17-Feb-2019 (Sun)
 
 
 
താമരശ്ശേരി താലൂക്ക് ആശുപത്രി വികസനത്തിന് 13.70 കോടി രൂപയുടെ ഭരണാനുമതി
താമരശ്ശേരി: മലയോര മേഖലയുടെ സിരാ കേന്ദ്രമായ താമരശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 13.70 കോടി രൂപയുടെ ഭരണാനുമതിയായതായി. താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്നതിന്നും ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്നുമായി തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന്നായായണ് നബാര്‍ഡ് വഴി 13.70 കോടി അനുവദിച്ചത്. അത്യാധുനിക സൗകര്യങ്ങളോടെയുള്ള തീവ്ര പരിചരണ വിഭാഗം, ഐപി-ഒപി ബ്ലോക്കുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിന്നാണ് പണം അനുവദിച്ചത്. നേരത്തെ സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും അസി. ഡയറക്ടര്‍, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, അനസ്തേഷ്യ, ഡയാലിസിസ് ടെക്നീഷ്യന്‍, ഡെന്റല്‍ മെക്കാനിക്, ഫാര്‍മസി സ്റ്റോര്‍ കീപ്പര്‍, ഫാര്‍മസിസ്റ്റ്, ഒപ്റ്റോ മെട്രിസ്റ്റ് തുടങ്ങിയ 8 തസ്തികകള്‍ അനുവദിക്കുകയും ചെയ്തിരുന്നു. 24.5 ലക്ഷം ചെലവഴിച്ചുള്ള പുതിയ എക്സ്റേ യൂണിറ്റിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. അടഞ്ഞു കിടന്നിരുന്ന കാരുണ്യ ഫാര്‍മസി കേരള മെഡിക്കല്‍ കോര്‍പറേഷന്‍ നേരിട്ട് ഏറ്റെടുത്ത് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതും രോഗികള്‍ക്ക് ഏറെ ആശ്വാസമേകുന്നുണ്ട്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളും കൂടുതല്‍ ജീവനക്കാരും എത്തുന്നത് മലയോര ജനതക്ക് ഏറെ ആശ്വാസമാകും.
 
നിയന്ത്രണം വിട്ട ലോറി വീട്ടിലിടിച്ച് ഡ്രൈവര്‍ മരിച്ചു
വടകര: നിയന്ത്രണം വിട്ട ലോറി റോഡരികിലെ വീട്ടിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ഇരിട്ടി സ്വദേശി വിനോദനാണ് (37) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ അഞ്ചരയോടെ ദേശീയപാതയില്‍ വടകര പെരുവാട്ടുംതാഴ പാര്‍ക്കോ ഹോസ്പിറ്റലിനു സമീപത്താണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്ലുമായെത്തിയ എയ്ഷര്‍ ലോറി നിയന്ത്രണം വിട്ട് സമീപത്തെ തണല്‍ മരത്തിലിടിച്ച ശേഷം താഴ്ചയിലുള്ള രാമചന്ദ്രന്റെ ഗീതാസദന്‍ എന്ന വീട്ടില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.
 
ഗാര്‍ഹിക പീഡന കേസില്‍ യുവാവ് അറസ്റ്റില്‍
താമരശ്ശേരി: ഭാര്യയെയും നാലുമാസം പ്രായമായ കുഞ്ഞിനെയും ശാരീരികമായി പീഡിപ്പിച്ചയാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കയ്യേലിക്കല്‍ അബ്ദുല്‍ ജബ്ബാര്‍(39)ആണ് അറസ്റ്റിലായത്. താമരശ്ശേരി പുല്ലാഞ്ഞിമേട് ഒറ്റപ്പിലാക്കില്‍ ആബിദയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണവും പണവും കൈക്കലാക്കിയ ജബ്ബാര്‍ വീണ്ടും പണം ആവശ്യപ്പെട്ട് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി ആബിദയുടെ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച നാലുമാസം പ്രായമായ കുഞ്ഞിനെയും തന്നെയും ക്രൂരമായി മര്‍ദ്ധിച്ചുവെന്നും ആബിദ പോലീസിന് മൊഴി നല്‍കി. തുടര്‍ന്നാണ് ഗാര്‍ഹിക പീഡന നിയമപ്രകാരം അബ്ദുല്‍ ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ മറ്റൊരു വിവാഹം കഴിച്ച ഇയാള്‍ ആ ബന്ധം ഒഴിവാക്കിയാണ് 2017 ഡിസംബറില്‍ ആബിദയെ വിവാഹം കഴിച്ചത്. മോഷണ കേസില്‍ പിടിക്കപ്പെട്ട ഇയാള്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നതായി പോലീസ് അറിയിച്ചു. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
 
എന്റിച്ച് 2020 ലോഗോ പ്രകാശനം ചെയ്തു
കൊടുവള്ളി: കൊടുവള്ളി നഗരസഭ 6,7 കളരാന്തിരി നോര്‍ത്ത്, സൗത്ത് ഡിവിഷനുകളില്‍ നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ എന്റിച്ച് 2020 ലോഗോ പ്രകാശനം ഇ ടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടിപൊയില്‍ അദ്ധ്യക്ഷത വഹിച്ചു. എം എ റസാക്ക് മാസ്റ്റര്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ പി മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍ പി അനീസ്, കാദര്‍, ടി മൊയ്തീന്‍ കോയ, വി സി അബൂബക്കര്‍ മാസ്റ്റര്‍, കെ ടി കുഞ്ഞാലി, മജീദ് പുനത്തില്‍, സാബിത് കളരാന്തിരി, സി കെ ആരിഫ്, ഷമീര്‍ മോയത്ത്, മുനവ്വര്‍ സാദത്ത്, എം വി ഷരീഫ്, കെ ടി മുഹമ്മദ്, കെ പി മുഹമ്മദ്, ജബ്ബാര്‍ പട്ടിണിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
 
വ്യാജ എ ടി എം ഉപയോഗിച്ച് പണം തട്ടി
താമരശ്ശേരി: എസ് ബി ഐ ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്നും വ്യാജ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചു. പുതുപ്പാടി അടിവാരം മറ്റത്തില്‍ ശുഹൈബിന്റെ താമരശ്ശേരി എസ് ബി ഐ യിലെ അക്കൗണ്ടില്‍ നിന്നാണ് 8200 രൂപ നഷ്ടപ്പെട്ടത്. എസ് ബി ഐ യുടെ നാഗ്പൂരിലെ എ ടി എമ്മില്‍ നിന്നും 8000 രൂപ പിന്‍വലിച്ചതായി ശനിയാഴ്ച ശുഹൈബിന് എസ് എം എസ് ലഭിച്ചു. ഉടന്‍ തന്നെ തന്റെ എ ടി എം ഉള്‍പ്പെടെ പരിശോധിച്ച് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഉറപ്പു വരുത്തി. ഇതിനിടെ ഇതേ എ ടി എം കൗണ്ടറില്‍ നിന്നും 200 രൂപ കൂടി പിന്‍വലിച്ച സന്ദേശം ലഭിച്ചു. ഇന്നലെ ബേങ്കില്‍ എത്തി വിവരം പറഞ്ഞപ്പോള്‍ ഒന്നും ചെയ്യാനില്ലെന്നായിരുന്നു അധികൃതര്‍ മറുപടി നല്‍കിയതെന്ന് ശുഹൈബ് പറഞ്ഞു. പോലീസില്‍ പരാതി നല്‍കാനായി പാസ് ബുക്കില്‍ പ്രിന്റ് എടുത്ത് നല്‍കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും പരാതിയുണ്ട്. മൊബൈല്‍ ആപ്പ് വഴിയോ മറ്റോ പണം നഷ്ടപ്പെട്ടതായിരിക്കാമെന്നും പലര്‍ക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ടന്നുമായിരുന്നു ബേങ്കില്‍ നിന്നും മറുപടി ലഭിച്ചത്. നാഗ്പൂരിലെ ബേങ്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കാന്‍ കഴിയുമെങ്കിലും അധികൃതര്‍ നിരുത്തരവാദപരമായാണ് പെരുമാറിയത്. ബേങ്കിലും താമരശ്ശേരി പോലീസിലും ശുഹൈബ് പരാതി നല്‍കിയിട്ടുണ്ട്.
 
ഡി വൈ എഫ് ഐ ഓഫീസിന് തീവെച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍
താമരശ്ശേരി: കയ്യേലിക്കല്‍ ഡി വൈ എഫ് ഐ ഓഫീസ് അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കക്കോടിയില്‍ വാടകക്ക് താമസിക്കുന്ന കയ്യേലിക്കല്‍ ചുണ്ടങ്ങാപ്പൊയില്‍ ദീപേഷ്(38) ആണ് പിടിയിലായത്. ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നിര്‍മിച്ച സംഘാടക സമിതി ഓഫീസ് ജനുവരി 26 ന് പുലര്‍ച്ചെയാണ് അഗ്‌നിക്കിരയാക്കിയത്. തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസി നാട്ടുകാരെയും പോലീസിനെയും വിളിച്ചു വരുത്തി തീ കെടുത്തുകയായിരുന്നു. സ്‌കൂട്ടറില്‍ എത്തി തീയിട്ട് മടങ്ങുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്ത വീട്ടിലെ സി സി ടി വി കാമറയില്‍ പതിഞ്ഞിരുന്നു. ഇത് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ദീപേഷ് പിടിയിലായത്. ആശാരിപണിക്കാരനായ ഇയാള്‍ അഞ്ച് വര്‍ഷത്തോളമായി കക്കോടിയില്‍ വാടകക്ക് താമസിക്കുകാണെന്നും മദ്യ ലഹരിയിലാണ് അക്രമം നടത്തിയതെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പുലര്‍ച്ചെ സമയം ഇവിടെ എത്തി തീയിടാന്‍ മറ്റാരുടെയെങ്കിലും പ്രേരണ ഉണ്ടായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയില്‍ ഹാജറാക്കുമെന്നും പോലീസ് അറിയിച്ചു.
 
ബോധവല്‍ക്കരണ വാഹന പരിശോധനയുമായി കുട്ടി പോലീസ്
താമരശ്ശേരി: റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാന്‍ യാത്രാക്കാരെ ഉപദേശിച്ച് ട്രാഫിക് പോലീസും എസ് പി സി കാഡറ്റുകളും സംയുക്തമായി ബോധവല്‍ക്കരണ വാഹന പരിശോധന നടത്തി. താമരശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ് പി സി കാഡറ്റുകളും ട്രാഫിക് യൂണിറ്റും സംയുക്തമായാണ് വാഹന പരിശോധന നടത്തിയത്. ഹെല്‍മെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരെയും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത കാര്‍ യാത്രക്കാരെയും വിദ്യാര്‍ത്ഥികളും പോലീസും ചേര്‍ന്ന് ഉപദേശിച്ചു. പലരും ഉപദേശം കേട്ട് ബൈക്കിലുണ്ടായിരുന്ന ഹെല്‍മെറ്റ് ധരിച്ചപ്പോള്‍ ചിലര്‍ പരിശോധന ശ്രദ്ധയില്‍ പെട്ടതോടെ ബൈക്ക് തിരിച്ചു വിട്ടു. നിയമം പാലിക്കാന്‍ തല്‍ക്കാലം മനസ്സില്ലെന്ന പ്രഖ്യാപനത്തോടെ ചിലര്‍ ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി. താമരശ്ശേരി മേഖലയില്‍ ഉള്‍പ്പെടെ വാഹനാപടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പരിശോധനയും ബോധവല്‍ക്കരണവും കര്‍ശനമാക്കാന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം താമരശ്ശേരി മേഖലയില്‍ നിന്നും ഇരുപത്തി അഞ്ചോളം ബൈക്കുകള്‍ പോലീസ് പിടിച്ചെടുക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് ബോധവല്‍ക്കരണ പരിശോധന നടത്തിയത്. താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ എസ് ഐ ബാബുരാജ്, എ എസ് ഐ സുനില്‍കുമാര്‍, എസ് പി സി യുടെ ചുമതലയുള്ള അധ്യാപകരായ വി ഷാഹിദ, റസാഖ് മലപുറം എന്നിവര്‍ നേതൃത്വം നല്‍കി.
 
കോഴിക്കോട്: സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ സംഘടിപ്പിക്കേണ്ട പരിപാടികളെക്കുറിച്ചും ഒരുക്കങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് ജില്ലാകലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ആയിരം ദിവസം ആയിരം പദ്ധതികള്‍ പതിനായിരം കോടിയുടെ വികസനം എന്ന മൂദ്രാവാക്യവുമായി ഫെബ്രുവരി 20 മുതല്‍ 27 വരെ ബീച്ചിലാണ് പരിപാടികള്‍ നടക്കുക. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ ഉത്പ്പന്ന- പ്രദര്‍ശന- വിപണന മേള നടത്തും. വിവിധ വകുപ്പുകളുടെ 150 സ്റ്റാളുകളാണ് ഇക്കുറി മേളയില്‍ ഉണ്ടാവുക. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് സ്റ്റേജ് ഒരുക്കുക. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ ആരോഗ്യം, കൃഷി, സാമൂഹ്യ നീതി, ഇന്‍ഡസ്ട്രീസ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, വിദ്യാഭ്യാസം, എക്സൈസ് എന്നീ വകുപ്പുകളുടെ വികസന സെമിനാറും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും നടക്കും. ഫെബ്രുവരി 12, 13, 14 തിയ്യതികളില്‍ ടൗണ്‍ഹാളില്‍ ഡോക്യു ഫെസ്റ്റ് സംഘടിപ്പിക്കും. നാടക-സിനിമാ മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. വിവിധ വകുപ്പുകളുടെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ആരംഭിക്കാവുന്ന പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടത്തും. ഘോഷയാത്രയില്‍ ജനപ്രതിനിധികള്‍, കുടുംബശ്രീ സി ഡി എസുകള്‍, പഞ്ചായത്തുകള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അംഗനവാടി ജീവനക്കാര്‍, ആശവര്‍ക്കര്‍മാര്‍, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്, ജെ ആര്‍ സി, എന്‍ സി സി, എന്‍ എസ് എസ്, പ്രവാസികള്‍, വ്യാപാരിവ്യവസായ സംഘടനകള്‍, യുവജന സംഘടനകള്‍, തൊഴിലാളി സംഘടനകള്‍, സാക്ഷരത പ്രവര്‍ത്തകര്‍, സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, എ ഡി എം റോഷ്‌നി നാരായണന്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷീബാ മുംതാസ്, ഡി ഡി പി സീനിയര്‍ സൂപ്രണ്ട് സി മുരളീധരന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം എ ഷീല, ഡി ടി പി സി സെക്രട്ടറി സി പി ബീന, ഡെപ്യൂട്ടി ഡി എം ഒ. ഡോ. എം ശ്രീകുമാര്‍, ഡി ഇ എം ഒ. എം പി മണി, പൊതുമരാമത്ത് ബില്‍ഡിംഗ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ഗോഗുല്‍ ദാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാര്‍, എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
പി സി പാലം എ യു പി സ്‌കൂള്‍ എന്‍പതിന്റെ നിറവില്‍
നരിക്കുനി: പി സി പാലം എ യു പി സ്‌കൂള്‍ എന്‍പതിന്റെ നിറവില്‍. മഴവില്ല് 2019 എന്ന പേരില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, ഗുരു വന്ദനം, കവിയരങ്ങ്, സാംസ്‌കാരിക അനുമോദന യാത്രയയപ്പ് സമ്മേളനങ്ങള്‍, നാടകക്കളരി, നഴ്‌സറി ഫെസ്റ്റ്, കലാകായിക മത്സരങ്ങള്‍, ഭക്ഷ്യമേള, വാനനിരീക്ഷണം തുടങ്ങിയ ഒട്ടനവധി പരിപാടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരിപാടിയുടെ ഫണ്ട് ശേഖരണ ഉല്‍ഘാടനം കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സാമൂഹ്യ പ്രവര്‍ത്തകനായ ടി കുഞ്ഞബ്ദുള്ള ഹാജിയില്‍ നിന്നും ചെക്ക് വാങ്ങി ഉല്‍ഘാടനം ചെയ്തു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ജമീല അദ്ധ്യക്ഷ വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി രാജഗോപാലന്‍, ടി കുഞ്ഞബ്ദുള്ള ഹാജി, പി പ്രേമരാജന്‍, ഇബ്‌സു റഹ്മാന്‍, ദാമോദരന്‍ ഏറാടി, ഷിബു നിര്‍മാല്യം, ശ്രീഹരി, എരവന്നൂര്‍, ജറീഷ്, ഗംഗാധരന്‍ നായര്‍, പി എം ഷംസുദ്ദീന്‍, കെ സി രാധാമണി തുടങ്ങിയവര്‍ സംസാരിച്ചു.
 
സംയോജിത ജൈവകൃഷി ജില്ലാ ഉദ്ഘാടനം: മൂന്നര ഏക്കറില്‍ പച്ചക്കറിതൈ നട്ടു
കുറ്റിയാടി: സമഗ്ര സംയോജിത ജൈവകൃഷി ജില്ലാ ഉദ്ഘാടനം നരിപ്പറ്റ പഞ്ചായത്തിലെ താനിയുള്ള പൊയിലില്‍ മൂന്നര ഏക്കറില്‍ പച്ചക്കറിതൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എ കെ നാരായണി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി സംയോജിത കൃഷിയുടെ പൈലറ്റ് പഞ്ചായത്തായി തെരഞ്ഞെടുത്ത നരിപ്പറ്റ പഞ്ചായത്തില്‍ ത്രിതല പഞ്ചായത്തുകള്‍ ഒന്നര കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംയോജിത കൃഷി ജില്ലാ ചെയര്‍മാന്‍ കെ പി കുഞ്ഞമ്മദ്കുട്ടി, ജില്ലാ കണ്‍വീനര്‍ പി രാജന്‍, ടി കെ മോഹന്‍ദാസ്, കെ സജത്ത്, ടി പി പവിത്രന്‍, ബിനീഷ് എബ്രഹാം, എ കെ കണ്ണന്‍, വി നാണു, സി കെ നാണു, എന്‍ കെ കണാരന്‍, പി ശര്‍മേഷ്, പി ചാത്തു, കെ ടി രസി, ടി ഗംഗാധരന്‍, സോമന്‍ എന്നിവര്‍ സംസാരിച്ചു. കെ ബാബു സ്വാഗതവും പി കുമാരന്‍ നന്ദിയും പറഞ്ഞു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies