും കാണുവാനുമായി കോടഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയ കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീംസെന്‍ട്രല്‍ സ്‌കൂളിലെ മോണ്ടിസ്സോറി വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം വേറിട്ട അനുഭവമായി.
 
1 2 3 4 5 6
 
 
 

All rights reserved | Website developed and maintained by Zyonz Technologies