21-Jan-2019 (Mon)
 
 
 
ദുരിതബാധിതര്‍ക്കായി ജോണ്‍സന്റെ 50 സോളാര്‍ വിളക്കുകള്‍
കോഴിക്കോട്: അതിജീവനത്തിന്റെ മാതൃക സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തന്ന എം എ ജോണ്‍സണ്‍ ദിരിത ബാധിതര്‍ക്കായി 50 സോളാര്‍ എമര്‍ജന്‍സി വിളക്കുകള്‍ സമ്മാനിച്ചു. സത്വ എന്‍വയോണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിച്ച ഫണ്ട് ഉപയോഗിച്ചാണ് പെരുവണ്ണാമൂഴിയില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍സന്റെ എം ടെക് ഇലക്ട്രോ ഡിജിറ്റല്‍ ഇന്റസ്ട്രി സോളാര്‍ വിളക്കുകള്‍ നിര്‍മിച്ചത്. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ജോണ്‍സന്റെ കയ്യില്‍ നിന്ന് സോളാര്‍ വിളക്കുകള്‍ ഏറ്റുവാങ്ങി. ദിരിത ബാധിതരെ സഹായിക്കാന്‍ എല്ലാവരും ഒരു മിച്ച് നില്‍ക്കണമെന്നാണ് അവശതകളെ തോല്‍പ്പിച്ച് ജോണ്‍സണ് പറയാനുള്ളത്.
 
എലിപ്പനി ബാധ: ജില്ലയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ പനി ബാധിച്ച് മരിച്ച മൂന്ന് പേരില്‍ ഒരാളുടെ മരണം എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. വടകര തെക്കന്‍ കുഴമാവില്‍ നാരായണി(80) ആണ് മരിച്ചത്. ഇതോടെ സ്ഥിരീകരിച്ച കേസുകളില്‍ മരണം ഏഴും സംശയാസ്പദമായ കേസുകളില്‍ മരണം പന്ത്രണ്ടും ആയി. ആകെ 19 മരണം. പതിനാല് സംശയാസ്പദമായ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ സ്ഥിരീകരിച്ച കേസുകള്‍ 104 ഉം സംശയാസ്പദമായ കേസുകള്‍ 209 ഉം ആയി പയ്യാനക്കല്‍, കുരുവട്ടൂര്‍, കരുവിശ്ശേരി, രാമനാട്ടുകര, കുണ്ടൂപറമ്പ്, വെസ്റ്റ്ഹില്‍, ചെലവൂര്‍, കോട്ടൂളി, താമരശ്ശേരി, കൊടുവള്ളി, തലക്കുളത്തൂര്‍, പുതിയാപ്പ, കക്കോടി, വില്ല്യാപ്പള്ളി, ചാലിയ, കൊളത്തറ, എന്നിവിടങ്ങളിലാണ് എലിപ്പനി സ്ഥിരീകരിച്ചത്.
 
ജില്ലയിലെ മത്സ്യത്തൊഴിലാളികളെ ആദരിച്ചു
കോഴിക്കോട്: അപ്രതീക്ഷിതമായി എത്തിയ പ്രളയ ദുരിതത്തില്‍ കേരളം മുഴുവനായി പകച്ചു നിന്നപ്പോള്‍ പതര്‍ച്ചയില്ലാതെ സാഹസികമായി പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളാണ് യഥാര്‍ത്ഥ രക്ഷകരെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. നളന്ദ ഓഡിറ്റോറിയത്തില്‍ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കോഴിക്കോട് പൗരാവലി നല്‍കിയ സ്‌നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല സമീപകാലത്ത് നിരവധി പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോയത്. അതിനെയൊക്കെ കൂട്ടായ്മയിലൂടെ അതിജീവിക്കാനായി. ഇനിയും അത്തരത്തിലുള്ള കൂട്ടായ്മകള്‍ ഉണ്ടാവണം.
 
