22-Jan-2019 (Tue)
 
 
 
സിവില്‍ സര്‍വീസ് ശില്‍പ്പശാല സംഘടിപ്പിച്ചു
പന്നൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസിന്റെ മേഖലകള്‍ പരിചയപ്പെടുത്താനായി പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സിവില്‍ സര്‍വീസ് ശില്‍പ്പശാല സംഘടിപ്പിച്ചു. പ്രമുഖ സിവില്‍ സര്‍വീസ് പരിശീലകന്‍ ഡോ പി സരിന്‍ ഐ എ എസ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കി. പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്റി സ്‌കൂളിലെയും സമീപത്തെ സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.
 
സംസ്‌കരണത്തിനായി ശേഖരിച്ച മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ തള്ളി
തലയാട്: മൂടാടി പഞ്ചായത്തില്‍ നിന്നും സംസ്‌കരണത്തിനായി ശേഖരിച്ച മാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ തള്ളി. വേങ്ങേരിയിലെ നിറവ് സംസ്‌കരണത്തിനായി ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയാണ് പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍ തള്ളിയത്. ബംഗളൂരുവിലെ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ കരാറെടുത്തവര്‍ വലിയ ലോറില്‍ കയറ്റി പനങ്ങാട് പഞ്ചായത്തിലെ മങ്കയം, തലയാട്, കട്ടിപ്പാറ പഞ്ചായത്തിലെ വെട്ടിഒഴിഞ്ഞ തോട്ടം, ട്രാന്‍സ്‌ഫോമര്‍ മുക്ക്, തൂവക്കുന്ന് എന്നിവിടങ്ങളില്‍ തള്ളുകയായിരുന്നു. കഴിഞ്ഞ ദിവസം വലിയ തോതില്‍ മാലിന്യം തള്ളിയത് കണ്ട നാട്ടുകാരാണ് വിവരം പഞ്ചായത്തുകളില്‍ വിവരം അറിയിച്ചത്. മാലിന്യത്തില്‍ നിന്ന് ലഭിച്ച രേഖകളില്‍ ബന്ധപ്പെട്ടപ്പോഴാണ് സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാന്‍ ലോറി െ്രെഡവറെ ചുമതലപ്പെടുത്തിയ വിവരം മനസ്സിലായത്. സംഭവവുമായി ബന്ധപ്പെട്ട് ലോറി െ്രെഡവര്‍ താമരശ്ശേരി ചുങ്കം സ്വദേശി അബുവിനെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കരാറുകാരനായ ഷാജിയില്‍ നിന്ന് പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകള്‍ 25,000 രൂപ പിഴ ഈടാക്കി. മാലിന്യങ്ങള്‍ ഇവരെ കൊണ്ട് നീക്കം ചെയ്യിക്കുകയും ചെയ്തു.
 
പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരയില്‍ ഭീതിയോടെ കമല
താമരശ്ശേരി: പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മറച്ച കൂരക്കുള്ളില്‍ കഴിയുന്ന സ്ത്രീ അധികൃതരുടെ കനിവിനായി കൈ നീട്ടുന്നു. താമരശ്ശേരി പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന കാരാടി നടുപുത്തലത്ത് കമലയാണ് വീടെന്ന സ്വപ്നവുമായി കാത്തിരിക്കുന്നത്. മഴ നനയാതെ കിടന്നുറങ്ങാന്‍ വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് മുതല്‍ പ്രധാനമന്ത്രിക്ക് വരെ അപേക്ഷ നല്‍കിയെങ്കിലും ഫലം കണ്ടില്ല. പ്ലാസ്റ്റിക് ഷീറ്റ്‌കൊണ്ടുള്ള മേല്‍ക്കൂരയാണ് വീടിനുള്ളത്. ചുറ്റിലും പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടാണ് മറച്ചത്.
 
എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍ ടി ഒ ഓഫീസുകള്‍ സ്ഥാപിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍
കൊയിലാണ്ടി: എല്ലാ താലൂക്കുകളിലും ജോയിന്റ് ആര്‍ ടി ഒ ഓഫീസ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കൊയിലാണ്ടി സബ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനായി അനുവദിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി ഈസ്റ്റ് റോഡിലെ ഡ്രീം മാളില്‍ രണ്ടാം നിലയിലാണ് പുതിയ ഓഫീസ് സജ്ജമാക്കിയത്. വൃത്തിയും സൗകര്യവുമുള്ള ഓഫീസുകള്‍ ഉണ്ടാവണമെന്നും ഇതിന്റെ ഭാഗമായാണ് പഴയ ഓഫീസുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കെ ദാസന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, മുന്‍ എം എല്‍ എ. പി വിശ്വന്‍ മാസ്റ്റര്‍, കൊയിലാണ്ടി സി ഐ. കെ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഡോ. പി എം മുഹമ്മദ് നജീബ് സ്വാഗതവും വടകര ആര്‍ ടി ഒ. വി വി മധുസൂദനന്‍ നന്ദിയും പറഞ്ഞു.
 
കല്ലായി പുഴയുടെ അഴിമുഖത്ത് മണല്‍തിട്ട നീക്കം തുടങ്ങി
കല്ലായി: കല്ലായി പുഴയുടെ അഴിമുഖത്തോട് ചേര്‍ന്ന കോതിപ്പാലത്തിന്റെ കിഴക്ക് ഭാഗത്ത് രൂപപ്പെട്ട മണല്‍ത്തിട്ട സന്നദ്ധപ്രവര്‍ത്തകരും, രാഷ്ട്രീയ സാംസ്‌ക്കാരികപ്രവര്‍ത്തകരും, വിവിധ ക്ലബുകളും നാട്ടുകാരും സംയുക്തമായി നടത്തിയ ശ്രമദാനത്തിലൂടെ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഈ മണല്‍ത്തിട്ട കാരണം അവിടെ മത്സ്യ ബന്ധനത്തിന് തോണി അടുപ്പിക്കുവാന്‍ ഒട്ടേറെ പ്രയാസങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ അനുഭവിച്ചിരുന്നു. ശ്രമദാനം ജില്ലാകളക്ടര്‍ യു വി ജോസ് ഉദ്ഘാടനം ചെയ്തു. ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ ഒ കെ പ്രേമാന്ദന്‍, തഹസില്‍ദാര്‍ അനിതകുമാരി, പോര്‍ട്ട്ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍, അസി. എക്സി എഞ്ചീനീയര്‍ കെ കെ സത്യന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ബാബുരാജ്, വാര്‍ഡ് കൗണ്‍സിലര്‍ സി എ അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
കോഴിക്കോട്: 2018 ജൂണ്‍ 26ന് ബേപ്പൂര്‍ കമ്മ്യൂണിറ്റി ഹാളില്‍ റേഷന്‍ കാര്‍ഡ് സംബന്ധമായി സ്വീകരിച്ച അപേക്ഷകളിേന്മല്‍ പുതിയ റേഷന്‍ കാര്‍ഡ്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഈ മാസം 16 ന് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ വിതരണം ചെയ്യുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ അന്നേ ദിവസം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ/സര്‍ട്ടിഫിക്കറ്റിന്റെ വില എന്നിവ സഹിതം ഹാജരാകണം.
 
കോഴിക്കോട്: ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് എച്ച് വണ്‍ എന്‍ വണ്‍ രോഗത്തെ സംബന്ധിച്ച് പരിശീലനം നല്‍കി. ജില്ലാ കലക്ടര്‍ യു വി ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. എച്ച് വണ്‍ എന്‍ വണ്‍ ബാധ പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ചികിത്സാ രീതികളെ കുറിച്ചും എച്ച് വണ്‍ എന്‍ വണ്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. മൈക്കിള്‍ ക്ലാസ് എടുത്തു. അഡി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൈറസ് മൂലമുണ്ടാവുന്ന രോഗമാണ് ഇന്‍ഫ്ലൂവന്‍സ എ. തൊണ്ടവേദന, ജലദോഷം , ചുമ, പനി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോള്‍ രോഗാണു ഒരാളില്‍ നിന്ന് മറ്റൊരാളിലേയ്ക്ക് വ്യാപിക്കും. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായാധിക്യമുള്ളവര്‍, നിത്യരോഗികള്‍ എന്നിവര്‍ക്ക് രോഗം പിടിപ്പെട്ടാല്‍ സങ്കീര്‍ണ്ണമാകും. തുമ്മുകയും, ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക, സോപ്പുപയോഗിച്ച് കയ്യും മുഖവും ഇടക്കിടയ്ക്ക് കഴുകുക, രോഗ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയം ചികിത്സയ്ക്ക് വിധേയമാകാതെ ചികിത്സ തേടുക, എന്നിവയാണ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ . 100 ശതമാനം കുട്ടികള്‍ക്കും രോഗപ്രതിരോധ കുത്തിവെപ്പ് നല്‍കേണ്ടതാണ്. ഇതിന്റെ ഫലമായി വാക്‌സിന്‍ കൊണ്ട് തടയാവുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവെപ്പ് സൗജന്യമാണ്.
 
കോഴിക്കോട്: ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാ തല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് പോസ്റ്റ് മെട്രിക് മെന്‍സ് ഹോസ്റ്റലില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി വി ലളിതപ്രഭ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ് മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം എന്ന വിഷയത്തില്‍ പട്ടികജാതി വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ജെ മൈക്കിള്‍ ക്ലാസ്സ് നടത്തി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് എസ് ബീന, ജില്ലാ പഞ്ചായത്ത് പട്ടികജാതി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാര്‍ എ എന്‍ വേലായുധന്‍, ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ സി സയ്യിദ് നയീം എന്നിവര്‍ പ്രസംഗിച്ചു. കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ എ വേണു നന്ദി പറഞ്ഞു.
 
താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ മൂന്നാം തവണയും കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിന് കിരീടം
താമരശ്ശേരി: കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന താമരശ്ശേരി ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ മൂന്നാം തവണയും ആതിധേയരായ കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിന് കിരീടം. സബ് ജൂനിയര്‍ ബോയ്‌സ്, ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, സീനിയര്‍ ബോയ്‌സ്, ഗേള്‍സ്, ഹൈസ്‌കൂള്‍, ഓവറോള്‍ എന്നിവയിലെല്ലാം ഒന്നാമതെത്തിയാണ് 230 പോയിന്റുമായി ഹോളി ഫാമിലി ഹാട്രിക് വിജയം നേടിയത്. 73 പോയിന്റ് നേടിയ സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കോടഞ്ചേരിയാണ് രണ്ടാം സ്ഥാനത്ത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബേബി ബാബു, മദാരി ജുബൈരിയ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസ്, പ്രിന്‍സിപ്പാള്‍ ഷിവിച്ചന്‍ മാത്യൂ, പ്രധാനാധ്യാപകന്‍ എം എ അബ്രാഹം, സ്‌കൂള്‍ മാനേജര്‍ ജോസഫ് കൂനാനിക്കല്‍, ഹെഡ് മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ ദിലീപ് കുമാര്‍, പി ടി എ പ്രസിഡന്റ് ബാബു, വൈസ് പ്രസിഡന്റ് ശ്രീജു വര്‍ഗീസ്, സ്‌പോര്‍ട്‌സ് കമ്മറ്റി കണ്‍വീനര്‍ കെ എം ജോസഫ്, വി ടി മിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
 
കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കായിക മേളയില്‍ പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കിരീടം നിലനിര്‍ത്തി
കൊടുവള്ളി: കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന കൊടുവള്ളി ഉപജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഇത്തവണയും പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കിരീടം നേടി. 399 പോയിന്റ് നേടിയാണ് വര്‍ഷങ്ങളായി കായിക മേളകളില്‍ ഒന്നാമതെത്തുന്ന പന്നൂര്‍ ഹയര്‍ സെക്കന്ററി കിരീടം നില നിര്‍ത്തിയത്. 237 പോയിന്റ് നേടി കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി രണ്ടാം സ്ഥാനവും 182.5 പോയിന്റ് നേടി എളേറ്റില്‍ എം ജെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി മുരളീ കൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസഫ് ഇടപ്പാടിയില്‍, പ്രിന്‍സിപ്പാള്‍ ഫാ. സിബി പൊന്‍പാറ, പി ടി എ പ്രസി കെ പി സദാശിവന്‍, പ്രധാനാധ്യാപിക ഇ ഡി ഷൈലജ, ഷാജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies