27-Jan-2020 (Mon)
 
 
 
താമരശ്ശേരിയില്‍ വയോജനങ്ങള്‍ക്കായി ഗ്രാമസഭ സംഘടിപ്പിച്ചു
താമരശ്ശേരി: വയോജനങ്ങള്‍ക്കായി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചീവനം പദ്ധതിയുടെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. താമരശ്ശേരി ബി ആര്‍ സി ഹാളില്‍ ചേര്‍ന്ന ഗ്രാമ സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലി പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്സി ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍മാരായ റസീന സിയാലി, രത്‌നവല്ലി, ഷൈലജ, കെ സരസ്വതി, വസന്ത ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുല്‍ ബഷീര്‍ സ്വാഗതവും ബാദുഷ ഖാന്‍ നന്ദിയും പറഞ്ഞു.
 
മണല്‍വയല്‍ എ കെ ടി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചു
പുതുപ്പാടി: കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 9 വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പുതുപ്പാടി മണല്‍വയല്‍ എ കെ ടി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പി ടി എ ആദരിച്ചു. പി ടി എ പ്രസിഡണ്ട് പി കെ ഷൈജല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബീനാ തങ്കച്ചന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പ്രധാനാധ്യാപകന്‍ സക്കീര്‍ പാലയുള്ളതില്‍ സ്വാഗതം പറഞ്ഞു.
 
ചെട്ടിക്കടവ്: ചെട്ടിക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍ ഭരണാനുമതി ലഭ്യമാക്കിയതായി പി ടി എ റഹീം എം എല്‍ എ അറിയിച്ചു. ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് 2.4 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിനെ മാവൂര്‍ ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതും ആര്‍ ഇ സിയില്‍ നിന്നും കുറ്റിക്കാട്ടൂരിലേക്കുള്ളതുമായ പൊതുമരാമത്ത് റോഡില്‍ നിലവിലുള്ളത് ബസ്സുകള്‍ക്ക് പോവാന്‍ സാധിക്കാത്ത ചെറിയ പാലമാണ്. ഇതിന് പകരം വലിയ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ സാധിക്കുന്ന വീതിയുള്ള പാലം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.
 
പുതുപ്പാടി കുടുംബശ്രീ ബാലസഭ സഹവാസക്യാമ്പ് സംഘടിപ്പിച്ചു
പുതുപ്പാടി: പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ബാലസഭ സഹവാസക്യാമ്പ് സംഘടിപ്പിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബശ്രീ ബാലസഭക്കായി വകയിരുത്തിയ ഫണ്ട് ഉപയോഗിച്ച് നടത്തിയ ക്യാമ്പില്‍ കുട്ടികളുടെ സര്‍ഗശേഷി വളര്‍ത്തുന്നതിനും നൈപുണ്യ വികസനത്തിനും ആവശ്യമായ ക്ലാസുകള്‍ക്ക് പുറമെ നാടകക്കളരി, ലീഡര്‍ഷിപ്പ്, വ്യക്തിത്വ വികസനം, ക്യാമ്പ് ഫയര്‍ എന്നിവയും ഉള്‍പ്പെടുത്തി.
 
ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി
താമരശ്ശേരി: ഗൃഹനാഥനെ കാണാനില്ലെന്ന് പരാതി. കട്ടിപ്പാറ ബംഗ്ലാവ്കുന്ന് മുഹമ്മദ് ബിലാലിനെ(54)യാണ് സെപ്റ്റംബര്‍ 29 മുതല്‍ കാണാതായത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താമരശ്ശേരി പോലീസ് സ്‌റ്റേഷനിലെ 04952222240 എന്ന നമ്പറിലോ ഇന്‍സ്‌പെക്ടറുടെ 9497987191 എന്ന നമ്പറിലോ അറിയിക്കണമെന്ന് താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
 
വിദ്യാര്‍ത്ഥികളുടെ പച്ചക്കറി കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു
താമരശ്ശേരി: സ്‌കൂള്‍ കെട്ടിടത്തിനു മുകളിലെ പച്ചക്കറി കൃഷി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. താമരശ്ശേരി കോരങ്ങാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിടത്തിന്റെ ടറസില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുവളര്‍ത്തിയ കൃഷിയാണ് നശിപ്പിക്കപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. നനക്കാനായി സ്‌കൂളില്‍ എത്തിയവരാണ് തൈകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നൂറ്റി അന്‍പതോളം ഗ്രോ ബാഗുകളിലായി വെണ്ട, കാബേജ്, വഴുതിന, കൈപ്പ, കോളി ഫ്‌ളവര്‍ പയര്‍ തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികള്‍ കൃഷി ചെയ്തിരുന്നത്. ഇത് പൂര്‍ണമായും പറിച്ചെറിയുകയും പന്തല്‍ ഉള്‍പ്പെടെ നശിപ്പിക്കുകയും ചെയ്തു. അക്രമികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി.
 
ടൂറിസം രംഗത്തേക്കുള്ള സഹകരണ സംഘങ്ങളുടെ കാല്‍വെപ്പ് ഗ്രാമീണ മേഖലയ്ക്ക് നേട്ടം: മന്ത്രി കടകംപളളി സുരേന്ദ്രന്‍
പുതുപ്പാടി: ടൂറിസം രംഗത്തേക്കുള്ള സഹകരണ സംഘങ്ങളുടെ കാല്‍വെപ്പ് ഗ്രാമീണ മേഖലയില്‍ മാറ്റങ്ങള്‍ക്ക് കാരണമാവുമെന്ന് ദേവസ്വം-ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍. സംസ്ഥാന സഹകരണ വകുപ്പ് പുതുപ്പാടി സര്‍വ്വീസ് സഹകരണ ബേങ്കിന് അനുവദിച്ച ടൂറിസം പദ്ധതിയായ ഇ കോംപാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖല കഴിഞ്ഞാല്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ടൂറിസം മേഖലയില്‍ നിന്നാണ്. 90 ശതമാനത്തോളം സ്വകാര്യ സംരഭകരാണ് ഈ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഈ രംഗത്തേക്ക് കടന്നു വരുന്ന സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജോര്‍ജ്ജ് എം തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ലോഗോപ്രകാശനം പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിക മംഗലത്തും, വെബ്‌സൈറ്റ് ലോഞ്ചിംഗ് ഇ രമേശ്ബാബുവും, പദ്ധതിയുടെ പ്രമോ വിഡിയോ പ്രകാശനം ഫാ ജോസ് മേലാട്ടുകൊച്ചിയിലും നിര്‍വഹിച്ചു. ടൂര്‍പാക്കേജിന്റെ ആദ്യബുക്കിംഗ് സംഘാടക സമിതി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍ സ്വീകരിച്ചു. ബേങ്ക് സെക്രട്ടറി എ വി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം വി ഡി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഷ്‌റഫ് ഒതയോത്ത്, വി ജെ ജോര്‍ജ്ജുകുട്ടി, ടി എ മൊയ്തീന്‍, ബിജു താന്നിക്കാക്കുഴി, വി കെ ഉസ്സയിന്‍കുട്ടി, ജോര്‍ജ്ജ് മങ്ങാട്ടില്‍, ശിഹാബ് അടിവാരം, യൂസഫ് കോരങ്ങല്‍, ഗഫൂര്‍ അമ്പുടു, കെ സിദ്ദീഖ്, ഉസ്മാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബേങ്ക് പ്രസിഡന്റ് കെ സി വേലായുധന്‍ സ്വാഗതുവും വൈസ് പ്രസിഡന്റ് എം ഡി ജോസ് നന്ദിയും പറഞ്ഞു. പുതുപ്പാടിയോട് ചേര്‍ന്ന് കിടക്കുന്ന വയനാട് ചുരം, വനപര്‍വ്വം ജൈവ വൈവിദ്യ ഉദ്യാനം, കക്കാട് ഇക്കോ ടൂറിസം, കാപ്പാട് തുഷാരഗിരി ടൂറിസം കോറിഡോര്‍ എന്നിവയെയും വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളെയും പ്രയോജനപ്പെടുത്തിയാണ് പുതുപ്പാടി സര്‍വീസ് സഹകരണ ബേങ്ക് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. സഹകരണ സംഘങ്ങളുടെ ടൂറിസം വികസനപദ്ധതിയിലുള്‍പ്പെടുത്തി 6.67 ലക്ഷം ഓഹരിയിനത്തിലും 13.33 ലക്ഷം സബ്‌സിഡി ഇനത്തിലും പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.
 
കംഫര്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍
താമരശ്ശേരി: കംഫര്‍ട്ട് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. താമരശ്ശേരി ചുങ്കം ഇരുമ്പന്‍ചീടന്‍ കുന്നുമ്മല്‍ മധുവിനെ(66) യാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി വേണുവും സംഘവും അറസ്റ്റ് ചെയ്തത്. വില്‍പനക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് എക്‌സൈസ് പിടിച്ചെടുത്തു. താമരശ്ശേരി പഴയ ബസ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നടത്തിപ്പുകാരനായ മധു കംഫര്‍ട്ട് സ്റ്റേഷന്റെ മറവിലാണ് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനായി ഇവിടെ എത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സദാനന്ദന്‍, എക്‌സൈസ് ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ കെ ഗിരീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനീഷ്, അശ്വന്ത് വിശ്വന്‍, വിവേക്, ഡ്രൈവര്‍ കൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
 
മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കര ക്ലാസ്സും സംഘടിപ്പിച്ചു
താമരശ്ശേരി: ദേശീയ ആയുഷ് മിഷന്‍, കേരള സംസ്ഥാന ഹോമിയോപൊതി വകുപ്പ് എന്നിവയുടെ സഹകരണത്തോടെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കര ക്ലാസ്സും സംഘടിപ്പിച്ചു. രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി പി അബ്ദുല്‍ ഗഫൂര്‍, കെ സരസ്വതി, ബിന്ദു ആനന്ദ്, മെഡിക്കല്‍ ഓഫീസര്‍ മോഹന്‍കുമാര്‍, മിനു ചാക്കോ സംസാരിച്ചു. ഡോ. അബ്ദുല്‍ ഗഫാര്‍ ക്ലാസെടുത്തു.
 
വൃദ്ധമന്ദിരത്തിലെ വയോജനങ്ങളെ കാണാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ചാലപ്പുറം: ഹോം ഓഫ് ലൗവിലെ അനാഥരായ അന്തേവാസികളെ കാണാന്‍ ചാലപ്പുറം ഗവ. ഗണപത് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എത്തി. ക്ലാസ് റൂം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സമൂഹത്തിലെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവപാഠമാക്കുന്നതിന്റെ ഭാഗമായാണ് കുട്ടികള്‍ അന്തേവാസികളെ കാണാന്‍ എത്തിയത്. അധ്യാപകരും വിദ്യാര്‍ത്ഥികളും അന്തേവാസികളും ചേര്‍ന്ന് കലാ പരിപാടികള്‍ അവതരിപ്പിച്ചു. 90 വയോധികരടക്കം 100 ല്‍ അധികം പേര്‍ താമസിക്കുന്ന സ്നേഹാലയത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും നല്‍കി. അന്തേവാസികള്‍ക്കുള്ള ഒരുദിവസത്തെ ഭക്ഷണവും വിദ്യാര്‍ത്ഥികളുടെ വകയായി നല്‍കി. പുതു തലമുറ വയോജനങ്ങളെ ഉപേക്ഷിക്കുന്നുവെന്ന പരാതികള്‍ വ്യാപകമാവുമ്പോള്‍ സ്നേഹസന്ദേശമായാണ് കുട്ടികള്‍ വിരുന്നെത്തിയത്. സാമൂഹ്യ ശാസ്ത്രം കണ്‍വീനര്‍ എന്‍ ബഷീര്‍ മാസ്റ്റര്‍, ടി മനോജ് കുമാര്‍, ഫാദര്‍ ആന്റണി കൊടുനാന്‍ ,സിസ്റ്റര്‍ ജിന്‍ സി, സിസ്റ്റര്‍ ജോസ് മറിയ, മഞ്ജുള, ജിഷ വിനോദ്, ദീപ എം ടി, ക്ലാസ് ലീഡര്‍ ഷില്‍ക്ക, സാമൂഹിക ശാസ്ത്രം കണ്‍വീനര്‍ കനിഹ അന്തേവാസി ഗീത എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 
 
 

All rights reserved | Website developed and maintained by Zyonz Technologies