സ്‌കൂള്‍ ടോയ്‌ലറ്റ് ശൂചീകരണത്തിന് മൊബൈല്‍ ട്രീറ്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പ്രളയക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച 46 വിദ്യാലയങ്ങളില്‍ ടോയ്‌ലെറ്റ് ശൂചീകരണത്തിന് ഏര്‍പ്പെടുത്തിയ മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റിംഗ് യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം വേങ്ങേരി യു.പി സ്‌കൂളില്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. പകര്‍ച്ചവ്യാധികളുടെ ഉറവിടം മാലിന്യങ്ങളാണ്. മാലിന്യ സംസ്‌കരണത്തിന് മുഖ്യ പങ്കുവഹിക്കുന്ന ശുചീകരണ തൊഴിലാളികള്‍ക്കുള്ള സംരക്ഷണ നടപടിയെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ്, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡോ.ആര്‍.എസ് ഗോപകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി. കമ്പനി, കൗണ്‍സിലര്‍ രതീദേവി, അരീന ഹൈജീനിക്ക് സൊലൂഷ്യന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി ഡോ.റീന അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ഭരണകൂടവും കോഴിക്കോട് കോര്‍പ്പറേഷനും അറീനാ ഹൈജീന്‍ സോലൂഷ്യന്‍സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 20000 ലിറ്റര്‍ ശേഷിയുളള മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രളയത്തിനുശേഷമുളള ജലമലിനീകരണം തടയാന്‍ ഈ പ്രവര്‍ത്തനം ഏറെ സഹായകമാണ്. ഇലക്ട്രോലൈസീസ് സിദ്ധാന്തം അനുസരിച്ചാണ് പദ്ധതിയുടെ പ്രവര്‍ത്തനം. കുറഞ്ഞ സമയത്തിനുളളില്‍ സെപ്റ്റിക് മാലിന്യം ശൂചീകരിക്കാമെന്നതാണ് ഇതിന്റെ സവിശേഷത.
 
താമരശ്ശേരിയില്‍ മോഷണം പതിവാകുന്നു; നാട്ടുകാര്‍ ഭീതിയില്‍
താമരശ്ശേരി: താമരശ്ശേരി ടൗണിനോട് ചേര്‍ന്ന കാരാടിയില്‍ വീടുകളില്‍ മോഷണം. വടക്കെ കാരാടി ദേവകി, രാജന്‍ എന്നിവരുടെ വീടുകളിലും സമീപത്തെ ഫ്‌ളാറ്റിലുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മോഷ്ടാക്കള്‍ എത്തിയത്. രാജന്റെ വീടിന് സമീപത്തെ മരത്തിലൂടെ ടെറസില്‍ കയറി വീടിനുള്ളില്‍ എത്തിയ മോഷ്ടാവ് പതിനായിരം രൂപയോളമാണ് അപഹരിച്ചത്. ഏതാനും ദിവസം മകളുടെ വീട്ടിലായിരുന്ന ദേവകി ഞായറാഴ്ച്ച വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഓടിട്ട വീടിന്റെ മുന്‍ വാതിലും ഓഫീസ് മുറിയുടെ വാതിലും പൂട്ടിയിരുന്നില്ല. ഇതിന്നുള്ളിലൂടെ കിടപ്പു മുറിയിലെത്തിയ മോഷ്ടാവ് ചെറിയ രണ്ട് മോതിരവും 350 രൂപയും കവര്‍ന്നു.
 
എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍- അവലോകന യോഗം നടത്തി
കോഴിക്കോട്: ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാക്കും. നിലവില്‍ 68 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഡിഎംഒ ഓഫീസില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളില്‍ എലിപ്പനി ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ കുടുംബക്ഷേമ വകുപ്പില്‍ നിന്നും ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്ന 17 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഈ കേന്ദ്രങ്ങളില്‍ 15 ദിവസത്തേക്ക് ലഭ്യമാകും. 16 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎംഒ വി ജയശ്രീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുനില്ഡകുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, കമ്യൂണിറ്റ് മെഡിസിന്‍ മേധാവി തോമസ് ബീന, ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡിപിഒ ഡോ. എ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
താമരശ്ശേരിയിലും മുക്കത്തും വീണ്ടും പോലീസിന്റെ കഞ്ചാവ് വേട്ട
താമരശ്ശേരി: താമരശ്ശേരിയിലും മുക്കത്തും പോലീസിന്റെ കഞ്ചാവ് വേട്ട. രണ്ടര കിലോ കഞ്ചാവുമായി ചെറൂപ്പ വൈത്തലക്കുന്നുമ്മല്‍ വി കെ ഫൈസല്‍ മുക്കത്തും ഇയാളുടെ സുഹൃത്ത് ചെറൂപ്പ പോടഞ്ചേരി സാജിദ് ഒന്നര കിലോ കഞ്ചാവുമായി താമരശ്ശേരിയിലും പോലീസിന്റെ പിടിയിലായി. മുക്കം, താമരശ്ശേരി മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്യാനായി വന്‍ തോതില്‍ കഞ്ചാവ് എത്തിക്കുന്നതായി താമരശ്ശേരി ഡി വൈ എസ് പി. പി ബിജുരാജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മുക്കം എസ് ഐ അഭിലാഷ്, സി പി ഒ മാരായ ഷിബില്‍ ജോസഫ്, ഷഫീഖ് നീലിയാനിക്കല്‍, അനൂപ് തറോല്‍, സലീം മുട്ടത്ത്, എ കെ രതീഷ്, അനൂപ് മണാശ്ശേരി, ജിതിന്‍ എന്നിവരടങ്ങിയ സംഘമാണ് ഫൈസലിനെ പിടികൂടിയത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 6732 നമ്പര്‍ ബൈക്കും പോലീസ് പിടിച്ചെടുത്തു.
 
ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന മാതാവ് റിമാണ്ടില്‍
ബാലുശ്ശേരി: നവജാത ശിശുവിനെ മാതാവ് കഴുത്തറുത്ത് കൊന്നു. ഉള്ള്യേരി സ്വദേശിയുടെ ഭാര്യ ബാലുശ്ശേരി നിര്‍മ്മലൂര്‍ സ്വദേശിനി റിന്‍ഷ(22)യാണ് ജന്‍മം നല്‍കിയ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ റിന്‍ഷയുടെ വീട്ടിലായിരുന്നു പ്രസവം. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് റിന്‍ഷ കുഞ്ഞിന്റെ കഴുത്തി മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന റിന്‍ഷ തന്റെ അകന്ന ബന്ധുവുമായി അടുപ്പത്തിലായിരുന്നു. വീട്ടിലെ നിത്യ സന്ദര്‍ശകനായ കാമുകന്‍ റിന്‍ഷ ഗര്‍ഭിണി ആയെന്നറിഞ്ഞപ്പോള്‍ വരാതെയായി. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു.
 
റോഡരികില്‍ മാലിന്യ കൂമ്പാരം; നാട്ടുകാര്‍ ദുരിതത്തില്‍
താമരശ്ശേരി: എളേറ്റില്‍ കാഞ്ഞിരമുക്കില്‍ നിരിക്കുനി റോഡിലും പന്നൂര്‍ റോഡിലും പതിവായി കോഴിക്കടകളില്‍ നിന്നും മത്സ്യക്കടകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രാത്രിയില്‍ വാഹനങ്ങളിലെത്തിക്കുന്ന മാലിന്യം ഇരുട്ടിന്റെ മറവില്‍ ഇവിടെ വലിച്ചെറിയുകയാണ് പതിവ്. റോഡിലും സമീപത്തുമായി കിടക്കുന്ന മാലിന്യ ചാക്കുകളില്‍ നിന്നുള്ള ദുര്‍ഗന്ധം സമീപ വാസികളെയും യാത്രക്കാരെയും ദുരിതത്തിലാക്കുകയാണ്.
 
പുതുപ്പാടിയില്‍ സ്ത്രീ ബൈക്കിടിച്ച് മരിച്ചു
പുതുപ്പാടി: ദിക്‌റ് മജ്‌ലിസില്‍ പങ്കെടുക്കാനെത്തിയ സ്ത്രീ ബൈക്കിടിച്ച് മരിച്ചു. പുതുപ്പാടി കൈതപ്പൊയില്‍ ആനോറമ്മല്‍ താമസിക്കുന്ന മേപ്പള്ളി സൈനബ(57) ആണ് മരിച്ചത്. ഞായറാഴ്ച്ച രാത്രി എട്ടരയോടെ കൈതപ്പൊയില്‍ പള്ളിക്ക് മുന്‍വശത്തായിരുന്നു അപകടം. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിധവയാണ്, മക്കളില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പന്ത്രണ്ടു മണിയോടെ നാട്ടിലെത്തിക്കും. മയ്യിത്ത് നിസ്‌കാരം ഉച്ചയോടെ കൈതപ്പൊയില്‍ ജുമുഅ മസ്ജിദില്‍.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies