11-Dec-2018 (Tue)
 
 
 
വനിതാ കമ്മീഷന്‍ അദാലത്ത് : 13 പരാതികള്‍ തീര്‍പ്പാക്കി
കോഴിക്കോട്: വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് നടത്തി. കോഴിക്കോട് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ പരാതിപരിഹാര അദാലത്തില്‍ 13 പരാതികള്‍ തീര്‍പ്പാക്കി. ആകെ 76 പരാതികളാണ് പരിഗണനയ്ക്ക് ലഭിച്ചത.് ഏഴ് പരാതികള്‍ പൊലീസ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലേക്ക് അയച്ചു. ഒരു പരാതി കോടതി മുഖേന പരിഹാരം കാണേണ്ടതാണ്. 25 പരാതികള്‍ അടുത്ത അദാലത്തിലേക്ക് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു. സ്ത്രീകള്‍ക്കെതിരായ സൈബര്‍ അക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അസഭ്യഭാഷാപ്രയോഗം ഹീനമായ അക്രമമാണെന്നും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു. കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതായുള്ള പരാതികളാണ് ലഭിക്കുന്നവയില്‍ ഏറെയും. പല നിയമഫോറങ്ങളില്‍ പോയിട്ടും പരിഹാരം ലഭിക്കാത്ത കേസുകളും വനിത കമ്മീഷന്‍ മുമ്പാകെ പരിഹാരത്തിനായി എത്തുന്നുണ്ട്. നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക് അഭയമായാണ് വനിതാ കമ്മീഷന്‍ അദാലത്തിനെ ജനം കാണുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. യുവതലമുറയില്‍ കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി കൂടുതല്‍ ബോധവല്‍ക്കരണ പരിപാടികള്‍ വനിത കമ്മീഷന്‍ മുഖേന നടപ്പാക്കുമെന്ന് കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര പറഞ്ഞു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ ഇ.എം രാധ,അഡ്വ ഷിജി ശിവജി എന്നിവര്‍ പങ്കെടുത്തു.
 
ശുചിത്വമാണ് സേവനം ബോധവല്‍ക്കരണ റാലി നടത്തി
കോഴിക്കോട്: ഭാരത സര്‍ക്കാരിന്റെ സ്വച്ഛ് ഹീ സേവാ പക്ഷാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര, റീജിയണല്‍ സയന്‍സ് സെന്റര്‍, നാഷണല്‍ സര്‍വീസ് സ്‌കീം, അരിക്കനട്ട് ആന്‍ഡ് സ്‌പെയ്‌സസ് ഡെവലപ്‌മെന്റ് എന്നിവ സംയുക്തമായി ശുചിത്വ ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ കാളീരാജ് മഹേഷ് കുമാര്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. ശാസ്ത്ര കേന്ദ്രം മേഖലാ ഡയറക്ടര്‍ വി എസ് രാമചന്ദ്രന്‍, നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ എം അനില്‍ കുമാര്‍, കെ സുനില്‍ കുമാര്‍, പി ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.
 
കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നല്‍കി തൊഴിലാളി മാതൃകയായി
താമരശ്ശേരി: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നല്‍കി തൊഴിലാളി മാതൃകയായി. മൈക്കാവ് ആനിക്കോട് സണ്ണിയാണ് കളഞ്ഞു കിട്ടിയ മുപ്പതിനായിരം രൂപ ഉടമസ്ഥന് തിരിച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം താമരശ്ശേരി എല്‍ ഐ സി ഓഫീസിന്റെ കവാടത്തില്‍ വെച്ചാണ് സണ്ണിക്ക് മുപ്പതിനായിരം രൂപ കളഞ്ഞു കിട്ടിയത്. സണ്ണി ഉടന്‍ തന്നെ പണം താമരശ്ശേരി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ട തിരുവമ്പാടി സ്വദേശി മുഹമ്മദ് നബീല്‍ സ്‌റ്റേഷനിലെത്തുകയും ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ സണ്ണി പണം നബീലിന് കൈമാറുകയും ചെയ്തു.
 
കോഴിക്കോട്: ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാചരണം ആഡംബരങ്ങളില്ലാതെ നടത്താന്‍ ജില്ലാകലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണംപ്രകൃതി സംരക്ഷണം എന്ന ആശയം മുന്‍നിര്‍ത്തിയാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ജില്ലാ തല ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ ടൗണ്‍ഹാളില്‍ നടക്കും. ജില്ലയില്‍ കുറഞ്ഞത് അയ്യായിരം പേരുടെ കര്‍മസേന ഉണ്ടാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക. വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, രക്ഷാധികാരിയും ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു. പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ ബോധവല്‍കരണ ശില്‍പശാല റീജ്യണല്‍ ടൗണ്‍ പ്ലാനര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോഴിക്കോട് ചാപ്റ്റര്‍ എന്നിവരുമായി ചേര്‍ന്ന് സംഘടിപ്പിക്കും. ദേശീയ പാത ആറു വരി ആക്കുന്നതിന്റെ ഭാഗമായി മുറിച്ചു മാറ്റപ്പെടുന്ന മരങ്ങള്‍ക്ക് പകരം പുതിയ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കും. വൃക്ഷത്തൈ നടല്‍ പ്രവര്‍ത്തനത്തിന് വനംവകുപ്പ്, മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ്, മണ്ണ്പര്യവേഷണ കേന്ദ്രം എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും പരിസരവും വാരാചരണത്തിന്റെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശുചിത്വ സന്ദേശം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാന്‍ ശുചിത്വ സാക്ഷരതാ സി ഡി എല്ലാ വിദ്യാലയങ്ങളിലും പ്രദര്‍ശിപ്പിക്കും. ആരോഗ്യ പരിപാലന പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് ഏകോപിപ്പിക്കും. സബ് കലക്ടടര്‍ വി വിഘ്‌നേശ്വരി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍ കുമാര്‍, റീജിയണല്‍ ടൗണ്‍ പ്ലാനര്‍ കെ വി അബ്ദുള്‍ മാലിക്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കബനി സി, എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അജില്‍ അബ്ദുള്ള, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശന്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എസ് ഗോപകുമാര്‍, കവിത പിസി, ഡോ സി എ റസാഖ്, ഒ ജ്യോതിഷ് കുമാര്‍, ബേബി സുജാത കെ ജി ,ടി ബാലകൃഷ്ണന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, യുവജനസംഘടന പ്രതിനിധികള്‍, ഗാന്ധിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.
 
കഞ്ചാവ് വേട്ട ; ഇടുക്കി സ്വദേശി ഓമശ്ശേരിയില്‍ എക്‌സൈസ് പിടിയില്‍
ഓമശ്ശേരി: മുറി വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇടുക്കി സ്വദേശി ഓമശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി സ്വദേശിയായ സ്‌ക്കറിയ(67)യെയാണ് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരനും സംഘവും അറസ്റ്റു ചെയ്തത്. ഓമശ്ശേരി കൊടുവള്ളി റോഡില്‍ മുറി വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. 350 ഗ്രാം കഞ്ചാവും കെ എല്‍ 57 ജെ 4474 നമ്പര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.എക്‌സൈസ് സംഘം സ്ഥലത്തെത്തിയതോടെ ഇവിടെയുണ്ടായിരുന്ന ഓമശ്ശേരി മേത്തല്‍ വീട്ടില്‍ ഷമീര്‍ ഓടി രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസര്‍ സജു എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി പി ഷാജു, സി ഇ ദീപേഷ്, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഷമീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
 
നരിക്കുനിയില്‍ സ്ഥലം വില്‍പ്പനക്ക്
നരിക്കുനി അങ്ങാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റോഡ് സൗകര്യത്തോടെയുള്ള 10 സെന്റ് സ്ഥലം വില്‍പ്പനക്ക്. വീട് നിര്‍മാണത്തിന് അനുയോജ്യം. ഫോണ്‍: 8086298711
 
ഒന്നര കോടിയുടെ കുഴല്‍ പണവുമായി പുതുപ്പാടി സ്വദേശികള്‍ മുത്തങ്ങയില്‍ പിടിയില്‍
മുത്തങ്ങ: ഒന്നര കോടിയുടെ കുഴല്‍ പണവുമായി പുതുപ്പാടി സ്വദേശികളായ രണ്ടുപേര്‍ മുത്തങ്ങയില്‍ എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയിലേറെ വരുന്ന കുഴല്‍ പണവുമായി പുതുപ്പാടി കാരക്കുന്നുമ്മല്‍ ടി പി മുജീബ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ പിടികൂടിയത്. ചരക്ക് കടത്താനുപയോഗിക്കുന്ന കെ എല്‍ 55 കെ 6569 നമ്പര്‍ ദോസ്ത് വാഹനം തടഞ്ഞ് പരിശോധിച്ച എക്‌സൈസ് സംഘം വാഹനത്തിനുള്ളിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ചു വെച്ച 1, 54, 95000 രൂപ പിടിച്ചെടുത്തു. പുതുപ്പാടി, അടിവാരം, കൊടുവള്ളി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാന്‍ ബാംഗ്ലൂരില്‍ നിന്നാണ് പണം കടത്തുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ് പറഞ്ഞു.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാണ് പിടിച്ചെടുത്തത്. പണം കടത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. പണവും പ്രതികളെയും പിന്നീട് സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.
 
അമ്പായത്തോട് മുസ്ലിംലീഗ് ഓഫീസ് തീ വച്ച് നശിപ്പിച്ചു
അമ്പായത്തോട്: അമ്പായത്തോടില്‍ മുസ്ലിംലീഗ് ഓഫീസ് അഗ്നിക്കിരയാക്കി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ഡ് കമ്മിറ്റി ഓഫീസാണ് തീ വെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മുസ്ലിംലീഗ് ഓഫീസിനുള്ളില്‍ നിന്നും തീ ഉയരുന്നത് പ്രദേശവാസിയുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ അറിയിച്ചിതനെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഓഫീസിനുള്ളിലെ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും ഉള്‍പ്പെടെ കത്തി നശിച്ചു. നിലത്തെ ടൈല്‍സുകളും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്ന നിലയിലാണ്. പെട്രോള്‍ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് സംശയം. പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ധനമേറ്റിരുന്നു. ഇതിന്നു പിന്നാലെയാണ് മുസ്ലിംലീഗ് ഓഫീസ് അക്രമിക്കപ്പെട്ടത്. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമ്പായത്തോട് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
 
ശുചിത്വ സാക്ഷരതയ്ക്ക് തുടക്കമായി; പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപനങ്ങളെയും അനുമോദിച്ചു
കോഴിക്കോട് : ജില്ലയില്‍ ശുചിത്വ സാക്ഷരത പരിപാടിക്ക് തുടക്കമായി. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത പരിപാടി മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഥമ പരിഗണന നല്‍കണമെന്നും ഉറവിട മാലിന്യ സംസ്‌കരണത്തിന് വ്യക്തികള്‍ സന്നദ്ധരാകണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ശുചിത്വ സാക്ഷരത അണിയറ ശില്‍പ്പികളായ ഡോ. പുന്നന്‍ കുര്യന്‍, ശശിധരന്‍ ഒഡീസിയ, പ്രമോദ് മണ്ണേടത്ത്, യു പി ഏകനാഥന്‍, വി കെ പ്രഗ്‌നേഷ്, എന്നിവരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കോഴിക്കോട് കോര്‍പ്പറേഷനെയും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി, വടകര, ഫറോക്ക്, മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട വടകര, കൊടുവള്ളി, കുന്നുമ്മല്‍, മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട മാവൂര്‍, അഴിയൂര്‍, ബാലുശ്ശേരി, തിരുവമ്പാടി, ചേമഞ്ചേരി എന്നിവയെയും ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അനുമോദിച്ചു. യൂട്യൂബിലെ ശുചിത്വ സാക്ഷരത സന്ദേശത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
 
കോഴിക്കോട്: അടുത്ത ബന്ധുകള്‍ ഉണ്ടായിട്ടും മുതിര്‍ന്ന പൗരന്മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. ആരോരും ഇല്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനക്കള്‍ വഴി പുനരധിവാസം ഉറപ്പു വരുത്തും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 16 പേരുണ്ട്. ഇതില്‍ 10 പേര്‍ ചികിത്സയിലാണ്. ആറ് പേര്‍ ചികിത്സ കഴിഞ്ഞെങ്കിലും പോകാന്‍ ഇടമില്ലാത്തവരാണ്. ഇതില്‍ മക്കളും ഭാര്യയും ബന്ധുക്കളും ഉളളവരുമുണ്ട്. അടുത്ത ബന്ധുക്കള്‍ ഉളളവര്‍ ആശുപത്രിയില്‍ കഴിയുന്നവരെ കൂടിക്കൊണ്ടുപോകാത്ത പക്ഷം മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്ന നിയമം ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഇതുപോലെ ഉപേക്ഷിക്കപ്പെട്ടവര്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ കലക്ടര്‍ ചുമതലപ്പെടുത്തി. മുതിര്‍ന്നവര്‍ക്കുളള നിയമം കര്‍ശനമായും നടപ്പാക്കാന്‍ സബ് കലക്ടറയെും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി. ഉറ്റവര്‍ ഇല്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയേയും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി. ബീച്ച് ആശുപത്രിയില്‍ അഗതികള്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. റെഡ് ക്രോസ്, ഹോം ഓഫ് ലവ്, തെരുവിന്റെ മക്കള്‍ എന്നീ സന്നദ്ധ സംഘടനകള്‍ ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് തയ്യാറാണെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച് കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. ഡോ. എം കെ മുനീര്‍ എം എല്‍ എ, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി എം പി ജയരാജ്, എ ഡി എം ടി ജനില്‍കുമാര്‍, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. വി ഉമ്മര്‍ ഫറൂഖ്, ഡി എം ഒ ഡോ. വി ജയശ്രീ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എം രാജന്‍, എം വി ജലീല്‍, സലീം, പി ഷാന്‍, ദീപു കെ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies