29-Mar-2020 (Sun)
 
 
 
1 2 3
 
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തേക്കുളള ബജറ്റ് അവതരിപ്പിച്ചു. 19,12,68,590 രൂപ വരവും 18,90,39,209 രൂപ ചെലവും 80,65,332 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അവതരിപ്പിച്ചത്. ഉല്‍പാദന മേഖലയില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയത്. ആധുനിക രീതിയിലുളള ശ്മശാനം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്,സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് സമുച്ചയം, ബഹു വര്‍ഷ പദ്ധതിയായി കര്‍ഷകര്‍ക്ക് ഗവണ്‍മെന്റ് അനുമതിയോടുകൂടി 40 കിലോമീറ്റര്‍ ഫെന്‍സിംഗ് നിര്‍മ്മാണം എന്നിവ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ബജറ്റില്‍ പശ്ചാത്തല സേവന മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. ഭവന നിര്‍മ്മാണം, ശാരീരിക മാനസ്സിക വെല്ലുവിളി നേരിടുന്നവര്‍ക്കുളള പ്രത്യേക ക്ഷേമ പദ്ധതികള്‍ എന്നിവക്ക് കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്.
 
കക്കാട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നു
കക്കാട്: ജോര്‍ജ് എം തോമസ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചു കക്കാട് വില്ലേജ് ഓഫീസിനു പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉത്ഘാടനം ജോര്‍ജ് എം തോമസ് എം എല്‍ എ നിര്‍വ്വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി കെ വിനോദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എന്‍ജിനീയര്‍ രാഘവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുഹറ കരുവോട്ട്, ജി അബ്ദുല്‍ അക്ബര്‍, എം ടി അഷ്‌റഫ്, സവാദ് ഇബ്രാഹിം, എന്‍ കെ അന്‍വര്‍, പി പി ശിഹാബ്, കെ പി ഐഷാ ലത, രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് കെ പി ഷാജി, സത്യന്‍ മുണ്ടയില്‍, കെ കോയ, കെ ഷാജി കുമാര്‍, കെ സി അബ്ദുല്‍ മജീദ്, മോയിന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍ ബല്‍രാജ് സ്വാഗതവും വില്ലേജ് ഓഫീസര്‍ നിസാമുദ്ധീന്‍ നന്ദിയും പറഞ്ഞു.
 
പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന കട്ടിലിന്റെ വിതരണം ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുട്ടിയമ്മ മാണി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഐബി റെജി, വാര്‍ഡ് മെമ്പര്‍മാരായ പി ആര്‍ രാകേഷ്, ആര്‍ എം അബ്ദുല്‍ റസാക്ക്, കെ ജി ഗീത, ഫാത്തിമ ബീവി, ഷാഫി വളഞ്ഞ പാറ, അംബിക മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.
 
പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസും പുതുപ്പാടി ഹിന്ദുസ്ഥാന്‍ പെട്രോളിയം ഏജന്‍സിയും സംയുക്തമായി പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കി. പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന പദ്ധതി പ്രകാരം 54 കുടുംബങ്ങള്‍ക്കാണ് ഗ്യാസ്‌കണക്ഷന്‍ നല്‍കിയത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷകുമാരി, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, ഉപസമിതി കണ്‍വീനര്‍ ബിന്ദു പ്രസാദ്, സിഡിഎസ് അംഗങ്ങളായ സിന്ദു ഷാജി, മുബീന മുനീര്‍, ലീന സെബാസ്റ്റ്യന്‍, ഏജന്‍സി മാനേജര്‍ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
 
ഹോംഷോപ്പ് ഓണര്‍മാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോഷോപ്പ് ഓണര്‍മാര്‍ക്ക് സ്‌കൂട്ടര്‍ വിതരണം ചെയ്തു. ഹോംഷോപ്പ് ഓണര്‍മാരായ ഡോളി ജോസഫ്, ലാലി ഏലിയാസ് എന്നിവര്‍ക്കാണ് സി ഡി എസ് വായ്പ പദ്ധതിയിലൂടെ സ്‌കൂട്ടര്‍ വിതരണം ചെയ്തത്. 4 ശതമാനം പലിശ നിരക്കില്‍ 2 വര്‍ഷത്തേക്കാണ് 70000 രൂപയാണ് വായ്പ നല്‍കിയത്. കൃത്യമായി വായ്പ തിരിച്ചടവ് പൂര്‍ത്തീകരിക്കുകയാണെങ്കില്‍ പലിശ ഇനത്തില്‍ അടച്ച തുക സബ്സിഡിയായി തിരിച്ചു നല്‍കും. സ്‌കൂട്ടര്‍ വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി നിര്‍വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ മുജീബ് മാക്കണ്ടി, ഐബി റെജി, എം ഇ ജലീല്‍, മെമ്പര്‍ ഉഷകുമാരി, സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, ഉപസമിതി കണ്‍വീനര്‍ ബിന്ദു പ്രസാദ്, സി ഡി എസ് അംഗങ്ങളായ സിന്ദു ഷാജി, മുബീന മുനീര്‍, ലീന സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.
 
ഉര്‍ദു അധ്യാപക സംഗമം നടത്തി
താമരശ്ശേരി: താമരശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, മുക്കം ഉപജില്ലകളിലെ ഉര്‍ദു അധ്യാപകരുടെ സംഗമം താമരശ്ശേരി ബി ആര്‍ സി ഹാളില്‍ നടത്തി. കോഴിക്കോട് ഐ എം ഇ ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കെ യു ടി എ സംസ്ഥാന സെക്രട്ടറി സലാം മലയമ്മ അധ്യക്ഷത വഹിച്ചു. ഉര്‍ദു കാലിഗ്രാഫിയുടെ പ്രാധാന്യത്തെ കുറിച്ച് ഹുസൈന്‍ കുട്ടി ക്‌ളാസെടുത്തു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന ഈങ്ങാപ്പുഴ എം ജി എം ഹൈസ്‌കൂളിലെ പി കെ ഫാത്തിമ, കൊടുവള്ളി ബി ആര്‍ സി യിലെ ഒ അബ്ദുറഹിമാന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. തെഹെരീകെ ഉര്‍ദു കേരള സംസ്ഥാന പ്രസിഡണ്ട് പി കെ സി മുഹമ്മദ് ഉപഹാര സമര്‍പ്പണം നടത്തി. ടി കെ സജീര്‍, അബ്ദുല്‍ ഹമീദ്, മജീദ് പുതൊടി, അജിത, പി മൈമൂന, റഹീന, കെ ഖമറുദ്ദീന്‍, ഫാത്തിമത്തു സുഹ്‌റ, ജമാല്‍ മാക്കൂട്ടം, ഒ ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് അശ്‌റഫ് സ്വാഗതവും, പി കെ ഹനീഫ നന്ദിയും പറഞ്ഞു.
 
കൈതപ്പൊയില്‍ ജി എം യു പി സ്‌കൂള്‍ എഴുപതാം വാര്‍ഷിക സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഈങ്ങാപ്പുഴ: കൈതപ്പൊയില്‍ ജി എം യു പി സ്‌കൂള്‍ എഴുപതാം വാര്‍ഷിക സപ്ലിമെന്റ് പുതുപ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍ പ്രകാശനം ചെയ്തു. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ സപ്ലിമെന്റില്‍ പൊതുവിദ്യാലയ സംരക്ഷണം, വിഷന്‍ 2020, സ്‌കൂള്‍ മികവുകള്‍, വികസന പ്രവര്‍ത്തനങ്ങള്‍, സ്മരണാഞ്ജലി, സന്ദേശങ്ങള്‍, ഫോട്ടോ ഗ്യാലറി, കുട്ടികളുടെ രചനകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്റര്‍ എം പി അബ്ദുറഹിമാന്‍, പി ടി എ പ്രസിഡന്റ് അബ്ദുല്‍ കഹാര്‍, വാര്‍ഡ് മെമ്പര്‍ കെ സി ശിഹാബ്, സിറാജ് വേഞ്ചരി, എം കെ പരീത്, രാമചന്ദ്രന്‍, സൈനുല്‍ ആബിദ്, ഫിലോമിന ജോസഫ്, സുല്‍ഫീക്കര്‍ ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
 
പകര്‍ച്ചവ്യാധി പ്രതിരോധത്തിനു കര്‍മ്മപദ്ധതികളൊരുക്കി പുതുപ്പാടി ഗ്രാമപഞ്ചായത്ത്
പുതുപ്പാടി: ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ 2019 ല്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി നടത്തേണ്ട കര്‍മ്മ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി. ആരോഗ്യ സേന, കുടുംബശ്രീ ആരോഗ്യ വോളണ്ടിയര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുവാനും ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ രേഖപ്പെടുത്തുവാനും ടാങ്കറുകളില്‍ വിതരണം ചെയ്യുന്ന കുടിവെളളം ഗുണ പരിശോധന നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തിലെ റബ്ബര്‍, കൊക്കൊ പ്ലാന്റെഷന്‍ ഉടമകളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കുന്ന ഉടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും. വഴിയോര കച്ചവടങ്ങള്‍ നിരോധികുവാനും, ഉപ്പിലിട്ടതും, പുളി അച്ചാര്‍, സിപ്പ് അപ്പ് എന്നിവ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കാനും, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മറ്റു വ്യാപാര സ്ഥാപനങള്‍ എന്നിവക്കെതിരെ പരിശോധന നടത്തി നടപടി സ്വീകരിക്കാനും തീരുമാനമായി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെ ശുചിത്വം ഉറപ്പു വരുത്തുന്നതിന് പരിശോധന നടത്തി നടപടി സ്വീകരിക്കും. വയനാട് ചുരത്തില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വ്യക്തികള്‍ക്കെതിരെ പോലീസ്, ഫോറസ്റ്റ്, ഗ്രാമപഞ്ചായത്ത് ചുരം സംരക്ഷണ സമിതി എന്നിവരുടെ സഹകരണത്തോടെ പിഴ ചുമത്തും. യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ എം ഇ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ കെ ആര്‍ വിഷയാവതരണം നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ കെ ജനാര്‍ദനന്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ അബ്ദുള്‍ റസാഖ്, അംബിക മംഗലത്ത്, രാഗേഷ്, മുത്തു അബ്ദുള്‍ സലാം, ഷാഫി വളഞ്ഞപ്പാറ, ഗീത കെ ജി, ഉഷകുമാരി, ഷിഹാബ്, നന്ദകുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജു, കബീര്‍, ബിനില ടീച്ചര്‍, മുഹമ്മദ്, ജെസ് മോള്‍ എന്നിവര്‍ സംസാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ എം സി സ്വാഗതവും ബുഷ്‌റ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, കുടുംമ്പ ശ്രീ, ആശ, അംഗന്‍വാടി പ്രവര്‍ത്തകര്‍, ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍, ചുരം സംരക്ഷണ സമിതി മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
പള്ളിപ്പുറം വെട്ടുകല്ലുംപുറം റോഡ് ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറിംഗ് നടത്തിയ പള്ളിപ്പുറം വെട്ടുകല്ലുംപുറം റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ നിര്‍വ്വഹിച്ചു.
 
കാവിലുമ്മാരം മാട്ടുമൂല റോഡ് ഉദ്ഘാടനം ചെയ്തു
കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പെട്ട കാവിലുമ്മാരം മാട്ടുമൂല റോഡ് ടാറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വഹിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മനോജ് അധ്യക്ഷത വഹിച്ചു. എം കോയ ഹാജി, പി പി മൂസ, കെ കെ അലി മാസ്റ്റര്‍,സലീം കളരിക്കല്‍, മേപ്പയില്‍ ശരീഫ്, പി ടി റഷീദ്, മൂസ സാലി എന്നിവര്‍ സംസാരിച്ചു. പി അഹമ്മദ് നന്ദിയും സൈനുദ്ദീന്‍ മേപ്പയില്‍ നന്ദിയും പറഞ്ഞു.
 
1 2 3
 
 
 

All rights reserved | Website developed and maintained by Zyonz Technologies