12-Nov-2019 (Tue)
 
 
 
ബാലസഭ കുട്ടികള്‍ക്കായി ഗപ്പി മല്‍സ്യ പ്രൊജക്ട്
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ ബാലസഭ കുട്ടികള്‍ക്കായി ഗപ്പി മല്‍സ്യ പ്രൊജക്ട് ആരംഭിച്ചു. കൊതുക് നശീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഡുകളില്‍ അഫിലിയേഷനുള്ള ബാലസഭകളിലെ 50 കുട്ടികള്‍ക്ക് ഗപ്പി മല്‍സ്യത്തെ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ മല്‍സ്യങ്ങള്‍ക്കുള്ള മൂന്ന് മാസത്തേക്കുള്ള തീറ്റയും നല്‍കി.
 
അക്ഷയശ്രീ മിഷന്‍ താമരശ്ശേരി റീജണല്‍ ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍
താമരശ്ശേരി: അക്ഷയശ്രീ മിഷന്‍ താമരശ്ശേരി റീജണല്‍ ഫെഡറേഷന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം അക്ഷയ ശ്രീ മിഷന്‍ ജില്ലാ പ്രസിഡണ്ട് പി രമേഷ് ബാബു നിര്‍വ്വഹിച്ചു. അക്ഷയശ്രീ സ്വയം സഹായ സംഘങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ കൂടുതലായി രൂപീകരിച്ച് ആ പ്രദേശത്തിന്റെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യത്തില്‍ എത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേശവന്‍ കാരാടി അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി താമരശ്ശേരി താലൂക്ക് പ്രസിഡണ്ട് രാജീവ് ബാലന്‍, അക്ഷയശ്രീ ജില്ലാ സമിതി അംഗങ്ങളായ പ്രവീണ്‍ പടനിലം, വത്സന്‍ മേടോത്ത്, സഹകാര്‍ ഭാരതി താലൂക്ക് സെക്രട്ടറി പി ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു. റീജണല്‍ ഫെഡറേഷന്‍ പുതിയ ഭാരവാഹികളായി കേശവന്‍ കാരാടി (പ്രസിഡണ്ട്) രാമചന്ദ്രന്‍ വെഴുപ്പൂര്‍ (ജന സെക്രട്ടറി) എം മനോജ് ഓടക്കുന്ന് ( ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
താമരശ്ശേരി സബ്ജില്ലാ കലാമേള: ജി എച്ച് എസ് എസ് താമരശ്ശേരി ഓവറോള്‍ ചാമ്പ്യന്‍മാര്‍
താമരശ്ശേരി: താമരശ്ശേരി സബ്ജില്ലാ കലോല്‍സവം കോടഞ്ചേരി സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ സമാപിച്ചു. ഹയര്‍സെക്കന്ററി വിഭാഗം മത്സരയിനങ്ങളില്‍ മികവുറ്റതും, തനിമയാര്‍ന്നതുമായ പ്രകടനത്തോടെ താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. വിദ്യാര്‍ത്ഥികളെയും ബന്ധപ്പെട്ട അദ്ധ്യാപകരെയും പിടിഎയും പ്രിന്‍സിപ്പാളും മറ്റ് സ്റ്റാഫംഗങ്ങളും അനുമോദിച്ചു.
 
നാടന്‍ പാട്ട് ശില്‍പശാല
തച്ചംപൊയില്‍: പള്ളിപ്പുറം ജി എം യു പി സ്‌കൂളില്‍ നാടന്‍പാട്ട് ശില്‍പശാല സംഘടിപ്പിച്ചു. അതുല്യ കിരണ്‍ വിവിധ തരത്തിലുള്ള നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ച് ക്ലാസ്സ് നയിച്ചു. പ്രധാനാധ്യാപകന്‍ എബ്രഹാം വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. അബിത പി ബി ആശംസ നേര്‍ന്നു. സജ്‌ന പന്നിക്കോട്ടൂര്‍ സ്വാഗതവും പി ജെ ദേവസ്യ നന്ദിയും പറഞ്ഞു.
 
ബേപ്പൂര്‍ പുളിമുട്ട് ബീച്ച് വികസനം: ചര്‍ച്ച നടത്തി
ബേപ്പൂര്‍: പുളിമുട്ട് ബീച്ചിന്റെ സമഗ്ര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ച നടത്തി. വി കെ സി മമ്മദ് കോയ എം എല്‍ എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് വികസന സാധ്യതകള്‍ സംബന്ധിച്ച് ആശയ വിനിമയം നടത്തി. സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പൈതൃക ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ഇരിങ്ങല്‍ സര്‍ഗ്ഗാലയയുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ ആയിരക്കണക്കിന് സന്ദര്‍ശകര്‍ എത്തുന്നുണ്ടെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തത് കാരണം കെട്ടിടങ്ങളും നിര്‍മ്മിതികളും നശിച്ചുപോകുന്ന അവസ്ഥയാണ് ഇവിടെ. ലഭ്യമായ സ്ഥലസൗകര്യം, സൗന്ദര്യവത്കരണം എന്നിവ പഠിച്ച് പ്രൊജക്ട് തയ്യാറാക്കുന്നതിന് പ്രശാന്ത് അസോസിയേറ്റ്‌സിനെ ചുമതലപ്പെടുത്തി. പ്രൊജക്ടിന്റെ കരട് തയ്യാറാക്കിയതിനു ശേഷം പ്രദേശവാസികളുമായി പ്രത്യേക ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കും ശേഷം അന്തിമ പ്രൊജക്ട് അനുമതിയ്ക്കായി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ടൂറിസം ജോയന്റ് ഡയറക്ടര്‍ സി എന്‍ അനിതകുമാരി, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, ക്യാപ്റ്റന്‍ കെ കെ ഹരിദാസ്, ഹാര്‍ബര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജയദീപ്, സര്‍ഗ്ഗാലയ പ്രതിനിധികളായ ചന്ദ്രന്‍, പ്രദീപ്, ആര്‍ക്കിടെക്ട് പ്രശാന്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ താമരശ്ശേരി ഉപജില്ലാ കലോത്സവം
കോടഞ്ചേരി: പ്രളയത്തിന് ശേഷമുള്ള താമരശ്ശേരി ഉപജില്ലാ കലോത്സവം ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ കോടഞ്ചേരിയില്‍ നടന്നു. ചുരുങ്ങിയ ചെലവില്‍ മത്സരങ്ങള്‍ ക്രമീകരിച്ച് റവന്യൂ ജില്ലാ മത്സരത്തിലേക്കുള്ള തെരഞ്ഞടുപ്പ് നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്ലാസ് മുറികളില്‍ വേദികള്‍ സഞ്ചീകരിച്ചത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്റി വിഭാഗങ്ങളില്‍ നിന്നായി എണ്ണൂറോളം വിദ്യാര്‍ത്ഥികളാണ് മാറ്റുരക്കാനെത്തിയത്. ഉദ്ഘാടനമോ സമാപന ചടങ്ങോ ഇല്ലാതെ മത്സരങ്ങള്‍ മാത്രം നടത്തുകയും റവന്യൂ ജില്ലയിലേക്ക് യോഗ്യത നേടിയവരെ പ്രഖ്യാപിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് ഉള്‍പ്പെടെ നഷ്ടപ്പെടാതിരിക്കാന്‍ ചെലവ് ചുരുക്കിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മുഹമ്മദ് അബ്ബാസ് പറഞ്ഞു.
 
ദുരിതാശ്വാസ ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ വൃദ്ധയുടെ പ്രതിഷേധം
കോടഞ്ചേരി: കാലവര്‍ഷ കെടുതിയില്‍ വീട് പൂര്‍ണമായും തകര്‍ന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അനുവദിച്ച പണം തടഞ്ഞുവെച്ചതിനെതിരെ വൃദ്ധയുടെ പ്രതിഷേധം. കോടഞ്ചേരി നെല്ലിപ്പൊയില്‍ ചൂരപ്പുഴയില്‍ റോസമ്മയാണ് ബേങ്കില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ കോടഞ്ചേരി കരോട്ട് മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ റോസമ്മയുടെ വീടിനു മുകളിലേക്ക് കല്ലും മണ്ണും പതിക്കുകയും അപകട ഭീതിയെ തുടര്‍ന്ന് ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പഞ്ചായത്ത് ഓവര്‍സിയറും വില്ലേജ് ഓഫീസറും വീട് പരിശോധിച്ച് പൂര്‍ണമായും തകര്‍ന്നുവെന്ന റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീട് നിര്‍മാണത്തിനായി അനുവദിക്കുകയും ആദ്യ ഘടുവായ ഒരുലക്ഷത്തി ആയിരത്തി തൊള്ളായിരം രൂപ റോസമ്മക്ക് എസ് ബി ഐ യുടെ കോടഞ്ചേരി ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ പണം പിന്‍വലിക്കാനായി ബേങ്കില്‍ എത്തിയപ്പോഴാണ് ഇത് റവന്യൂ വകുപ്പ് തടഞ്ഞുവെച്ചതായി ബേങ്ക് അധികൃതര്‍ അറിയിച്ചത്. ഇന്നലെ വീണ്ടും ബേങ്കില്‍ എത്തി പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ആവില്ലെന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചതോടെയാണ് റോസമ്മ പ്രതിഷേധിച്ചത്. പണം ലഭിക്കാതെ മടങ്ങുന്നതിനിടയില്‍ റോസമ്മക്ക് ദേഹാസ്വാസ്യം അനുഭവപ്പെട്ടു. വിവരം അറിഞ്ഞ് ബേങ്കിലെത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബേങ്ക് അധികൃതര്‍ക്കെതിരെ തിരിഞ്ഞതോടെ റോസമ്മ എതിര്‍ത്തു. തഹസില്‍ദാറുടെയും വില്ലേജ് ഓഫീസറുടെയും രേഖാമൂലമുള്ള നിര്‍ദ്ധേശപ്രകാരമാണ് പണം തടഞ്ഞുവെച്ചതെന്ന് ബേങ്ക് മാനേജര്‍ വിശദീകരിച്ചതോടെ പ്രതിഷേധക്കാര്‍ പിന്‍മാറി. വീട് അപകടാവസ്ഥയിലാണെന്നും വാടക വീട്ടിലാണ് താമസിക്കുന്നതെന്നും റോസമ്മ പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ അനര്‍ഹര്‍ പണം കൈപ്പറ്റിയതായി ജില്ലാ കലക്ടര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവര്‍ അടങ്ങിയ സംഘം നടത്തിയ പരിശോധയില്‍ റോസമ്മയുടെ വീട് തകര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചതെന്നും താമരശ്ശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് പറഞ്ഞു. ഇതേ തുടര്‍ന്നാണ് പണം താല്‍ക്കാലികമായി തടഞ്ഞു വെച്ചത്. എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വീണ്ടും പരിശോധന നടത്തിവരികയാണെന്നും ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അര്‍ഹമായ പണം അനുവദിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു.
 
പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ലെന്നാരോപിച്ച് വില്ലേജ് ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ്ണ
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പ്രളയ ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. വീടുകള്‍ക്കും വീട്ടുപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റവന്യൂ വകുപ്പിന് സമര്‍പ്പിച്ച ലിസ്റ്റില്‍ നിന്നും അര്‍ഹരെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. ധര്‍ണ്ണ ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സണ്ണി കാപ്പാട്ടുമല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോച്ചന്‍, മുന്‍ പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, യു ഡി എഫ് കണ്‍വീനര്‍ കെ എം പൗലോസ്, തമ്പി പറങ്കണ്ടം തുടങ്ങിയവര്‍ സംസാരിച്ചു.
 
തിരുവമ്പാടി: അതിജീവനത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശവുമായി തിരുവമ്പാടിയില്‍ ജനുവരിയില്‍ മലയോര മഹോത്സവം സംഘടിപ്പിക്കും. തൊണ്ടിമ്മല്‍ ജില്ലാപഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി പ്രളയത്തില്‍ തകര്‍ച്ചയിലായ പ്രദേശത്തെ കാര്‍ഷിക, വ്യാപാര മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷ. ചെറുകിട വ്യവസായികളുടെയും കര്‍ഷകരുടെയും വിപണനമേള എന്നതാണ് മഹോത്സവത്തിന്റെ പ്രധാന ലക്ഷ്യം. മലയോര മഹോത്സവത്തോടനുബന്ധിച്ചുള്ള ആലോചനായോഗം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ നേതൃത്വത്തില്‍ പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്നു. പച്ചക്കറി, പഴവര്‍ഗങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ ഗ്രേഡിംഗ്, വിപണനം എന്നിവ വിലയിരുത്തി ഉത്പാദകര്‍ക്ക് വരുമാനം ഉറപ്പാക്കുന്നതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനുമായാണ് മേള ഒരുക്കുന്നത്. കാര്‍ഷിക വിപണന മേളയോടൊപ്പം സാംസ്‌കാരികമേള, അമ്യൂസ്മെന്റ് പാര്‍ക്ക്, ഫോട്ടോഗ്രാഫി എക്സിബിഷന്‍, ഫ്ളവര്‍ ഷോ, പെറ്റ് ഷോ, സയന്‍സ് ആന്റ് ടെക്നോളജി എക്സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ കലാമേള എന്നിവയും മലയോര മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കും. സി കെ കാസിം, സുന്ദരന്‍ എ പ്രണവം, കെ കെ ദിവാകരന്‍, അജു ഇമ്മാനുവേല്‍, ഷിജി വാവലുകുന്നേല്‍, പി ടി അഗസ്റ്റിന്‍, ഷാജി ഒ കെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 
ജൈവകൃഷി സന്ദേശ യാത്രക്ക് സ്വീകരണം നല്‍കി
പുതുപ്പാടി: കുടുംബശ്രീക്കു കീഴില്‍ ജൈവകൃഷിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന സന്ദേശ യാത്രക്ക് ഈങ്ങാപ്പുഴയില്‍ സ്വീകരണം നല്‍കി. ഹരിതജീവനം ജൈവ സന്ദേശ യാത്രയില്‍ കുടുംബശ്രീയുടെ കലാ ഗ്രൂപ്പായ രംഗശ്രീയുടെ നേതൃത്വത്തിലുള്ള 7 വനിതകളാണ് അംഗങ്ങള്‍. ജൈവകൃഷിയുമായി ബന്ധപ്പെട്ട് കുടുംബശ്രീ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ക്രോഡീകരിച്ച് തയ്യാറാക്കിയ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള തെരുവ് നാടകവും അവതരിപ്പിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ഇ ജലീല്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബവ സജി, സിഡിഎസ് അംഗങ്ങളായ ബിന്ദു ഉദയന്‍, യു പി ഹേമലത, ഉഷ വിനോദ്, ലീന സെബാസ്റ്റ്യന്‍, സിന്ദു ഷാജി, ശാലിനി മോഹന്‍ദാസ്, ശ്രീജ ബിജു, എഡിഎസ് അംഗങ്ങള്‍, അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies