20-Mar-2019 (Wed)
 
 
 
 
സ്‌കൂള്‍ വാര്‍ഷികം ഗ്രാമോത്സവമാക്കി പൂനൂര്‍ എ എം എല്‍ പി സ്‌കൂള്‍
പൂനൂര്‍: പൂനൂര്‍ എ എം എല്‍ പി സ്‌കൂളിന്റെ 81-ാം വര്‍ഷികോത്സവം കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ കൊണ്ടും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍ നാട്ടുകാര്‍ രക്ഷിതാക്കള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സാംസ്‌കാരിക സദസ്സ് കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഷാഫി സഖറിയ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍ മുഖ്യാഥിതിയായിരുന്നു. സാഹിത്യകാരന്‍ പൂനൂര്‍ കെ കരുണാകരന്‍, പി പി അബ്ദുല്‍ ഗഫൂര്‍, അഷ്റഫ് കെ പി, ഉമ്മര്‍ ഹാജി, മുഹമ്മദ് പി കെ സി, മുഹമ്മദ് കെ ടി, അബ്ദുല്‍ ഗഫൂര്‍ എം കെ, ആയിഷ ടീച്ചര്‍, ഫസലുറഹ്മാന്‍ വി കെ, ഇക്ബാല്‍ പൂക്കോട് എന്നിവര്‍ സംബന്ധിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്വാഗതവും ഹക്കീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ജീവനം പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. പി എസ് മുഹമ്മദലി, മഞ്ചിത കുറ്റാക്കില്‍ ജസ്സി ശ്രീനിവാസന്‍, പി എം ജയേഷ്, എ പി ഉസ്സയിന്‍, പി പി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദലി മാസ്റ്റര്‍, കെ സരസ്വതി, വസന്തചന്ദ്രന്‍, രത്‌നവല്ലി, ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
 
പട്ടികജാതി വിഭാഗക്കാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കുട്ടിയമ്മമാണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മുജീബ് മക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, വാര്‍ഡ് മെമ്പര്‍മാരായ ഷാഫി വളഞ്ഞപാറ, കെ ജി ഗീത, ആര്‍ എം റസാക്ക്, ജലീല്‍ കോയ തങ്ങള്‍, മുത്തു സലാം, സലോമി സലീം, സൗദ ബഷീര്‍, ഫാത്തിമ ബീവി, അസി. സെക്രട്ടറി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
മാലിന്യ കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള പതിനഞ്ചോളം വാഹനങ്ങള്‍ കത്തി നശിച്ചു
അടിവാരം: മാലിന്യ കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള പതിനഞ്ചോളം വാഹനങ്ങള്‍ കത്തി നശിച്ചു. അടിവാരം പോലീസ് ഔട് പോസ്റ്റിന് സമീപത്തായിരുന്നു സംഭവം. ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയില്‍ കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീ കൊടുത്തിരുന്നു. സ്വകാര്യ ഭൂമിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും തീ അണച്ചെങ്കിലും അല്‍പ്പ സമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഔട് പോസ്റ്റിന് സമീപം പിടിച്ചിട്ട വാഹനങ്ങളിലേക്ക് പടര്‍ന്നത്. മുക്കത്തുനിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. 12 ബൈക്കുകള്‍ പൂര്‍ണമായും 3 ലോറികള്‍ ഭാഗികമായും കത്തി നശിച്ചു. തീപ്പിടുത്തം ഉണ്ടായതിന്റെ തൊട്ടടുത്തായി രണ്ട് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ് മീറ്റര്‍ കൂടി തീ പടര്‍ന്നാല്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് ഔട് പോസ്റ്റ് പ്രര്‍ത്തിക്കുന്ന പ്രദേശം ഉള്‍പ്പെടെ കാടു മൂടി കിടക്കുന്നത് തീപ്പിടുത്തം വ്യാപിക്കാന്‍ കാരണമായി.
 
ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സിന് മുകളില്‍ പാറക്കല്ല് പതിച്ചു
അടിവാരം: താമരശ്ശേരി ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സ് പാറക്കെട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് പാറക്കല്ല് ബസ്സിന് മുകളിലേക്ക് പതിച്ചു. ചുരം ഏഴാം വളവിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് പാറക്കെട്ട് ഇളകി വലിയ കല്ല് ബസ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ബസ്സിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടെങ്കിലും അടിവാരത്തുനിന്നും പോലീസ് എത്തി വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടു.
 
മാലിന്യ സംസ്‌കരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ക്ലീന്‍ താമരശ്ശേരി പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ മാലിന്യ സംസ്‌ക്കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് നിര്‍മ്മിച്ച ഷെഡിന്റെ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി നിര്‍വ്വഹിച്ചു. പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ഓരോ വാര്‍ഡില്‍ നിന്നും ശേഖരിക്കുന്ന ശുദ്ധീകരിച്ചപ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌ക്കരണ പ്ലാന്റില്‍ എത്തിക്കുകയും പ്ലാസ്റ്റിക് ഫെന്റിംഗ് മെഷിന്‍ ഉപയോഗിച്ച് പൊടിച്ചെടുത്ത് ടാറിംഗ് പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്നതിനുമാണ് പദ്ധതി തയ്യാറാക്കിയത്. 2000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ പ്ലാന്റ് നിര്‍മ്മാണത്തിനും മെഷിന്‍ സ്ഥാപിക്കുന്നതിനും 28 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പരിപാടിയില്‍ വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലി, ജസ്സി ശ്രീനിവാസന്‍, മഞ്ചിത കുറ്റിയാക്കില്‍, കെ സരസ്വതി, പി പി അബ്ദുല്‍ ഗഫൂര്‍, രത്‌നവല്ലി, വസന്ത ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.
 
പ്രളയത്തില്‍ തകര്‍ന്ന താഴ്വാരം പൂവ്വച്ചോല റോഡ് പുനര്‍ നിര്‍മ്മിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ പ്രളയത്തില്‍ പൂര്‍ണ്ണമായി ഒലിച്ചുപോയ താഴ്വാരം പൂവ്വച്ചോല റോഡ് പുനര്‍ നിര്‍മ്മിച്ചു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബീന ജോര്‍ജ്ജ് റോഡ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മേരി കുര്യന്‍, പ്രേംജി ജെയിംസ്, ജോസ് തുരുത്തിപ്പള്ളി, സബീഷ് താഴ്വാരം, രമേശന്‍, ബിനു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
 
സ്‌കൂള്‍ വാര്‍ഷികവും ബിരുദദാനവും നടത്തി
കൊടുവള്ളി: കൊടുവള്ളി അല്‍ഫിത്‌റ ഇസ്ലാമിക് പ്രീസ്‌കൂള്‍ വാര്‍ഷികവും ബിരുദദാന സമ്മേളനവും ഡോ. ജമാലുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. അനുഗ്രഹ സൊസൈറ്റി ചെയര്‍മാന്‍ ആര്‍ സി ജരീര്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ ശിവദാസന്‍, കൊടുവള്ളി കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. നസ്‌റുല്‍ ഇസ്ലാം എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എം പി മൂസ, കെ പി മൊയ്ദീന്‍, എം ടി അബ്ദുല്‍ മജീദ്, ആര്‍ സി സാദിഖ്, പി ടി എ പ്രസിഡന്റ് ഉബൈദ്, എന്‍ കെ മുഹമ്മദ്, എം കെ പോക്കര്‍ സുല്ലമി, പ്രിന്‍സിപ്പാള്‍ മുന്‍ഷിറ എന്നിവര്‍ സംസാരിച്ചു. അനുഗ്രഹ സൊസൈറ്റി കണ്‍വീനര്‍ എം പി എം അമീന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി പി സബീല നന്ദിയും പറഞ്ഞു.
 
വി വി ഇ എസ് യൂത്ത് വിംഗ് സംസ്ഥാന സമ്മേളനം: വിളംബര ജാഥ നടത്തി
താമരശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് താമരശ്ശേരിയില്‍ വിളംബര ജാഥ നടത്തി. യൂത്ത് വിംഗ് ജില്ലാ ട്രഷറര്‍ മുര്‍ത്താസ്ഫസല്‍അലി, താമരശ്ശേരി യൂണിറ്റ് പ്രസിഡന്റ് കെ കെ ഷമീര്‍, ജനറല്‍ സെക്രട്ടറി പി ടി മന്‍സൂര്‍അലി, ട്രഷറര്‍ മുഹമ്മദ്സാലി, സഹീര്‍ ഒപ്സോണ്‍, എന്‍ ആര്‍ റിബീഷ്, ടി കെ ഷാനവാസ്, മുജീബ്, ജാബിര്‍, ജബ്ബാര്‍ തുഷാര, ഇഖ്ബാല്‍ പൂക്കോട് തുടങ്ങിയവര്‍ നേതത്വം നല്‍കി.
 
പി സി പാലം എ യു പി സ്‌കൂളില്‍ കവിയരങ്ങ് സംഘടിപ്പിച്ചു
നരിക്കുനി: പി സി പാലം എ യു പി സ്‌കൂള്‍ 80ാം വാര്‍ഷികം മഴവില്ല് 2019 ന്റെ ഭാഗമായി കവിയരങ്ങ് നടത്തി. പ്രശസ്ത കവി എടച്ചേരി രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എം ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. വി കെ ഗോപാലന്‍, ഗീതാ ശ്രീകുമാര്‍, ഷൈജ സുനില്‍ കുമാര്‍, ശ്രീജ ചേളന്നൂര്‍, കാക്കൂര്‍ സി ബാലന്‍, ഉണ്ണികൃഷ്ണന്‍ കാക്കൂര്‍, രതീഷ് കല്യാണ്‍, രഘുനാഥ് നന്‍മണ്ട തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. സുജാത, മധു ലക്ഷ്മി, ഹെഡ് ടീച്ചര്‍ കെ സി രാധാമണി, മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies