21-Jan-2019 (Mon)
 
 
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
താമരശ്ശേരിയില്‍ വീണ്ടും മോഷണം; ഫ്‌ളാറ്റില്‍ നിന്നും കാല്‍ലക്ഷം രൂപ കവര്‍ന്നു
താമരശ്ശേരി: താമരശ്ശേരിയില്‍ വീണ്ടും മോഷണം. ടൗണിനോട് ചേര്‍ന്ന ഫ്‌ളാറ്റില്‍ നിന്നും കാല്‍ലക്ഷം രൂപ കവര്‍ന്നു. ആലപ്പടിമ്മല്‍ ഫ്‌ളാറ്റിലെ താമസക്കാരനായ ബിനോയിയുടെ ഭാര്യാ മാതാവിന്റെ ബേഗില്‍ നിന്നാണ് പണം അപഹരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ഇവര്‍ താമരശ്ശേരിയിലെത്തിയത്. രാവിലെ ഫ്‌ളാറ്റിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാണ് വീട്ടുകാര്‍ ബേഗ് പരിശോധിച്ചത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
 
കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഡിസംബര്‍ 19 മുതല്‍ 23 വരെ
കട്ടിപ്പാറ: മലയോര മേഖലയില്‍ വൈജ്ഞാനിക വിപ്ലവം സൃഷ്ടിച്ച കട്ടിപ്പാറ അല്‍ ഇഹ്‌സാന്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ സില്‍വര്‍ ജൂബിലി സമാപന സമ്മേളനം ഈ മാസം 19 മുതല്‍ 23 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സാധാരണക്കാരും കര്‍ഷകരും തിങ്ങി താമസിക്കുന്ന കട്ടിപ്പാറ പഞ്ചായത്തില്‍ വൈജ്ഞാനിക രംഗത്തും പൊതു രംഗത്തും വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ അല്‍ ഇഹ്‌സാനിന് കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടു നിന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് സില്‍വര്‍ ജൂബിലി ആഘോഷിച്ചത്. അവേലത്ത്, മടവൂര്‍, ഒടുങ്ങാക്കാട് മഖാം സിയാറത്തോടെയാണ് സമാപന പരിപാടികള്‍ ആരംഭിക്കുന്നത്. 19 ന് വൈകിട്ട് അഞ്ചിന് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദല്‍ അവേലം പതാക ഉയര്‍ത്തും. രാത്രി ഏഴിന് നടക്കുന്ന പ്രാര്‍ത്ഥന സംഗമം സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം ചെയ്യും. സി എം അബൂബക്കര്‍ സഖാഫി മടവൂര്‍ അദ്ധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം ഡോ. അബ്ദുറഹ്മാന്‍ വി ഒ ടി ക്ക് നല്‍കിക്കൊണ്ട് സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം നിര്‍വഹിക്കും. ആത്മീയ സദസ്സിന് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തും.
 
കെട്ടിട ഉടമ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് വ്യാപാരിയെ ഒഴിപ്പിക്കാനുള്ള ബേങ്ക് നീക്കത്തിനെതിരെ വ്യാപാരികള്‍
താമരശ്ശേരി: വ്യാപാര സ്ഥാപനം ഉള്‍ക്കൊള്ളുന്ന ഭൂമി പണയപ്പെടുത്തി കെട്ടിട ഉടമ ബേങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്നുള്ള ജപ്തി നടപടിയുടെ ഭാഗമായി വ്യാപാരിയെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ വ്യാപാരികള്‍ രംഗത്ത്. താമരശ്ശേരി ചെമ്പ്ര സ്വദേശിയായ സെയ്ദ് മുഹമ്മദിന്റെ ഉടമസ്ഥതയില്‍ കാരാടിയിലുള്ള കെട്ടിടത്തില്‍ കൂള്‍ബാര്‍ നടത്തുന്ന കാരാടി കുറുന്തോട്ടിക്കണ്ടി മുനീറാണ് ജപ്തി ഭീഷണി നേരിടുന്നത്. രണ്ട് വസ്തുക്കളുടെ ഈടില്‍ ഫെഡറല്‍ ബേങ്കില്‍ നിന്നും ഒരു കോടി രൂപ വായ്പയെടുത്ത സെയ്ദ് മുഹമ്മദ് വായ്പ തിരിച്ചടക്കാതിരുന്നതിനെ തുടര്‍ന്നാണ് ജപ്തി നടപടികളെന്നാണ് അധികൃതര്‍ മുനീറിനെ അറിയിച്ചത്. അറുപത് വര്‍ഷങ്ങള്‍ക്കുമുമ്പ് മുനീറിന്റെ പിതാവ് മുഹമ്മദാണ് കൂള്‍ബാര്‍ ആരംഭിച്ചത്. പിതാവിന്റെ കാലശേഷം 25 വര്‍ഷത്തോളമായി മുനീറാണ് സ്ഥാപനം നടത്തുന്നത്. ജപ്തി നടപടികള്‍ക്കായി റവന്യൂ അധികൃതര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ മുതല്‍ വ്യാപാരികള്‍ സംഘടിച്ചെങ്കിലും രാത്രി വരെ ആരും എത്തിയില്ല. ബേങ്ക് ലോണുമായി വ്യാപാരിക്ക് യാതൊരു ബന്ധവുമില്ലെന്നും കച്ചവടം ഒഴിയണമെങ്കില്‍ പുനരധിവാസം ഉറപ്പാക്കണമെന്നുമാണ് വാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാട്. ബേങ്കിനോട് ചേര്‍ന്നുള്ള കെട്ടിടമായിരുന്നിട്ടും സ്ഥാപന നടത്തിപ്പുകാരന്റെ അനുവാദം തേടാതെയാണ് ബേങ്ക് അധികൃതര്‍ ലോണ്‍ അനുവദിച്ചതെന്നും ആരോപണമുണ്ട്.
 
ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവ് പിടിയില്‍
കോരങ്ങാട്: ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അടിവാരം ചിപ്പിലിത്തോട് മേക്കാട് വീട്ടില്‍ ആല്‍വിന്‍ വര്‍ഗീസ്(22) ആണ് താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. കോരങ്ങാട് ഭാഗത്ത് കഞ്ചാവ് വില്‍പനയും ഉപയോഗവും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോരങ്ങാട് അല്‍ഫോണ്‍സാ സ്‌കൂളിനു സമീപത്തു വെച്ചാണ് ആല്‍വിന്‍ വര്‍ഗ്ഗീസ് പിടിയിലായത്. 250 മില്ലിഗ്രാം ഹാഷിഷ് ഓയിലും 20 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എം അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സി പി ഷാജു, സുരേന്ദ്രന്‍, ഡ്രൈവര്‍ എഡിസന്‍ എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
 
ചുങ്കം ബാറിലേക്ക് മുസ്ലിംലീഗ് മാര്‍ച്ച് നടത്തി
താമരശ്ശേരി: പൊതു ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ക്കുന്ന താമരശ്ശേരി ചുങ്കം ഹസ്തിനപുരി ബാറിനെതിരെ ചുങ്കം ടൗണ്‍ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സമരം മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ സി മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായ ബാര്‍ അടച്ചുപൂട്ടണമെന്നും പൊതുജന പ്രതിഷേധം വകവെക്കാതെ മുന്നോട്ടും ഇതേപോലെയാണ് പോവുന്നതെങ്കില്‍ അടച്ചുപൂട്ടിയ കാരാടി ബാറിന്റെ ഗതിയാവും ചുങ്കത്തിനും സംഭവിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
മലയോര മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നു
തിരുവമ്പാടി: ജനുവരി 11 മുതല്‍ നടക്കുന്ന മലയോര മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. പ്രളയത്തെത്തുടര്‍ന്ന് മുരടിച്ച മലയോരത്തെ കാര്‍ഷിക, വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുകയെന്ന ലക്ഷ്യത്തോടെ തൊണ്ടിമ്മല്‍ ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് 16 ദിവസത്തെ മലോയര മഹോത്സവം സംഘടിപ്പിക്കുന്നത്. കാര്‍ഷിക വിപണന മേളയോടൊപ്പം സാംസ്‌കാരികപരിപാടികള്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫോട്ടോഗ്രാഫി എക്‌സിബിഷന്‍, ഫ്‌ളവര്‍ ഷോ, പെറ്റ് ഷോ, സയന്‍സ് ആന്‍ഡ് ടെക്‌നോളജി എക്‌സിബിഷന്‍, ഫുഡ് ഫെസ്റ്റ്, കുടുംബശ്രീ കലാമേള, മുക്കം ഹോളിഡേയ്‌സ് നടത്തുന്ന ടൂര്‍ പാക്കേജുകള്‍ എന്നിവയും ഉണ്ടാകും. ജില്ലാ പഞ്ചായത്തും കൊടുവള്ളി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുകളും 17 ഗ്രാമപഞ്ചായത്തുകളും മുക്കം, കൊടുവള്ളി നഗരസഭകളും മഹോത്സവുമായി സഹകരിക്കുന്നുണ്ട്. തിരുവമ്പാടി റൂറല്‍ മാര്‍ക്കറ്റിന് സമീപം തുരുത്തിമറ്റത്തില്‍ ബില്‍ഡിങ്ങില്‍ ആരംഭിച്ച ഓഫീസ് മുക്കം നഗരസഭാധ്യക്ഷന്‍ വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി കെ കാസിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിനോദ്, കെ കെ ദിവാകരന്‍, റോബര്‍ട്ട് നെല്ലിക്കാത്തെരുവില്‍, വില്‍സണ്‍ ടി മാത്യു, അര്‍ഷഖ് ഖാന്‍, സല്‍മാനുല്‍ ഫാരിസ്, കെ സുന്ദരന്‍ പ്രണവം, അജു എമ്മാനുവല്‍ എന്നിവര്‍ സംസാരിച്ചു.
 
കിടപ്പ് രോഗികള്‍ക്ക് മരുന്നും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു
താമരശേരി: ജെ സി ഐ താമരശേരി ചാപ്റ്റര്‍ കിടപ്പ് രോഗികള്‍ക്ക് മരുന്നും ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് പരിചരണത്തില്‍ കഴിയുന്ന രോഗികള്‍ക്കാണ് സഹായമെത്തിച്ചത്. ജെ സി ഐ പ്രസിഡന്റ് ജോബിന്‍ ജോണ്‍ പുതുപ്പാടി പെയിന്‍ ആന്റ് പാലീയേറ്റീവ് പ്രസിഡന്റ് അബ്ദുള്‍ ഖാദറിന് കിറ്റുകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പി വി പൗലോസ് അധ്യക്ഷത വഹിച്ചു. മനോജ് ജേക്കബ്, സൂരജ് ജോണ്‍, കെ ആര്‍ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
 
നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി
താമരശ്ശേരി: വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനുണ്ടായ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡി സി സി ജനറല്‍ സെക്രട്ടറി പി സി ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. ജനതാദള്‍ സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി ആര്‍ ഓമനകുട്ടന്‍, അഡ്വ. ജോസഫ് മാത്യു, സി മുഹ്‌സിന്‍, വി കെ എ കബീര്‍, വേലായുധന്‍ പള്ളിപ്പുറം, ടി പി ഷരീഫ്, ഷാദി ഷബീബ്, സി ഹുസ്സയിന്‍, കെ പി ദാമോദരന്‍, കെ സരസ്വതി എന്നിവര്‍ പ്രസംഗിച്ചു.
 
താമരശ്ശേരിയില്‍ വയോജനങ്ങള്‍ക്കായി ഗ്രാമസഭ സംഘടിപ്പിച്ചു
താമരശ്ശേരി: വയോജനങ്ങള്‍ക്കായി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചീവനം പദ്ധതിയുടെ ഭാഗമായി വയോജന ഗ്രാമസഭ സംഘടിപ്പിച്ചു. താമരശ്ശേരി ബി ആര്‍ സി ഹാളില്‍ ചേര്‍ന്ന ഗ്രാമ സഭ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ പി എസ് മുഹമ്മദലി പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജസ്സി ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍മാരായ റസീന സിയാലി, രത്‌നവല്ലി, ഷൈലജ, കെ സരസ്വതി, വസന്ത ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അബ്ദുല്‍ ബഷീര്‍ സ്വാഗതവും ബാദുഷ ഖാന്‍ നന്ദിയും പറഞ്ഞു.
 
മണല്‍വയല്‍ എ കെ ടി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളെ ആദരിച്ചു
പുതുപ്പാടി: കോഴിക്കോട് ജില്ലാ മിനി അത്‌ലറ്റിക് മീറ്റില്‍ അണ്ടര്‍ 9 വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ പുതുപ്പാടി മണല്‍വയല്‍ എ കെ ടി എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികളെ പി ടി എ ആദരിച്ചു. പി ടി എ പ്രസിഡണ്ട് പി കെ ഷൈജല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബീനാ തങ്കച്ചന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാര സമര്‍പ്പണം നടത്തി. പ്രധാനാധ്യാപകന്‍ സക്കീര്‍ പാലയുള്ളതില്‍ സ്വാഗതം പറഞ്ഞു.
 
1 2 3 4 5 6 7 8 9 10 11 12 13 14 15 16
 
 
 

All rights reserved | Website developed and maintained by Zyonz Technologies