27-Jan-2020 (Mon)
 
 
 
ഹയര്‍ സെക്കന്ററി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് നവനിര്‍മ്മാണ്‍ ക്യാമ്പിനു തുടക്കമായി
കട്ടിപ്പാറ: ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് താമരശ്ശേരി ജില്ലാ നവനിര്‍മാണ്‍ ക്യാമ്പിന് കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. 43 യൂണിറ്റുകളില്‍ നിന്ന് ആയിരത്തോളം വിദ്യാത്ഥികള്‍ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം എം രാധാമണി നിര്‍വഹിച്ചു. സ്‌കൗട്ട് ജില്ലാ കമ്മീഷണര്‍ വി ഡി സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മതാരി ജുവൈരിയ, വാര്‍ഡ് മെമ്പര്‍ ഇന്ദിര ശ്രീധരന്‍, ബ്ലോക് മെമ്പര്‍ ബീന ജോര്‍ജ്, പ്രധാന അധ്യാപകന്‍ എം എ അബ്രഹാം, ത്രേസ്യാമ തോമസ്, സി ഭാഗ്യം, പി വി പ്രസീന, ഹണി പോള്‍, ഷിവിച്ചന്‍ മാത്യു, അബ്ദുല്‍ ബാരി, ഷഹീന്‍, ജമാല്‍, ടി രജേഷ്, മോണ്‍സി ജോസഫ്, അലക്‌സാണ്ടര്‍, നബീല്‍, അബ്ദുല്‍ വാഹിദ്, മുജീബ് ചളിക്കോട്, സജ്‌ന, യു ലീന, ബിവിഷ, സബൂറുന്നിസ, സജ്‌ന, സുജ, അഭിജിത്ത് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി വി ടി ഫിലിപ്പ് സ്വാഗതവും, ജസ്റ്റിന്‍ ജോസ് നന്ദിയും പറഞ്ഞു.
 
പള്ളിപ്പുറം പൂജ കുടുംബശ്രീ പതിമൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയോഗം
പള്ളിപ്പുറം: പള്ളിപ്പുറം പൂജ കുടുംബശ്രീ പതിമൂന്നാം വാര്‍ഷിക ജനറല്‍ ബോഡിയോഗം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉല്‍ഘാടനം ചെയ്തു. പൂജ കുടുംബശ്രീ പ്രസിഡണ്ട് ഷീജ ദിലീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നവാസ് ഈര്‍പ്പോണക്ക് സ്വീകരണം നല്‍കി. ടി ദിലീപ് മാസ്റ്റര്‍, സത്താര്‍ പള്ളിപ്പുറം, കെ പി ദാമോദരന്‍, ഖദീജ സത്താര്‍, റാബിയ മുഹമ്മദ്, നഫീസ, റസീന, ഷറീജ, റംല, റാബിയ ഷാഹിദ തുടങ്ങിയവര്‍ സംസാരിച്ചു.
 
ഭരണഘടനാ സംരക്ഷണത്തിനുവേണ്ടി രക്ഷാ കവചം തീര്‍ക്കാന്‍ ഒന്നിച്ചു നില്‍ക്കണം; മന്ത്രി ടി പി രാമകൃഷ്ണന്‍
കട്ടിപ്പാറ: ഇന്ത്യന്‍ ഭരണഘടനയെ തകര്‍ക്കുമെന്ന വെല്ലുവിളികള്‍ ഉയരുമ്പോള്‍ ഭരണഘടനാ സംരക്ഷണത്തിനുവേണ്ടി രക്ഷാ കവചം തീര്‍ക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവരും ഒന്നിച്ചു നില്‍ക്കണെന്ന് തൊഴില്‍ വകുപ്പുമന്ത്രി ടി പി രാമകൃഷ്ണന്‍. കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം വാദഗതികള്‍ ഉയരുന്നത് ഭരണകൂടത്തില്‍ നിന്നാവുമ്പോള്‍ അതിന്റെ ഗൗരവം വര്‍ധിക്കുകയാണ്. മത നിരപേക്ഷതയും ഫെഡറലിസവും ലിംഗ സമത്വവും ചോദ്യം ചെയ്യപ്പെടുകയും അധികാരം കേന്ദീകരിക്കപ്പെടുകയും ചെയ്യുന്നത് രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ഭരണഘടനാ പരമായ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവരുടെ തണലിലാണ് ഇവയെല്ലാം അട്ടിമറിക്കപ്പെടുന്നത് എന്നത് അത്യന്തം ഗൗരവമേറിയതാണ്. ജനപക്ഷത്തിന് നിന്നാവണം ജുഡീഷ്വറിയുടെ ഇടപെടലുകള്‍ ഉണ്ടാവേണ്ടത്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നിവ ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നത് ഭരണാധികാരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നാണെന്നത് ഗൗരവമായി കാണണമെന്ന് മന്ത്രി പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരിലും വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിലും അധികാര കേന്ദ്രങ്ങളുടെ പിന്തുണയോടെ കടന്നാക്രമണങ്ങള്‍ നടക്കുകയാണ്. പേരുകളും വസ്ത്രവും ഭക്ഷണവും അക്രമങ്ങങ്ങള്‍ക്ക് കാരണമാവുന്നു. ഇന്ത്യന്‍ ജനാധിപത്യ രീതി അനുസരിച്ച് ബാബരി മസ്ജിദ് സംരക്ഷിക്കപ്പെടേണ്ടിയിരുന്നു. ഇന്ത്യന്‍ പട്ടാളത്തിനോ പോലീസിനോ കഴിവില്ലാഞ്ഞിട്ടല്ല. പള്ളിയുടെ അവസാന ശിഷ്ടം പോലും അവിടെ നിന്ന് നീക്കിയ ശേഷമാണ് അവര്‍ ചലിച്ചത്. പള്ളി പൊളിക്കാന്‍ നിയമ സംവിധാനത്തിന്റെ പരിരക്ഷ ഉണ്ടായിട്ടില്ലെന്നും അവിടെ ക്ഷേത്രം പണിയാന്‍ ഒരു നിയമ സംവിധാനത്തിന്റെയും സംരക്ഷണം ആവശ്യമില്ലെന്നും ഒരു വിഭാഗം പ്രഖ്യാപിക്കുന്നത് ഇന്ത്യന്‍ ഭരണ സംവിധാനത്തിന്റെ സംരക്ഷണത്തിലാണെന്നത് ഗൗരവമായി കാണണം. മതനിരപേക്ഷതയെ വംശീയതയിലൂടെ ഇല്ലാതാക്കാനുള്ള ഏത് ശ്രമവും പ്രതിരോധിക്കാന്‍ നമുക്ക് കഴിയണം. അവകാശങ്ങളെ കുറിച്ച് പറയുന്നതിനൊപ്പം കടമകളെ കുറിച്ചും നല്ല ധാരണ വേണം. ദേശീയതയുടെ മറവില്‍ വര്‍ഗ്ഗീയത രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെയും മതവികാരത്തെയും ദേശീയതയെയും ഉത്തേജിപ്പിച്ച് നേട്ടം കൊയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെയും ബഹുജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കുകയാണ് ജനാധിപത്യ വിശ്വാസികളുടെ കടമയെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഡോ. സയ്യിദ് അബ്ദുസബൂര്‍ ബാഹസന്‍ അവേലം അദ്ധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍, സൂര്യ ഗഫൂര്‍, സി മോയിന്‍ കുട്ടി, മുഹമ്മദലി കിനാലൂര്‍, ഡോ. അബ്ദുറഹ്മാന്‍ വി ഒ ടി, പി എസ് മുഹമ്മദലി, ഹാരിസ് അമ്പായത്തോട്, ശംസുദ്ദീന്‍ സഅദി, മുസ്തഫ അഹ്സനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
തെരുവ് നാടകം സംഘടിപ്പിച്ചു
കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയില്‍ രംഗശ്രീ തിയേറ്റര്‍ ഗ്രൂപ്പ് (കുടുംബശ്രീ) തെരുവ് നാടകം സംഘടിപ്പിച്ചു. 2020 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്യമാക്കുകയാണ് പി എം എ വൈ ലൈഫ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ വിശദമായ വിവരങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് തെരുവുവ് നാടകത്തിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കും സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവര്‍ക്കും പട്ടികജാതി പട്ടിക വര്‍ഗ്ഗം എന്നിവര്‍ക്കുമാണ് പദ്ധതി പ്രധാനമായും പ്രയോജപ്പെടുക. കൊയിലാണ്ടി നഗരസഭയില്‍ പി എം എ വൈ ലൈഫ് പദ്ധതിയുടെ ഭാഗമായി തൊള്ളായിരത്തി എണ്‍പത്തെട്ടു വീടുകള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതില്‍ നാന്നൂറ്റി ഇരുപത്തിയേഴു വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വി കെ അജിത അധ്യക്ഷത വഹിച്ചു. പ്രസാദ് കെ എം, രചന എന്നിവര്‍ സംസാരിച്ചു.
 
കാലിത്തീറ്റ വിതരണ പദ്ധതി
കിഴക്കോത്ത്: കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2018-19 കറവപശു കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം സി ഉസ്സയിന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മനോജ് അധ്യക്ഷത വഹിച്ചു. വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ വി വിക്രാന്ത് പദ്ധതി വിശദീകരിച്ചു. ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ കെ ഫവാസ് സ്വാഗതവും എം എന്‍ ശശിധരന്‍ നന്ദിയും പറഞ്ഞു.
 
ക്രിസ്തുമസ്, പുതുവത്സര സ്‌നേഹ സമ്മാനവുമായി വിദ്യാര്‍ത്ഥികള്‍ ആദിവാസി കോളനിയില്‍
കൈതപ്പൊയില്‍: കൈതപ്പൊയില്‍ എം ഇ എസ് ഫാത്തിമ റഹീം സെന്‍ട്രല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ക്രിസ്തുമസ്, പുതുവത്സര സ്‌നേഹ സമ്മാനവുമായി പാലക്കല്‍ കോളിക്കുന്ന് ആദിവാസി കോളനിയിലെത്തി. കോളനി നിവാസികളുമൊത്ത് പാട്ട് പാടിയും കഥപറഞ്ഞും കേക്ക് മുറിച്ചും ആഘോഷിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
 
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക്; താമരശ്ശേരി തഹസില്‍ദാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി
താമരശേരി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനുവരി 8,9 തിയ്യതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് താമരശ്ശേരി താലൂക്ക് തഹസില്‍ദാര്‍ക്ക് കെ ജി ഒ എയുടെ നേതൃത്വത്തില്‍ പണിമുടക്ക് നോട്ടീസ് നല്‍കി. എന്‍ ജി ഒ സംസ്ഥാന സെക്രെട്ടറിയറ്റ് അംഗം കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി നേതാവ് അഖിലേഷ്, കെ ജി ഒ എ നേതാവ് ഉദയന്‍, എന്‍ ജി ഒ യൂണിയന്‍ ഏരിയ സെക്രട്ടറി അനൂപ് തോമസ്, പ്രസിഡന്റ് ലിനീഷ് എന്നിവര്‍ സംസാരിച്ചു. എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ജി രാജന്‍ സ്വാഗതം പറഞ്ഞു.
 
കോണ്‍ഗ്രസില്‍ ചേര്‍ന്ന കുടുംബങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു
കട്ടിപ്പാറ: കട്ടിപ്പാറ ഇരുള്‍കുന്നില്‍ മാര്‍കിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് കടന്നുവന്ന കുടുംബങ്ങള്‍ക്ക് എം കെ രാഘവന്‍ എം പി മെമ്പര്‍ഷിപ്പ് വിതരണം ചെയ്തു. ചടങ്ങില്‍ അഷറഫ് അധ്യക്ഷത വഹിച്ചു. പ്രേംജി ജെയിംസ്, കെ കെ എം ഹനീഫ്, ഷാഹിം ഹാജി, സലാം കക്കാട്, വിജീഷ് കട്ടിപ്പാറ, നാസര്‍ മാസ്റ്റര്‍ ഉണ്ണികുളം, അസൈനാര്‍ കോളിക്കല്‍, ദാമോദരന്‍ വേണാടി, എന്നിവര്‍ സംസാരിച്ചു.
 
ജനവാസ കേന്ദ്രത്തിന് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരെ അനിശ്ചിതകാല സത്യാഗ്രഹവുമായി നാട്ടുകാര്‍
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍പെട്ട അമ്മായിക്കോട് കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നുവെങ്കിലും ക്വാറി മാഫിയയുടെ ഇടപെടല്‍ കാരണം പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയെന്നാരോപിച്ചാണ് നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപീകരിച്ച് സമരം ആരംഭിച്ചത്. നിരന്നപാറ ഈരൂട് റോഡിനോട് ചേര്‍ന്നുള്ള ക്വാറിക്കെതിരെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവില്‍ അടച്ചു പൂട്ടിയെങ്കിലും വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. ക്വാറിയില്‍ നിന്നുള്ള സ്‌ഫോടനം കാരണം നിരവധി വീടുകള്‍ക്ക് വിള്ളലുണ്ടായതായി നാട്ടുകാര്‍ പറയുന്നു. വീട് കുലുങ്ങുമ്പോള്‍ കുട്ടികളെയുമായി പുറത്തേക്കോടും. പരീക്ഷ സമയത്ത് പോലും വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ചെറിയ വാഹനങ്ങള്‍ക്ക് പോലും കടന്നുപോവാന്‍ പ്രയാസമുള്ള റോഡിലൂടെയുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍ പ്രദേശവാസികളുടെ ജീവന് പോലും ഭീഷണിയാവുകയാണെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ടാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തുകയും അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിക്കുകയും ചെയ്തത്. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് വികാരി ഫാദര്‍ തോമസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും പഞ്ചായത്ത് വികനസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷയുമായ ചിന്ന അശോകനും സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. ശ്രീനിവാസന്‍ ചക്കാല, തോമസ് ജോണ്‍ മൂഴിക്കച്ചാലില്‍, ബിജു വെട്ടുകല്ലുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
 
കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ദേശീയ പണിമുടക്ക്; സമരസമിതി രൂപീകരിച്ചു
താമരശ്ശേരി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയന്‍-സര്‍വ്വീസ് സംഘടന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ജനുവരി 8, 9 തിയ്യതികളില്‍ നടക്കുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സംയുക്ത ട്രേഡ് യൂണിയന്‍ കൊടുവളളി മേഖല കണ്‍വന്‍ഷന്‍ സമരസമിതിക്ക് രൂപം നല്‍കി. ടി ഇ ബ്രാഹിം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. വേളാട്ട് അഹമ്മദ് അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ എം ധര്‍മ്മജന്‍, ടി ആര്‍ ഓമനക്കുട്ടന്‍, കെ ദാമോദരന്‍, പി ആര്‍ മഹേഷ്, സോമന്‍ പിലാത്തോട്ടം, കെ കെ അപ്പുക്കുട്ടി, പി സി അഹമ്മദ് കുട്ടി, കെ മനോജ് കുമാര്‍, അയൂബ്, കെ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു. ടി സി വാസു സ്വാഗതം പറഞു. സമരസമിതി ഭാരവാഹികളായി പി ആര്‍ മഹേഷ് (ചെയര്‍) പി സി മുഹമ്മദ്, കെ കെ അപ്പുക്കുട്ടി, സലിം നരിക്കുനി(വൈ. ചെയര്‍) ടി സി വാസു (ജന. കണ്‍), കെ മനോജ് കുമാര്‍, സി ഹുസൈന്‍, അഷ്‌റഫ്, ടി അബുബക്കര്‍ (കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies