19-Nov-2019 (Tue)
 
 
 
മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു
കട്ടിപ്പാറ: കട്ടിപ്പാറ അല്‍ ഇഹ്സാന്‍ വിദ്യാര്‍ത്ഥി സംഘടനയായ സാഇഖിന്റെ കീഴില്‍ ഇന്‍സ്പയറോ ഓഫ് 2019 എന്ന പേരില്‍ പ്ലസ് വണ്‍, പ്ലസ് പ്ലസ്റ്റൂ പരീക്ഷാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ട്രൈനറായ ഷരീഫ് മാസ്റ്റര്‍ പരപ്പന്‍പ്പൊയില്‍ ക്ലാസ് എടുത്തു. പരിപാടിയില്‍ റാഫി അഹ്സനി കാന്തപുരം, ഇബ്രാഹീം അഹ്സനി പന്തല്ലുര്‍, അതാഉല്ല അഹസനി മുണ്ടമ്പ്ര എന്നിവര്‍ സംബന്ധിച്ചു.
 
ശാസ്ത്ര സാഹിത്യപരിഷത്ത് കലാജാഥക്ക് സ്വീകരണം നല്‍കി
താമരശേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നമ്മള്‍ ജനങ്ങള്‍ എന്ന പേരിലുള്ള ശാസ്ത്ര കലാജാഥക്ക് താമരശേരി ചെമ്പ്രയില്‍ സ്വീകരണം നല്‍കി. ചെമ്പ്രയില്‍ നടന്ന സ്വീകരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഒ കെ അഞ്ജു അധ്യക്ഷത വഹിച്ചു.
 
ജൈവ പച്ചക്കറി വിളവെടുപ്പില്‍ നൂറ് മേനി
കൈതപ്പൊയില്‍: ജൈവ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളയിച്ച് കൈതപ്പൊയില്‍ എം ഇ എസ്സ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍. കോടഞ്ചേരി കൃഷി ഭവന്റെ സഹായത്തോടെ ഹരിത ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തിയത്. മഞ്ഞള്‍, ഇഞ്ചി ഒരോ കിന്റല്‍, കക്കരി 25 കിലോ, പടവലം 20 കിലോ, പാവക്ക 25 കിലോ, വെണ്ട 15 കിലോ, പച്ചമുളക് 22 കിലോ, വഴുതന 30 കിലോ, ചീര 10 കിലോ എന്നിവ വില്പന നടത്തി. സ്‌കൂളിന്റെ കാന്റീനില്‍ ഉച്ചഭക്ഷണത്തിന് എടുത്തതിന് ശേഷം പച്ചക്കറി വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും വില്‍പന നടത്തുകയാണ് പതിവ്. ഇതിലൂടെ സ്‌കൂളിന്റെ ആവശ്യത്തിനും വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും വീട്ടാവശ്യത്തിനുമുള്ള വിഷ രഹിത പച്ചക്കറി വിതരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്. വിളവെടുപ്പ് സ്‌കൂള്‍ മാനേജര്‍ കെ എം ഡി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസിലി പോള്‍, എ സി അബദുല്‍ അസീസ്, മനോജ് പി മാത്യു, എന്‍ ആര്‍ ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.
 
നിരാലംബ കുടുംബത്തിന് തണലൊരുക്കി കനിവ് ഗ്രാമം
കട്ടിപ്പാറ: നിരാലംബ കുടുംബത്തിന് വീടൊരുക്കാന്‍ കനിവു ഗ്രാമം രംഗത്ത്. കട്ടിപ്പാറ ചെമ്പ്രകുണ്ട വില്ലുന്നിപ്പാറയിലെ നിര്‍ധന കുടുംബത്തിനാണ് അന്തിയുറങ്ങാന്‍ വീട് നിര്‍മ്മിക്കുന്നത്. ഗുരുതര രോഗം ബാധിച്ച ഗൃഹനാഥനും ഭാര്യയും കുട്ടികളുമടങ്ങുന്ന നിരാലംബ കുടുംബത്തിന് ചേന്ദമംഗലൂര്‍ ഇ പി കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് വീടൊരുക്കുന്നത്. ഹസനുല്‍ ബന്ന ചേന്ദമംഗലൂര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ശാഹിം അദ്ധ്യക്ഷത വഹിച്ചു. കനിവ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍ സംസാരിച്ചു. കനിവു ഗ്രാമം പ്രസിഡണ്ട് പി കെ അബ്ദുറഹിമാന്‍ സ്വാഗതവും നിര്‍മ്മാണക്കമ്മിറ്റി കണ്‍വീനര്‍ ജോമി ജോസ് നന്ദിയും പറഞ്ഞു.
 
തെങ്ങ് വീണ് വൈദ്യുതി ലൈനും തൂണും തകര്‍ന്നു
കൊടുവള്ളി: തെങ്ങ് വീണ് വൈദ്യുതി ലൈനും തൂണും തകര്‍ന്നു. കാരാട്ടു പൊയില്‍ മഞ്ചപ്പാറ റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വൈദ്യുതി ലൈനില്‍ തെങ്ങ് വീണത്. റോഡിന് സമീപത്തെ പറമ്പിലെ ഉണങ്ങിയ തെങ്ങാണ് ലൈനില്‍ പതിച്ചത്. വീഴ്ചയില്‍ വൈദ്യുതി തൂണ്‍ പൊട്ടി രണ്ട് കഷ്ണമായി റോഡില്‍ പതിച്ചു. തെങ്ങ് വീണതിനെ തുടര്‍ന്ന് ലൈനില്‍ വൈദ്യുതി ബന്ധവും തകരാറിലായി. കൊടുവള്ളി കെ എസ് ഇ ബി ഓഫീസില്‍ നിന്നും ജീവനക്കാരെത്തി ഉച്ചക്ക് രണ്ടരയോടെ വൈദ്യുത ബന്ധം പുന:സ്ഥാപിച്ചു.
 
കൊടുവള്ളി ജി എം എല്‍ പി സ്‌കൂളിന് മുനിസിപ്പാലിറ്റിയുടെ സ്മാര്‍ട്ട് ക്ലാസ് റൂം
കൊടുവള്ളി: കൊടുവള്ളി ജി എം എല്‍ പി സ്‌കൂളിന് മുനിസിപ്പാലിറ്റി അനുവദിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ശരീഫ കണ്ണാടിപ്പൊയില്‍ നിര്‍വഹിച്ചു. ലാപ്‌ടോപ്പുകളുടെ സമര്‍പ്പണം നഗര സഭ ഉപാധ്യക്ഷന്‍ എ പി മജീദ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഒ പി റസാഖ് അധ്യക്ഷ്യത വഹിച്ചു. ബിന്ദു അനില്‍കുമാര്‍, കെ ശിവദാസന്‍, ഇ സി മുഹമ്മദ്, ഫൈസല്‍ കാരാട്ട്, ഒ പി റഷീദ്, കെ കെ ഇബ്‌നു, എം പി മൂസ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആര്‍ സി ഷരീഫ് സ്വാഗതവും കെ കുട്ടി നാരായണന്‍ നന്ദിയും പറഞ്ഞു.
 
കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് എത്തിച്ചുകൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി
താമരശ്ശേരി: കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥന് എത്തിച്ചുകൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. താമരശ്ശേരിയിലെ ഓട്ടോ ഡ്രൈവര്‍ ആലിക്കോയയാണ് അണ്ടോണയിലേക്ക് ഓട്ടം പോയപ്പോള്‍ റോഡില്‍ കണ്ടെത്തിയ പേഴ്‌സ് ഉടമസ്ഥന് എത്തിച്ചു നല്‍കിയത്. പണവും എ ടി എം കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സില്‍ നിന്നും ലഭിച്ച പോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോഴാണ് അണ്ടോണ സ്വദേശി നിഹാലാണ് ഉടമസ്ഥനെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് താമരശ്ശേരി ഓട്ടോ സ്റ്റാന്റിലെത്തിയ നിഹാലിന് ആലിക്കോയ പേഴ്‌സ് കൈമാറുകയായിരുന്നു.
 
താമരശ്ശേരി ചുരം ശുചീകരിച്ചു
അടിവാരം: ചുരം സംരക്ഷണ സമിതിയും വൈറ്റ്ഗാര്‍ഡും മാനന്തവാടി സി എച് റെസ്‌ക്യൂ ടീമും സംയുക്തമായി താമരശ്ശേരി ചുരം ശുചീകരിച്ചു. വ്യൂ പോയിന്റില്‍ നിന്നും വന പ്രദേശത്തേക്ക് സന്ദര്‍ശകര്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്തു. വനപാലകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ശുചീകരണത്തില്‍ പങ്കാളികളായി.
 
ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി
താമരശ്ശേരി: ഗാന്ധി നിന്ദക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് താമരശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ഗോഡ്‌സയെ പ്രതീകാത്മകമായി തൂക്കിലേറ്റുകയും ചെയ്തു. ഗാന്ധി നിന്ദ രാജ്യം ഭരിക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന കാര്യമായതു കൊണ്ടാണ് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാത്തതെന്നും അവര്‍ ഗാന്ധിജിയെ ഇകഴ്ത്തുന്നതില്‍ അഭിമാനിക്കുന്നു എന്നും പ്രകടനത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം നേതാക്കള്‍ പറഞ്ഞു.
 
ഗാന്ധിസ്മൃതി സമ്മേളനം നടത്തി
കൊടുവള്ളി: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടുവള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിസ്മൃതി സമ്മേളനം നടത്തി. തിരുവമ്പാടി പ്രസ്‌ക്ലബ് പ്രസിഡന്റ് തോമസ് വലിയപറമ്പന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാംസ്‌കാരികവേദി കണ്‍വീനര്‍ പി കെ രാമന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി സി വേലായുധന്‍ മാസ്റ്റര്‍, ബ്ലോക്ക് സെക്രട്ടറി കെ വി ജോസഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി ബാലകൃഷ്ണന്‍ നായര്‍, എന്‍ കെ ഗോപിനാഥ്, എ എസ് ജോസ്, ബ്ലോക്ക് ട്രഷറര്‍ മാത്യു എ വി, വനിതാവേദി കണ്‍വീനര്‍ കെ ജെ മോളി എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies