26-Feb-2020 (Wed)
 
 
 
താനിക്കല്‍-അവേലം റോഡ് ഉദ്ഘാടനം ചെയ്തു
കാന്തപുരം: ടാറിംഗ് പൂര്‍ത്തിയാക്കിയ താനിക്കല്‍-അവേലം റോഡ് വാര്‍ഡ് മെമ്പര്‍ കെ പി സക്കീന ഉദ്ഘാടനം ചെയ്തു. ചേപ്പാല ചോയിമഠം റോഡിനെയും പാടത്തുംകുഴി-ആനപ്പാറ റോഡിനെയും ബന്ധിപ്പിക്കുന്ന റോഡ് നാലു ഘട്ടമായാണ് പണി പൂര്‍ത്തിയാക്കിയത്. ടി ഉണ്ണിമോയിന്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഫസല്‍ വാരിസ്, അലവി താനിക്കല്‍, മൂസ മൗലവി, മുഹമ്മദ് സാലിഹ്, ഹസ്സന്‍ മാസ്റ്റര്‍, നാസര്‍ താനിക്കല്‍, അജ്‌നാസ്, സുല്‍ഫീക്കര്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.
 
പുതിയമ്പ്ര മല റോഡ് ഉദ്ഘടനം ചെയ്തു
പൂനൂര്‍: മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അഞ്ചു ലക്ഷം ഉള്‍പ്പെടുത്തി ഗതാഗത യോഗ്യമാക്കിയ മടത്തുംപൊയില്‍ പുതിയമ്പ്ര മല റോഡ് പഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ഉദ്ഘടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നഫീസ പുതിയമ്പ്ര, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി എച്ച് സിറാജ്, സി പി കരീം മാസ്റ്റര്‍, യു കെ അബ്ദു റഹിമാന്‍, എ പി മജീദ് എന്നിവര്‍ സംസാരിച്ചു.
 
ശില്‍പശാല സംഘടിപ്പിച്ചു
കോഴിക്കോട്: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെക്കുറിച്ച് കോഴിക്കോട് ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഭക്ഷ്യ ഭദ്രതാ നിയമത്തെക്കുറിച്ചും അതുമൂലം മാറിയ പൊതുവിതരണ സംവിധാനത്തെക്കുറിച്ചും ഇ പോസ് വഴിയുള്ള റേഷന്‍ വിതരണത്തെക്കുറിച്ചുമെല്ലാം ക്ലാസ് നടന്നു. ഏതു റേഷന്‍ കടയില്‍ നിന്നും വാങ്ങാവുന്ന പോര്‍ട്ടബിലിറ്റി സംവിധാനത്തെക്കുറിച്ചും റേഷന്‍ കടയില്‍ പോയി വാങ്ങാന്‍ കഴിയാത്തവര്‍ക്കുള്ള പ്രോക്സി രീതിയെക്കുറിച്ചും ക്ലാസ്സില്‍ വിശദീകരിച്ചു. കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട് മണികുമാര്‍, ഹെഡ് ക്ലാര്‍ക്ക് സത്യജിത്ത് എന്നിവര്‍ ക്ലാസ്സെടുത്തു.
 
മിനിമാരത്തണ്‍ ഒട്ടം സംഘടിപ്പിച്ചു
കൈതപ്പൊയില്‍: ജെ സി ഐ താമരശേരി ടൗണ്‍ ചാപ്റ്ററും കൈതപ്പൊയില്‍ ലിസ്സാകോളേജും ചേര്‍ന്ന് മിനി മാരത്തണ്‍ ഓട്ടം സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്യുന്ന പൊതുജനാരോഗ്യം സംരംക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. ലിസ്സാകോളേജില്‍ നിന്നാരംഭിച്ച് കൈതപ്പൊയില്‍ വരെയാണ് ഓട്ടം സംഘടിപ്പിച്ചത്. മുന്‍ കലക്ടര്‍ ടി ഭാസ്‌കരന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. വര്‍ഗ്ഗീസ് മാത്യു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ബോബി പുള്ളോലിക്കല്‍, ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍, ഷാലെറ്റ് തോമസ്, മനോജ് ജേക്കപ്പ്, അബ്ദുള്‍ ജലീല്‍, ആസിഫ് ചമല്‍ എന്നിവര്‍ പ്രസംഗിച്ചു. സൂരജ് ജോണ്‍, കെ ആര്‍ ഗിരീഷ്, കെ ടി ബിജി, സന്തോഷ് പോള്‍, എന്‍ പി സജിത്ത്, ജിബിന്‍ ചാക്കോ, റെനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
 
ഞാറപ്പൊയില്‍ പൂവന്‍കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു
പൂനൂര്‍: കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ പൂനൂര്‍ ഞാറപ്പൊയില്‍-പൂവന്‍കണ്ടി റോഡ് ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയ് ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 485000 രൂപ ചെലവിലാണ് റോഡ് പ്രവൃത്തി നടത്തിയത്. കാല്‍നടപോലും ദുഷ്‌കരമായ പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ പി സാജിദ അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി പി കരീം മാസ്റ്റര്‍, കെ അബൂബക്കര്‍ മാസ്റ്റര്‍, കെ നിസാര്‍മാസ്റ്റര്‍, പി എച്ച് ഷമീര്‍, യു കെ മുഹമ്മദ്, ഷമീര്‍ പൂവന്‍കണ്ടി, അക്ബര്‍, ഷമീം, രാജീവന്‍, സയ്യിദ് കാസിം, കവിത എന്നിവര്‍ സംസാരിച്ചു. കെ എ ഹര്‍ഷാദ് സ്വാഗതവും പാണ്ടിക്കല്‍ റഹീം ഹാജി നന്ദിയും പറഞ്ഞു.
 
സ്‌കൂള്‍ വാര്‍ഷികം ഗ്രാമോത്സവമാക്കി പൂനൂര്‍ എ എം എല്‍ പി സ്‌കൂള്‍
പൂനൂര്‍: പൂനൂര്‍ എ എം എല്‍ പി സ്‌കൂളിന്റെ 81-ാം വര്‍ഷികോത്സവം കുരുന്നുകളുടെ കലാപ്രകടനങ്ങള്‍ കൊണ്ടും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസരംഗത്തെ പ്രമുഖര്‍ നാട്ടുകാര്‍ രക്ഷിതാക്കള്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. സാംസ്‌കാരിക സദസ്സ് കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഷാഫി സഖറിയ അധ്യക്ഷത വഹിച്ചു. നവാസ് പൂനൂര്‍ മുഖ്യാഥിതിയായിരുന്നു. സാഹിത്യകാരന്‍ പൂനൂര്‍ കെ കരുണാകരന്‍, പി പി അബ്ദുല്‍ ഗഫൂര്‍, അഷ്റഫ് കെ പി, ഉമ്മര്‍ ഹാജി, മുഹമ്മദ് പി കെ സി, മുഹമ്മദ് കെ ടി, അബ്ദുല്‍ ഗഫൂര്‍ എം കെ, ആയിഷ ടീച്ചര്‍, ഫസലുറഹ്മാന്‍ വി കെ, ഇക്ബാല്‍ പൂക്കോട് എന്നിവര്‍ സംബന്ധിച്ചു. പ്രധാനാധ്യാപകന്‍ അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്വാഗതവും ഹക്കീം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
 
വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ജീവനം പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള കട്ടില്‍ വിതരണ ഉല്‍ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരു കണ്ടി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. പി എസ് മുഹമ്മദലി, മഞ്ചിത കുറ്റാക്കില്‍ ജസ്സി ശ്രീനിവാസന്‍, പി എം ജയേഷ്, എ പി ഉസ്സയിന്‍, പി പി അബ്ദുല്‍ ഗഫൂര്‍, മുഹമ്മദലി മാസ്റ്റര്‍, കെ സരസ്വതി, വസന്തചന്ദ്രന്‍, രത്‌നവല്ലി, ഷൈലജ തുടങ്ങിയവര്‍ സംസാരിച്ചു.
 
പട്ടികജാതി വിഭാഗക്കാര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയിള്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ആര്‍ രാകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കുട്ടിയമ്മമാണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മുജീബ് മക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, വാര്‍ഡ് മെമ്പര്‍മാരായ ഷാഫി വളഞ്ഞപാറ, കെ ജി ഗീത, ആര്‍ എം റസാക്ക്, ജലീല്‍ കോയ തങ്ങള്‍, മുത്തു സലാം, സലോമി സലീം, സൗദ ബഷീര്‍, ഫാത്തിമ ബീവി, അസി. സെക്രട്ടറി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
മാലിന്യ കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള പതിനഞ്ചോളം വാഹനങ്ങള്‍ കത്തി നശിച്ചു
അടിവാരം: മാലിന്യ കൂമ്പാരത്തില്‍ നിന്നും തീ പടര്‍ന്ന് പോലീസ് കസ്റ്റഡിയിലുള്ള പതിനഞ്ചോളം വാഹനങ്ങള്‍ കത്തി നശിച്ചു. അടിവാരം പോലീസ് ഔട് പോസ്റ്റിന് സമീപത്തായിരുന്നു സംഭവം. ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള സ്വകാര്യ ഭൂമിയില്‍ കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീ കൊടുത്തിരുന്നു. സ്വകാര്യ ഭൂമിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ഓടിയെത്തിയ വ്യാപാരികളും നാട്ടുകാരും തീ അണച്ചെങ്കിലും അല്‍പ്പ സമയത്തിനകം വീണ്ടും ആളിപ്പടരുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഔട് പോസ്റ്റിന് സമീപം പിടിച്ചിട്ട വാഹനങ്ങളിലേക്ക് പടര്‍ന്നത്. മുക്കത്തുനിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. 12 ബൈക്കുകള്‍ പൂര്‍ണമായും 3 ലോറികള്‍ ഭാഗികമായും കത്തി നശിച്ചു. തീപ്പിടുത്തം ഉണ്ടായതിന്റെ തൊട്ടടുത്തായി രണ്ട് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറ് മീറ്റര്‍ കൂടി തീ പടര്‍ന്നാല്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പോലീസ് ഔട് പോസ്റ്റ് പ്രര്‍ത്തിക്കുന്ന പ്രദേശം ഉള്‍പ്പെടെ കാടു മൂടി കിടക്കുന്നത് തീപ്പിടുത്തം വ്യാപിക്കാന്‍ കാരണമായി.
 
ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സിന് മുകളില്‍ പാറക്കല്ല് പതിച്ചു
അടിവാരം: താമരശ്ശേരി ചുരത്തില്‍ കെ എസ് ആര്‍ ടി സി ബസ്സ് പാറക്കെട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് പാറക്കല്ല് ബസ്സിന് മുകളിലേക്ക് പതിച്ചു. ചുരം ഏഴാം വളവിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരന്ന കെ എസ് ആര്‍ ടി സി ബസ്സാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ പാറക്കെട്ടില്‍ ഇടിച്ചതിനെ തുടര്‍ന്ന് പാറക്കെട്ട് ഇളകി വലിയ കല്ല് ബസ്സിന് മുകളിലേക്ക് പതിക്കുകയായിരുന്നു. ബസ്സിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടെങ്കിലും അടിവാരത്തുനിന്നും പോലീസ് എത്തി വണ്‍വെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ കടത്തിവിട്ടു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies