15-Dec-2018 (Sat)
 
 
 
കഞ്ചാവ് വേട്ട ; ഇടുക്കി സ്വദേശി ഓമശ്ശേരിയില്‍ എക്‌സൈസ് പിടിയില്‍
ഓമശ്ശേരി: മുറി വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇടുക്കി സ്വദേശി ഓമശ്ശേരിയില്‍ എക്‌സൈസിന്റെ പിടിയിലായി. ഇടുക്കി സ്വദേശിയായ സ്‌ക്കറിയ(67)യെയാണ് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരനും സംഘവും അറസ്റ്റു ചെയ്തത്. ഓമശ്ശേരി കൊടുവള്ളി റോഡില്‍ മുറി വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. 350 ഗ്രാം കഞ്ചാവും കെ എല്‍ 57 ജെ 4474 നമ്പര്‍ ബൈക്കും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.എക്‌സൈസ് സംഘം സ്ഥലത്തെത്തിയതോടെ ഇവിടെയുണ്ടായിരുന്ന ഓമശ്ശേരി മേത്തല്‍ വീട്ടില്‍ ഷമീര്‍ ഓടി രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസര്‍ സജു എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി പി ഷാജു, സി ഇ ദീപേഷ്, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. ഷമീറിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
 
നരിക്കുനിയില്‍ സ്ഥലം വില്‍പ്പനക്ക്
നരിക്കുനി അങ്ങാടിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ റോഡ് സൗകര്യത്തോടെയുള്ള 10 സെന്റ് സ്ഥലം വില്‍പ്പനക്ക്. വീട് നിര്‍മാണത്തിന് അനുയോജ്യം. ഫോണ്‍: 8086298711
 
ഒന്നര കോടിയുടെ കുഴല്‍ പണവുമായി പുതുപ്പാടി സ്വദേശികള്‍ മുത്തങ്ങയില്‍ പിടിയില്‍
മുത്തങ്ങ: ഒന്നര കോടിയുടെ കുഴല്‍ പണവുമായി പുതുപ്പാടി സ്വദേശികളായ രണ്ടുപേര്‍ മുത്തങ്ങയില്‍ എക്‌സൈസിന്റെ പിടിയിലായി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഒന്നര കോടിയിലേറെ വരുന്ന കുഴല്‍ പണവുമായി പുതുപ്പാടി കാരക്കുന്നുമ്മല്‍ ടി പി മുജീബ്, അബ്ദുള്‍ ഖാദര്‍ എന്നിവരെ പിടികൂടിയത്. ചരക്ക് കടത്താനുപയോഗിക്കുന്ന കെ എല്‍ 55 കെ 6569 നമ്പര്‍ ദോസ്ത് വാഹനം തടഞ്ഞ് പരിശോധിച്ച എക്‌സൈസ് സംഘം വാഹനത്തിനുള്ളിലെ പ്രത്യേക അറയില്‍ ഒളിപ്പിച്ചു വെച്ച 1, 54, 95000 രൂപ പിടിച്ചെടുത്തു. പുതുപ്പാടി, അടിവാരം, കൊടുവള്ളി എന്നിവിടങ്ങളില്‍ വിതരണം ചെയ്യാന്‍ ബാംഗ്ലൂരില്‍ നിന്നാണ് പണം കടത്തുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ജോര്‍ജ് പറഞ്ഞു.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും കെട്ടുകളാണ് പിടിച്ചെടുത്തത്. പണം കടത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു. പണവും പ്രതികളെയും പിന്നീട് സുല്‍ത്താന്‍ ബത്തേരി പോലീസിന് കൈമാറി.
 
അമ്പായത്തോട് മുസ്ലിംലീഗ് ഓഫീസ് തീ വച്ച് നശിപ്പിച്ചു
അമ്പായത്തോട്: അമ്പായത്തോടില്‍ മുസ്ലിംലീഗ് ഓഫീസ് അഗ്നിക്കിരയാക്കി. ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന വാര്‍ഡ് കമ്മിറ്റി ഓഫീസാണ് തീ വെച്ച് നശിപ്പിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മുസ്ലിംലീഗ് ഓഫീസിനുള്ളില്‍ നിന്നും തീ ഉയരുന്നത് പ്രദേശവാസിയുടെ ശ്രദ്ധയില്‍ പെട്ടത്. നാട്ടുകാര്‍ അറിയിച്ചിതനെ തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഓഫീസിനുള്ളിലെ ഫര്‍ണീച്ചറുകളും ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗും ഉള്‍പ്പെടെ കത്തി നശിച്ചു. നിലത്തെ ടൈല്‍സുകളും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്ന നിലയിലാണ്. പെട്രോള്‍ ഒഴിച്ചാണ് തീ കൊളുത്തിയതെന്നാണ് സംശയം. പ്രദേശത്തെ ഡി വൈ എഫ് ഐ പ്രവര്‍ത്തകന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ധനമേറ്റിരുന്നു. ഇതിന്നു പിന്നാലെയാണ് മുസ്ലിംലീഗ് ഓഫീസ് അക്രമിക്കപ്പെട്ടത്. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമ്പായത്തോട് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
 
ശുചിത്വ സാക്ഷരതയ്ക്ക് തുടക്കമായി; പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപനങ്ങളെയും അനുമോദിച്ചു
കോഴിക്കോട് : ജില്ലയില്‍ ശുചിത്വ സാക്ഷരത പരിപാടിക്ക് തുടക്കമായി. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ശുചിത്വ സാക്ഷരത പരിപാടി മന്ത്രിമാരായ ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൊതു ഇടങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രഥമ പരിഗണന നല്‍കണമെന്നും ഉറവിട മാലിന്യ സംസ്‌കരണത്തിന് വ്യക്തികള്‍ സന്നദ്ധരാകണമെന്നും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ശുചിത്വ സാക്ഷരത അണിയറ ശില്‍പ്പികളായ ഡോ. പുന്നന്‍ കുര്യന്‍, ശശിധരന്‍ ഒഡീസിയ, പ്രമോദ് മണ്ണേടത്ത്, യു പി ഏകനാഥന്‍, വി കെ പ്രഗ്‌നേഷ്, എന്നിവരെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. കോഴിക്കോട് കോര്‍പ്പറേഷനെയും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുനിസിപ്പാലിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട കൊയിലാണ്ടി, വടകര, ഫറോക്ക്, മികച്ച ബ്ലോക്ക് പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട വടകര, കൊടുവള്ളി, കുന്നുമ്മല്‍, മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ട മാവൂര്‍, അഴിയൂര്‍, ബാലുശ്ശേരി, തിരുവമ്പാടി, ചേമഞ്ചേരി എന്നിവയെയും ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അനുമോദിച്ചു. യൂട്യൂബിലെ ശുചിത്വ സാക്ഷരത സന്ദേശത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.
 
കോഴിക്കോട്: അടുത്ത ബന്ധുകള്‍ ഉണ്ടായിട്ടും മുതിര്‍ന്ന പൗരന്മാരെ തെരുവിലും ആശുപത്രികളിലും ഉപേക്ഷിക്കുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. ആരോരും ഇല്ലാത്തവര്‍ക്ക് സന്നദ്ധ സംഘടനക്കള്‍ വഴി പുനരധിവാസം ഉറപ്പു വരുത്തും. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 16 പേരുണ്ട്. ഇതില്‍ 10 പേര്‍ ചികിത്സയിലാണ്. ആറ് പേര്‍ ചികിത്സ കഴിഞ്ഞെങ്കിലും പോകാന്‍ ഇടമില്ലാത്തവരാണ്. ഇതില്‍ മക്കളും ഭാര്യയും ബന്ധുക്കളും ഉളളവരുമുണ്ട്. അടുത്ത ബന്ധുക്കള്‍ ഉളളവര്‍ ആശുപത്രിയില്‍ കഴിയുന്നവരെ കൂടിക്കൊണ്ടുപോകാത്ത പക്ഷം മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുന്ന നിയമം ഉപയോഗിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.ജില്ലയിലെ മറ്റ് സര്‍ക്കാര്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ഇതുപോലെ ഉപേക്ഷിക്കപ്പെട്ടവര്‍ ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ കലക്ടര്‍ ചുമതലപ്പെടുത്തി. മുതിര്‍ന്നവര്‍ക്കുളള നിയമം കര്‍ശനമായും നടപ്പാക്കാന്‍ സബ് കലക്ടറയെും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി. ഉറ്റവര്‍ ഇല്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറിയേയും ജില്ലാ സാമൂഹ്യനീതി ഓഫീസറെയും ചുമതലപ്പെടുത്തി. ബീച്ച് ആശുപത്രിയില്‍ അഗതികള്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ആശുപത്രി സൂപ്രണ്ടിനെയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചുമതലപ്പെടുത്തി. റെഡ് ക്രോസ്, ഹോം ഓഫ് ലവ്, തെരുവിന്റെ മക്കള്‍ എന്നീ സന്നദ്ധ സംഘടനകള്‍ ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന് തയ്യാറാണെന്ന് അറിയിച്ചു. ഇത് സംബന്ധിച്ച് കലക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാകലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. ഡോ. എം കെ മുനീര്‍ എം എല്‍ എ, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി എം പി ജയരാജ്, എ ഡി എം ടി ജനില്‍കുമാര്‍, ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. വി ഉമ്മര്‍ ഫറൂഖ്, ഡി എം ഒ ഡോ. വി ജയശ്രീ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അനീറ്റ എസ് ലിന്‍, റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ അഡ്വ. എം രാജന്‍, എം വി ജലീല്‍, സലീം, പി ഷാന്‍, ദീപു കെ തുടങ്ങിയവര്‍ പങ്കെടുത്തു.
 
പ്രളയക്കെടുതി വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ പ്രതിനിധി സന്ദര്‍ശനം
കോഴിക്കോട്: പ്രളയക്കെടുതി വിലയിരുത്താന്‍ കോഴിക്കോടെത്തിയ യു എന്‍ ഡി പി പ്രതിനിധി മഹേഷ് മോഹന്‍ദാസ് ഉരുള്‍പ്പൊട്ടലുണ്ടായ കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. തിങ്കാളാഴ്ച രാവിലെ കലക്ടറുടെ ചേമ്പറില്‍ എത്തിയ യു എന്‍ ഡി പി പ്രതിനിധിയുമായി ജില്ലാ കലക്ടര്‍ യു വി ജോസ് ചര്‍ച്ച നടത്തി. ജില്ലയിലെ കാലവര്‍ഷക്കെടുതികളും പ്രളയവും ഉരുള്‍പ്പൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങളും ദുരന്ത നിവാരണത്തിന് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഡപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) എന്‍ റംല, റീജ്യണല്‍ ടൗണ്‍പ്ലാനര്‍ അബ്ദുള്‍ മാലിക്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട് കോഴിക്കോട് ചാപ്റ്റര്‍ പ്രതിനിധി വിവേക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടര്‍ന്നാണ് യു എന്‍ പ്രതിനിധി ദുരന്ത മേഖലകള്‍ സന്ദര്‍ശിച്ചത്.
 
മുപ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ച് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍
ആവിലോറ: കുടിവെള്ളക്ഷാമം നേരിടുന്ന മുപ്പതോളം കുടുംബങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകര്‍. കാരന്തൂര്‍ മര്‍ക്കസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആവിലോറ യൂണിറ്റ് എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് സാന്ത്വനം ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പുറന്താങ്ങിയില്‍, നുച്ചിപ്പൊയില്‍ പ്രദേശങ്ങളിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചത്. കഴിഞ്ഞ വേനലില്‍ പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങിയതോടെയാണ് കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുന്നത് എസ് വൈ എസ് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് കാരന്തൂര്‍ മര്‍ക്കസുമായി ബന്ധപ്പെടുകയും മര്‍ക്കസിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാല്‍പ്പതിന പദ്ധതികളില്‍ ഉള്‍പ്പെടുത്തി ആവിലോറയില്‍ കുടിവെള്ള പദ്ധതി സ്ഥാപിക്കാനായി മൂന്നേമുക്കാല്‍ ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. കൂടുതല്‍ പണം ആവശ്യമായി വന്നതോടെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെയും ഗുണപോക്താക്കളുടെയും സഹായത്തോടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. കിണര്‍ സ്ഥാപിക്കാന്‍ പ്രദേശവാസിയായ തടായില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയും ടാങ്ക് സ്ഥാപിക്കാന്‍ താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി നിസാറും സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു.
 
പൊതു ശ്മശാനത്തില്‍ അശാസ്ത്രീയമായി മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
കോരങ്ങാട്: കോരങ്ങാട് പൊതു ശ്മശാനത്തില്‍ അശാസ്ത്രീയ രീതിയില്‍ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിന് കാരണമായി. അസഹ്യമായ പുകയും ദുര്‍ഗന്ധവും കാരണം പ്രദേശവാസികള്‍ പ്രക്ഷോഭത്തിനിറങ്ങിയതിനെ തുടര്‍ന്ന് ശ്മശാനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും വീണ്ടും മൃതദേഹം ദഹിപ്പിക്കാന്‍ എത്തിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കോരങ്ങാട് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിനോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ അശാസ്ത്രീയ രീതിയില്‍ മൃതദേഹം ദഹിപ്പിക്കുന്നത് പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങളെയും സര്‍ക്കാര്‍ സ്‌കൂളുകളിലേയും ഐ എച് ആര്‍ ഡി കോളേജിലേയും അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെയും ദുരിതത്തിലാക്കുകയാണ്. നനഞ്ഞ ചികരിയും പ്ലാസ്റ്റിക് കുപ്പികളും ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനാല്‍ പ്രദേശത്താകെ രൂക്ഷമായ പുകയും അസഹ്യമായ ദുര്‍ഗന്ധവും പരക്കുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ശാസ്ത്രീയ രീതിയിലുള്ള ശ്മശാനം സ്ഥാപിക്കുന്നുവെന്ന് വിശ്വസിപ്പിച്ച പഞ്ചായത്ത് ഭരണ സമിതി പ്രദേശ വാസികളെ കബളിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പഞ്ചായത്തോഫീസ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പഞ്ചായത്ത് അധികൃതര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തുകയും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതുവരെ ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
 
കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍, ഹരിതകേരള മിഷന്‍ എന്നിവയുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചിത്വസാക്ഷരതാ കര്‍മ്മപരിപാടിക്ക് സപ്തംബര്‍ 25 ന് തുടക്കമാകും. ജില്ലാഭരണകൂടം നടപ്പാക്കിവരുന്ന സീറോവേസ്റ്റ് പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ സാക്ഷരതയുടെ ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍, ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കും. ടാഗോര്‍ സെന്റിനറി ഹാളില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ചടങ്ങില്‍ ശുചിത്വസാക്ഷരതാ അണിയറ ശില്‍പികളെ അനുമോദിക്കും.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies