15-Sep-2019 (Sun)
 
 
 
വിദ്യാര്‍ത്ഥികളുടെ പച്ചക്കറി കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
താമരശ്ശേരി: സ്‌കൂള്‍ കെട്ടിടത്തിനു മുകളിലെ പച്ചക്കറി കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. താമരശ്ശേരി കോരങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ ടറസില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുവളര്‍ത്തിയ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. നനക്കാനായി സ്‌കൂളില്‍ എത്തിയവരാണ് തൈകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നൂറ്റി അന്‍പതോളം ഗ്രോ ബാഗുകളിലായി വെണ്ട, കാബേജ്, വഴുതിന, കൈപ്പ, കോളി ഫ്‌ളവര്‍ പയര്‍ തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്തിരുന്നത്. ഇത് പൂര്‍ണമായും പറിച്ചെറിയുകയും പന്തല്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.
 
ടൂറിസം രംഗത്തേക്കുള്ള സഹകരണ സംഘങ്ങളുടെ കാല്‍വെപ്പ് ഗ്രാമീണ മേഖലയ്ക്ക് നേട്ടം: മന്ത്രി കടകംപളളി സുരേന്ദ്രന്‍
പുതുപ്പാടി: ടൂറിസം രംഗത്തേക്കുള്ള സഹകരണ സംഘങ്ങളുടെ കാല്‍വെപ്പ് ഗ്രാമീണ മേഖലയില്‍ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ വകുപ്പ് പുതുപ്പാടി സര്‍വ്വീസ് സഹകരണ ബേങ്കിന് അനുവദിച്ച ടൂറിസം പദ്ധതിയായ ഇ കോംപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. 90 ശതമാനത്തോളം സ്വകാര്യ സംരഭകരാണ് ഈ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ രംഗത്തേക്ക് കടന്നു വരുന്ന സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജോര്‍ജ്ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ലോഗോപ്രകാശനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്തും, വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇ രമേശ്ബാബുവും, പദ്ധതിയുടെ പ്രമോ വിഡിയോ പ്രകാശനം ഫാ ജോസ് മേലാട്ടുകൊച്ചിയിലും നിര്‍വഹിച്ചു. ടൂര്‍പാക്കേജിന്റെ ആദ്യബുക്കിംഗ് സംഘാടക സമിതി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍ സ്വീകരിച്ചു. ബേങ്ക് സെക്രട്ടറി എ വി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റഫ് ഒതയോത്ത്, വി ജെ ജോര്‍ജ്ജുകുട്ടി, ടി എ മൊയ്തീന്‍, ബിജു താന്നിക്കാക്കുഴി, വി കെ ഉസ്സയിന്‍കുട്ടി, ജോര്‍ജ്ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, യൂസഫ് കോരങ്ങല്‍, ഗഫൂര്‍ അമ്പുടു, കെ സിദ്ദീഖ്, ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബേങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍ സ്വാഗതുവും വൈസ് പ്രസിഡന്റ് എം ഡി ജോസ് നന്ദിയും പറഞ്ഞു. പുതുപ്പാടിയോട് ചേര്‍ന്ന് കിടക്കുന്ന വയനാട് ചുരം, വനപര്‍വ്വം ജൈവ വൈവിദ്യ ഉദ്യാനം, കക്കാട് ഇക്കോ ടൂറിസം, കാപ്പാട് തുഷാരഗിരി ടൂറിസം കോറിഡോര്‍ എന്നിവയെയും വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളെയും പ്രയോജനപ്പെടുത്തിയാണ് പുതുപ്പാടി സര്‍വീസ് സഹകരണ ബേങ്ക് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. സഹകരണ സംഘങ്ങളുടെ ടൂറിസം വികസനപദ്ധതിയിലുള്‍പ്പെടുത്തി 6.67 ലക്ഷം ഓഹരിയിനത്തിലും 13.33 ലക്ഷം സബ്‌സിഡി ഇനത്തിലും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
 
കംഫര്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍
താമരശ്ശേരി: കംഫര്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം ഇരുമ്പന്‍ചീടന്‍ കുന്നുമ്മല്‍ മധുവിനെ(66) യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും അറസ്റ്റ് ചെയ്തത്. വില്‍പനക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. താമരശ്ശേരി പഴയ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരനായ മധു കംഫര്‍ട്ട് സ്റ്റേഷന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനായി ഇവിടെ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനീഷ്, അശ്വന്ത് വിശ്വന്‍, വിവേക്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
 
മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കര ക്ലാസ്സും സംഘടിപ്പിച്ചു
താമരശ്ശേരി: ദേശീയ ആയുഷ് മിഷന്‍, കേരള സംസ്ഥാന ഹോമിയോപൊതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കര ക്ലാസ്സും സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി പി അബ്ദുല്‍ ഗഫൂര്‍, കെ സരസ്വതി, ബിന്ദു ആനന്ദ്, മെഡിക്കല്‍ ഓഫീസര്‍ മോഹന്‍കുമാര്‍, മിനു ചാക്കോ സംസാരിച്ചു. ഡോ. അബ്ദുല്‍ ഗഫാര്‍ ക്ലാസെടുത്തു.
 
വൃദ്ധമന്ദിരത്തിലെ വയോജനങ്ങളെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ചാലപ്പുറം: ഹോം ഓഫ് ലൗവിലെ അനാഥരായ അന്തേവാസികളെ കാണാന്‍ ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവപാഠമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ അന്തേവാസികളെ കാണാന്‍ എത്തിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അന്തേവാസികളും ചേര്‍ന്ന് കലാ പരിപാടികള്‍ അവതരിപ്പിച്ചു. 90 വയോധികരടക്കം 100 ല്‍ അധികം പേര്‍ താമസിക്കുന്ന സ്നേഹാലയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും നല്‍കി. അന്തേവാസികള്‍ക്കുള്ള ഒരുദിവസത്തെ ഭക്ഷണവും വിദ്യാര്‍ത്ഥികളുടെ വകയായി നല്‍കി. പുതു തലമുറ വയോജനങ്ങളെ ഉപേക്ഷിക്കുന്നുവെന്ന പരാതികള്‍ വ്യാപകമാവുമ്പോള്‍ സ്നേഹസന്ദേശമായാണ് കുട്ടികള്‍ വിരുന്നെത്തിയത്. സാമൂഹ്യ ശാസ്ത്രം കണ്‍വീനര്‍ എന്‍ ബഷീര്‍ മാസ്റ്റര്‍, ടി മനോജ് കുമാര്‍, ഫാദര്‍ ആന്റണി കൊടുനാന്‍ ,സിസ്റ്റര്‍ ജിന്‍ സി, സിസ്റ്റര്‍ ജോസ് മറിയ, മഞ്ജുള, ജിഷ വിനോദ്, ദീപ എം ടി, ക്ലാസ് ലീഡര്‍ ഷില്‍ക്ക, സാമൂഹിക ശാസ്ത്രം കണ്‍വീനര്‍ കനിഹ അന്തേവാസി ഗീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
മിനി മാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ പൊയ്യ, കുരിക്കത്തൂര്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ കോട്ടായിത്താഴം എന്നീ സ്ഥലങ്ങളില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകള്‍ പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഇവ ഉള്‍പ്പെടെ എം എല്‍ എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലൈറ്റുകളാണ് മണ്ഡലത്തില്‍ സ്ഥാപിച്ചത്. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ, കരിമ്പാലം, കുന്നത്തു പാലം, പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ, പരിയങ്ങാട്തടായി, ചെറുകുളത്തൂര്‍ എസ് വളവ്, ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മലയമ്മ, നായര്‍കുഴി, കമ്പനിമുക്ക്, പാഴൂര്‍, ചാത്തമംഗലം, ചിറ്റാരിപ്പിലാക്കില്‍, ചേനോത്ത്, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കുറ്റിക്കടവ്, പൈപ്പ് ലൈന്‍ ജംഗ്ഷന്‍, കണ്ണിപറമ്പ്, കഴുത്തൂട്ടിമുക്ക്, പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പുത്തൂര്‍മഠം ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ച ലൈറ്റുകള്‍ നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.
 
പന്നൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതിയ കെട്ടിടം; പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച
പന്നൂര്‍: പന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച രാവിലെ എട്ടുമണിക്ക് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. കാരാട്ട് റസാഖ് എം എല്‍ എ നടപ്പിലാക്കുന്ന ക്രിസ്റ്റല്‍ വിദ്യാഭ്യാസ പദ്ധതിയിലും പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സര്‍ക്കാര്‍ പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. ഇതിന്നായി കിഫ്ബിയില്‍ നിന്നും അഞ്ച് കോടിയും എം എല്‍ എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്നും 59 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ചടങ്ങില്‍ കാരാട്ട് റസാഖ് എം എല്‍ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സൈന്‍ മാസ്റ്റര്‍, ബി പി ഒ. വി എം മെഹറലി തുടങ്ങിയവര്‍ സംബന്ധിക്കും.
 
ജൈവകൃഷിയുമായി പുതുപ്പാടിയിലെ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍
പുതുപ്പാടി: ജൈവകൃഷിയുമായി കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍. പുതുപ്പാടിയിലെ ഇരുപതോളം വരുന്ന കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളാണ് തങ്ങള്‍ ചെയ്യുന്ന കൃഷികള്‍ പൂര്‍ണമായും ജൈവകൃഷിരീതിയിലാക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്. കുടുംബശ്രീ മിഷന്‍ വിഭാവനം ചെയ്ത ജൈവകൃഷി മാതൃക പിന്തുടര്‍ന്നാണ് ഇവര്‍ ഇനി കൃഷിയിറക്കുക. കേന്ദ്ര സര്‍ക്കാരിന്റെ കൃഷി വകുപ്പിന് കീഴിലുള്ള പി ജി എസ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന പദ്ധതി പ്രകാരമാണ് കുടുംബശ്രീ മിഷന്‍ ഈ പദ്ധതി സംഘകൃഷി ഗ്രൂപ്പുകളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. സുസ്ഥിരമായ ജൈവകൃഷി നിലനിര്‍ത്തുന്നതിനായി ഓര്‍ഗാനിക് മാനദണ്ഡങ്ങള്‍ പ്രകാരം കൃത്രിമ വളങ്ങള്‍ ഉപയോഗിക്കാതെയുള്ള വിള ഉല്പാദനം, കന്നുകാലി വളര്‍ത്തല്‍, മണ്ണ് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ പിന്തുടരുന്നതാണെന്നും കൃഷി പ്രവര്‍ത്തനങ്ങളില്‍ നേരിട്ടോ പരോക്ഷമായോ കൃത്രിമ വളങ്ങള്‍ കുമിള്‍ നാശിനികള്‍ രാസ വളങ്ങള്‍, കൃത്രിമ ഹോര്‍മോണുകള്‍ തുടങ്ങിയവ ഉപയോഗിക്കില്ലെന്നും ഈ ഗ്രൂപ്പുകള്‍ സത്യപ്രതിഞ്ജ ചെയ്യേണ്ടതുമാണ്. താല്‍പര്യമുള്ള ഗ്രൂപ്പുകളെ കണ്ടെത്തി ഈ പദ്ധതിയിലള്‍പ്പെടുത്തുകയും അവര്‍ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമയുടെ വിവരങ്ങളും ഗ്രൂപ്പിന്റെ വിവരങ്ങളും രേഖപ്പെടുത്തി രജിസ്‌ട്രേഷന്‍ നടത്തുകയും ചെയ്യും. അധികൃതര്‍ നേരിട്ട് വന്നു പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ ജൈവകൃഷിയാണ് ചെയ്യുന്നതെന്ന് പറയാന്‍ സാധിക്കു. കഴിഞ്ഞ മാസം ജൈവകൃഷിയുടെ ഗുണങ്ങളെ കുറിച്ച് കുടുംബശ്രീ സംസ്ഥാന മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തെരുവ് നാടകം നടത്തിയിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് പുതുപ്പാടി കുടുംബശ്രീ സി ഡി എസ് സംഘകൃഷി ഗ്രൂപ്പുകള്‍ ജൈവകൃഷിയില്‍ ശ്രമം നടത്തുന്നത്. പദ്ധതി വിശദീകരണ യോഗം ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ സുഫൈല്‍, മാസ്റ്റര്‍ കര്‍ഷക ഷിജി വര്‍ഗീസ് എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ഉപസമിതി കണ്‍വീനര്‍മാരായ രമണി ഗോപാലന്‍, ബിന്ദു പ്രസാദ് എന്നിവര്‍ സംസാരിച്ചു.
 
പൂനൂര്‍ ഹൈസ്‌ക്കൂളില്‍ മലയാളത്തിളക്കം
പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികള്‍ നടത്തി. എട്ട്, ഒന്‍പത്, പത്ത് ക്ലാസ്സുകളിലെ മലയാളത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കായാണ് പദ്ധതി നടത്തിയത്. പതിപ്പ് നിര്‍മ്മാണം, കളികള്‍, ചിത്രരചന, പാട്ടുകള്‍, രക്ഷാകര്‍തൃ യോഗങ്ങള്‍ എന്നിവയിലൂടെ കുട്ടികളെ പുരോഗതിയിലേക്ക് നയിക്കുന്നതായിരുന്നു പരിപാടി. സമാപന യോഗം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഷക്കീല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ റെന്നി ജോര്‍ജ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഡെയ്‌സി സിറിയക്, ഷൈജ, കെ വി ലത്തീഫ്, പി രാമചന്ദ്രന്‍, വി അബ്ദുള്‍ ബഷീര്‍, എം മുഹമ്മദ് അഷ്‌റഫ്, പി ജെ മേരി ഹെലന്‍, കെ സാദിഖ് എന്നിവര്‍ സംസാരിച്ചു.
 
കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടം പ്രവേശനോല്‍സവം നടത്തി
പുതുപ്പാടി: കുടുംബശ്രീ സംഘടന സംവിധാനത്തെ ശക്തീകരിക്കുന്നതിനായുള്ള കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രവേശനോല്‍സവം പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ പറശേരി കോളനിയിലെ ഐശ്വര്യ കുടുംബശ്രീയില്‍ നടന്നു. അയല്‍ക്കൂട്ടങ്ങളില്‍ ഡിസംബര്‍1 മുതല്‍ ആരംഭിക്കുന്ന ക്ലാസുകള്‍ ജനുവരി 13 ന് സമാപിക്കും. അയല്‍കൂട്ട അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവല്‍കരണം നടത്തുന്ന ഈ സമൂഹാധിഷ്ഠിത പരിശീലന പരിപാടിയില്‍ 6 വിഷയങ്ങളില്‍ 2 മണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ ആണ് നടക്കുക. കുടുംബശ്രീ അയല്‍ക്കൂട്ടം, കുടുംബശ്രീ പദ്ധതികള്‍, അയല്‍ക്കൂട്ടത്തിലെ കണക്കെഴുത്തിന്റെ പ്രാധാന്യം, ധനമാനേജ്‌മെന്റ് കുടുംബത്തിലും അയല്‍ക്കൂട്ടത്തിലും, ദാരിദ്ര്യ ലഘൂകരണത്തില്‍ ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പങ്ക്, ദുരന്ത നിവാരണത്തില്‍ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള പങ്ക് എന്നീ വിഷയങ്ങളാണ് ആറ് ക്ലാസുകളില്‍ പഠനവിധേയമാക്കുന്നത് ഡോക്യുമെന്റ് ചെയ്യുന്നതിനായി പ്രത്യേക മൊബൈല്‍ അപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ക്ലാസിലും പങ്കെടുത്തു പഠനം വിജയകരമായി പൂര്‍ത്തീകരിക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. ഫെബ്രുവരി മാസം നടത്തുന്ന അയല്‍ക്കൂട്ട ഗ്രേഡിംഗില്‍ ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ണായകമാണ്.ഒരു എഡിഎസിലെ 7 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്‌സ് പേഴ്‌സണ്‍ എന്ന രീതിയിലാണ് പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ ക്ലാസിന് നേതൃത്വം നല്‍കുന്നത്. പ്രവേശനോല്‍സവം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ ഐബി റെജി അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, എം ഇ ജലീല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ ജി ഗീത, ഫാത്തിമ ബീവി, സൗദ ബഷീര്‍, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി, സി ഡി എസ് മെമ്പര്‍ ഗീത ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies