29-Mar-2020 (Sun)
 
 
 
1 2 3
 
കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ കൈമാറി
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ കൈമാറി. ഗ്രാമപഞ്ചായത്തിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാവശ്യമായ ഡബിള്‍ ടിസ്റ്റര്‍ സിറ്റിങ്ങ് ആന്‍ഡ് സ്റ്റാന്റിങ്ങ്, ലെഗ് എക്സ്റ്റന്‍ഷന്‍ ആന്റ് ലെഗ് കേള്‍, ഹാക്ക് സ്‌ക്കോട്ട് ആന്റ് ലെഗ് പ്രസ്സ്, ഹിപ് ഫ്‌ലക്‌സര്‍, ജഴ്‌സി എന്നിവയ്ക്കയി 2,30000 രൂപയാണ് പദ്ധതിയില്‍ വെച്ചിട്ടുള്ളത്. സമഗ്ര സ്‌പോര്‍ട്‌സ് പരിശീലനം ലക്ഷ്യം വെച്ചണ് പഞ്ചായത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും വിവിധ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 400000 രൂപ ചെലവഴിച്ച് ജമ്പിങ്ങ് ബഡ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. 2019-20 വര്‍ഷം 500000 രൂപ സ്‌പോര്‍ട്‌സിനും 100000 രൂപ ഗെംയിസിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സംസ്ഥാന മീറ്റിലും ദേശീയ മീറ്റിലും മികച്ച പ്രകടനമാണ് കായിക താരങ്ങള്‍ കാഴ്ച വെച്ചത്. കട്ടിപ്പാറ ഹോളി ഫാമിലി ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി അംഗങ്ങളായ പി സി തോമസ്, ബേബി ബാബു, വാര്‍ഡ് മെമ്പര്‍ ഇന്ദിരാ ശ്രീധരന്‍, പഞ്ചായത്ത് സെക്രട്ടറി എം എ റഷീദ്, സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സിബിച്ചന്‍, ഹെഡ്മാസ്റ്റര്‍ എം എ എബ്രഹാം, കായിക അധ്യാപകന്‍ വി ടി മിനീഷ്, കെ യു ബെസി എന്നിവര്‍ സംസാരിച്ചു.
 
ആമ്പല്‍കുളം പറമ്പത്ത്കാവ് പള്ളി റോഡ് ഉദ്ഘാടനം ചെയ്തു
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പുതുക്കിപ്പണിത ആമ്പല്‍കുളം പറമ്പത്ത്കാവ് പള്ളി റോഡ് കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് കോണ്ക്രീറ്റ് ചെയ്തത്. നഗരസഭ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ വായോളി മുഹമ്മദ് മാസ്റ്റര്‍, കെ കെ സഫീന, ഇ സി മുഹമ്മദ്, സഹകരണ ബാങ്ക് പ്രസിഡന്റ് ഒ പി റഷീദ്, റസിയ ഇബ്രാഹിം, പി ടി സദാശിവന്‍, സി പി ഫൈസല്‍, എന്‍ പി ഇക്ബാല്‍, കെ ടി സുനി, കെ പി കുഞ്ഞിരായിന്‍ ഹാജി, എ പി സിദ്ധീഖ്, കീപ്പോയില്‍ ഇബ്രാഹിം, നാസര്‍ ചുണ്ടപ്പുറം, വി ടി ഷമീര്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ സുബൈര്‍ സ്വാഗതവും മുനീര്‍ നന്ദിയും പറഞ്ഞു.
 
അവാര്‍ഡ് ദാനവും ഫ്രഷേഴ്‌സ് ഡേയും സംഘടിപ്പിച്ചു
താമരശ്ശേരി: പരപ്പന്‍പൊയില്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രയംഫ് ട്യൂഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ വിദ്യര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ഫ്രഷേഴ്‌സ് ഡേയും സംഘടിപ്പിച്ചു. ഡയറക്ടര്‍ സി സുഹൈല്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും ചടങ്ങിന്റെ ഉദ്ഘടനവും ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഫിംഗര്‍ പ്രിന്റ് എക്‌സ്‌പെര്‍ട്ട് കരീം നിര്‍വഹിച്ചു. ട്രയംഫ് ഡയറക്ടര്‍ വി കെ സയ്ദ് അധ്യക്ഷത വഹിച്ചു. ശുഹൈബ് കൊടുവള്ളി, മഞ്ചു എ ടി എന്നിവര്‍ പ്രസംഗിച്ചു. കോഴിക്കോട് ട്രിപ്പിള്‍ ഫൈവ് ബാന്‍ഡ് നടത്തിയ സംഗീതോപകരണ മേളവും വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും ചടങ്ങിന് കൊഴുപ്പേകി. ട്രയംഫ് ഡയറക്ടര്‍ അഷ്‌റഫ് മാണിക്കോത് സ്വാഗതവും ഇഷാഖ് അമ്പലക്കണ്ടി നന്ദിയും പറഞ്ഞു.
 
അവേലത്ത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അവേലം: സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) അവേലം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എളേറ്റില്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ അവേലത്ത് സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ വിവിധ വിഭാഗത്തിലായി 5 ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു. മഴക്കാല രോഗങ്ങള്‍ക്ക് പ്രതിരോധവും ജീവിത ശൈലീരോഗങ്ങളായ രക്ത സമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ നിര്‍ണ്ണയം, ഇ സി ജി, രക്തഗ്രൂപ്പ് നിര്‍ണ്ണയം എന്നീ സേവനങ്ങളും ക്യാമ്പില്‍ സൗജന്യമായി നല്‍കി. കൂടാതെ രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് പ്രദേശത്തെ ബി പി എല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ നിരക്കില്‍ പഞ്ചസാര നല്‍കി. 100 രൂപയ്ക്ക് 5 കിലോഗ്രാം പഞ്ചസാരയാണ് നല്‍കിയത്.
 
വ്യാപാരികള്‍ക്ക് മിനിമം വേതനം ഉറപ്പു വരുത്തണം: ടി നസിറുദ്ദീന്‍
പൂനൂര്‍: വ്യാപാരമാന്ദ്യംമൂലം ദുരിതമനുഭവിക്കുന്ന ചെറുകിട വ്യാപാരികള്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്‍ ആവശ്യപ്പെട്ടു. പൂനൂര്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി സേതുമാധവന്‍, അഷ്റഫ് മൂത്തേടത്ത്, വാഴയില്‍ ഇബ്രാഹിം ഹാജി, അബ്ദുല്‍ ഷുക്കൂര്‍, രാജന്‍ കാന്തപുരം, സി പി ഹക്കീം, കെ അബ്ദുല്‍ മജീദ്, പി മൊയ്തീന്‍ഹാജി, മുനവ്വര്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. പ്രസിഡന്റ് താര അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ്ഹാജി സ്വാഗതവും എ വി നാസര്‍ നന്ദിയും പറഞ്ഞു. വ്യാപാരികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെ ഉപഹാരം നല്‍കി അനുമോദിച്ചു. പുതിയ ഭാരവാഹികളായി താര അബ്ദുറഹിമാന്‍ ഹാജി (പ്രസിഡന്റ്), സി കെ അബ്ദുല്‍ അസീസ്ഹാജി (ജന. സെക്രട്ടറി), സി കെ മൊയ്തീന്‍കുട്ടി ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
 
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
എളേറ്റില്‍: എളേറ്റില്‍ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി എം ബുഷ്‌റ അധ്യക്ഷത വഹിച്ചു. കസബ സ്റ്റേഷനിലെ സി പി ഒ. കെ സി ഉമേഷ് യോഗ പരിശീലനത്തിന് നേതൃത്വം നല്‍കി.
 
ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു
പൂനൂര്‍: പൂനൂര്‍ ഗാഥ കോളേജിലെ ഡിഗ്രി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയികള്‍ക്ക് അവാര്‍ഡ് വിതരണവും സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായ സമര്‍പ്പണവും നടത്തി. പൂനൂര്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങ് ഡോ. സയ്യിദ് അബ്ദുസ്സബൂര്‍ തങ്ങള്‍ അവേലത്ത് ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമാ മേക്കപ്പ് ആര്‍ട്ടിസ്റ്റും ഗാഥ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ റോഷന്‍ എന്‍ ജി മുഖ്യാതിഥിയായിരുന്നു. മാനേജര്‍ യു കെ ബാവ മാസ്റ്റര്‍ റോഷനെ ഉപഹാരം നല്‍കി ആദരിച്ചു.
 
സനാതനസാരഥി താമരശ്ശേരിയില്‍ യോഗ ദിനാചരണം നടത്തി
താമരശ്ശേരി: സനാതനസാരഥിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ യോഗ ദിനാചരണം നടത്തി. പത്മശ്രീ ജേതാവും പുരാവസ്തു ഗവേഷകനുമായ ഡോ. കെ കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ ഇരു കൈകളും നീട്ടി യോഗയെ സ്വീകരിക്കുമ്പോള്‍ ആദരിക്കപ്പെടുന്നത്ഭാ രതീയമായ പൈതൃകവും ചിന്താധാരകളുമാണെന്ന് ഡോ. കെ കെ മുഹമ്മദ് പറഞ്ഞു. ശരീരത്തെയും മനസ്സിനെയും നിയന്ത്രിച്ച് സ്വസ്ഥവും സമാധാനപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ ശക്തി പകരുന്ന യോഗ ലോകത്തിന് ഭാരതം നല്‍കിയ മഹത്തായ സംഭാവനകളിലൊന്നാണ്. യോഗയുടെ ഗുണവശങ്ങള്‍ സാധാരണ ജനങ്ങള്‍ തിരിച്ചറിഞ്ഞ് സ്വായത്തമാക്കുന്നത് സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. ചടങ്ങില്‍ സനാതനസാരഥി പ്രസിഡണ്ട് എം കെ അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. കെ കെ മുഹമ്മദിനെ സനാതന എം കെ.അപ്പുക്കുട്ടന്‍ പൊന്നാട അണിയിച്ചു. ഗിരീഷ് തേവള്ളി ഉപഹാരം നല്‍കി. വിവിധ ക്ഷേത്ര കമ്മിറ്റികളുടെയും സാമുദായിക, സാംസ്‌കാരിക സംഘടനകളുടെയും പ്രതിനിധികള്‍ കെ കെ മുഹമ്മദിനെ ഹാരമണിയിച്ചു. ബാബു നമ്പൂതിരി, ഗിരീഷ് തേവള്ളി, ടി എന്‍ രാമനുണ്ണി നായര്‍, ടി ഭാസ്‌ക്കരന്‍, നീലഞ്ചേരി ബാലകൃഷ്ണന്‍ നായര്‍, വി പി രാജീവന്‍, പി വി ദേവരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. രാധാകൃഷ്ണന്‍ ഉണ്ണികുളം സ്വാഗതവും എ കെ ബബീഷ് നന്ദിയും പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി സ്വസ്തി യോഗ ഇന്‍സ്റ്റിറ്റിയൂട്ട് ഇന്‍സ്ട്ട്രക്റ്റര്‍ യോഗാചാര്യന്‍ ശിവാനന്ദന്‍ വിശ്വകര്‍മ്മയുടെ നേതൃത്വത്തില്‍ സൗജന്യ യോഗക്ലാസ്സും പരിശീലനവും നടന്നു. ഒന്നര മണിക്കൂര്‍ നീണ്ടുനിന്ന യോഗപരിപാടിയില്‍ പൊതുജനങ്ങള്‍ പങ്കെടുത്തു. ശിവാനന്ദനെ എം കെ അപ്പുക്കുട്ടന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
 
മുഴുവന്‍ സ്ത്രീകളെയും യോഗ പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
കട്ടിപ്പാറ: മുഴുവന്‍ സ്ത്രീകളെയും യോഗ പരിശീലിപ്പിക്കാനുള്ള പദ്ധതിയുമായി കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്. ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി വാര്‍ഡ് കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ട പരിശീലനത്തിന് തുടക്കമായി. കഴിഞ്ഞ വര്‍ഷമാണ് കട്ടിപ്പാറയില്‍ സ്ത്രീകള്‍ക്കുള്ള യോഗ പരിശീലനം ആരംഭിച്ചത്. ആറ് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് 20 അംഗങ്ങളുള്ള ബാച്ചുകളായാണ് ആദ്യ ഘട്ടിത്തില്‍ യോഗ പരിശീലിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ സ്ത്രീകള്‍ മടിച്ചു നിന്നെങ്കിലും പിന്നീട് അവസരം ചോദിച്ച് എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. യോഗ പരിശീലിച്ചതോടെ ജീവിത ശൈലീ രോഗങ്ങളില്‍ വലിയ മാറ്റമുണ്ടായതായി പരിശീലനത്തിന് നേതൃത്വം നല്‍കുന്ന ഡോ. കെ പ്രവീണും സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും യോഗ പരിശീലിപ്പിക്കാനുള്ള പദ്ധതിയാണ് ഈ വര്‍ഷം ഗ്രാമപഞ്ചായത്ത് ആവിശ്കരിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും യോഗ പരിശീലനം ആരംഭിച്ചിട്ടുണ്ട്. വാര്‍ഡ് അടിസ്ഥാനത്തിലാണ് പരിശീലനത്തിന് സൗകര്യം ഒരുക്കുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി യോഗ പരിശീലനം ആരംഭിക്കാനും പദ്ധതിയുണ്ട്. പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. ഡോ. കെ പ്രവീണ്‍ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ എം തോമസ്, ബേബി ബാബു, മെമ്പര്‍മാരായ മുഹമ്മദ് ശാഹിം, എ ടി ഹരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
മഴക്കെടുതി: പുല്ലാളൂരില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്നു
പുല്ലാളൂര്‍: കനത്ത മഴയില്‍ വീടിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീട് അപകടാവസ്ഥയില്‍. പുല്ലാളൂര്‍ കൂടത്തൂര്‍ മുബഷിറിന്റെ വീടിന്റെ ചുറ്റുമതിലാണ് തകര്‍ന്നത്. മതിലിനോട് ചേര്‍ന്ന കിണറും അപകടാവസ്ഥയില്‍ ആയതോടെ ഭീതിയോടെയാണ് കുടുംബം കഴിയുന്നത്. അഞ്ച് ലക്ഷം രൂപയോളമാണ് നഷ്ടം കണക്കാക്കുന്നത്.
 
1 2 3
 
 
 

All rights reserved | Website developed and maintained by Zyonz Technologies