18-Feb-2019 (Mon)
 
 
 
താമരശ്ശേരിയിലെ നൂറ് വോട്ടുകള്‍ ഓമശ്ശേരിലേക്ക് മാറ്റി: പരാതിയുമായി യു ഡി എഫ്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ 40-ാം നമ്പര്‍ ബൂത്തില്‍ നിന്നും ക്രമനമ്പര്‍ 773 മുതല്‍ 872 വരെയുള്ള നൂറ് വോട്ടുകള്‍ ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ 41-ാം നമ്പര്‍ ബൂത്തിലേക്ക് മാറ്റിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. നാല്‍പ്പതാം ബൂത്തില്‍ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് ക്രമ നമ്പര്‍ പ്രകാരം അടുത്ത ബൂത്തിലേക്ക് മാറ്റിയതിലെ അശാസ്ത്രീയതക്കെതിരെയാണ് പ്രിഷേധം. താമരശ്ശേരി പഞ്ചായത്തിലെ അണ്ടോണ പ്രദേശത്തുള്ള വോട്ടര്‍മാര്‍ നാല് കിലോമീറ്ററോളം സഞ്ചരിച്ച് വെളിമണ്ണയിലെ ബൂത്തിലെത്തണമെന്നും ഇത് പലര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് ആക്ഷേപം. അശാസ്ത്രീയ രീതിയില്‍ ബൂത്ത് ക്രമീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞെടപ്പ് കമ്മീഷന് പരാതി നല്‍കി. പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് യു ഡി എഫ് അറിയിച്ചു.
 
കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ താമരശ്ശേരി മേഖലാ കണ്‍വന്‍ഷന്‍
താമരശ്ശേരി: കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന്‍ താമരശ്ശേരി മേഖലാ കണ്‍വന്‍ഷന്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ മോഹനന്‍, സംസ്ഥാന സെക്രട്ടറി എന്‍ കെ അബ്ദുസ്സലാം, ജില്ലാ പ്രസിഡന്റ് അസ്സൈന്‍ കെ കൊടുവള്ളി, ജില്ലാ സെക്രട്ടറി കെ എന്‍ പ്രഭാകരന്‍, ജില്ലാ ആക്ടിംഗ് സെക്രട്ടറി സുബീഷ് ബാലുശ്ശേരി, കെ വേണുഗോപാല്‍, കെ സദാനന്ദന്‍, വി കെ മുഹമ്മദ് കുട്ടിമോന്‍, അമീര്‍ മുഹമ്മദ് ഷാജി, ടി എം അമ്മദ്, മൈമൂന, സുധീഷ് ബാലുശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. സുബൈര്‍ പൂനൂര്‍ സ്വാഗതവും സാലി നടോത്ത് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സുബൈര്‍ പൂനൂര്‍ (പ്രസിഡന്റ്), മൈമൂന താമരശ്ശേരി (സെക്രട്ടറി), സുബൈര്‍ ടി പി ഈങ്ങാപ്പുഴ(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
ചുങ്കം ഗതാഗതക്കുരുക്ക്; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
താമരശ്ശേരി: ദേശീയ പാതയും സംസ്ഥാന പാതയും സംഗമിക്കുന്ന താമരശ്ശേരി ചുങ്കത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. ചെക്ക്പോസ്റ്റില്‍ നിന്നും മുക്കം റോഡിലേക്ക് ബദല്‍ പാത കണ്ടെത്തുക, ട്രാഫിക് സിഗ്‌നല്‍ സംവിധാനം കാര്യക്ഷമമാക്കുക, താമരശ്ശേരി-ചുങ്കം മിനി ബൈപാസ് നവീകരിക്കുക, വട്ടക്കുണ്ട് ചുങ്കം നിര്‍ദ്ദിഷ്ടപാത യാഥാര്‍ത്ഥ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരത്തിനൊരുങ്ങുന്നത്. സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി കെ എ കബീര്‍ അധ്യക്ഷത വഹിച്ചു. ടി ആര്‍ ഓമനകുട്ടന്‍ കുട്ടന്‍, നവാസ് ഈര്‍ പ്പോണ, ജവഹര്‍ പൂമങ്ങലം, അഡ്വ. ജോസഫ് മാത്യു, കെ സരസ്വതി, എ പി ഹുസ്സൈന്‍, ജെസ്സി ശ്രീനിവാസന്‍, എം പി സി ജംഷിദ്, ഫസല്‍ കാരാട്ട്, മഹീന്ദ്രന്‍, രാജേഷ് കുമാര്‍, ജസീറലി എന്നിവര്‍ പ്രസംഗിച്ചു.
 
കാക്കിപ്പട കസവണിഞ്ഞ് കേരളപ്പിറവി ആഘോഷിച്ചു
ബാലുശ്ശേരി: അറുപത്തിരണ്ടാം കേരളപ്പിറവി ദിനാഘോഷം കസവണിഞ്ഞ് വ്യത്യസ്തമാക്കി ബാലുശ്ശേരി പോലീസ്. സി ഐ ഉള്‍പ്പെടെ സ്‌റ്റേഷനിലെ 58 പോലീസുകാരും കേരളീയ വേഷത്തില്‍ എത്തിയാണ് കേരളപ്പിറവി ആഘോഷിച്ചത്. പുരുഷന്‍മാര്‍ കസവുമുണ്ടും ഷര്‍ട്ടും അണിഞ്ഞപ്പോള്‍ വനിതകള്‍ സെറ്റ് സാരിയുടുത്താണ് എത്തിയത്. ചടങ്ങിന്റെ ഉദ്ഘാടനം ഗാനമാലപിച്ചുകൊണ്ട് പ്രമുഖ സംഗീതജ്ഞന്‍ ഹരിപ്പാട് കെ പി എന്‍ പിള്ള നിര്‍വഹിച്ചു. ചടങ്ങില്‍ സി ഐ. കെ സുഷീര്‍ അധ്യക്ഷത വഹിച്ചു. എസ് ഐ. കെ സുമിത്കുമാര്‍ ഹരിപ്പാടിന് ഉപഹാരം നല്‍കി. ഏറ്റവും നല്ല കേരളീയ വേഷധാരിയായി സിവില്‍ പോലീസ് ഓഫീസര്‍ ഒ ഷിബു, വനിതവിഭാഗത്തില്‍ പി ഷൈനി എന്നിവരെ തിരഞ്ഞെടുത്തു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഹരിപ്പാട് കെ പി എന്‍ പിള്ള കൈമാറി. കെ ജിദേഷ്, കെ സി പ്രത്യൂരാജ്, പി പി ലളിത എന്നിവര്‍ സംസാരിച്ചു.
 
നിര്‍ധന കുടുംബത്തിന് ഇതര സംസ്ഥാന തൊഴിലാളികളുടെ കൈതാങ്ങ്
പുതുപ്പാടി: നിര്‍ധന കുടുംബത്തിന് വീടൊരുക്കാനുള്ള കൂട്ടായ്മക്ക് കൈതാങ്ങുമായി ഇതര സംസ്ഥാന തൊഴിലാളികള്‍. വെസ്റ്റ് കൈതപ്പൊയിലിലെ വാട്‌സാപ്പ് കൂട്ടായ്മ നിര്‍മിച്ചു നല്‍കുന്ന വീടിന്റെ തേപ്പിന്റെ പ്രവൃത്തി ഏറ്റെടുത്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ സഹജീവി സ്‌നേഹത്തിന്റെ മാതൃക കാണിച്ചത്. പുതുപ്പാടി വെസ്റ്റ് കൈതപ്പൊയിലിലെ ഒരു കൈ വാട്‌സാപ്പ് കൂട്ടായ്മയാണ് മണവയല്‍ പുത്തലത്ത് ബദറുദ്ദീനും കുടുംബത്തിനും വീട് നിര്‍മിച്ചു നല്‍കാന്‍ രംഗത്തിറങ്ങിയത്. മാതാവും ഭാര്യും മൂന്ന് മക്കളും അടങ്ങിയ കുടുംബം ആകെയുള്ള നാല് സെന്റ് ഭൂമിയില്‍ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിയുന്നത് ഒരു കൈ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചയായതോടെ പ്രവാസികള്‍ കയ്യഴിച്ച് സഹായിച്ചു.
 
കോഴിക്കോട്: കേരളത്തിന്റെ നൂതന വികസന മാതൃകയായ കുടുംബശ്രീ നിര്‍മ്മാണ രംഗത്തും സജീവമാകുന്നു. സ്ത്രീകള്‍ക്ക് അപരിചിതമായ നിര്‍മ്മാണ മേഖലയില്‍ സാങ്കേതിക പരിജ്ഞാനം നല്‍കി സുസ്ഥിരമായ നിര്‍മ്മാണ സംരംഭങ്ങള്‍ സ്ഥാപിച്ച് കുടുംബശ്രീയുടെ പുത്തന്‍ ചുവടുവെപ്പ്, പിങ്ക് ലാഡര്‍. സര്‍ക്കാറിന്റെ വിവിധ ഭവന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ആശ്രയമില്ലാത്തവരും നിസ്സഹായരുമായ കുടുംബങ്ങളുടെ വീട് ചുരുങ്ങിയ ചെലവില്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നിര്‍മ്മാണ രീതി അനുവര്‍ത്തിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മലബാറില്‍ അര്‍ബന്‍ മേഖലയിലെ ആദ്യ സംരംഭമാണിത്. കൊല്ലം, തിരുവല്ല, എറണാകുളം എന്നിവിടങ്ങളില്‍ കുടുംബശ്രീയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ സജീവമാണ്. 15 പേരടങ്ങുന്ന രണ്ട് യൂണിറ്റുകള്‍ തറ നിര്‍മ്മാണം മുതല്‍ ഫിനിഷിങ്ങ് ജോലികള്‍ വരെ ചെയ്യും. നിര്‍മ്മാണ പരിശീലനത്തിനുള്ള സാമ്പത്തിക സഹായം ജില്ലാ കുടുംബശ്രീ മിഷനും സാങ്കേതിക സഹായം ഏക് സാത്തും നല്‍കും. 10 ലക്ഷം രൂപയുടെ പണി പൂര്‍ത്തിയാക്കിയാല്‍ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി പദവിയും പിങ്ക് ലാഡറിന് ലഭിക്കും. പി എം എ വൈ ലൈഫ് ഗുണഭോക്താക്കളായ 50ാം വാര്‍ഡിലെ ശോഭനയുടെയും 7ാം വാര്‍ഡിലെ നന്ദിനിയുടെയും ഭവന നിര്‍മ്മാണമാണ് ആദ്യഘട്ടത്തില്‍ ഏറ്റെടുത്തത്. ബേപ്പൂര്‍ തമ്പി റോഡ് ഇടക്കിട്ട കോവിലകംപറമ്പില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തറക്കല്ലിടിലും ഉദ്ഘാടനവും നിര്‍വഹിച്ചു. ഡെപ്യൂട്ടി മേയര്‍ മീരദര്‍ശക് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി സി കവിത പദ്ധതി വിശദീകരിച്ചു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ അനിത രാജന്‍ കുടുംബശ്രീ അക്രഡിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോര്‍പ്പറേഷന്‍ ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ വി ബാബു രാജ്, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി വി ലളിത പ്രഭ, നഗരാസൂത്രണ കാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ എം സി അനില്‍കുമാര്‍, കൗണ്‍സിലര്‍ പ്രകാശ് പേരോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി കെ പി വിനയന്‍ സ്വാഗതവും കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു.
 
കോടഞ്ചേരിയിലും താമരശ്ശേരിയിലും കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: കോടഞ്ചേരിയിലും താമരശ്ശേരിയിലും കഞ്ചാവ് വില്‍പ്പനക്കാര്‍ പിടിയില്‍. കല്ലുരുട്ടി തെച്യാട് മേലേപാവിട്ടക്കണ്ടി അഫ്‌സല്‍(22), തലയാട് തെച്ചി കുറ്റിക്കാട്ടില്‍ ഷെഹനാദ്(21) എന്നിവരാണ് പിടിയിലായത്. അഫ്‌സലിനെ 285 ഗ്രാം കഞ്ചാവുമായി കോടഞ്ചേരി പോലീസും ഷെഹനാദിനെ 150 ഗ്രാം കഞ്ചാവുമായി താമരശ്ശേരി എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്. മുക്കം, കോടഞ്ചേരി മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്‌സല്‍ പിടിയിലായത്. കഞ്ചാവുമായി കോടഞ്ചേരി ബസ്റ്റാന്റ് പരിസരത്തെത്തിയ പ്രതിയെ അഡീഷനല്‍ എസ് ഐ. യു രാജന്‍, സി പി ഒ മാരായ വിബീഷ്, വിനീഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. പുനൂര്‍, അവേലം, തച്ചംപൊയില്‍ ഭാഗങ്ങളില്‍ സ്ഥിരമായി കഞ്ചാവു വില്‍പന നടത്തുന്നതായ വിവരത്തെ തുടര്‍ന്ന് ഷെഹനാദിനെ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണു, അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജയിംസ് മാത്യു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, ജിനീഷ്, അശ്വന്ത് വിശ്വന്‍, മനോജ് കുമാര്‍, ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.
 
കേരളപ്പിറവി ദിനം അതിജീവന ദിനമായി ആചരിച്ചു
കൈതപ്പൊയില്‍: എം ഇ എസ് ഫാത്തിമറഹീം സെന്‍ട്രല്‍ സ്‌കൂള്‍ കേരളപ്പിറവി ദിനം അതിജീവന ദിനമായി ആഘോഷിച്ചു. കേരളത്തിന്റെ അറുപത്തിരണ്ടാം പിറന്നാള്‍ കേരള പുന:സൃഷ്ടിക്കുള്ള വിവിധ ഇനം പരിപാടികളോടെ ആചരിച്ചു.
 
പിണറായി വിജയനെ തെറി വിളിക്കല്‍ കേരളത്തില്‍ ആചാരമായി മാറി: എം സ്വരാജ് എം എല്‍ എ
താമരശ്ശേരി: കേരളത്തില്‍ എന്ത് സാഹചര്യം വന്നാലും പിണറായി വിജയനെ തെറി വിളിക്കുന്നത് ആചാരമായി മാറിയിരിക്കുകയാണെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് എം എല്‍ എ. കോഴിക്കോട്ട് നടക്കുന്ന ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഈങ്ങാപ്പുഴയില്‍ സംഘടിപ്പിച്ച മലയോര യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന സതി ഉള്‍പ്പെടെയുള്ള പല ആചാരങ്ങളും നിര്‍ത്തലാക്കിയപ്പോള്‍ അതിന്നെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ പിണറായി വിജയനെ തെറിവിളിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാവും. സുപ്രീം കോടതി വിധിയുടെ പേരില്‍ ബി ജെ പി നേതാക്കള്‍ക്ക് ആരെയെങ്കിലും തെറി വിളിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ അത് സുപ്രീം കോടതിയെയാണ് വിളിക്കേണ്ടത്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ശബരിമല അശുദ്ധമാവുമെന്നതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങിയവര്‍ തന്നെ രക്തം ചിന്തി അശുദ്ധമാക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന വെളിപ്പെടുത്തല്‍ ഇവരുടെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കിയിരിക്കുകയാണെന്നും എം സ്വരാജ് പറഞ്ഞു.
 
ഇന്ദിര ഗാന്ധി രക്തസാക്ഷിത്വദിനവും പട്ടേല്‍ ജന്‍മദിനവും ആചരിച്ചു
താമരശ്ശേരി: മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വദിനവും ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്‍മദിനവും ആചരിച്ചു. മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ എം ബാലകൃഷ്ണന്‍ നായര്‍, പി അപ്പു നായര്‍ എന്നിവരെ ആദരിച്ചു. ഡി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി, എം എം വിജയകുമാര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ കെ ഹംസ ഹാജി, ടി ആര്‍ ഓമന കുട്ടന്‍, വി പി ഗോപാലന്‍കുട്ടി, എ പി ഉസ്സയിന്‍, അഡ്വ. ജോസഫ് മാത്യു, കെ സരസ്വതി, സുമാ രാജേഷ്, ഭാര്‍ഗ്ഗവി നാരായണന്‍, കെ പി ദാമോദരന്‍, സി മുഹ്‌സിന്‍, വേലായുധന്‍ പള്ളിപ്പുറം, അജിത് നായര്‍, വി പി ഹംജാദ്, ടി ബാലകൃഷ്ണന്‍, വില്‍സന്‍ വര്‍ഗ്ഗീസ്, ഗോപാലന്‍ ചെമ്പ്ര, പി കെ സുരേന്ദ്രന്‍, എം പി സി ജംഷിദ്, ഷൈജു കരുപാറ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies