15-Sep-2019 (Sun)
 
 
 
കൊടുവള്ളി ജി എം എല്‍ പി സ്‌കൂളിന് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് ക്ലാസ് റൂം
കൊടുവള്ളി: കൊടുവള്ളി ജി എം എല്‍ പി സ്‌കൂളിന് മുനിസിപ്പാലിറ്റി അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ശരീഫ കണ്ണാടിപ്പൊയില്‍ നിര്‍വഹിച്ചു. ലാപ്‌ടോപ്പുകളുടെ സമര്‍പ്പണം നഗര സഭ ഉപാധ്യക്ഷന്‍ എ പി മജീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഒ പി റസാഖ് അധ്യക്ഷ്യത വഹിച്ചു. ബിന്ദു അനില്‍കുമാര്‍, കെ ശിവദാസന്‍, ഇ സി മുഹമ്മദ്, ഫൈസല്‍ കാരാട്ട്, ഒ പി റഷീദ്, കെ കെ ഇബ്‌നു, എം പി മൂസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ സി ഷരീഫ് സ്വാഗതവും കെ കുട്ടി നാരായണന്‍ നന്ദിയും പറഞ്ഞു.
 
കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് എത്തിച്ചുകൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി
താമരശ്ശേരി: കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് എത്തിച്ചുകൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍ ആലിക്കോയയാണ് അണ്ടോണയിലേക്ക് ഓട്ടം പോയപ്പോള്‍ റോഡില്‍ കണ്ടെത്തിയ പേഴ്‌സ് ഉടമസ്ഥന് എത്തിച്ചു നല്‍കിയത്. പണവും എ ടി എം കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സില്‍ നിന്നും ലഭിച്ച പോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് അണ്ടോണ സ്വദേശി നിഹാലാണ് ഉടമസ്ഥനെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി ഓട്ടോ സ്റ്റാന്റിലെത്തിയ നിഹാലിന് ആലിക്കോയ പേഴ്‌സ് കൈമാറുകയായിരുന്നു.
 
താമരശ്ശേരി ചുരം ശുചീകരിച്ചു
അടിവാരം: ചുരം സംരക്ഷണ സമിതിയും വൈറ്റ്ഗാര്‍ഡും മാനന്തവാടി സി എച് റെസ്‌ക്യൂ ടീമും സംയുക്തമായി താമരശ്ശേരി ചുരം ശുചീകരിച്ചു. വ്യൂ പോയിന്റില്‍ നിന്നും വന പ്രദേശത്തേക്ക് സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. വനപാലകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ശുചീകരണത്തില്‍ പങ്കാളികളായി.
 
ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി
താമരശ്ശേരി: ഗാന്ധി നിന്ദക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു. ഗാന്ധി നിന്ദ രാജ്യം ഭരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന കാര്യമായതു കൊണ്ടാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും അവര്‍ ഗാന്ധിജിയെ ഇകഴ്ത്തുന്നതില്‍ അഭിമാനിക്കുന്നു എന്നും പ്രകടനത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം നേതാക്കള്‍ പറഞ്ഞു.
 
ഗാന്ധിസ്മൃതി സമ്മേളനം നടത്തി
കൊടുവള്ളി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സമ്മേളനം നടത്തി. തിരുവമ്പാടി പ്രസ്‌ക്ലബ് പ്രസിഡന്റ് തോമസ് വലിയപറമ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികവേദി കണ്‍വീനര്‍ പി കെ രാമന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി സി വേലായുധന്‍ മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി കെ വി ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ബാലകൃഷ്ണന്‍ നായര്‍, എന്‍ കെ ഗോപിനാഥ്, എ എസ് ജോസ്, ബ്ലോക്ക് ട്രഷറര്‍ മാത്യു എ വി, വനിതാവേദി കണ്‍വീനര്‍ കെ ജെ മോളി എന്നിവര്‍ പ്രസംഗിച്ചു.
 
ജില്ലാതല ബഡ്‌സ് കലോല്‍സവത്തില്‍ പുതുപ്പാടിക്ക് രണ്ടാം സ്ഥാനം
പുതുപ്പാടി: കോഴിക്കോട് നടന്ന ജില്ലാതല ബഡ്‌സ് കലോല്‍സവത്തില്‍ പുതുപ്പാടി ബഡ്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം. 19 പോയിന്റ് നേടിയാണ് ആദ്യമായി പങ്കെടുത്ത കലോല്‍സവത്തില്‍ തന്നെ മികച്ച വിജയം നേടിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. ലളിതഗാനം, നാടന്‍പാട്ട്, സിനിമാഗാനം, ആക്ഷന്‍സോംഗ്, പെയിന്റിംഗ്, ക്രയോണ്‍സ്, പ്രഛന്നവേഷം, എന്നീ ഇനങ്ങളിലാണ് കുട്ടികള്‍ മല്‍സരിച്ചത്. അടുത്ത മാസം തൃശൂരില്‍ നടക്കുന്ന സംസ്ഥാന കലോല്‍സവത്തില്‍ നാടന്‍പാട്ടിലും, ആക്ഷന്‍സോംഗിലും മല്‍സരിക്കാന്‍ കുട്ടികള്‍ യോഗ്യത നേടിയിട്ടുണ്ട്. അഫ്‌സല്‍, അന്‍ഷ, പാത്തുമ്മ, ശരത്, മരിയ, ആല്‍ബിന്‍, മുബഷിറ, അഭിജിത്ത് തമേഷ് എന്നീ കുട്ടികളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, സ്‌കൂള്‍ ജീവനക്കാരായ പി ഹര്‍ഷാന, പി കെ ഹസീന, സിമി എബ്രഹാം, ഷില്‍ന, ദേവി രാജന്‍, ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
ഡി വൈ എഫ് ഐ യുവസാക്ഷ്യം സംഘടിപ്പിച്ചു
താമരശേരി: മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ യുവസാക്ഷ്യം സംഘടിപ്പിച്ചു. താമരശേരി, കുന്നമംഗലം, തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ താമരശേരിയില്‍ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡന്റ് എം വി ജിന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ അഭിജേഷ് അധ്യക്ഷത വഹിച്ചു. എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ശരത് പ്രസാദ്, സംസ്ഥാന കമ്മിറ്റിയംഗം പി ഷിജിത്ത്, ജില്ലാകമ്മിറ്റിയംഗങ്ങളായ ദിപു പ്രേംനാഥ്, ടി പി നിധീഷ്, വി ലിജു, പി പി പ്രഗിന്‍ ലാല്‍, ഇ അരുണ്‍, താമരശേരി ബ്ലോക്ക് സെക്രട്ടറി ടി മഹറൂഫ് തുടങ്ങിയവര്‍ സംസാരിച്ചു.
 
സൗജന്യ ഗ്യാസ് കണക്ഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
അഴിയൂര്‍: പ്രധാന്‍മന്ത്രി ഉജ്വാല യോജന പദ്ധതിയുടെ ഭാഗമായി അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉള്ളവര്‍ക്ക് സൗജന്യമായി ഗ്യാസ് നല്‍കുന്നതിന് വേണ്ടി ഗ്രാമ പഞ്ചായത്തില്‍ ക്യാമ്പ് സംഘടിപ്പിച്ചു. വടകര എച്ച് പി ഗ്യാസ് ഏജന്‍സി ഗ്യാസ് മാര്‍ട്ടുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്. 68 കുടുംബങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്ത് ഗ്യാസ് ലഭിക്കാന്‍ ആവശ്യമായ രേഖകള്‍ കൈമാറി. വൈസ് പ്രസിഡന്റ് റീന രയരോത്ത് ഉല്‍ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്സണ്‍ ഉഷ ചാത്താംങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി, ടി ഷാഹുല്‍ ഹമീദ്, വാര്‍ഡ് മെംബര്‍മാരായ പി പി ശ്രീധരന്‍, വി പി ജയന്‍, അലി മനോളി, ശ്രീജേഷ് കുമാര്‍, ശുഭ മുരളിധരന്‍, സാഹിര്‍ പുനത്തില്‍, സുധകുളങ്ങര ഗ്യാസ് മാര്‍ട്ട് മാനേജര്‍ ആരീഫ് മൊയ്തു, സുനീഷ് എന്നിവര്‍ സംസാരിച്ചു.
 
ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി
കോവിക്കോട്: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ എന്‍ സി ഡി വിഭാഗം കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ക്കായി കലക്ടറേറ്റ് പരിസരത്ത് ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ജില്ലാ കലക്ടര്‍ സാംബശിവ റാവു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പില്‍ ജീവനക്കാരുടെ പ്രമേഹം, രക്തസമ്മര്‍ദം, ബി എം ഐ എന്നിവ പരിശോധിച്ച് ഹെല്‍ത്ത് കാര്‍ഡ് നല്‍കി. ഡയറ്റീഷ്യന്‍, ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ നിത്യജീവിതത്തില്‍ പാലിക്കേണ്ട ഭക്ഷണ ക്രമം, വ്യായാമത്തിന്റെ പ്രാധാന്യം, രോഗങ്ങളെ നേരിടേണ്ട രീതി എന്നിവയെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രീ, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. എസ് എന്‍ രവികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
കൂടത്തായി കൂടത്തിങ്ങല്‍ റോഡ് ഉദ്ഘാടനം ചെയ്തു
ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച ഒന്നാം വാര്‍ഡിലെ കൂടത്തായി കൂടത്തിങ്ങല്‍ റോഡിന്റെ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ പി കുഞ്ഞമ്മദ് നിര്‍വഹിച്ചു. കെ ബാലന്‍, കെ പി അഹമ്മദ് കുട്ടി, സി കെ കുട്ടിഹസ്സന്‍, ഒ പി അബ്ദുറഹിമാന്‍, വി ദേവദാസന്‍, പി സി മോയിന്‍കുട്ടി, എം ഹാരിസ്, അപ്പു വൈദ്യര്‍, പി പി കുഞ്ഞമ്മദ്, എ പി ഗഫൂര്‍, അസീസ് പുവ്വോട്, നാസര്‍ തെഞ്ചേരി, എ കെ നാസര്‍, സി കെ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies