07-Dec-2019 (Sat)
 
 
 
ആവിലോറ എം എം എ യു പി സ്‌കൂളില്‍ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള സംഘടിപ്പിച്ചു
ആവിലോറ: ആവിലോറ എം എം എ യു പി സ്‌കൂളില്‍ സംഘടിപ്പി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള കാരാട്ട് റസാഖ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഹുസ്സയിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി മുരളീകൃഷ്ണന്‍ സര്‍ഗ്ഗവിദ്യാലയ പ്രഖ്യാപനം നടത്തി.
 
കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
കട്ടിപ്പാറ: കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പും മരുന്ന് വിതരണവും സംടിപ്പിച്ചു. കെ എം സി ടി ജനറല്‍മെഡിസിന്‍, ഡെന്റല്‍ എന്നീ വിഭാഗങ്ങളുടെയും മര്‍ക്കസ് യൂനാനി മെഡിക്കല്‍ കോളേജിന്റയും സഹകരണത്തോടെ സംഘടിച്ച മെഡിക്കല്‍ ക്യാമ്പി നിരവധി പേര്‍ക്ക് ആശ്വാസമായി. എ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ സഅദി കൂരാച്ചുണ്ട് അധ്യക്ഷത വഹിച്ചു.
 
തലയാട്: തമിഴ്‌നാട്ടില്‍ ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വതും നഷ്ടമായവര്‍ക്ക് സഹായഹസ്തവുമായി തലയാട് ഹെല്‍പ് ഡെസ്‌ക് ഭാരവാഹികള്‍. 48,000 രൂപയുടെ സാധനങ്ങള്‍ ജില്ലാകലക്ടര്‍ സാംബശിവ റാവു ഏറ്റുവാങ്ങി. ഭക്ഷ്യ വസ്തുക്കള്‍, പുതിയ വസ്ത്രകങ്ങള്‍, ടാര്‍പ്പോളീന്‍ ഷീറ്റുകള്‍, തുടങ്ങിയവയാണ് നല്‍കിയത്. ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സാധനങ്ങള്‍ ദുരിതബാധിത പ്രദേശങ്ങളില്‍ എത്തിക്കും.
 
കിഴക്കോത്ത് കാവിലുമ്മാരം റോഡ് ഉദ്ഘാടനം ചെയ്തു
കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ 2017-18, 18-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി റീടാറിങ് നടത്തി നവീകരിച്ച 10, 12 വര്‍ഡുകളിലൂടെ കടന്ന് പോവുന്ന കാവിലുമ്മാരം-പുത്തലത്ത് പറമ്പ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി എം മനോജ് അദ്ധ്യക്ഷത വഹിച്ചു. പദ്ധതിക്ക് 17,27,000 രൂപയാണ് ചെലവഴിച്ചത്. ഗ്രാമപ്പഞ്ചായത്ത് അംഗം ജമീല ചേലേകാട്ടില്‍, അബ്ദുറഹീമാന്‍ കണ്ണോര്‍ക്കണ്ടി, പി ടി അഹമ്മദ്, കെ ഭാസ്‌ക്കരന്‍ നായര്‍, ആലി ചേലേക്കാട്ടില്‍, മിനി കുന്നുമ്മല്‍, റുബീന തിരുവോത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ പി പി അയമ്മത് സ്വാഗതവും വി എം മജീദ് നന്ദിയും പറഞ്ഞു.
 
കേരള മുസ്ലിം ജമാഅത്തിന്റെ കരിഞ്ചോല പുനരധിവാസം; അഞ്ചാമത്തെ വീട് ചേപ്പാലയില്‍
പൂനൂര്‍: കേരള മുസ്ലിം ജമാഅത്തിന്റെ കരിഞ്ചോല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള അഞ്ചാമത്തെ വീടിന്റെ പ്രവര്‍ത്തി ആരംഭിച്ചു. ഉരുള്‍ പൊട്ടലില്‍ ഭര്‍ത്താവും മകനും നഷ്ടപ്പെട്ട തട്ടാരുപറമ്പില്‍ ഹന്നത്തിനും മകള്‍ ഫിദക്കുമാണ് പൂനൂര്‍ ചേപ്പാല തട്ടാരുപറമ്പില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. ദുരന്തത്തില്‍ പരുക്കുകളോടെ രക്ഷപ്പെട്ട ഹന്നത്ത് പൂനൂരിലെ ബന്ധു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ഹന്നത്തിന്റെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് പുനരധിവസിപ്പിക്കുന്നതിനായാണ് ചേപ്പാലയില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. വീടിന്റെ കുറ്റി അടിക്കല്‍ കര്‍മ്മം കേരള മുസ്ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ അംഗം സയ്യിദ് അലവി മശ്ഹൂര്‍ ആറ്റ തങ്ങള്‍ നിര്‍വഹിച്ചു. കരിഞ്ചോല പുനരധിവാസ കമ്മിറ്റി അംഗങ്ങളായ സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍, പി കെ അബ്ദുല്‍ നാസര്‍ സഖാഫി, വാര്‍ഡ് മെമ്പര്‍ രാഘവന്‍, സി കെ അബ്ദുല്‍ അസീസ് ഹാജി, ജയന്‍ പാടത്തും കുഴി, ചേപ്പാല അസീസ് മാസ്റ്റര്‍, ബൈജു പനയുള്ള കണ്ടി, അബ്ദുറഹ്മാന്‍ മാസ്റ്റര്‍ ചേപ്പാല, മുജീബ് ചേപ്പാല, എ പി അബ്ദുറഹ്മാന്‍, അഷ്‌റഫ് അമാനത് എന്നിവര്‍ പങ്കെടുത്തു.
 
കുടുംബശ്രീ സ്‌കൂള്‍ രണ്ടാം ഘട്ടത്തിലേക്ക്
പുതുപ്പാടി: കുടുംബശ്രീ സംഘടന സംവിധാനത്തെ ശക്തീകരിക്കുന്നതിനായുള്ള കുടുംബശ്രീ സ്‌കൂളിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമാകുകയാണ് പുതുപ്പാടിയിലെ അയല്‍ക്കൂട്ടങ്ങള്‍. ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന ക്ലാസുകള്‍ ജനുവരി 13 ന് സമാപിക്കും. അയല്‍കൂട്ട അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവല്‍കരണം നടത്തുന്ന ഈ സമൂഹാധിഷ്ഠിത പരിശീലന പരിപാടിയില്‍ 6 വിഷയങ്ങളിലാണ് ക്ലാസുകള്‍ നടക്കുക. 12 മണിക്കൂര്‍ ക്ലാസില്‍ പങ്കെടുത്ത് അറിവും അനുഭവങ്ങളും പങ്ക് വെയ്ക്കുകയും തങ്ങളുടെ ഭാവിയെ സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും ചെയ്യുക എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.
 
ഇതര സംസ്ഥാനക്കാരെ മലയാളം പഠിപ്പിച്ച് സംസ്ഥാന സാക്ഷരതാ മിഷന്റെ ചങ്ങാതി പദ്ധതി
നരിക്കുനി: കോഴിക്കോട് നരിക്കുനിയില്‍ ഇതര സംസ്ഥാനക്കാരായ തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതി വിജയത്തിലേക്ക്. സംസ്ഥാന സാക്ഷരതാ മിഷന് കീഴില്‍ ചങ്ങാതി എന്ന പേരില്‍ ജില്ലകളിലെ ഓരോ കേന്ദ്രങ്ങളില്‍ നടത്തുന്ന മലയാള പഠന ക്ലാസ് ഇതര സംസ്ഥാനക്കാര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. കോഴിക്കോട് ജില്ലയിലെ പരിശീലന കേന്ദ്രമായ നരിക്കുനിയില്‍ നൂറില്‍ പരം ഇതര സംസ്ഥാനക്കാരാണ് ക്ലാസിനെത്തിയത്. നിത്യ ജീവിതത്തില്‍ ഉപയോഗിക്കേണ്ടി വരുന്ന അത്യാവശ്യ വാക്കുകള്‍ പറയാന്‍ പഠിപ്പിക്കുന്നതോടൊപ്പം ബസ്സിന്റെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ വായിക്കാനും ഇവരെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അക്ഷരാഭ്യാസം തീരെ ഇല്ലാത്തവരാണ് ഇവരില്‍ ഏറെയും. ഇവര്‍ക്ക് മലയാളത്തോടൊപ്പം ഹിന്ദിയും അത്യാവശ്യ കണക്കുകളും പഠിപ്പിക്കുണ്ട്.
 
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ കാവിലുമ്മാരം എന്‍ ബി ടി ഹാളില്‍ വെച്ച് ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് എന്‍ സി ഉസൈന്‍ മാസ്റ്റര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് യു പി നഫീസ ആധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി എം മനോജ് പദ്ധതി വിശദീകരണം നടത്തി. എം എ ഗഫൂര്‍ മാസ്റ്റര്‍, ശ്രീജ സത്യന്‍, മുഹമ്മദ് അശ്‌റഫ്, എം എസ് മുഹമ്മദ്, ഇഖ്ബാല്‍ പന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി റോസമ്മ ജേക്കബ് സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ ഗിരിജ നന്ദിയും രേഖപ്പെടുത്തി
 
ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
താമരശ്ശേരി: ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. നാദാപുരം വിഷ്ണുമംഗലം ചെറിയ ചെമ്പോട്ടുമ്മല്‍ അരുണിനെ(26)യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞയാഴ്ച 2.200 കിലോ കഞ്ചാവുമായി അറസ്റ്റിലായ താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി സജീഷ് കുമാറില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ രഹസ്യ നീക്കത്തിലാണ് അരുണ്‍ അറസ്റ്റിലായത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി നൗഫല്‍, ജിനീഷ്, ഷാജു, അശ്വന്ത് വിശ്വന്‍, മനോജ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
 
മലയോര മഹോത്സവത്തിന് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍
മുക്കം: ജനുവരിയില്‍ തിരുവമ്പാടിയില്‍ നടക്കുന്ന മലയോര മഹോത്സവം പ്രദേശത്തെ ടൂറിസം വികസനത്തിന് പുത്തനുണര്‍വാകും. മഹോത്സവത്തോടനുബന്ധിച്ച് ആകര്‍ഷകമായ ടൂര്‍ പാക്കേജുകളാണ് സംഘാടകര്‍ മുന്നോട്ടു വെയ്ക്കുന്നത്. മുക്കത്തെ ടൂര്‍ ഓപ്പറേറ്റര്‍മാരായ മുക്കം ഹോളിഡേയ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം മലയോര മേഖലയില്‍ കര്‍ഷകരുടെ ഫാമുകള്‍, ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങിയവയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയദുരന്തത്തില്‍ മുരടിച്ച മലയോരത്തെ കാര്‍ഷിക, വ്യാപാര മേഖലയ്ക്ക് ഉണര്‍വേകാന്‍ ജനുവരി 11 മുതല്‍ 27 വരെ തൊണ്ടിമ്മല്‍ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് മലയോര മഹോത്സവം സംഘടിപ്പിക്കുന്നത്. സംഘാടകസമിതിയുടെ നേതൃത്വത്തില്‍ ടൂറിസം പാക്കേജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് സാധ്യതാ പഠനയാത്ര നടത്തി. ഗ്രാമപഞ്ചായത്തംഗം വില്‍സണ്‍ താഴത്തുപറമ്പില്‍ ഫ്ലാഗ് ഓഫ് ചെയ്തു. കൊ-ഓര്‍ഡിനേറ്റര്‍ അജു എമ്മാനുവല്‍, ഒ കെ ഷാജി, അര്‍ഷഖ് ഖാന്‍, സല്‍മാനുല്‍ ഫാരിസ്, പോള്‍സണ്‍ അറക്കല്‍, ബേബി പെരുമാലില്‍, പി ചന്ദ്രബാബു, സി ടി രാജേഷ്, ഫസല്‍ബാബു, ബെനീറ്റോ ചാക്കോ, അംജദ്ഖാന്‍ റഷീദി, ഹബീബി എന്നിവര്‍ നേതൃത്വം നല്‍കി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies