18-Aug-2018 (Sat)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
താമരശ്ശേരിയില്‍ വന്‍ കുഴല്‍പണ വേട്ട; നാലുപേര്‍ അറസ്റ്റില്‍
താമരശ്ശേരി: ബാംഗ്ലൂരില്‍ നിന്നും കടത്തുകയായിരുന്ന ഒരു കോടി നാല്‍പത് ലക്ഷം രൂപയുടെ കുഴല്‍പണം താമരശ്ശേരി പോലീസ് പിടികൂടി. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി ശ്രീകുമാര്‍, സി ഐ. കെ സുഷീര്‍, എസ് ഐ. എന്‍ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുതുപ്പാടി കൈതപ്പൊയിലില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം പിടിച്ചെടുത്തത്. രണ്ട് ബസ്സുകളിലായി എത്തിച്ച പണം പിടിച്ചെടുത്ത പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശികളായ കിരണ്‍, ലക്ഷ്മണ്‍, സമാധാന്‍, വിനോദ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട്ടേക്കാണ് പണം കടത്തുന്നതെന്നാണ് സംഘം പോലീസിന് മൊഴി നല്‍കിയത്. പിടിയിലായവരെ താമരശ്ശേരി ഡി വൈ എസ് പി ഓഫീസിലെത്തിച്ച് ചോദ്യംചെയ്ത് വരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
 
മാഹി മദ്യവുമായി വലിയപറമ്പ സ്വദേശികള്‍ കൊടുവള്ളി പോലീസിന്റെ പിടിയില്‍
എളേറ്റില്‍: മാഹിയില്‍നിന്നും കടത്തിയ 45 കുപ്പി വിദേശമദ്യവുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് പിടികൂടി. കിഴക്കോത്ത് വലിയപറമ്പ സ്വദേശികളായ കുണ്ടത്തില്‍ ഉബൈദ്(27), പൊന്‍പാറ മലയില്‍ അനീസ്(30) എന്നിവരെയാണ് കൊടുവള്ളി എസ് ഐ. പി ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എളേറ്റില്‍ ചെറ്റക്കടവ് അങ്ങാടിക്കു സമീപം ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. വാഹന പരിശോധനക്കിടെയാണ് സംഘം പോലീസിന്റെ പിടിയിലാത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 57 ജി 7309 നമ്പര്‍ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബാഗുകളിലായാണ് മാഹിയില്‍നിന്നും ബൈക്കില്‍ വിദേശമദ്യം എത്തിച്ചത്. ഏളേറ്റില്‍ വട്ടോളി, കത്തറമ്മല്‍, പൂനൂര്‍ പ്രദേശങ്ങളില്‍ വിദേശമദ്യം കരിഞ്ചന്തയില്‍ വില്‍പ്പന നടത്തുന്ന സംഘമാണ് പോലീസിന്റെ പിടിയിലായത്. സീനിയര്‍ സി പി ഒ ശാജി, സി പി ഒ മാരായ അബ്ദുല്‍ റഷീദ്, ബജീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെയും വിദേശമദ്യവും തിങ്കളാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജറാക്കും.
 
ഉംറ നിര്‍വഹിക്കാന്‍പോയ പന്നൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി.
പന്നൂര്‍: ഉംറ നിര്‍വഹിക്കാന്‍പോയ പന്നൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി. പാട്ടത്തില്‍ അയമ്മദ് (90) ആണ് ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ തിങ്കളാഴ്ച രാത്രി മരിച്ചത്. മക്കയില്‍നിന്നും 150 കിലോമീറ്റര്‍ അകലെയായിരുന്നു അന്ത്യം. മദീനയിലെത്താന്‍ 250 കിലോമീറ്റര്‍ സഞ്ചരിക്കാനിരിക്കെ ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഭാര്യ: മറിയോമ. മക്കള്‍: അമ്മദ്, അബൂബക്കര്‍, അബ്ദുറഹിമാന്‍, മുഹമ്മദ്, ഉസ്മാന്‍, ഉമ്മര്‍, ആയിശ. മരുമക്കള്‍: അബ്ദുല്‍ റസാഖ് മാസ്റ്റര്‍ (വന്‍മുഖം കോടിക്കല്‍ എ യു പി സ്‌ക്കൂള്‍), പാത്തൂട്ടി, നഫീസ പുല്ലാളൂര്‍, നഫീസ പാറന്നൂര്‍, സഫിയ, ഷരീഫ, അസ്‌ന. മയ്യിത്ത് മദീനയില്‍ മറവ് ചെയ്യും.
 
ഗൃഹപ്രവേശത്തിനെത്തിയവരെ സ്വീകരിച്ചത് ദുരന്തവാര്‍ത്ത; ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു.
തിരുവമ്പാടി: ബന്ധുവിനെ രക്ഷിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു. മാനന്തവാടി തലപ്പുഴ സ്വദേശി അബ്ദുറഹിമാന്റെ മകന്‍ ഹബീബറഹ്മാന്‍(19) ആണ് മരിച്ചത്. അബ്ദുറഹിമാന്റെ സഹോദരി തലപ്പുഴ കോട്ടിയാര്‍ ആയിഷയുടെ മകന്‍ അഷ്‌റഫ്(19) ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായര്‍ രാവിലെ പതിനൊന്നു മണിയോടെ തിരുവമ്പാടി തോട്ടത്തിന്‍ കടവ് മടപ്പള്ളിക്കടവിലായിരുന്നു സംഭവം. തോട്ടത്തിന്‍കടവ് പുത്തന്‍മഠം കോളനിയില്‍ അബ്ദുറഹിമാന്‍ വാങ്ങിയ വീടിന്റെ ഗൃഹപ്രവേശ സല്‍ക്കാരമായിരുന്നു ഞായറാഴ്ച. ഇതില്‍ പങ്കെടുക്കാനെത്തിയ അഷ്‌റഫും ഹബീബുറഹ്മാനും സുഹൃത്തായ അബൂബക്കര്‍ സിദ്ധീകും പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു. പുഴയിലിറങ്ങിയ അഷ്‌റഫ് കഴത്തില്‍ അകപ്പെട്ടതോടെ ഹബീബുറഹ്മാന്‍ രക്ഷപ്പെടുത്താന്‍ പുഴയിലിറങ്ങി. നിമിശങ്ങള്‍ക്കകം ഇരുവരും കഴത്തിലകപ്പെട്ടു. അബൂബക്കര്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും കരക്കെത്തിച്ചെങ്കിലും ഹബീബുറഹ്മാന്‍ മരിച്ചിരുന്നു. മുക്കം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. റഹീനയാണ് മാതാവ്. സഹോദരങ്ങള്‍: ഫസലുറഹ്മാന്‍, ഹസീബുറഹ്മാന്‍(ഇരുവരും നീലേശ്വരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). ഒരു വര്‍ഷത്തോളമായി ഓമശ്ശേരിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന അബ്ദുറഹിമാനും കുടുംബവും പുത്തന്‍മഠം കോളനിയില്‍ കൊച്ചുവീട് വിലക്കുവാങ്ങി കഴിഞ്ഞദിവസമാണ് താമസം ആരംഭിച്ചത്. ഏറെ ആഹ്ലാദത്തോടെ ഗൃഹപ്രവേശത്തിനെത്തിയവരെ സ്വീകരിച്ചത് ദുരന്തവാര്‍ത്തയാണ്.
 
നെഴ്‌സിന്റെ കുളിസീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി
എളേറ്റില്‍: ആശുപത്രിയിലെ കുളിമുറിയില്‍ നിന്നും നെഴ്‌സിന്റെ കുളിസീന്‍ പകര്‍ത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. എളേറ്റില്‍ വട്ടോളി പുറംപാലിയില്‍ രഞ്ജിത്താണ് പിടിയിലായത്. എളേറ്റില്‍ വട്ടോളിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. നെഴ്‌സ് കുളിമുറിയില്‍ കയറിയതിനുപിന്നാലെ രഞ്ജിത്ത് തൊട്ടടുത്ത കുളിമുറിയില്‍ കയറി മൊബൈല്‍ ഫോണില്‍ കുളിസീന്‍ പകര്‍ത്തുകയായിരുന്നു. മൊബൈല്‍ഫോണ്‍ ശ്രദ്ധയില്‍പെട്ട യുവതി ബഹളം വെച്ചതിനെതുുടര്‍ന്ന് ഓടിക്കൂടിയവര്‍ രഞ്ജിത്തിനെ കയ്യോടെ പിടികൂടി കൊടുവള്ളി പോലീസിന് കൈമാറി. രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പു നടത്തിയശേഷം താമരശ്ശേരി കോടതിയില്‍ ഹാജറാക്കി.
 
ദുബൈയില്‍ ട്രൈലറുകള്‍ കൂട്ടിയിടിച്ച് മേപ്പള്ളി സ്വദേശി മരിച്ചു.
താമരശ്ശേരി: ദുബൈയില്‍ ട്രൈലറുകള്‍ കൂട്ടിയിടിച്ച് മേപ്പള്ളി സ്വദേശി മരിച്ചു. കൈതക്കല്‍ അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ശമീര്‍(27)ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ജബല്‍ അലി ഒമാന്‍ ഹത്ത റോഡിലായിരുന്നു അപകടം. ഷമീര്‍ ഓടിച്ച ട്രൈലര്‍ ലോറി മറ്റൊരു ട്രൈലര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന എളേറ്റില്‍ തരുപ്പത്തിങ്ങല്‍ മുഹമ്മദ് ഇജാസ് സാരമായ പരുക്കുകളോടെ ദുബൈ റാഷിദ് ഹോസ്റ്റലിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.
 
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
താമരശ്ശേരി: അശ്ലീല രംഗങ്ങള്‍ കാണിച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ താനിക്കല്‍ സന്തോഷ് കുമാറി(31)നെയാണ് താമരശ്ശേരി സി ഐ. എം ഡി സുനില്‍ അറസ്റ്റ് ചെയ്യത്. എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി അന്വേഷണത്തില്‍ കണ്ടെത്തി. മിച്ചഭൂമിയിലെ ആള്‍താമസമില്ലാത്ത വീട്ടിലെത്തിച്ചാണ് മൊബൈലിലെ അശ്ലീല വീഡിയോകള്‍ പെണ്‍കുട്ടികളെ കാണിക്കുകയും തുടര്‍ന്ന് പീഡനത്തിനിരയാക്കുകയും ചെയ്യുന്നത്. ഒമ്പതുവയസ്സുകാരി അംഗന്‍വാടി ടീച്ചറോട് വിവരം പറയുകയും ചൈല്‍ഡ് ലൈനില്‍ ഇടപെട്ട് താമരശ്ശേരി പോലീസില്‍ പരാതിനല്‍കുകയുമായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ പോലീസ് സംഘം നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ പീഡിപ്പിച്ചതായി കണ്ടെത്തി. കോഴിക്കോട് പ്രിന്‍സിപ്പല്‍ കോടതിയില്‍ ഹാജറാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. നാല് പെണ്‍കുട്ടികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കൂടുതല്‍ പേര്‍ പീഡനത്തിനിരയായോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
 
യൂത്ത് ലീഗ് റാലിയിലേക്ക് ഒംനി വാന്‍ ഓടിച്ചുകയറ്റി; എട്ടുപേര്‍ക്ക് പരുക്ക് നാലുപേര്‍ അറസ്റ്റില്‍
ഈങ്ങാപ്പുഴ: യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിയിലേക്ക് ഒംനി വാന്‍ ഓടിച്ചുകയറ്റിയ നാലുപേര്‍ അറസ്റ്റില്‍. വാന്‍ ഓടിച്ച പുതുപ്പാടി കുഞ്ഞുകുളം പുത്തന്‍തെരിവ് ഹര്‍ഷാദ്(26), കുഞ്ഞുകുളം മുതുവാടന്‍ ജാഫര്‍(29), എലോക്കര പെരിങ്കിടക്കാട്ടില്‍ സ്വാദിഖലി(23), എലോക്കര കണ്ണാടിപൊയില്‍ മുഹമ്മദ് സ്വാലിഹ്(30) എന്നിവരെയാണ് താമരശ്ശേരി സി ഐ. എം ഡി സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
 
വ്യാഴാഴ്ച വിദേശത്തേക്കുമടങ്ങാനിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്‌
താമരശ്ശേരി: വ്യാഴാഴ്ച വിദേശത്തേക്കുമടങ്ങാനിരുന്ന യുവാവ് കാറപകടത്തില്‍ മരിച്ചു. കൊടുവള്ളി പെരിയാംതോട് കച്ചേരിക്കുന്നുമ്മല്‍ ബഷീറിന്റെ മകന്‍ മുഹമ്മദ് ഷാഫി(22)യാണ് മരിച്ചത്. സുഹൃത്തുക്കളും കൊടുവള്ളി പെരിയാംതോട് സ്വദേശികളുമായ അഷ്‌കര്‍, മുഹ്‌സിന്‍, ബഷീര്‍ എന്നിവര്‍ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മാനിപുരം താമരശ്ശേരി റോഡില്‍ അണ്ടോണ സ്‌കൂളിന് സമീപത്തെ വളവില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. താമരശ്ശേരിക്കുള്ള യാത്രക്കിടെ കാറ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്ലാത്ത പാലത്തിനുമുകളില്‍നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ നാലുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുഹമ്മദ് ശാഫി മരിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് വിദേശത്തുനിന്നും എത്തിയ മുഹമ്മദ് ശാഫി വ്യാഴാഴ്ചയും അഷ്‌കര്‍ ബുധനാഴ്ചയും വിദേശത്തേക്ക് പോവാനിരിക്കെയാണ് അപകടം.
 
കൊയപ്പ ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിനിടെ കയ്യാങ്കളിയും ലാത്തിചാര്‍ജും
കൊടുവള്ളി: കൊയപ്പ ഫുഡ്‌ബോള്‍ ടൂര്‍ണമെന്റിനിടെ കയ്യാങ്കളിയും ലാത്തിചാര്‍ജും. ഇരുടീമുകള്‍ തമ്മിലും കാണികള്‍ തമ്മിലുമുണ്ടായ കയ്യാങ്കളി നിയന്ത്രിക്കാന്‍ പോലീസും സംഘാടകരും ഏറെ പാടുപെട്ടു. ഫിഫ മഞ്ചേരിയും ബേസ് പെരുമ്പാവൂരും തമ്മിലായിരുന്നു ഇന്നത്തെ മത്സരം. ആദ്യ അഞ്ചുമിനിറ്റലും പത്താം മിനിറ്റിലും ഫിഫ മഞ്ചേരി ഓരോ ഗോള്‍ നേടി. കളി അവസാനിച്ചതോടെയാണ് ടീമുകള്‍ തമ്മല്‍ കയ്യാങ്കളി നടന്നത്. ഫിഫ മഞ്ചേരിക്കുവേണ്ടി കളത്തിലിറങ്ങിയ വിദേശിയും ബേസ് പെരുമ്പാവൂര്‍ ടീമിലെ അംഗങ്ങളും തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിലെത്തിയത്. ഇതോടെ കാണികളും പരസ്പരം ഏറ്റുമുട്ടി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തിവീശിയതോടെയാണ് രംഗം ശാന്തമായത്.
 
1 2 3 4 5 6 7 8 9 10 11 12 13 14 15
 
 
 

All rights reserved | Website developed and maintained by Zyonz Technologies