07-Dec-2019 (Sat)
 
 
 
താമരശ്ശേരി താലൂക്ക് റവന്യൂ ജീവനക്കാരുടെ കുടുംബസംഗമം
താമരശ്ശേരി: താമരശ്ശേരി താലൂക്ക് റവന്യൂ സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ റവന്യൂ ജീവനക്കാരുടെ കുടുംബസംഗമം നടന്നു. അസിസ്റ്റന്റ് കളക്ടര്‍ കുമാരി അഞ്ചു ഉദ്ഘാടനം നിര്‍വ്വഹിച്ചു. താലൂക്ക് തഹസില്‍ദാര്‍ ശ്രീ മുഹമ്മദ് റഫീക് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബാപ്പു വാവാട് മുഖ്യ പ്രഭാഷണം നടത്തി. കരിഞ്ചോല ദുരന്തത്തില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ജീവനക്കാര്‍ക്കുള്ള സത്സേവന പത്രം അസിസ്റ്റന്റ് കളക്ടര്‍ വിതരണം ചെയ്തു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച ജീവനക്കാരുടെ മക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ദുരന്ത മുഖങ്ങളില്‍ മികച്ച സേവനം കാഴ്ചവച്ച തസില്‍ദാര്‍ ശ്രീ മുഹമ്മദ് റഫീഖിനെ ചടങ്ങില്‍ ആദരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പ്രേമന്‍ സ്വാഗതവും ശശിധരന്‍ കുളങ്ങര നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.
 
മോഹിനിയാട്ട പരിശീലനം
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ വജ്രജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി മോഹിനിയാട്ട പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മഞ്ചിത കുറ്റിയാക്കില്‍, വാര്‍ഡ് മെമ്പര്‍മാരായ കെ സരസ്വതി, ബിന്ദു ആനന്ദ്, വസന്ത ചന്ദ്രന്‍, രത്‌നവല്ലി, യൂത്ത് കോഓഡിനേറ്റര്‍ വി കെ എ കബീര്‍, സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു. അഭിരാമി ക്ലാസ്സിന് നേതൃത്വം നല്‍കി.
 
കൊയ്ത്തുത്സവം നടത്തി
കൂടത്തായി: കൂടത്തായി അയ്യാട്ടുതുരുത്തിയില്‍ ഓമശ്ശേരി കൃഷിഭവനുകീഴില്‍ പ്രവര്‍ത്തിക്കുന്ന മലയോരം ഫാര്‍മേഴ്സ് ക്ലബ് കരിങ്ങാംകണ്ടം വയലില്‍ കൃഷി ചെയ്ത നെല്ലിന്റെ കൊയ്ത്തുത്സവം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നഷ്ടത്തിന്റെ പേരില്‍ കൃഷി നിര്‍ത്തി നെല്‍വയലുകള്‍ അന്യം നിന്നു പോകുന്ന ഈ കാലത്ത് ക്ലബ്ബ് മെമ്പര്‍മാര്‍ ഒരുമിച്ചു വയല്‍ ഒരുക്കിയും, വിതച്ചും, കളപറിച്ചും, കൊയ്തും, മെതിച്ചും നെല്‍കൃഷി വിജയിപ്പിച്ചു കൊണ്ട് നാടിനു മാതൃകകാട്ടി.
 
കാസര്‍ഗോഡുനിന്നും തിരുവനന്തപുരം വരെ മലയോര ഹൈവേ: കട്ടിപ്പാറയില്‍ ഭൂമി ഏറ്റെടുക്കല്‍ ആരംഭിച്ചു
കട്ടിപ്പാറ: കാസര്‍ഗോഡുനിന്നും തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ ഭാഗമായി കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലയാട് -കോടഞ്ചേരി റീച്ചിന്റെ ഭൂമി ഏറ്റെടുക്കല്‍ കട്ടിപ്പാറയില്‍ ആരംഭിച്ചു. ആധുനിക രീതിയിലുള്ള ബി എം ബി സി ടാറിംഗും, ഡ്രൈനേജ് സംവിധാനവും ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് കൈവരിസ്ഥാപിക്കലും ഉള്‍പ്പെടെയാണ് എസ്റ്റിമേറ്റ്ത യ്യാറാക്കിയിരിക്കുന്നത്. നിലവിലുള്ള റോഡ് വീതി കൂട്ടുന്നതിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവരുടെ ചുറ്റുമതിലുകള്‍ പൊളിച്ച് പുനര്‍നിര്‍മിക്കുന്നതിനുള്ള പണവും നല്‍കും. റോഡ് 12 മീറ്ററില്‍ വീതികൂട്ടുന്നതിന്നായുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം കല്ലുള്ളതോട് തുവ്വക്കടവില്‍ കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്ഥിരം സമിതി അധ്യക്ഷരായ മദാരി ജുബൈരിയ, പി സി തോമസ്, ബേബി ബാബു, മെമ്പര്‍ ഇന്ദിര ശ്രീധരന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ കെ ബിനീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി അമല്‍ജിത്ത്, സി പി നിസാര്‍, പ്രേംജി ജയിംസ്, കെ വി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 
പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചൂരക്കണ്ടിയില്‍ നിര്‍ധന കുടുംബത്തിന്ന് വീടൊരുക്കുന്നു
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ ചൂരക്കണ്ടിയില്‍ നിര്‍ധന കുടുംബത്തിന് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വീടൊരുക്കുന്നു. കനിവ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. ആര്‍ കെ അബ്ദുല്‍ മജീദ്, എം എ യൂസുഫ് ഹാജി, അബ്ദുല്‍ അസീസ് നല്ലളം, കെ ടി അബ്ദുല്‍ മജീദ്, ഒ കെ അബു എന്നിവര്‍ പങ്കെടുത്തു.
 
പുതുപ്പാടി ബഡ്‌സ് സ്‌കൂളില്‍ ശലഭോദ്യാനം ആരംഭിച്ചു
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്ത് വള്ളിയാട് ആരംഭിച്ച ബഡ്‌സ് സ്‌കൂളില്‍ ശലഭോദ്യാനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാമിഷന്‍ ബാലസഭകളില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ബഡ്‌സ് സ്‌കൂളില്‍ ശലഭോദ്യാനം ആരംഭിച്ചത്. സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് പൂച്ചെടികള്‍ നട്ടു പിടിപ്പിച്ചത്. കുട്ടികള്‍ അവരവരുടെ വീടുകളില്‍ നിന്നും കൊണ്ട് വന്ന വിവിധ തരം പൂച്ചെടികളാണ് ചിത്രശലഭങ്ങളെ ആകര്‍ഷിക്കാന്‍ തയ്യാറാക്കിയത്. ഇതിന്റെ പരിപാലനവും കുട്ടികള്‍ തന്നെയാണ് ചെയ്യുക. തൈകള്‍ നടുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത് നിര്‍വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് മാക്കണ്ടി, വാര്‍ഡ് മെമ്പര്‍ ഫാത്തിമ ബീവി, സി ഡി എസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി, ഉപസമിതി കണ്‍വീനര്‍ ഗീത ഗോപാലന്‍, സി ഡി എസ് അംഗങ്ങളായ ശകുന്തള ശ്രീധരഹ, ഉഷ വിനോദ്, രമണി ഗോപാലന്‍, സൗമിനി വിജയന്‍, രതി ദിലീപ്, സ്‌കൂള്‍ ജീവനക്കാരായ പി ഹര്‍ഷാന, പി കെ ഹസീന, സിമി അബ്രഹാം, ദേവി രാജന്‍, ഷില്‍ന എന്നിവര്‍ പങ്കെടുത്തു.
 
ജില്ലാ ത്രോബോള്‍ അസ്സോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു
താമരശ്ശേരി: ജില്ലാ ത്രോബോള്‍ അസ്സോസിയേഷന്‍ ഭാരവാഹികളായി കെ വി മജീദ് മാനിപുരം(പ്രസി), കെ സജീവ് കുമാര്‍, കെ എം റിവീഷ്, പി ജെ ബിജു(വൈസ് പ്രസി), എന്‍ വി സഫ്‌നാസ്(സെക്ര), ആര്‍ സിറാജ്, കെ പി രാജന്‍, മുഹമ്മദ് അര്‍ഷാദ്(ജോ. സെക്ര), പി കെ സി അഫ്‌സല്‍(ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ സ്‌പോട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.
 
പ്രളയബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ സ്‌നേഹ ഭവനം
കട്ടിപ്പാറ: പ്രളയബാധിതര്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിക്ക് കട്ടിപ്പാറ കരിഞ്ചോലയില്‍ തുടക്കമായി. വാര്‍ഡ് മെമ്പര്‍ കെ വി അബ്ദുല്‍ അസീസ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. ജമാ അത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് വി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മഹല്ല് സെക്രട്ടറി സെയ്ദൂട്ടി ഹാജി, കനിവ് ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശരീഫ് കുറ്റിക്കാട്ടൂര്‍, എഞ്ചിനീയര്‍ മുഹമ്മദ് സഫീര്‍ എന്നിവര്‍ സംസാരിച്ചു. എം എ യൂസുഫ് ഹാജി സ്വാഗതവും ആര്‍ കെ അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
 
താമരശ്ശേരി, കൊടുവള്ളി മേഖലകളില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും
താമരശ്ശേരി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍. 2019 ല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന വ്യാപാരി സംഘടനകളുടെ തീരുമാനത്തിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
 
സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പ് നാടിന്റെ ഉത്സവമായി
പെരുമണ്ണ: അറത്തില്‍പറമ്പ എ എം എല്‍ പി സ്‌കൂള്‍ പച്ചക്കറിത്തോട്ടം വിളവെടുപ്പുത്സവം പി ടി എ റഹീം എം എല്‍ എ ഉദ്ഘാടനം ചെയ്തു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ സകൂളിലെ അദ്ധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിന്റെ വിളവെടുപ്പ് ഉത്സവഛായയിലാണ് നാട്ടുകാര്‍ കൊണ്ടാടിയത്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies