27-Jan-2020 (Mon)
 
 
 
അകമെരിയുന്ന വാക്ക്: പൂനൂര്‍ ഹൈസ്‌കൂളില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു
പൂനൂര്‍: പൂനൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ഡിജിറ്റല്‍ മാഗസിന്‍ അകമെരിയുന്ന വാക്ക് പ്രശസ്ത സാഹിത്യകാരന്‍ മജീദ് മൂത്തേടത്ത് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ഡെയ്‌സി സിറിയക് അദ്ധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി വിദ്യാര്‍ഥികളുടെ സര്‍ഗാത്മകതയ്ക്ക് വളര്‍ച്ച നല്‍കുന്നതാണ് ഇത്തരം അവസരങ്ങള്‍. പി ടി എ പ്രസിഡന്റ് എന്‍ അജിത് കുമാര്‍, വി അബ്ദുല്‍ ബഷീര്‍, എം മുഹമ്മദ് അശ്‌റഫ്, പി ജെ മേരി ഹെലന്‍, കെ അബ്ദുസ്സലീം, സി കെ റീഷ്‌ന, സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍, ടി പി അജയന്‍, എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളായ അലിന്‍ഷാന്‍ സ്വാഗതവും ആദില്‍ അമീന്‍ നന്ദിയും പറഞ്ഞു.
 
ആട് വിതരണം നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2018-19 വര്‍ഷത്തെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ആട് വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മദാരി ജുബൈരിയ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി സി തോമസ്, വെറ്റിനറി സര്‍ജന്‍ ഡോ. സി കെ സാജിബ് എന്നിവര്‍ സംബന്ധിച്ചു.
 
കെ മൂസക്കുട്ടിയെ അനുസ്മരിച്ചു
പരപ്പന്‍പൊയില്‍: സി പി ഐ എം സംസ്ഥാന കമ്മിറ്റി മെമ്പറും സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റും എം എല്‍ എയുമായിരുന്ന കെ മൂസക്കുട്ടിയുടെ മൂന്നാം ചരമ വാര്‍ഷിക ദിനാചരണം പരപ്പന്‍പൊയിലില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ പി ഭാസ്‌കരകുറുപ്പ് അധ്യക്ഷത വഹിച്ചു. കാരാട്ട് റസാഖ് എം എല്‍ എ, സോഫിയ മഹര്‍ മലപ്പുറം, വി രവീന്ദ്രന്‍, കെ ബാബു, എന്‍ കെ സുരേഷ്, പി സി അബ്ദുല്‍ അസീസ്, ടി കെ ബൈജു,കാരാട്ട് അബ്ദുല്‍ഹഖ് എന്നിവര്‍ പ്രസംഗിച്ചു.
 
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച വയോമധുരം പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണവും ബോധവത്ക്കരണവും പരിപാടി ജില്ലാ ആസൂത്രണസമിതി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലയെ വയോജന സൗഹൃദമാക്കുന്നതിനു വേണ്ടി വിവിധ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്നത്. ഓരോ പഞ്ചായത്തിലും ഒരു ലാബ് ടെക്നീഷ്യനെ നിയോഗിക്കും. ഷുഗര്‍, പ്രഷര്‍, കൊളസ്ട്രോള്‍ പരിശോധിക്കുവാനുള്ള കിറ്റ് നല്‍കിക്കൊണ്ടാണ് ഇവരെ നിയോഗിക്കുന്നത്. വീടുകളിലെത്തി ഇവര്‍ രോഗികളെ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ഡി എം ഒ. ഡോ. രവികുമാര്‍ ജീവിതശൈലീരോഗങ്ങളെക്കുറിച്ചും ടെറിറ്ററി മാനേജര്‍ നോര്‍ത്ത് കേരള പ്രശാന്ത് ഗ്ലൂക്കോമീറ്ററിന്റെ ഉപയോഗ ക്രമത്തെക്കുറിച്ചും ക്ലാസെടുത്തു. സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍ പിള്ള സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
 
ബാലികാദിനം: സൈക്കിള്‍ റാലി നടത്തി
മണിയൂര്‍: ലോകബാലികാദിനത്തോടനുബന്ധിച്ച് മണിയൂര്‍ ജി എച്ച് എസ് എസിലെ ജെ ആര്‍ സി, ഗൈഡ്സ് വിദ്യാര്‍ഥിനികളുടെ നേതൃത്വത്തില്‍ സൈക്കിള്‍ റാലി നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപകന്‍ പി എം ശശിമാസ്റ്റര്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു.
 
ചുരം മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
അടിവാരം: ചുരം മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കോടഞ്ചേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ട മരുതിലാവ് ഭാഗത്താണ് കഴിഞ്ഞ ദിവസം ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മരുതിലാവ് അണ്ടിപ്പറ്റില്‍ ചന്ദ്രന്റെ വീട്ടിലെത്തിയ ആറംഗ മാവോയിസ്റ്റ് സംഘം വീടിന്റെ വാതിലില്‍ തട്ടി ഭക്ഷണം ആവശ്യപ്പെട്ടു. ഈ സമയം ചന്ദ്രന്റെ മകന്‍ വിഷ്ണുവര്‍ധന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടില്‍ ആളില്ലെന്നും ഭക്ഷണം ഇല്ലെന്നും അറിയിച്ചതോടെ സംഘം താഴേക്കുപോയെന്നാണ് വിഷ്ണുവര്‍ധന്‍ പറയുന്നത്. കോടഞ്ചേരി പോലീസും വടകരയില്‍ നിന്നുള്ള മാവോയിസ്റ്റ് ക്‌സ്വാഡും സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. തോക്ക് കയ്യിലേന്തിയ ഒരു സ്ത്രീയെ മാത്രമെ വ്യക്തമായുള്ളൂ എന്നും അഞ്ചുപേര്‍ ഇരുട്ടിലായിരുന്നുവെന്നുമാണ് വിഷണുവര്‍ധന്‍ മൊഴി നല്‍കിയത്. വയനാട് ചുരത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരുതിലാവ്, വട്ടച്ചിറ, ചിപ്പിലിത്തോട് ഭാഗങ്ങളില്‍ പലപ്പോഴായി മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. വനത്തില്‍ പരിശോധനക്കിറങ്ങിയ താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള സംഘം മാവോയിസ്റ്റുകള്‍ക്ക് മുമ്പില്‍ അകപ്പെട്ടതും അടുത്തിടെയാണ്. പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ട്, മട്ടിക്കുന്ന് മേഖലകളിലും പലപ്പോഴായി മാവോയിസ്റ്റുകള്‍ എത്തി ഭക്ഷ്യവസ്തുക്കള്‍ ശേഖരിച്ച് മടങ്ങിയിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യം പതിവായത് പ്രദേശവാസികളെ ഭീതിയിലാക്കുകയാണ്. വിവരം അറിഞ്ഞാലും രാത്രിയില്‍ പരിശോധന നടത്താനുള്ള സംവിധാനം ഇല്ലാത്തതിനാല്‍ പിറ്റേ ദിവസം പ്രദേശത്തെത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ മാത്രമേ പോലീസിന് കഴിയുന്നുള്ളൂ.
 
ഏതന്‍സ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സമാപിച്ചു; ഡി ആര്‍ വി എഫ് സി ചാമ്പ്യന്മാര്‍
താമരശ്ശേരി: ഏതന്‍സ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ സമാപിച്ചു. ഫൈനലില്‍ തച്ചറക്കല്‍ ബ്രദേഴ്സിനെ പെനാല്‍റ്റിയില്‍ തോല്‍പിച്ച് ഡി ആര്‍ വി എഫ് സി ചാമ്പ്യന്മാര്‍ ആയി. മുഫാസ് ബെസ്ററ് പ്ലെയറും, സബീല്‍ ടോപ് സ്‌കോററുമായി. ജബ്ബാര്‍ ആണ് മികച്ച ഗോള്‍ കീപ്പര്‍. ട്രോഫി മൈ ജി എം ഡിയും ക്ലബ് പ്രസിഡന്റുമായ എ കെ ഷാജി, പലക്കല്‍ റഷീദ്, എസി ഗഫൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. കെ സി റഹൂഫ്, ഷംസീര്‍ അച്ചുമോന്‍, വമ്പു, ജംഷി വരുവിന്‍കലയില്‍, പി കെ സുഹൈല്‍, ഷെഫീഖ് തച്ചിറക്കല്‍, കെ സി തഹീര്‍, സുഹൈബ്, സൈനുദ്ദീന്‍, വി കെ ഉനൈസ്, നാസര്‍ എന്നിവര്‍ സംബന്ധിച്ചു.
 
ജൈവ നന്മ പദ്ധതി വിളവെടുപ്പ് നടത്തി
താമരശ്ശേരി: ജെ സി ഐ താമരശേരി ടൗണ്‍ ചാപ്റ്റര്‍ ജൈവ പച്ചക്കറി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ ജൈവ നന്മ പദ്ധതിയുടെ വിളവെടുപ്പ് താമരശേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ സരസ്വതി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ കെ കെ മഞ്ജിത, മനോജ് ജേക്കബ്, അബ്ദുള്‍ ജലീല്‍, നീനു മരിയ ജോര്‍ജ്, ബോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.
 
ഔഷധതോട്ട സമര്‍പ്പണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു
താമരശ്ശേരി: പ്ലാന്റ്‌സ് അവര്‍ പാഷന്‍ പദ്ധതിയുടെ ഭാഗമായി ഔഷധതോട്ട സമര്‍പ്പണവും കാര്‍ഷിക സെമിനാറും സംഘടിപ്പിച്ചു. താമരശ്ശേരി അണ്ടോണ മഹല്ല് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ 125 ഔഷധ തോട്ടങ്ങളുടെ സമര്‍പ്പണത്തിന് കോഓര്‍ഡിനേറ്റര്‍ കാഞ്ഞിരത്തിങ്ങല്‍ അബ്ദുല്‍ റഷീദും നൂറസൈനബും നേതൃത്വം നല്‍കി. പരിപാടിയില്‍ ആയിരത്തില്‍പരം പേര്‍ പങ്കെടുത്തു. അമ്പലങ്ങള്‍, പള്ളികള്‍, സ്്കൂളുകള്‍, ഗവണ്‍മെന്റ ് ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി ഔഷധ തോട്ടങ്ങള്‍ വളര്‍ത്തുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള വിവിധ പൊതു സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും വളപ്പുകളിലാണ് റഷീദും മകള്‍ വിദ്യാര്‍ഥിയായ നൂറസൈനബും ചേര്‍ന്ന് ഔഷധ തോട്ടങ്ങള്‍ സൗജന്യമായി വെച്ചുപിടിപ്പിച്ചു നല്‍കുന്നത്. 10 വ്യത്യസ്ത ചെടികളടങ്ങിയ 125 തോട്ടങ്ങളാണ് ഇതിനകം നിര്‍മ്മിച്ചിട്ടുള്ളത്. മികച്ച ഔഷധതോട്ട സംരക്ഷകര്‍ക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ വി മുഹമ്മദ് സമ്മാനദാനം നിര്‍വ്വഹിച്ചു. ഫോറസ്റ്റ് ഓഫീസര്‍ ടി സുരേഷ് വന ആവാസവ്യവസ്ഥയെ കുറിച്ച് ദൃശ്യാവിഷ്‌ക്കാരങ്ങളോടെ ക്ലാസ്സെടുത്തു. അഷ്‌റഫ് കാക്കാട്ട് നൂതന കൃഷി രീതികളെകുറിച്ച് വിശദീകരിച്ചു. ജെ സി ഐ ട്രൈനര്‍ ആന്റണി ജോയ്, വി പി ബാബു എന്നിവര്‍ സംസാരിച്ചു.
 
കുടുംബശ്രീ അംഗങ്ങള്‍ ഗ്രോബാഗ് കൃഷിയിലേക്ക്
പുതുപ്പാടി: പുതുപ്പാടിയിലെ ഇരുപതോളം വരുന്ന കുടുംബശ്രീ അംഗങ്ങള്‍ ഗ്രോബാഗ് കൃഷിയില്‍ സജീവമാകുന്നു. കൃഷിഭവന്‍ മുഖേന സബ്‌സിഡിയോടുകൂടി ലഭിച്ച 25 ഗ്രോബാഗുകളില്‍ വിവിധ പച്ചക്കറികള്‍ കൃഷി ചെയ്താണ് സജീവമാകുന്നത്. ഒരു വ്യക്തിക്ക് 500 രൂപ നിരക്കില്‍ ആണ് പൂര്‍ണ സജ്ജമാക്കിയ 25 ഗ്രോബാഗും പച്ചക്കറി തൈകളും കൃഷിഭവന്‍ നല്‍കുന്നത്. ഇത്തവണ 23 കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ഗ്രോബാഗ് നല്‍കിയത്. നാലു വര്‍ഷം മുന്‍പും ഈ പദ്ധതി നടപ്പിലാക്കിയിരുന്നു. അത് വിജയകരമായതിനെ തുടര്‍ന്നാണ് ഈ വര്‍ഷം പദ്ധതി നടപ്പിലാക്കിയത്. വരും വര്‍ഷങ്ങളില്‍ ഇതിന്റെ പരിപാലനത്തിനും തുടര്‍കൃഷി ചെയ്യുന്നതിനും കൃഷിഭവന്‍ മുഖേന സഹായങ്ങള്‍ ലഭ്യമാക്കും. വെണ്ട, തക്കാളി, പയര്‍, വഴുതന, മുളക് എന്നിവയുടെ തൈകളാണ് ഗ്രോബാഗിനോടൊപ്പം നല്‍കിയത്.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies