18-Jun-2018 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
താമരശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: മാധ്യമ പ്രവര്‍ത്തകരെ അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. താമരശ്ശേരി കാരാടി പൊന്‍പാടത്തില്‍ സുനില്‍ കുമാര്‍ (ഉണ്ണി 36), പുതുപ്പാടി കൊട്ടാരക്കോത്ത് മംഗലത്ത് ശിബു കുമാര്‍ (36), പുതുപ്പാടി പെരുമ്പള്ളി കരുവന്‍കാവില്‍ മനോജ്(36) തച്ചംപൊയില്‍ തേറ്റാമ്പുറം തരിപ്പയില്‍ പ്രസുലാല്‍(35) എന്നിവരെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ജോ. സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, തേജസ് ലേഖകന്‍ പി കെ സി മുഹമ്മദ് എന്നിവരെയാണ് ഒരുസംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഞായറാഴ്ച രാത്രി ഏഴ്മണിയോടെ താമരശ്ശേരി പോലീസ് സ്റ്റേഷന് മുന്‍വശത്തായിരുന്നു സംഭവം. താമരശ്ശേരി സി ഐ ക്കെതിരായ മുദ്രാവക്യങ്ങളുമായി നൂറോളം വരുന്ന ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമ പ്രവര്‍ത്തകരെ അക്രമിക്കുകയും കാമറകള്‍ നശിപ്പിക്കുകയുമായിരുന്നു. താമരശ്ശേരി ഡി വൈ എസ് പി. ആര്‍ ശ്രീ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് നിമിശനേരംകൊണ്ട് കുതിച്ചെത്തി അക്രമികളെ വിരട്ടി ഓടിക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കിതെരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്. അറസ്റ്റിലായ നാലുപേരെയും താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
 
പുതുപ്പാടി സ്വദേശി സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
പുതുപ്പാടി: പുതുപ്പാടി സ്വദേശി സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. ആച്ചി ചെട്ട്യാലില്‍ കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുസ്സലാം(32) ആണ് മരിച്ചത്. ജിദ്ദയിലെ കാര്‍ഗോ കമ്പനിയിലെ ജീവനക്കാരനായിരുന്ന അബ്ദുസ്സലാം ചൊവ്വാഴ്ച പുലര്‍ച്ചെ ബുറൈദയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. രണ്ട് വര്‍ഷംമുമ്പാണ് അബ്ദുസ്സലാം നാട്ടിലെത്തി മടങ്ങിയത്. ജോലി ഉപേക്ഷിച്ച് പോരാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടം. മയ്യിത്ത് നാട്ടിലെത്തിച്ച് മറവ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. മാതാവ്: മറിയം. ഭാര്യ: ബുഷ്‌റ. മക്കള്‍: മുഹമ്മദ് സാബിത്, റിഫാന ഷെറിന്‍, റുഖ്‌സാന ഷെറിന്‍. സഹോദരിമാര്‍: ഫാത്തിമ, സൈനബ, സാബിറ, സഫിയ.
 
തുഷാരഗിരിയിലേക്ക് മൂന്ന് ദിവസം പ്രവേശനമില്ല
താമരശ്ശേരി: ശക്തമായ മഴ കാരണം മലവെള്ളപാച്ചില്‍ ശക്തമായതിനാല്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തുഷാരഗിരി വിനോദ സഞ്ചാര മേഖലയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അറിയിച്ചു.
 
ടാപ്പിംഗിനിടെ റബര്‍ മരം ദേഹത്തേക്കുവീണ് തൊഴിലാളി മരിച്ചു.
താമരശ്ശേരി: ടാപ്പിംഗിനിടെ റബര്‍ മരം ദേഹത്തേക്കുവീണ് തൊഴിലാളി മരിച്ചു. പുതുപ്പാടി കൊട്ടാരക്കോത്ത് വളഞ്ഞപാറ ഇമ്പിച്ചു മമ്മു(62) വാണ് മരിച്ചത്. കൂടത്തായി അമ്പലമുക്ക് കൂരമുണ്ട എസ്റ്റേറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചച്ച് 12 മണിയോടെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം വെള്ളിയാഴ്ച രാത്രി 8 മണിക്ക് കൊട്ടാരക്കോത്ത് ജുമുഅത്ത് പള്ളിയില്‍
 
മില്‍മയുടെ പാക്കറ്റ് പാലിനൊപ്പം ചത്ത ചീവീട് തികച്ചും
താമരശ്ശേരി: മില്‍മയുടെ പാക്കറ്റ് പാലിനൊപ്പം ചത്ത ചീവീട് തികച്ചും സൗജന്യം. നോമ്പുതുറക്കായി കൂടത്തായി അങ്ങാടിയിലെ കടയില്‍നിന്നും കരിങ്ങാംപൊയില്‍ അഹമ്മദ്കുട്ടി വാങ്ങിയ മില്‍മയുടെ പാക്കറ്റ് പാലിലാണ് ചത്തലിഞ്ഞ ചീവീടിനെ കണ്ടെത്തിയത്. പാല്‍ പാത്രത്തിലേക്ക് ഒഴിക്കുമ്പോള്‍ ശ്രദ്ദയില്‍ പെട്ടതിനാല്‍ പാല്‍ ഉപയോഗിച്ചില്ല. വിവരം അറിയിച്ചപ്പോള്‍ മില്‍മ അധികൃതര്‍ നിരുത്തരവാദപരമായി സംസാരിച്ചതായി ആരോപണമുണ്ട്. കോഴിക്കോട് നഗരത്തില്‍നിന്നും വാങ്ങിയ മില്‍മ പാലില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയത് അടിത്തിടെയാണ്. കേരളം കണികണ്ടുണരുന്ന നന്‍മ ഇങ്ങിനെയൊക്കെയായാല്‍....
 
ബസ്സും ബൈക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു.
താമരശ്ശേരി: ബസ്സും ബൈക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊയിലാണ്ടി ചേരികുന്നുമ്മല്‍ പരേതനായ ഭാസ്‌കരന്റെ മകന്‍ മൈക്കാവ് ആനിക്കോട് വടക്കേതടത്തില്‍ താമസിക്കുന്ന ഷൈജു(34)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ കൂടത്തായി കോടഞ്ചേരി റോഡില്‍ കാഞ്ഞിരാട് വെച്ചായിരുന്നു അപകടം. കോടഞ്ചേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സും കോടഞ്ചേരിയില്‍നിന്നും വീട്ടിലേക്ക് വരികയായിരുന്ന ഷൈജു സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുയായിരുന്നു. മാതാവ്: മാളു. ഭാര്യ: സ്മിത. മക്കള്‍: കാശി നാഥ്, ശിവന്യ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച് കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ച് സംസ്‌കരിക്കും.
 
വിദ്യാര്‍ത്ഥികളുടെ ഉച്ചക്കഞ്ഞിയില്‍ അധ്യാപകര്‍ കയ്യിട്ടുവാരി; പ്രധാനാധ്യാപകന് സസ്‌പെന്‍ഷന്‍
ഈങ്ങാപ്പുഴ: വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചകഞ്ഞിക്കുള്ള അരി ഏതാനും അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് കടത്തികൊണ്ടുപോയി. ഈങ്ങാപ്പുഴ എം ജി എം ഹൈസ്‌കൂളില്‍നിന്നാണ് 45 ചാക്ക് അരി ലോറിയില്‍ കയറ്റികൊണ്ടുപോയത്. നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രധാനാധ്യാപകന്‍ വി ഇ ജോണിനെ സസ്‌പെന്റ് ചെയ്തു. ലോറിയില്‍ അരികയറ്റുന്നത് ശ്രദ്ദയില്‍പെട്ട നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോള്‍ പുഴുവരിച്ച അരി മാവേലിസ്‌റ്റോറിലേക്ക് കൊണ്ടുപോവുകയാണെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ മറുപടി. സ്‌കൂളില്‍ സൂക്ഷിച്ച് പുഴുവരിച്ച അരി മാവേലി സ്റ്റോറില്‍ സ്വീകരിക്കാനോ പകരം നല്‍കാനോ മാവേലി സ്‌റ്റോറില്‍ സംവിധാനമില്ലെന്നിരിക്കെയാണ് നാട്ടുകാരെ കബളിപ്പിച്ച് അരി കടത്തിയത്. അരി കടത്തിയത് സംബന്ധിച്ച് അറിയില്ലെന്നും കോട്ടയത്തായതിനാല്‍ ഡെപ്യൂട്ടി എച് എമ്മിനാണ് ചുമതലയെന്നുമാണ് പ്രധാനാധ്യാപകന്‍ വി ഇ ജോണ്‍ പ്രതികരിച്ചത്. എന്നാല്‍ സ്റ്റോര്‍ റൂം ശുചീകരിക്കാന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടതല്ലാതെ അരി കടത്തികൊണ്ടുപോവാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡെപ്യൂട്ടി എച് എം ആന്‍സിയുടെ പ്രതികരണം. എത്ര ചാക്ക് അകരിയാണ് കേടായതെന്നോ ഇത് എവിടേക്കാണ് മാറ്റിയതെന്നോ അറിയില്ലെന്നും പ്രധാനാധ്യാപകന്റെ ചുമതല തന്നെ ഏല്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം താമരശ്ശേരി ഡി ഇ ഒ യുടെ ചുമതലയുള്ള ഓഫീസ് പേഴ്‌സണല്‍ അസിസ്റ്റന്റ് അഹമ്മദ്‌കോയ, താമരശ്ശേരി എ ഇ ഒ അബ്ദുല്‍ മജീദ് എന്നിവരുടെ നേതത്വത്തില്‍ സ്‌കൂളിലെത്തി നടത്തിയ പരിശോധനയിലാണ് പ്രധാനാധ്യാപകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ അധ്യയന വര്‍ഷത്തേക്ക് അനുവധിച്ച അരി ഉച്ചയോടെ സ്‌കൂളിലെത്തിച്ചിട്ടുണ്ട്. അരി കടത്തിയത് വിവാദമായതോടെ മറ്റൊരു മുറിയിലേക്ക് മാറ്റിയതാണെന്ന് വരുത്തി തീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. പുതിയ അധ്യയന വര്‍ഷത്തിന്റെ ഭാഗമായി ഡി ഇ ഒ ഓഫീസ് പി എ അഹമ്മദ്‌കോയയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പാചകപ്പുര വൃത്തിഹീനമാണെന്ന് കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ച രാത്രി കോട്ടയത്തേക്കുപോയ പ്രധാനാധ്യാപകന്‍ ശനിയാഴ്ച ഉച്ചവരെ സ്‌കൂളില്‍ ഹാജറുള്ളതായി ഹാജര്‍പട്ടിയകയില്‍ രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി മടങ്ങിയ ശേഷമാണ് ഡി ഡി യുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും പരിശോധനക്കെത്തിയത്.
 
താമരശ്ശേരിയില്‍ വന്‍ കുഴല്‍പണ വേട്ട; നാലുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ കുഴല്‍പണം താമരശ്ശേരി പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി ശ്രീകുമാര്‍, സി ഐ. കെ സുഷീര്‍, എസ് ഐ. എന്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുപ്പാടി കൈതപ്പൊയിലില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. രണ്ട് ബസ്സുകളിലായി എത്തിച്ച പണം പിടിച്ചെടുത്ത പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ കിരണ്‍, ലക്ഷ്മണ്‍, സമാധാന്‍, വിനോദ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ടേക്കാണ് പണം കടത്തുന്നതെന്നാണ് സംഘം പോലീസിന് മൊഴി നല്‍കിയത്. പിടിയിലായവരെ താമരശ്ശേരി ഡി വൈ എസ് പി ഓഫീസിലെത്തിച്ച് ചോദ്യംചെയ്ത് വരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
 
മാഹി മദ്യവുമായി വലിയപറമ്പ സ്വദേശികള്‍ കൊടുവള്ളി പോലീസിന്റെ പിടിയില്‍
എളേറ്റില്‍: മാഹിയില്‍നിന്നും കടത്തിയ 45 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് പിടികൂടി. കിഴക്കോത്ത് വലിയപറമ്പ സ്വദേശികളായ കുണ്ടത്തില്‍ ഉബൈദ്(27), പൊന്‍പാറ മലയില്‍ അനീസ്(30) എന്നിവരെയാണ് കൊടുവള്ളി എസ് ഐ. പി ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എളേറ്റില്‍ ചെറ്റക്കടവ് അങ്ങാടിക്കു സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വാഹന പരിശോധനക്കിടെയാണ് സംഘം പോലീസിന്റെ പിടിയിലാത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ജി 7309 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബാഗുകളിലായാണ് മാഹിയില്‍നിന്നും ബൈക്കില്‍ വിദേശമദ്യം എത്തിച്ചത്. ഏളേറ്റില്‍ വട്ടോളി, കത്തറമ്മല്‍, പൂനൂര്‍ പ്രദേശങ്ങളില്‍ വിദേശമദ്യം കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. സീനിയര്‍ സി പി ഒ ശാജി, സി പി ഒ മാരായ അബ്ദുല്‍ റഷീദ്, ബജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെയും വിദേശമദ്യവും തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.
 
ഉംറ നിര്‍വഹിക്കാന്‍പോയ പന്നൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി.
പന്നൂര്‍: ഉംറ നിര്‍വഹിക്കാന്‍പോയ പന്നൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി. പാട്ടത്തില്‍ അയമ്മദ് (90) ആണ് ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രി മരിച്ചത്. മക്കയില്‍നിന്നും 150 കിലോമീറ്റര്‍ അകലെയായിരുന്നു അന്ത്യം. മദീനയിലെത്താന്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാനിരിക്കെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ: മറിയോമ. മക്കള്‍: അമ്മദ്, അബൂബക്കര്‍, അബ്ദുറഹിമാന്‍, മുഹമ്മദ്, ഉസ്മാന്‍, ഉമ്മര്‍, ആയിശ. മരുമക്കള്‍: അബ്ദുല്‍ റസാഖ് മാസ്റ്റര്‍ (വന്‍മുഖം കോടിക്കല്‍ എ യു പി സ്‌ക്കൂള്‍), പാത്തൂട്ടി, നഫീസ പുല്ലാളൂര്‍, നഫീസ പാറന്നൂര്‍, സഫിയ, ഷരീഫ, അസ്‌ന. മയ്യിത്ത് മദീനയില്‍ മറവ് ചെയ്യും.
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
 
 

All rights reserved | Website developed and maintained by Zyonz Technologies